ശര്‍ഈ വിഷയങ്ങളില്‍ ആദികാല ഇസ്‌ലാമികപണ്ഡിതന്‍മാര്‍ പുലര്‍ത്തിയ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളെ അധികരിച്ച് രൂപംകൊണ്ട കര്‍മശാസ്ത്ര സരണികളാണ് മദ്ഹബുകള്‍. ആ മദ്ഹബുകള്‍ തമ്മില്‍ വൈവിധ്യവും വൈരുധ്യവുമുണ്ടാവുക സ്വാഭാവികം. മദ്ഹബുകള്‍ തമ്മിലുള്ള ചെറുതും വലുതുമായ ഭിന്നതകള്‍ മദ്ഹബിലെ ഇമാമുകള്‍ സ്വേഛയാ ആവിഷ്‌കരിച്ചതല്ല. എല്ലാവര്‍ക്കും അവരവരുടേതായ പ്രമാണങ്ങളും ന്യായങ്ങളുമുണ്ട്. ഉദാഹരണമായി, നമസ്‌കരിക്കുന്നവന്‍ ഏത് സാഹചര്യത്തിലും സൂറത്തുല്‍ ഫാത്തിഹ പാരായണം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ശാഫിഈ മദ്ഹബ് അനുശാസിക്കുന്നു. ഇല്ലെങ്കില്‍ നമസ്‌കാരം അസാധുവാകും. ‘ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല ‘എന്ന പ്രബലമായ നബിവചനമാണ് പ്രമാണം. ജമാഅത്ത് നമസ്‌കാരങ്ങളില്‍ ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കുന്ന മഅ്മൂം ഫാത്തിഹ പാരായണംചെയ്തുകൂടാ എന്നാണ് ഹനഫീ നിലപാട്. ഇമാമിനുപിന്നില്‍ പാത്തിഹ പാരായണം വിലക്കിക്കൊണ്ടുള്ള നബിവചനമാണിവരുടെ പ്രമാണം. കൂടാതെ ഇമാമിന്റെ പാരായണം മഅ്മൂമിന്റെ പാരായണമാണെന്ന നബിവചനവും പ്രബലമാണ്. പരസ്പരവിരുദ്ധമാണെങ്കിലും ഇരുകക്ഷികളും നിലകൊള്ളുന്നത് ആധികാരികമായ പ്രമാണത്തിന്‍മേലാണ്. എന്നുവെച്ച് രണ്ടും ഒരുപോലെ ശരിയാകുന്നില്ല. ഒന്ന്തീര്‍ച്ചയായും പിശകാണ്. മുകളില്‍ സൂചിപ്പിച്ച മൂന്ന് നബിവചനങ്ങളും സൂക്ഷ്മമായി പഠിച്ചാല്‍ കൂടുതല്‍ യുക്തിസഹവും സ്വീകാര്യവുമായ ഒരു വിധി കണ്ടെത്താന്‍ കഴിഞ്ഞേക്കാം. അത്തരമൊരു വിശകലനമല്ല ഇവിടെ ഉദ്ദേശ്യം. മദ്ഹബുകളുടെ അന്തരങ്ങള്‍ സ്വേഛാനുസാരം സൃഷ്ടിക്കപ്പെട്ടതോ, അടിസ്ഥാനമില്ലാത്തതോ അല്ല എന്ന് വ്യക്തമാക്കുകമാത്രമാണ്. ഈ വിരുദ്ധാഭിപ്രായങ്ങളില്‍ ഏത് സ്വീകരിച്ചവനും കുറ്റവാളിയാകുന്നില്ല. അവന്റെ നമസ്‌കാരം അസാധുവാകുന്നുമില്ല. കാരണം, പ്രബലമായ പ്രമാണത്തെ അവലംബിച്ചാണ് അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ പ്രമാണങ്ങളിലും വൈരുധ്യമില്ല. പ്രമാണങ്ങളെ സമീപിക്കുന്ന രീതിയിലുണ്ടാകുന്ന വൈജാത്യം ഭിന്നമായ തീര്‍പ്പുകളിലെത്തിക്കുകയാണ്. എന്നാല്‍ സൂക്ഷ്മമായ പഠനത്തിലൂടെ ശരി ഏതെന്ന് ബോധ്യപ്പെട്ട ശേഷം ശരിയല്ലെന്ന് മനസ്സിലായതില്‍ തുടരുന്നത് അക്ഷന്തവ്യമാകുന്നു. പണ്ഡിതന്‍മാരോടുള്ള സ്‌നേഹാദരവുകളോ അവരുടെ പാണ്ഡിത്യത്തിലുള്ള മതിപ്പോ അന്ധമായ അനുസരണ ഭ്രമമോ ആ നടപടിയെ ന്യായീകരിക്കുകയില്ല. അല്ലാഹുവിന്റെ റസൂലല്ലാതെ ആരും തെറ്റുകള്‍ക്കതീതരായിട്ടില്ല.
സകാത്ത് വിഷയകമായി മാലിക്, ശാഫിഈ , അഹ്മദ് എന്നീ ഇമാമുകള്‍ക്കിടയിലുള്ള ഭിന്നതകള്‍ താരതമ്യേന ലഘുവാണ്. എന്നാല്‍ ഈ 3 ഇമാമുകളുടെ മദ്ഹബുകളും ഹനഫീ മദ് ഹബും തമ്മിലുള്ള അന്തരം ഗുരുതരമാണ്. ആദ്യത്തെ മൂന്ന് ഇമാമുകളും സമ്പത്തിന്റെ ഏതാനും ഇനങ്ങളില്‍ സകാത്തിനെ പരിമിതപ്പെടുത്തുന്നു. കുറേ ഹദീഥുകള്‍ അവരതിന് പ്രമാണമായി ഉന്നയിക്കുകയുംചെയ്യുന്നു. ഈ ഇമാമുകള്‍ സാമൂഹികനീതിയിലോ സാമ്പത്തികശാസ്ത്രത്തിലോ വൈഭവമുള്ളവരായിരിക്കണമെന്നില്ല. ഹദീഥ് പഠനവും കര്‍മശാസ്ത്രക്രോഡീകരണവുമാണ് അവര്‍ മുഖ്യശ്രദ്ധയൂന്നിയ വിഷയങ്ങള്‍. അതിനാല്‍ സകാത്തിന്റെ പരിമിതീകരണം മൂലം സകാത്ത് എന്ന ഇസ്‌ലാമിക സാമ്പത്തിക വിതരണക്രമത്തിന്റെ നെടുംതൂണിന് വന്നുചേരുന്ന ബലക്ഷയവും പാവങ്ങളുടെ താല്‍പര്യങ്ങള്‍ക്കുണ്ടാവുന്ന ഹാനിയും അവരുടെ ചിന്തയില്‍ വന്നിരിക്കണമെന്നില്ല.
ഇമാം അബൂഹനീഫ ഈ പരിമിതീകരണത്തെ നിരാകരിച്ചു. സാമ്പത്തികവിഷയങ്ങളില്‍ അവഗാഹമുള്ള വ്യാപാരിയായിരുന്നു അദ്ദേഹം. വികാസക്ഷമമായ മുതല്‍ എന്ന് വിളിക്കാവുന്ന എല്ലാ സമ്പത്തിനും സകാത്ത് നിര്‍ബന്ധമാണെന്ന് സിദ്ധാന്തിച്ചു. കാരണം, ഏതെങ്കിലും പ്രത്യേക വിഭവങ്ങളില്‍നിന്ന് സകാത്ത് കൊടുക്കാനല്ല ഖുര്‍ആന്‍ കല്‍പിച്ചിട്ടുള്ളത്. ‘മുതലുകളില്‍(അംവാല്‍)നിന്ന് സകാത്ത് കൊടുക്കാനാണ്. ‘
ഇമാം ശാഫിഈ തന്റെ അല്‍ ഉമ്മില്‍ സകാത്ത് വിസ്തരിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. സകാത്തിന്റെ അധ്യായത്തിന്റെ തുടക്കത്തില്‍ അദ്ദേഹം അവതരിപ്പിച്ച അടിസ്ഥാന പ്രമാണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ഖുര്‍ആന്‍ സൂക്തങ്ങള്‍.
‘നേരത്തേ വേദം ലഭിച്ചവര്‍ ഭിന്നിച്ചത് സ്പഷ്ടമായ സന്‍മാര്‍ഗദര്‍ശനം കിട്ടിയശേഷം തന്നെയായിരുന്നു. ദീന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവന്ന് ഇബാദത്ത് ചെയ്യാനും മുറപ്രകാരം നമസ്‌കരിക്കാനും സകാത്ത് നല്‍കാനുമല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍'(അല്‍ബയ്യിന 4,5)
ദീന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് ഇബാദത്ത് ചെയ്യുന്നതും നമസ്‌കരിക്കുന്നതും സകാത്ത് നല്‍കുന്നതും ജനങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നുവെന്ന ഈ സൂക്തം വ്യക്തമാക്കുന്നു.
‘സ്വര്‍ണവും വെള്ളിയും ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കാതെ നിധിയായി സൂക്ഷിച്ചുവെക്കുന്നവരെ നോവേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. അവ നരകാഗ്നിയില്‍ കാച്ചിയെടുത്ത് അതുകൊണ്ട് അവരുടെ നെറ്റികളിലും വശങ്ങളിലും മുതുകുകളിലും ചൂടുവെക്കുമ്പോള്‍ പറയപ്പെടും : ഇതാ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവെച്ച നിധി നിങ്ങള്‍ സൂക്ഷിച്ചുവെച്ച നിധി ആസ്വദിച്ചുകൊള്ളുവിന്‍'(അത്തൗബ 35).
‘അല്ലാഹു അരുളിയ അനുഗ്രഹങ്ങള്‍കൊണ്ട് ലുബ്ധ് കാട്ടുന്നവര്‍ അത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് വിചാരിക്കേണ്ടതില്ല. അല്ല, അതവര്‍ക്ക് ദോഷകരം തന്നെയാകുന്നു. അവര്‍ പിശുക്കി ശേഖരിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവരുടെ കണ്ഠങ്ങളില്‍ അണിയിക്കപ്പെടും'(ആലുഇംറാന്‍ 180). സകാത്ത് നിര്‍ബന്ധമായി കൊടുത്തുവീട്ടണമെന്നും വിസമ്മതിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും സ്വര്‍ണത്തിനും വെള്ളിക്കും സകാത്തുണ്ടെന്നും ഈ സൂക്തങ്ങള്‍ വെളിവാക്കുന്നു. ‘അവരുടെ മുതലുകളില്‍നിന്ന് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്വദഖ (സകാത്ത് ) വസൂല്‍ ചെയ്യണം'(അത്തൗബ 103). അവര്‍ക്ക് നിര്‍ബന്ധമാക്കിയതു മാത്രമാണ് അവരില്‍നിന്ന് വസൂല്‍ ചെയ്യാന്‍ നബിയോട് കല്‍പിച്ചിട്ടുള്ളത്. ഇങ്ങനെ അല്ലാഹു ഖുര്‍ആനിലൂടെ സകാത്ത് നിയമം വെളിപ്പെടുത്തി. അനന്തരം പ്രവാചകന്റെ നാവിലൂടെ സകാത്ത് ബാധകമായ മുതലുകളേതൊക്കെ , ബാധകമാകാത്തത് ഏതൊക്കെ , ഏതൊക്കെ മുതല്‍ എത്രയളവുണ്ടായാല്‍ ഏതു തോതില്‍ സകാത്ത് നല്‍കണം എന്നെല്ലാം വ്യക്തമാക്കി. ഒപ്പം ദൈവികദീനിലും വേദത്തിലും ദൈവദൂതന്റെ പ്രാധാന്യവും പ്രാമാണികതയും വ്യക്തമാക്കി. റസൂലിന്റെ സുന്നത്ത് അക്കാര്യത്തില്‍ അല്ലാഹുവിന്റെ വിധി ഉണ്ടെന്നതിന്റെയും അല്ലാഹുവിന്റെ വിധി പരിമിതമായ അര്‍ഥത്തിലുള്ളതാണോ പൊതുവായ അര്‍ഥത്തിലുള്ളതാണോ എന്നതിന്റെയും , ആ വിധിയുടെ പരിധി ഏതാണെന്നതിന്റെയും തെളിവുകൂടി അവന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു വിഷയത്തില്‍ റസൂലിന്റെ അവസ്ഥ ഇതാകുമ്പോള്‍ എല്ലാ വിഷയത്തിലും അത് അപ്രകാരം തന്നെയാണ് അല്ലാഹുവിന്റെ വെളിപ്പെടുത്തല്‍ കൊണ്ടും അവന്റ കല്‍പനയുടെ അനുസരണം കൊണ്ടുമല്ലാതെ റസൂലിന്റെ ചര്യ ഉണ്ടാകുന്നില്ല’ (കിതാബുല്‍ ഉമ്മ്, ഭാഗം 2 പേജ് 3,4). ഈ അടിത്തറയില്‍നിന്നുകൊണ്ടാണ് ഇമാം ശാഫിഈ സകാത്ത് നിയമങ്ങള്‍ നിര്‍ധാരണം ചെയ്യുന്നത്. (തുടരും).
ടി.കെ. ഉബൈദ്
Add Comment