കൗണ്‍സലിങ്‌ വ്യക്തി

അന്യനോടൊപ്പം ഒളിച്ചോടിയ മകള്‍ !

ചോ: എന്റെ മകള്‍ അന്യസമുദായത്തില്‍പെട്ട ചെറുപ്പക്കാരനുമായി ഒളിച്ചോടി രജിസ്റ്റര്‍വിവാഹംചെയ്ത് ജീവിക്കുന്നു. വിവാഹശേഷമാണ് സംഭവങ്ങളെല്ലാം ഞങ്ങള്‍ അറിഞ്ഞത്. ചെറുപ്പക്കാരനോട് ഇസ്‌ലാംസ്വീകരിക്കാന്‍ ഞങ്ങള്‍ ഉപദേശിച്ചു.

ശഹാദത്ത് കലിമ ചൊല്ലിച്ച് അവരെ ഇസ്‌ലാമികരീതിയില്‍ നികാഹ് കഴിപ്പിച്ചുകൊടുത്തു. എന്നിരുന്നാലും ഇന്നുവരെയും അയാള്‍ നമസ്‌കരിക്കുകയോ ഇസ്‌ലാംമതപ്രകാരം ജീവിക്കുന്നതോ കണ്ടിട്ടില്ല. മകള്‍ പറയുന്നത് കാര്യങ്ങള്‍ ശരിയാകാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാണ്. അവര്‍ക്കിപ്പോള്‍ രണ്ട് ആണ്‍മക്കളുണ്ട്. നിഷിദ്ധമായ ഈ ബന്ധത്തിന് നല്ലരീതിയില്‍ പരിഹാരം കാണാന്‍ മകളെ ഞാന്‍ ഉപദേശിക്കാറുണ്ട്. അവരുടെ വിഷയത്തില്‍ ഞാന്‍ എങ്ങനെയാണ് നിലപാട് സ്വീകരിക്കേണ്ടത്?

————-

ഉത്തരം: തങ്ങളുടെ മക്കളെക്കുറിച്ച് ബോധവാന്‍മാരാകുന്ന മാതാപിതാക്കള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അനുഗൃഹീതരാണ്. മകള്‍ മറ്റൊരു ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹജീവിതം തുടരുകയുംചെയ്യുന്നുവെന്ന ദുഃഖകരമായ വാര്‍ത്ത ഹൃദയത്തിന് വേദനയുണ്ടാക്കിയെങ്കിലും അത് വിവേകത്തോടെ ഉള്‍ക്കൊള്ളാന്‍ മനസ്സുകാണിച്ച താങ്കളെ അഭിനന്ദിക്കുന്നു. വിവാഹത്തെ ഇസ്‌ലാമികരീതിയിലാക്കാന്‍ താങ്കള്‍ നടത്തിയശ്രമങ്ങള്‍ ശ്ലാഘനീയമാണ്.

പ്രത്യക്ഷത്തില്‍ ശഹാദത് കലിമചൊല്ലിയ ചെറുപ്പക്കാരനുമായുള്ള മകളുടെ വിവാഹത്തിന്റെ സാധുത തറപ്പിച്ചുപറയാനല്ല എന്റെ ശ്രമം. അതിന് കര്‍മശാസ്ത്രപണ്ഡിതരാണ് ഉത്തമം.

അലസതയാലും അവഗണനയാലും നമസ്‌കാരം ഉപേക്ഷിച്ച ആള്‍ (അയാളുടെ ഭാര്യനമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്നുണ്ടെങ്കിലും) കാഫിറാണോ എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്തഅഭിപ്രായങ്ങളുണ്ട്.

സഹോദരീ,  ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മാതാവ് പ്രസവിച്ച ശിശു വളര്‍ന്നുവലുതാകുമ്പോള്‍  സ്വതന്ത്രവ്യക്തിത്വം രൂപപ്പെടുകയും നാട്ടുനടപ്പനുസരിച്ച് ദാമ്പത്യജീവിതം ആരംഭിച്ച് കുട്ടികളുണ്ടാകുകയുംചെയ്യുന്നു. അവര്‍ മാതാപിതാക്കളില്‍നിന്ന്മാറി ഇണയോടൊപ്പം താമസിച്ച് തങ്ങളുടേതായ കുടുംബം കെട്ടിപ്പടുക്കുന്നു. അവരുടെ മാതാപിതാക്കള്‍ ഈ കുടുംബത്തോട് ആശയവിനിമയംനടത്തുന്നതും ബന്ധപ്പെടുന്നതും ഏതുശൈലിയിലാണോ അതനുസരിച്ചുള്ള മാറ്റം കുടുംബത്തിനുണ്ടാകും.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇപ്പോള്‍  മകളുടെ ഭര്‍ത്താവുംഅവരുടെ മക്കളും താങ്കളുടെ കുടുംബചിത്രത്തില്‍ ചേര്‍ന്നുകഴിഞ്ഞു.  വിവാഹം സാധുവാണോ അല്ലയോ എന്നത് മാറ്റിനിര്‍ത്തിയാലും അടുത്ത സമയങ്ങളിലൊന്നും  ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല.

അതിനാല്‍ വിവാഹത്തിനുമുമ്പ് മകളുമായി പുലര്‍ത്തിയിരുന്നതുപോലുള്ള ബന്ധം താങ്കള്‍ക്ക് പഴയപോലെ ലഭിക്കില്ല. കാരണം അവള്‍ക്ക് ഭര്‍ത്താവും കുട്ടികളുമായി തിരക്കേറിയ ജീവിതമാരംഭിച്ചുകഴിഞ്ഞു.

ഭര്‍ത്താവ് ഇസ്‌ലാമികചട്ടപ്രകാരം ജീവിക്കാത്ത ,എന്നാല്‍ ഭാര്യമാര്‍ ദീനിനിഷ്ഠയുള്ളവരായിക്കഴിയുന്ന ഒട്ടേറെ മുസ്‌ലിംകുടുംബങ്ങള്‍ ഇന്നുണ്ട്. കുട്ടികളുള്ളതിനാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോകാന്‍ തയ്യാറാകാത്തതും ഭര്‍ത്താവ് ഭാര്യയെ ഡൈവോഴ്‌സ്‌ചെയ്യാത്തതും ഒക്കെയായി അത്തരം ജീവിതങ്ങള്‍ മുന്നോട്ടുനീങ്ങുന്നു.

അത്തരം ഘട്ടത്തില്‍ ബുദ്ധിയും വിവേകവും പുലര്‍ത്തി ക്ഷമയോടെ ഭര്‍ത്താവിനെ ദീനിലേക്ക് ക്ഷണിക്കുകയാണ്  കരണീയം.

രണ്ടുരീതിയില്‍ നമ്മുടെ സമീപനങ്ങളെ രൂപപ്പെടുത്താം. അതിലൊന്നാമത്തേത് കുറഞ്ഞകാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന, ക്ഷണമാത്രനേട്ടംതരുന്ന സമീപനശൈലിയാണ്. അതായത് മകളുടെ വിവാഹബന്ധം തുടക്കത്തില്‍ ശരിയല്ലാത്തതുകൊണ്ടും ഭര്‍ത്താവ് ഇപ്പോള്‍ നമസ്‌കരിക്കാത്തതുകൊണ്ടും വിവാഹബന്ധം ഉപേക്ഷിക്കാന്‍ അവളെ നിര്‍ബന്ധിക്കുക. ഇത്തരമൊരുസാഹചര്യത്തില്‍ മകളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം മാതാപിതാക്കളെ വിട്ട്, അവരെ അറിയിക്കാതെ , ഉപദേശനിര്‍ദേശങ്ങള്‍ തേടാതെ, ഇസ്‌ലാമികചിട്ടവട്ടങ്ങള്‍ ഗൗനിക്കാതെ ചെറുപ്പക്കാരനോടൊപ്പം ജീവിക്കാന്‍ ഇറങ്ങിയതാണല്ലോ അവള്‍.

അതിനാല്‍ അത്തരമൊരു സമീപനശൈലിസ്വീകരിച്ചാല്‍  മകള്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളാനാണ് സാധ്യത. മാത്രമല്ല, തന്റെ ദാമ്പത്യജീവിതത്തോട് താങ്കള്‍ക്കുള്ള അനിഷ്ടം നന്നായറിയാവുന്ന മകള്‍ മുമ്പോട്ട് താങ്കളുമായി ബന്ധംനിലനിര്‍ത്താന്‍ താല്പര്യംകാണിക്കുകയുമില്ല. അതിന്റെ ബാക്കിപത്രമിതാണ്: ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിലല്ലാത്ത ആളുമായി ജീവിക്കുന്നു, അതിനായി മാതാപിതാക്കളുമായുള്ള ബന്ധം വേര്‍പെടുത്തി എന്നിങ്ങനെ രണ്ടു പാപങ്ങള്‍ക്ക് അവള്‍ ഉത്തരവാദിയാകും.

താങ്കളോട് ഞാന്‍ ചോദിക്കാനാഗ്രഹിക്കുന്നത് ഇതാണ്: മകളെയും മരുമകനെയും പേരക്കുട്ടികളെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയല്ലോയെന്ന ഖേദമല്ലാതെ മറ്റെന്ത് നേട്ടമാണ് ഇതുകൊണ്ടുള്ളത്?

ഇനി താങ്കളുടെ ഉപദേശം കേട്ട് മകള്‍ ദാമ്പത്യബന്ധംവേര്‍പെടുത്തിയാല്‍ അവള്‍ക്ക് മനോവിഷമമുണ്ടാക്കുന്ന സംഭവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റൊന്നുമല്ല, കുട്ടികളെ ഭര്‍ത്താവ് കൂടെനിര്‍ത്താന്‍ വാശിപിടിക്കുകയും അതിനായി കോടതികയറുകയുംചെയ്യുമെന്നതാണത്.

മാത്രമല്ല,വിവാഹമോചിതയായി താങ്കളുടെ അടുത്തെത്തിയാല്‍ എല്ലാരീതിയിലുമുള്ള പിന്തുണ അവള്‍ക്ക് നല്‍കേണ്ടിവരും. താങ്കളെ അനുസരിച്ച് അവള്‍ നടപടികള്‍സ്വീകരിച്ചാല്‍  അതനുസരിച്ച് മുന്നോട്ടുനീങ്ങാന്‍ തയ്യാറായാണ് താങ്കള്‍ ഉള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ദീര്‍ഘകാലലക്ഷ്യമിട്ടുകൊണ്ടുള്ളതും താങ്കള്‍ക്ക് സ്വീകരിക്കാവുന്നതുമായ മറ്റൊരു ശൈലീസമീപനത്തെക്കുറിച്ചുപറയാം:

അതായത്, മകളോടും മരുമകനോടും സ്‌നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറി താങ്കളിലേക്ക് അടുപ്പിക്കാനാകും. എത്രമാത്രം അവരിലേക്ക് താങ്കള്‍ അടുക്കുന്നുവോ അത്രമാത്രം അവര്‍  താങ്കളോട് കടപ്പാടുള്ളവരായിത്തീരും. അവരുമായി സംഭാഷണങ്ങള്‍ നടത്തുമ്പോള്‍ ഇസ്‌ലാം എപ്രകാരമാണ് അതിന്റെ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തിയതെന്നും അതിന്റെ നന്‍മകളെന്തെന്നും അവരെ ശാന്തമായി ബോധ്യപ്പെടുത്താനാകും. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മരുമകന്‍മാത്രമല്ല, പേരക്കുട്ടികളും തങ്ങളുടെ ജീവിതത്തില്‍ ഇസ്‌ലാമിനെ അനുഷ്ഠിക്കാന്‍ ശീലിക്കും.

താങ്കള്‍ എന്തുനിലപാട് സ്വീകരിക്കുന്നുവെന്നത് മാറ്റിവെച്ച്  ആത്യന്തികസ്സമാധാനം കണ്ടെത്താനുള്ള വഴി പറഞ്ഞുതരാം. അല്ലാഹുവുമായി താങ്കള്‍ പുലര്‍ത്തുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അതിന് പരിഹാരം കാണാനാകും.

1. തന്റെ കുട്ടികളെ ഇസ്‌ലാമികമായ ശിക്ഷണങ്ങള്‍ നല്‍കി വളര്‍ത്തുന്നതില്‍ മാതാവായ കാലം മുതല്‍ക്കേ എന്തെങ്കിലും വീഴ്ച സംഭവിച്ചുവോ എന്ന് കണ്ടെത്തുക.അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ പശ്ചാത്തപിച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുക.

ഇസ്‌ലാമിന്റെ ശിക്ഷണങ്ങള്‍ ലഭിച്ച് വളരുന്ന സന്താനം മാതാപിതാക്കളെ ധിക്കരിച്ചും പെരുമാറ്റരീതികള്‍ അവരില്‍നിന്ന് മറച്ചുവെച്ചും അന്യനോടൊപ്പം ഇറങ്ങിപ്പോവുകയില്ല. സന്താനപരിപാലനത്തിലും ശിക്ഷണത്തിലും സംഭവിച്ച വീഴ്ചകളില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയാണ് താങ്കള്‍ ചെയ്യേണ്ടത്. കുടുംബത്തിലെ ഇപ്പോഴത്തെ അവസ്ഥകളെ നേരിടാന്‍ ഇത് അത്യാവശ്യമാണ്.

2. മകളുടെയും മരുമകന്റെയും സന്‍മാര്‍ഗത്തിനായി അല്ലാഹുവോട് കേണപേക്ഷിക്കുക. തന്റെ സന്താനത്തെച്ചൊല്ലി മാതാവ് നടത്തുന്ന പ്രാര്‍ഥന അല്ലാഹുവിങ്കല്‍നിന്ന് താമസിയാതെ ഉത്തരംകിട്ടുന്ന ഒന്നാണ്. അതിനാല്‍ മകളെയും അവളുടെ ജീവിതത്തെയും കുറിച്ച് എപ്പോഴൊക്കെ ഓര്‍ക്കുന്നുവോ അപ്പോഴൊക്ക പടച്ചവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. താങ്കള്‍ അങ്ങേയറ്റത്തെ ക്ഷമകൈക്കൊള്ളുന്നതോടൊപ്പം ആത്മാര്‍ഥമായി പ്രാര്‍ഥിച്ചാല്‍ ഇന്‍ശാ അല്ലാഹ്, വൈകാതെ അതിനുത്തരം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ.

 

Topics