‘എന്റെ വീട് മനോഹരവും വൃത്തിയുള്ളതുമാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. വസ്ത്രങ്ങളില്‍ പരിമളം പൂശി അടുക്കി വെക്കുന്നു. രുചികരവും സ്വാദിഷ്ടവുമായ ഭക്ഷണം തയ്യാറാക്കുന്നു. ഇത്രയൊക്കെ ചെയ്‌തിട്ടും നീ നല്ലൊരു ഇണയല്ല എന്നാണ് അദ്ദേഹം എന്നോട് പറയുന്നത്. ഞാന്‍ എന്താണിനി ചെയ്യേണ്ടത്’ വളരെ വേദനയോടെയാണ് ആ സ്ത്രീ എന്നോട് ഇക്കാര്യം ചോദിച്ചത്.
ഏതാനും ചില അടിസ്ഥാനങ്ങളില്‍ നിലകൊള്ളുന്ന ബന്ധമാണ് വിവാഹമെന്ന് ചില സ്ത്രീകള്‍ വിശ്വസിക്കുന്നു.
എനിക്ക് ഇവരോട് ചോദിക്കാനുള്ളത് എന്തിനാണ് ഇവര്‍ വിവാഹത്തിന് മുതിര്‍ന്നത് എന്നാണ്. അപ്പോള്‍ അവരില്‍ പലരുടെയും മറുപടി ഇപ്രകാരമായിരിക്കും.
- പിതാവിന്റെ വീട്ടിലെ മടുപ്പില്‍നിന്ന് രക്ഷപ്പെട്ട് ഭര്‍തൃകുടുംബത്തിന്റെ ഭരണമേറ്റെടുക്കാം.
- തന്റെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും, തനിക്ക് വേണ്ടി ചെലവഴിക്കാനും ഒരാളെ ലഭിക്കും.
- താലോലിക്കാന്‍ ഓമനത്തമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചുവളര്‍ത്താം.
- വീട്ടമ്മയായി കഴിയാം.
- സ്‌നേഹിച്ചയാളെ സ്വന്തമാക്കാം.
- എല്ലാവരും വിവാഹംകഴിക്കുന്നതിനാല്‍ ഞാനുമത് ചെയ്തു.
ഇങ്ങനെ വ്യത്യസ്തമറുപടികളായിരിക്കും അവര്‍ക്കുണ്ടാവുക. ഈ ഉത്തരങ്ങളെല്ലാം അടിസ്ഥാനങ്ങളില്‍ നിന്ന് തെറ്റിയതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍, പ്രകൃതിപരമായ വികാര പൂര്‍ത്തീകരണത്തിന് വിവാഹം കഴിക്കുന്ന എത്ര പേരുണ്ട്?
അല്ലാഹു വിവാഹം നിയമമാക്കിയ അടിസ്ഥാന ലക്ഷ്യം വികാരപൂര്‍ത്തീകരണം തന്നെയാണ്. തിരുമേനി(സ) അരുള്‍ ചെയ്തു:’അല്ലയോ യുവാക്കളേ, നിങ്ങളില്‍ ശേഷിയുള്ളവര്‍ വിവാഹം കഴിക്കുക. നിങ്ങളുടെ കണ്ണുകളെ അത് താഴ്ത്തുകയും ഗുഹ്യസ്ഥാനത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിന് സാധിക്കാത്തവര്‍ നോമ്പെടുക്കുകയാണ് വേണ്ടത്. അത് അവന് പരിചയാകുന്നു’.
പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക-വികാര പൂര്‍ത്തീകരണത്തിനുള്ള നിയമവിധേയ മാര്‍ഗമാണ് വിവാഹമെന്ന് തിരുമേനി(സ) പഠിപ്പിക്കുന്നു. അല്ലാതെ വീട്ടില്‍ രുചികരമായി തയ്യാറാക്കുന്ന ഭക്ഷണത്തിന് വേണ്ടിയോ, മനോഹരമായി വിരിക്കപ്പെട്ട ബെഡ്‌റൂമിന് വേണ്ടിയോ, പരിമളം പൂശിയ വസ്ത്രങ്ങള്‍ക്ക് വേണ്ടിയോ അല്ല വിവാഹം.
ജീവിതപങ്കാളിയായ പുരുഷന് നന്മ ചെയ്യേണ്ട എന്നല്ല ഞാന്‍ പറഞ്ഞത്. മറിച്ച് മുന്‍ഗണനാക്രമങ്ങള്‍ പാലിക്കാന്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ആദ്യം നാം പ്രിയതമയാവുകയാണ് വേണ്ടത്. ജീവിതപങ്കാളിയായ പുരുഷന്റെ വൈകാരിക ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് പ്രഥമമായി വേണ്ടത്. അതിന് ശേഷം മാത്രമെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രസക്തിയുള്ളൂ.
നീ വീഴ്ച വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് അറിയാം. പക്ഷേ മുന്‍ഗണനാ ക്രമം പാലിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഒരു ഉദാഹരണം പറയാം.
ദിവസം മുഴുവന്‍ വീട് വൃത്തിയാക്കുന്നതിലും അലങ്കരിക്കുന്നതിലും ഭക്ഷണം തയ്യാറാക്കുന്നതിലും നീ ശ്രദ്ധിക്കുന്നു. പിന്നീട് പ്രിയതമനുമായി ബന്ധപ്പെടാനുള്ള താല്‍പര്യമോ, ശക്തിയോ ഇല്ലാത്ത അവസ്ഥയിലേക്ക് നീയെത്തുകയും ചെയ്യുന്നു. പിന്നെ ഭര്‍ത്താവിന് ഇക്കാര്യത്തില്‍ ആരാണ് സഹായിക്കുക? ഇവിടെ പ്രിയതമമാര്‍ പ്രണയിനികളല്ല, വെറും വേലക്കാരാണ് എന്നേ പറയാനാകൂ!!!
വിവാഹക്കരാറിന്റെ യുക്തിയെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. വിരിപ്പിലെ സുഖാസ്വാദനത്തിന് തന്നെയാണ് വിവാഹ ബന്ധം രൂപപ്പെട്ടത്. ജീവിതപങ്കാളിയുടെ വീട്ടില്‍ ചെന്ന് വീട്ടുകാര്യങ്ങള്‍ നോക്കിനടത്താനല്ല. അത് നിന്റെയെന്നല്ല, ആരുടെയും നിര്‍ബന്ധ ബാധ്യതയല്ല. മറിച്ച് ഐഛിക കര്‍മങ്ങള്‍ മാത്രമാണ്. പ്രകൃതിപരമായി തന്നെ വീട് പരിചരിക്കാനുള്ള ഒരു ത്വര നിന്റെ ഹൃദയത്തിലുണ്ട്. അത് അല്ലാഹു സൃഷ്ടിച്ച ശുദ്ധ പ്രകൃതിയാണ്.
എല്ലാറ്റിനുമുപരിയായി ദാമ്പത്യഉത്തരവാദിത്തങ്ങളാണ് ജീവിതപങ്കാളിയായ സ്‌ത്രീ നിര്‍വഹിക്കേണ്ടത്. പിന്നീട് അവശേഷിക്കുന്ന സമയങ്ങളിലാണ് വീട്ടുകാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. കഴിയുമെങ്കില്‍ ഒരു ജോലിക്കാരിയെ നിര്‍ത്താവുന്നതുമാണ്. അങ്ങനെയാവുമ്പോള്‍ നിന്റെ ജീവിതപങ്കാളി ആഗ്രഹിക്കുന്ന ശരീരത്തെ പരിഗണിക്കാനും അണിയിച്ചൊരുക്കാനും നിനക്ക് സമയം ലഭിക്കും.
സൊറപറയാനും അഭിപ്രായപ്രകടനം നടത്താനുമാണ് അദ്ദേഹം നിന്നെ വിവാഹം കഴിച്ചതെന്ന് വിചാരിക്കുന്നുവെങ്കില്‍ തെറ്റ് പറ്റിയിരിക്കുന്നു. കാരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ മതി അക്കാര്യം പൂര്‍ത്തീകരിക്കാന്‍. എല്ലാ വിഷയങ്ങളും അദ്ദേഹത്തിന് അവരുമായി പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്നതാണ്.
അതല്ല നീ പഠനത്തില്‍ മിടുക്കിയായത് കൊണ്ടാണ് നിന്നെ വിവാഹം കഴിച്ചതെന്ന് നീ വിചാരിക്കുന്നതെങ്കില്‍ നിനക്ക് വീണ്ടും തെറ്റിയിരിക്കുന്നു. നിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹത്തിന്റെ വൈകാരികമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയില്ല.
ഇവയെല്ലാറ്റിനുമുപരിയായി നീയൊരു സ്ത്രീയായത് കൊണ്ടാണ് അദ്ദേഹം നിന്നെ തെരഞ്ഞെടുത്തതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നിന്റെ സ്‌ത്രൈണത തന്നെയാണ് നിന്റെ ഭക്ഷണത്തെക്കാളും സര്‍ട്ടിഫിക്കറ്റിനേക്കാളും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്.
ഡോ. നാഇമഃ ഹാശിമി
Add Comment