അബ്ദുല്‍ മലിക്‌

അബ്ദുല്‍ മലിക് (ഹി. 65-86, ക്രി. 685-705)

മദീനയില്‍ ജനിച്ചു വളര്‍ന്ന പണ്ഡിതനും വാഗ്മിയും സാഹിത്യകാരനുമായിരുന്ന അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ ഉമയ്യ വംശത്തിലെ പ്രഗത്ഭഭരണാധികാരികളില്‍ ഒരാളായി അറിയപ്പെടുന്നു.
അബ്ദുല്‍ മലിക് ഖലീഫാസ്ഥാനം ഏറ്റെടുത്തതോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരത്തിനുവേണ്ടി രംഗത്തുവരുന്നവരെ നേരിട്ടു പരാജയപ്പെടുത്തി. പേര്‍ഷ്യ ????? ഇറാഖ് പ്രദേശങ്ങളിലെ ഖവാരിജുകളുടെ കലാപം പൂര്‍ണമായി അടിച്ചമര്‍ത്തി. മക്ക ആസ്ഥാനമാക്കി ഹിജാസില്‍ ഖലീഫയായി ഭരണം നടത്തിയിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈറിനെ നേരിടാന്‍ ഹജ്ജാജുബാനു യൂസുഫിനെ നിയോഗിച്ചു. ഹജ്ജാജ് വിദഗ്ധവും തന്ത്രപരവുമായ സൈനിക നീക്കത്തിലൂടെ മക്ക പിടിച്ചടക്കി. യുദ്ധത്തില്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ രക്തസാക്ഷിയായി. ഇറാഖിലും ഈജിപ്തിലുമെല്ലാം ഇബ്‌നുസുബൈര്‍ നിയമിച്ചിരുന്ന ഗവര്‍ണര്‍മാരെ പരാജയപ്പെടുത്തി അവിടങ്ങളിലും ആധിപത്യം സ്ഥാപിച്ചു. ഇതോടെ ഇസ്‌ലാമിക രാഷ്ട്രം പൂര്‍ണമായും ഉമവികളുടെ ഭരണത്തിന്‍ കീഴിലായി.

ഉത്തരാഫ്രിക്കയില്‍ ഇസ്‌ലാമിക പ്രബോധനം
ഉത്തരാഫ്രിക്ക ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലായിരുന്നെങ്കിലും അവിടത്തെ നിവാസികളായ ബര്‍ബരികള്‍ ഇടയ്ക്കിടെ കലാപങ്ങള്‍ നടത്തിയിരുന്നു മൂസബ്‌നു നുസൈറിന്റെ വിദഗ്ധമായ സൈനികനീക്കത്തിലൂടെ ബര്‍ബരികളെ ജയിച്ചടക്കി.
അപരിഷ്‌കൃതരായ ബര്‍ബരി ഗോത്രങ്ങളില്‍ അബ്ദുല്‍ മലിക് സാംസ്‌കാരിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യവസ്ഥാപിതമായി നടത്തിയ ഇസ്‌ലാമിക പ്രവര്‍ത്തനം വഴി വാളിനു കഴിയാത്തത് പ്രബോധകര്‍ക്കു കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. അതിന്റെ ഫലമായി മൊറോക്കോ ഒഴികെ ഉത്തരാഫ്രിക്ക മുഴുവന്‍ ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലാവുകയും ബഹുഭൂരിപക്ഷം ജനങ്ങള്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാല മുസ്‌ലിം സമൂഹത്തിന് മാതൃകയായിരുന്നു.
ഖുബ്ബത്തു സ്വഖ്‌റഃ
അബ്ദുല്‍മലികിന്റെ പ്രധാന സംഭാവനയായിരുന്നു ‘ഖുബ്ബത്തുസ്വഖ്‌റ.’ മിഅ്‌റാജ് വേളയില്‍ നബി(സ) ആകാശാരോഹണം നടത്തിയത് മസ്ജിദുല്‍ അഖ്‌സ്വക്ക് സമീപമുള്ള ഒരു പാറയില്‍നിന്നായിരുന്നു. ഈ പാറയുടെ മുകളില്‍ പടുത്തുയര്‍ത്തിയ മന്ദിരത്തില്‍ ഗംഭീരമായ ഒരു ‘ഖുബ്ബ’ അബ്ദുല്‍ മലിക് നിര്‍മിച്ചു. ശില്‍പചാതുര്യവും രൂപഭംഗിയും കൊണ്ട് പ്രശസ്തമായ ഈ ഖുബ്ബ ഇന്നും നിലനില്‍ക്കുന്നു.
ഭരണപരിഷ്‌കാരങ്ങള്‍
മുപ്പത്തിഒമ്പതാമത്തെ വയസ്സില്‍ ഖലീഫാസ്ഥാനം ഏറ്റെടുത്ത അബ്ദുല്‍ മലിക് ജനക്ഷേമകരമായ നിരവധിപ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിക രാഷ്ട്രത്തെ പുരോഗതിയിലേക്കു നയിച്ചു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുമായി നിരന്തരം ബന്ധപ്പെടുവാനും ഖലീഫ ശ്രദ്ധിച്ചിരുന്നു. പ്രവിശ്യകളില്‍ പ്രാദേശിക ഭാഷയ്ക്കു പകരം അദ്ദേഹം ഭരണകാര്യാലയങ്ങളില്‍ അറബിഭാഷ നടപ്പിലാക്കി. ഇതു ഭരണനിര്‍വഹണം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സഹായിച്ചു.
ഖലീഫ ഉമറിന്റെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തിനു സ്വന്തമായി നാണയങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം റോമന്‍ നാണയങ്ങളും ഉപയോഗിച്ചു വന്നു. റോമന്‍ നാണയങ്ങളില്‍ നബിയെപ്പറ്റി അധിക്ഷേപങ്ങള്‍ മുദ്രണം ചെയ്യുമെന്ന റോമാചക്രവര്‍ത്തിയുടെ ഭീഷണി അറിഞ്ഞ അബ്ദുല്‍മലിക് ഇസ്‌ലാമിക രാഷ്ട്രത്തില്‍ റോമന്‍ നാണയങ്ങള്‍ നിരോധിക്കുകയും സ്വന്തമായി ദീനാറും ദിര്‍ഹമും അച്ചടിക്കുകയും ചെയ്തു. ദമാസ്‌കസിലും കൂഫയിലും വര്‍ഷം പ്രതി ലക്ഷക്കണക്കിനു നാണയങ്ങള്‍ അടിച്ചിറക്കാന്‍ ശേഷിയുള്ള മുദ്രണാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. നാവികസേന വിപുലപ്പെടുത്തുകയും ഈജിപ്തില്‍ കപ്പല്‍ നിര്‍മാണശാല വികസിപ്പിക്കുകയും ചെയ്തു.
ഈജിപ്തില്‍ ഗവര്‍ണറായി നിയോഗിക്കപ്പെട്ട ഖലീഫയുടെ സഹോദരന്‍ അബ്ദുല്‍ അസീസ്ബിന്‍ മര്‍വാന്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനനല്‍കി. നികുതിപ്പണം മുഴുവനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വിനിയോഗിച്ചു. നൈല്‍നദിയില്‍ ജലവിതാനവുമായി ബന്ധപ്പെട്ട പഠനത്തിനും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുവാനും സംവിധാനമേര്‍പ്പെടുത്തി.
ഫുസ്ത്വാത്തിലെ അംറുബ്‌നു ആസ്വ് ജുമാമസ്ജിദ് വിശാലമായി നിര്‍മിച്ചു. ഹുല്‍വാന്‍ പട്ടണത്തെ പ്രവിശ്യാതലസ്ഥാനമാക്കി മോടിപിടിപ്പിച്ചു. റോമന്‍ ശില്‍പകലാരീതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി.
ജനഹിതമനുസരിച്ച് ഭരണം നടത്തുകയും രാജ്യത്തിനു സമാധാനവും ശാന്തിയും നിലനിര്‍ത്തുകയും ഇസ്‌ലാമികാദര്‍ശങ്ങളുടെ പ്രചാരണത്തിനും സാമ്രാജ്യ വിസ്തൃതിക്കും പ്രാമുഖ്യം നല്‍കുകയും ചെയ്തുകൊണ്ട് ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം ഏറെക്കുറെ മെച്ചപ്പെട്ട ഭരണം കാഴ്ച്ചവെച്ച അബ്ദുല്‍മലിക്കിന് ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്. ഹിജ്‌റ 86 ല്‍ അദ്ദേഹം മരണപ്പെട്ടു.

About the author

padasalaadmin

Add Comment

Click here to post a comment

Topics