നവോത്ഥാന നായകര്‍

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഹിജ്‌റ 873 -ല്‍ (ഏ.ഡി. 1467) കൊച്ചിയില്‍ ജനിച്ചു. കൗമാരത്തില്‍തന്നെ അദ്ദേഹം സ്വപിതൃവ്യനും കൊച്ചിയിലെ ഖാസിയുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം ഇബ്‌നു അഹ്മദുല്‍ മഅ്ബരിയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീം കൊച്ചിയില്‍ തന്റെ ഒരു പ്രതിനിധിയെ നിശ്ചയിച്ചു. പൊന്നാനിഖാദി സ്ഥാനം ഏറ്റെടുത്തു. അതിനുശേഷം അദ്ദേഹവും അടുത്ത കുടുംബാംഗങ്ങളും പൊന്നാനിയില്‍ അധിവാസം ഉറപ്പിച്ചു. ചരിത്രപുരുഷന്‍ സ്വമാതാപിതാക്കളുടെ മരണാനന്തരം പിതൃവ്യന്റെ സംരക്ഷണത്തില്‍ പൊന്നാനിയില്‍ വളര്‍ന്നു. പിന്നീട് അദ്ദേഹം ഉപരിപഠനത്തിന് കോഴിക്കോട് ജുമുഅത്ത് പള്ളി ദര്‍സില്‍ ചേര്‍ന്നു പഠിച്ചു. അദ്ദേഹത്തിന്റെ ഗുരുവര്യന്‍ പ്രസിദ്ധ അറബി സാഹിത്യകാരനും പ്രഗത്ഭ പണ്ഡിതനും ഖാദില്‍ ഖുദാത്തുമായിരുന്ന മൗലാന ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍ ഇബ്‌നു ഖാദി റംസാനുശാലിയ്യാത്തിയില്‍ നിന്ന് അറബി വ്യാകരണം, ഫിഖ്ഹ് എന്നീ വിജ്ഞാന കലകളില്‍ അവഗാഹം നേടി.

അതിനുശേഷം ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ ഉപരിപഠനത്തിനായി ഈജിപ്തിലേക്ക് പോയി. അദ്ദേഹം ഈജിപ്തിലെ ഖാദിയും പ്രസിദ്ധ മതാധ്യാപകനുമായ ഖാദി ശൈഖ് അബ്ദുര്‍റഹ്മാനുല്‍ അദമിയുടെ സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. ഈജിപ്തിലെ അഞ്ച് വര്‍ഷത്തെ നിരന്തരപഠനം നിമിത്തം അദ്ദേഹം കേരളത്തിലെ സമുന്നത മുഹദ്ദിസായി ഉയര്‍ന്നു. അദ്ദേഹത്തിന് ഖാദി അദമി മിസ്‌രിയില്‍നിന്ന് ഹദീസ് നിവേദനംചെയ്യാനുള്ള അനുമതി (ഇജാസത്ത് ) ലഭിച്ചു. ശൈഖ് ശംസുദ്ദീന്‍ ജൗജരി, ശൈഖ് സകരിയ്യാ അന്‍സ്വാരി, ശൈഖ് കമാലുദ്ദീന്‍ മുഹമ്മദ് ഇബ്‌നു അബൂശരീഫ് മുതലായ വിഖ്യാത പണ്ഡിതന്‍മാരില്‍ നിന്ന് അദ്ദേഹം ഹദീസിലും ഇതര ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ആഴത്തിലുള്ള അറിവ് സമ്പാദിച്ചു.

ഈജിപ്തില്‍നിന്ന് സഹപാഠികളില്‍ ചിലരുമൊത്ത് ശൈഖ് സൈനുദ്ദീന്‍ വിശുദ്ധ ഹജ്ജ് കര്‍മാനുഷ്ഠാനത്തിനായി മക്കയിലെത്തി. ഹജ്ജിനുശേഷം അദ്ദേഹം മക്കയിലെയും മദീനയിലെയും മറ്റും ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളഖിലവും സന്ദര്‍ശിച്ചു. പിന്നീട് സ്വദേശത്തേക്ക് തിരിച്ചുപോന്നു.
അദ്ദേഹം പൊന്നാനി എത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുസ്‌ലിംകളുടെ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി അവിടെ ഒരു ജുമുഅത്ത് പള്ളി വിപുലമായ നിലയില്‍ നിര്‍മിക്കണമെന്ന് സദസ്യരെ ബോധ്യപ്പെടുത്തി. ജനങ്ങള്‍ പള്ളി നിര്‍മാണത്തിനായി അദ്ദേഹത്തിന് വെള്ളിയുണ്ടകള്‍ നല്‍കി. അതിനെ തുടര്‍ന്നാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്വപിതൃഹോദരന്റെ മരണാനന്തരം അദ്ദേഹം പൊന്നാനി ഖാദിയും കേരളത്തിലെ പൊതു മുഫ്ത്തിയുമായി. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അറബി , പേര്‍സ്യന്‍ ഭാഷകളില്‍ സമഗ്രപരിജ്ഞാനം സമ്പാദിച്ചിരുന്നു. അദ്ദേഹത്തിന് ആ ഭാഷകളില്‍ എഴുതാനും പ്രസംഗിക്കാനും കഴിഞ്ഞിരുന്നു. താന്‍ നിര്‍മിച്ച ചരിത്രപ്രസിദ്ധമായ ജുമുഅത്ത് പള്ളിയില്‍ അദ്ദേഹം ദര്‍സ് (മതാധ്യാപനം) തുടങ്ങി. ആ കാലം മുതല്‍ പൊന്നാനി മത വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രമായി ഉയര്‍ന്നു. പില്‍ക്കാലത്ത് കേരളീയ മുസ്‌ലിംകള്‍ പൊന്നാനി ദര്‍സില്‍ ചേര്‍ന്നു പഠിച്ചവരെ മാത്രമേ ഉന്നത പണ്ഡിതരായി പരിഗണിച്ചിരുന്നുള്ളൂ. പൊന്നാനിയിലെ ദര്‍സ് പഠനത്തിന് ‘വിളക്കത്തിരിക്കുക’എന്ന് പേര്‍ നല്‍കപ്പെട്ടിരുന്നു.
അദ്ദേഹം അറബി-പേര്‍സ്യന്‍ ഭാഷകളില്‍ അനേകം ഗ്രന്ഥങ്ങളും കണക്കറ്റ ഫത്‌വകളും രചിച്ചിട്ടുണ്ട്. അവയുടെ പേര് വിവരം താഴെ

1. മുര്‍ശിദു ത്തുല്ലാബ് 2. സിറാജുല്‍ ഖുലൂബ് 3. ശംസുല്‍ ഹുദാ 4. തുഹ്ഫത്തുല്‍ അഹിബ്ബാഅ് 5. ഇര്‍ശാദുല്‍ ഖാസിദീന്‍ 6. ശഅ്ബുല്‍ ഈമാന്‍(അല്ലാമ- സയ്യിദ് നൂറുദ്ദീന്‍ രചിച്ച ഫാര്‍സീ ഗ്രന്ഥത്തിന്റെ അറബി വിവര്‍ത്തനം) 7. കിത്താബുല്‍ ഫറാഇദ്(ഇമാം സബ്‌റൂഫിയുടെ കിതാബുല്‍ കാഫീ ഫില്‍ ഫറാഇദ് എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹം) 8. കിത്താബു സ്സഫാ മിന ശ്ശിഫാ (പ്രസിദ്ധസ്‌പെയിന്‍ പണ്ഡിതനായിരുന്ന ഖാദി ഇയാദ് എഴുതിയ പ്രവാചക ചരിത്രമായ ‘കിതാബു ശിഫാ’യുടെ സംഗ്രഹം) 9. തസ്ഹീലില്‍ കാഫിയ (ഇബ്‌നു ഹാജിബയുടെ കാഫിയാ വ്യാഖ്യാനം)

ഇബ്‌നു മാലിക്കിന്റെ അല്‍ഫിയ(വ്യാകരണകാവ്യം) ഇബ്‌നു വര്‍ദിയുടെ ‘തുഹ്ഫ’ ഇബ്‌നു മഖരിയുടെ ‘ഇര്‍ശാദ്’ മുതലായ മഹദ് ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അതിനുപുറമെ ‘ഖസ്വസ്വുല്‍ അമ്പിയാഅ്’ എന്ന പേരില്‍ ഖുര്‍ആനില്‍ അനുസ്മരിക്കപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രം അദ്ദേഹം എഴുത്തിത്തുടങ്ങിയെങ്കിലും ഹ: ആദം മുതല്‍ ഹ: ദാവൂദ് വരെയുള്ള പ്രവാചകരുടെ ചരിത്രമേ പൂര്‍ത്തിയാക്കാനായുള്ളൂ.

ഇവയ്ക്ക് പുറമെ മൂന്ന് അതിപ്രശസ്തമായ അറബി ബൈത്തുകളും (പദ്യങ്ങള്‍) അദ്ദേഹം രചിച്ചിട്ടുണ്ട്. 1. ഹിദായത്തുല്‍ അദ്കിയാഅ് ഇലാ ത്വരീഖില്‍ ഔലിയാ പ്രസിദ്ധമായ അറബി പദ്യം അറേബ്യയിലും മലേഷ്യയിലും ജാവയിലും മറ്റും പ്രചുരപ്രചാരം നേടിയ കൃതി. ഗ്രന്ഥകാരന്റെ പുത്രനും മഹാപ്രതിഭയുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം ഈ കൃതിക്ക് ചെറുതും സവിസ്തരവുമായ രണ്ട് വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. മക്കാസ്വദേശിയും പ്രസിദ്ധഗ്രന്ഥകാരനുമായിരുന്ന സയ്യിദ് അബൂബക്ര്‍ ബക്‌രി അദ്കിയാഇന് എഴുതിയ വ്യാഖ്യാനത്തിന് ‘കിഫായത്തുല്‍ അദ്കിയാ ഫീ മിന്‍ഹാജില്‍ അസ്ഫിയാഅ്’ എന്നാണ് നാമം. ഹിജ്‌റ 1302 – ല്‍ അതിന്റെ ഒന്നാം പതിപ്പ് ഈജിപ്തില്‍നിന്ന് പ്രസിദ്ധപ്പെടുത്തി. അദ്കിയാഇന് രണ്ടാമത് വ്യാഖ്യാനം എഴുതിയത് ജാവക്കാരനായ പണ്ഡിതന്‍ അല്ലാമാ മുഹമ്മദ് നൂമില്‍ ജാമിയാണ്. ആ വ്യാഖ്യാനത്തിന് ‘സാലിമുല്‍ ഫുസ്‌ലാ’ എന്നാണ് പേര്. ഹിജ്‌റ 1301- ല്‍ അതിന്റെ ആദ്യപതിപ്പ് കെയ്‌റോയില്‍ നിന്ന് പ്രകാശനം ചെയ്തു.
അദ്ദേഹത്തിന്റെ കാലത്ത് പറങ്കികള്‍ കേരളത്തില്‍ പ്രവേശിച്ച് മുസ്‌ലിംകള്‍ക്കെതിരില്‍ ശക്തമായി ആക്രമണം നടത്തിയിരുന്നു. പോര്‍ട്ടുഗീസുകാര്‍ക്കെതിരില്‍ ഇന്ത്യയിലെയും ലോകത്തിലെയും മുസ്‌ലിംകളെ മഹത്തായ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടെഴുതിയ രണ്ടാമത്തെ അറബി പദ്യമാണ് ‘തഹ്‌രീസ് അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബ്ദത്തി സ്സ്വല്‍ബാന്‍’ . പറങ്കികളുടെ തേര്‍വാഴ്ചക്കെതിരില്‍ അണിനിരക്കാന്‍ ആ പദ്യം പ്രചോദനം നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ മൂന്നാമത്തെ പദ്യം ‘അര്‍ജൂസ’യാണ്. തത്ത്വജ്ഞാന പരമായ ആ അപൂര്‍വകൃതി പണ്ഡിതലോകത്തിന്റെ പ്രശംസക്ക് പാത്രീഭവിക്കുകയുണ്ടായി. ഹി. 928- ല്‍ (ഏ.ഡി. 1521) അദ്ദേഹം പൊന്നാനിയില്‍ വെച്ച് നിര്യാതനായി. മുഹമ്മദ് ഗസ്സാലി, അബ്ദുല്‍ അസീസ് എന്നിവരാണ് സന്താനങ്ങള്‍.

Topics