ന്യൂഡല്‍ഹി: ഇസ്‌ലാമില്‍ സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ പരിഗണനയുണ്ടെന്നും ഇസ്‌ലാമിലുള്ളതിനെക്കാള്‍ സ്ത്രീകളെ ബഹുമാനിച്ച മറ്റൊരുമതമില്ലെന്നും അഖിലന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ വ്യക്തമാക്കി. നിലവിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ തീര്‍ത്തും സുരക്ഷിതരാണ്. ഇസ്‌ലാം പോലെ സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കിയ മറ്റൊരുമതം ഇല്ല. മറ്റുമതവിഭാഗങ്ങളെ അപേക്ഷിച്ചു മുസ്‌ലിംകളില്‍ ബഹുഭാര്യത്വവും വിവാഹമോചനവും കുറവാണ്. മുസ്‌ലിംകളില്‍ ബഹുഭാര്യത്വനിരക്ക് 3.5ഉം ഹിന്ദുക്കളില്‍ 6.8ഉം ആണ്. എന്നാല്‍ വിവാഹവും മോചനവും അല്ലാതെ മുസ്‌ലിം പുരുഷന്‍മാര്‍ക്കു മറ്റൊരു തൊഴിലില്ലെന്ന രീതിയിലാണു പ്രചാരണമെന്നും ബോര്‍ഡ് നിര്‍വാഹകസമിതി അംഗം ഡോ. അസ്മ സുഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ത്വലാഖ് സമ്പ്രദായം നിരോധിക്കരുത്. തന്നെ ഒഴിവാക്കിയ പുരുഷന്റെ കൂടെ ജീവിക്കാന്‍ ഒരുസ്ത്രീയും ആഗ്രഹിക്കില്ല. നിലവിലെ ഭാര്യമാരെ ഇനിയൊരിക്കലും വേണ്ടെന്ന് ആഗ്രഹിക്കുന്ന പുരുഷന്‍മാരാണ് മൂന്നുത്വലാഖും ഉച്ചരിക്കാറുള്ളത്. എന്നാല്‍ മുത്വലാഖ് മൂലം വേര്‍പിരിഞ്ഞ ദമ്പതികള്‍ വളരെ കുറവുമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കമെന്നും അവര്‍ കുറ്റപ്പെടുത്തി. സീനത്ത് മെഹ്താബ്, ബുഷ്‌റ റഹ്മാന്‍, അതിയ്യ സിദ്ദീഖി, ഡോ. അതിയ്യ ഖില്‍ജി, ഖുര്‍ഷീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Add Comment