മുഹമ്മദ് നബി-Q&A

മുഹമ്മദ് നബി (സ) എന്തുകൊണ്ട് തിരിച്ചുവരുന്നില്ല ?

ചോ: ക്രൈസ്തവര്‍ യേശു എന്ന് വിളിക്കുന്ന ഈസാനബി അവസാനനാളുകളില്‍ തിരിച്ചുവരുമെന്ന് ഹദീസുകളിലുണ്ട്. എന്നാല്‍ ലോകര്‍ക്കായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി എന്തുകൊണ്ട് തിരിച്ചുവരുന്നില്ല ?

ഉത്തരം: ഈസാനബി(അ) തിരിച്ചുവരുമെന്ന് നാം എല്ലാവരും വിശ്വസിക്കുന്നു. അതിനെ നീതികരിക്കുന്ന ഖുര്‍ആന്‍ വചനവുമുണ്ട്. ‘തൊട്ടിലില്‍വെച്ചും പ്രായമായശേഷവും അദ്ദേഹം ജനത്തോട് സംസാരിക്കും ‘(ആലുഇംറാന്‍ 46) പ്രായമാവുക എന്ന് പറഞ്ഞാല്‍ നന്നെച്ചുരുങ്ങിയത് നാല്‍പത് വയസ്സെങ്കിലും ആയിരിക്കേണ്ടതുണ്ട്. ഏതാണ്ടെല്ലാ പ്രവാചകന്‍മാരും നാല്‍പത് വയസ്സെത്തിയ ശേഷമാണ് പ്രവാചകത്വലബ്ധിയാല്‍ അനുഗൃഹീതരായതെന്ന് അറിയാമല്ലോ. മുഹമ്മദ് നബിയുടെ ചരിത്രവും അതില്‍നിന്ന് വ്യത്യസ്തമല്ല.
സുവിശേഷങ്ങള്‍ പറയുന്നത് തന്റെ മുപ്പതാംവയസ്സിലാണ് ഈസാനബി പ്രബോധനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നാണ്. മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ക്രൂശിക്കപ്പെട്ടുവെന്നും അവ അവകാശപ്പെടുന്നു. അതിനര്‍ഥം അദ്ദേഹം 40 വയസ്സുവരെ ഭൂമിയില്‍ ഉണ്ടായിരുന്നിട്ടില്ലെന്നാണ്.
ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച് ഈസാനബി തിരിച്ചുവരുമെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഏഴ് വര്‍ഷം ഭൂമിയില്‍ ജീവിക്കുകയും അങ്ങനെ നാല്‍പത് വയസ്സ് തികയുകയുംചെയ്യുന്നതോടെ ഖുര്‍ആന്‍ നടത്തിയ ‘തൊട്ടിലില്‍വെച്ചും പ്രായമായശേഷവും അദ്ദേഹം ജനത്തോട് സംസാരിക്കും’ എന്ന പ്രവചനം പൂര്‍ത്തിയാവും. തിരിച്ചുവരവിനുള്ള ഒരു ന്യായമിതാണ്.
ഈസാനബിയുടെ തിരിച്ചുവരവിനുള്ള മറ്റൊരു ന്യായം ഇതാണ്: ചരിത്രത്തിലുടനീളം ഏറെ തെറ്റുധരിക്കപ്പെട്ട പ്രവാചകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ഒരുകൂട്ടര്‍ അദ്ദേഹത്തെ ദൈവത്തിന്റെ പങ്കാളിയായി ആരോപിച്ചു. മറ്റൊരു കൂട്ടര്‍ അദ്ദേഹത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞു. ഈ രണ്ടുതീവ്രതകള്‍ക്കുമിടയില്‍ ഇസ്‌ലാം മനുഷ്യനായ അദ്ദേഹത്തെ പ്രവാചകനായി പരിചയപ്പെടുത്തി. എന്നാല്‍ ഈ വസ്തുത ജനങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അവരില്‍ അധികപേരും വിശ്വസിക്കാന്‍ തയ്യാറാവുന്നില്ല. അതിനാല്‍ ഈസാനബിയുടെ വരവോടെ അദ്ദേഹത്തെ നിഷേധിച്ചവരും അദ്ദേഹത്തില്‍ ദൈവികത അടിച്ചേല്‍പിച്ചവരും കാര്യങ്ങള്‍ മനസ്സിലാക്കി സത്യത്തോട് ചേരും.

പ്രവാചകന്‍ മുഹമ്മദ് നബി(സ) തിരിച്ചുവരേണ്ട യാതൊരു ആവശ്യവുമില്ല. അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തീകരിച്ചാണ് ഈ ലോകത്തോട് വിടചൊല്ലിയത്. മാത്രമല്ല, മുസ്‌ലിം- ക്രൈസ്തവ വിശ്വാസമനുസരിച്ച് ഈസാനബി മാത്രമാണ് തിരിച്ചുവരിക.

Topics