സദാചാര മര്യാദകള്‍

സിനിമ കാണല്‍ ഖുര്‍ആന്‍ പറഞ്ഞ ‘ലഗ്‌വ്’ ആണോ ?

ചോദ്യം: ഖുര്‍ആന്‍ വിശേഷിപ്പിച്ച വ്യര്‍ഥഭാഷണം (ലഗ്‌വ്) കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ? ഹോബിയും സിനിമാകാണലും ഈ വിഭാഗത്തില്‍ പെടുമോ ?

ഉത്തരം: ലഗ്‌വ് (ലുഖ്മാന്‍-6) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് നേരമ്പോക്ക്, വെടിപറച്ചില്‍, രസംകൊല്ലി വര്‍ത്തമാനങ്ങള്‍ എന്നിവയെക്കുറിച്ചാണ്. അതായത്, ഈലോകത്തും മരണാനന്തരം പരലോകത്തും മനുഷ്യന് യാതൊരു ഗുണവുമുണ്ടാക്കാത്ത ഭാഷണങ്ങളാണ് അവ. പണ്ഡിതനായ ഇമാം ഇബ്‌നുകസീര്‍ ആ പദത്തെ വ്യവഹരിക്കുന്നത്, ശിര്‍ക്കും പാപവും തിന്‍മയും കലരുക വഴി യാതൊരു ഗുണവും ചെയ്യാത്ത വാക്കുകളും പ്രവൃത്തികളും എന്നാണ്.

ലഗ്‌വ് അഥവാ വൃഥാഭാഷണം എന്നത് ഓരോ വ്യക്തികളുടെയും സാഹചര്യവും സന്ദര്‍ഭങ്ങളും ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. ഉദാഹരണത്തിന്, ടെലിവിഷന്‍ അതില്‍ സാമൂഹികപ്രാധാന്യമുള്ള പരിപാടികളും ഇസ്‌ലാമികചര്‍ച്ചകളും മക്കയിലെ തല്‍സമയപ്രോഗ്രാമുകളും ഒരാള്‍ കാണുന്നത് ഹറാമാണെന്ന് നമുക്ക് വിധികല്‍പിക്കാനാവില്ല. അതുപോലെ ന്യൂസ് കാണുന്നത് ഒട്ടേറെ പ്രയോജനംചെയ്യുന്ന കാര്യമാണ്. പ്രകൃതിക്ഷോഭ സമയത്ത് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പുകള്‍ അറിയാനായി ടെലിവിഷന്‍ കാണുന്നത് അത്തരത്തിലൊന്നാണ്. ലോകമുസ്‌ലിംജനസമൂഹത്തെ ബാധിക്കുന്ന ആഗോളരാഷ്ട്രീയ-സാംസ്‌കാരിക പരിപാടികളെക്കുറിച്ചറിയാന്‍ ടിവി തുറന്നുവെക്കുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമായ കാര്യമാണ്.

എന്നാല്‍ ശരീരസൗന്ദര്യത്തെയും പ്രേമത്തെയും ലഹരിയെയും സംഘട്ടനത്തെയും സ്ത്രീവിരുദ്ധതയെയും പ്രമേയമാക്കി സമൂഹത്തില്‍ അവ അരക്കിട്ടുറപ്പിക്കുന്ന തരത്തില്‍ പുറത്തുവരുന്ന സിനിമകളും ആളുകളെ പരിഹാസപാത്രമാക്കി ദ്വയാര്‍ഥപ്രയോഗങ്ങളോടെയുള്ള കോമഡികളും മറ്റും ലഗ്‌വ് എന്ന ഗണത്തില്‍ മാത്രമേ പെടുത്താനാവൂ. ഹോബി എന്ന ഗണത്തില്‍ നാം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും നമുക്ക് ഇഹത്തിലും പരത്തിലും ശാരീരികമോ മാനസികമോ സാമൂഹികമോ ആയ രീതിയില്‍ യാതൊരു നേട്ടവും സമ്മാനിക്കുന്നില്ലെങ്കില്‍ അവയും ലഗ്‌വ് എന്ന ഗണത്തില്‍ പെടുത്താം.

അതിനാല്‍ ചാനലുകളിലും ഹോബികളിലും നമുക്ക് പ്രയോജനംചെയ്യുന്ന ഖുര്‍ആന്‍ വിലക്കാത്ത പരിപാടികളെന്തും അനുവദനീയമാണ്. നേരമ്പോക്കായി നാം അനുഷ്ഠിക്കുന്നവയെ ക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതാണ്. നന്‍മകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പ്രേരകമായതാണോ അവ എന്നുറപ്പുവരുത്തുക.
ഹോബികളെ ഏറ്റവും ഉപകാരപ്രദമായ പ്രവൃത്തികളിലേക്ക് ഉദാത്തവത്കരിക്കാന്‍ ശ്രമിക്കുക. ഇഷ്ടപ്പട്ട സ്‌പോര്‍ട്ട്‌സില്‍, സാഹിത്യവായനയില്‍, സോഷ്യല്‍ മീഡിയ ബ്രൗസിങില്‍, കൗതുകവസ്തുശേഖരണത്തില്‍, പാചകകലയില്‍, കരകൗശലപ്പണികളില്‍ അതെല്ലാം തനിക്ക് എത്രമാത്രം അല്ലാഹു താല്‍പര്യപ്പെട്ട മാര്‍ഗത്തിലൂടെ കൊണ്ടുപോകാനാകുന്നുണ്ട് എന്നതാണ് പരിശോധിക്കേണ്ടത്. അത്തരം പ്രവൃത്തികളിലൂടെ തന്റെ സമയം പാഴായിപ്പോകുന്നുണ്ടോ ഇല്ലയോ എന്ന് നന്നെച്ചുരുങ്ങിയത് അവന്‍ ഉറപ്പാക്കുകയെങ്കിലും വേണം.

Topics