ചോ: ഓണ്‍ ലൈനില്‍ ട്യൂഷനും മറ്റു ക്ലാസുകളും നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. പക്ഷേ ലൊക്കേഷന്‍ ഏതെന്ന് ചോദിക്കുമ്പോള്‍ പഠിതാവിനെ തൃപ്തിപ്പെടുത്താന്‍ അവരുടെ പട്ടണത്തില്‍ ഉള്ള ആളാണെന്ന് നുണപറയേണ്ടിവരും. അതെപ്പറ്റിയുള്ള വിധിയെന്താണ്?
ഉത്തരം: കളവുപറയുന്നതും വഞ്ചിക്കുന്നതും ഗുരുതരമായ പാപമായി ഇസ്‌ലാം കണക്കാക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു: ‘നിങ്ങള്‍ സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തുക. അത് നിങ്ങളെ നന്‍മയിലേക്കും നന്‍മ സ്വര്‍ഗത്തിലേക്കും കൊണ്ടെത്തിക്കുന്നു. കളവ് പറയുന്നതിനെ സൂക്ഷിക്കുക. കളവ് ദുര്‍വൃത്തികളിലേക്കും ദുര്‍വൃത്തികള്‍ നരകത്തിലേക്കും കൊണ്ടെത്തിക്കുന്നു. കള്ളംപറയുന്നവന്റെ പേര് നുണയന്‍ എന്ന് അല്ലാഹുവിന്റെ പക്കല്‍ എഴുതപ്പെടുന്നതുവരെ അവന്‍ നുണ പറഞ്ഞുകൊണ്ടേയിരിക്കും.'(മുസ് ലിം).
അതിനാല്‍ താങ്കള്‍ ലൊക്കേഷനെ ക്കുറിച്ച് ചോദിക്കപ്പെടുമ്പോള്‍ കളവ് പറയരുത്. ഉപജീവനം നേടാന്‍ കളവുപറയുന്നത് ഇസ് ലാമില്‍ അനുവദനീയമല്ല. ഹലാലല്ലാത്ത രീതിയില്‍ ഉപജീവനം കണ്ടെത്തുന്നവന്റെ പ്രാര്‍ഥന സ്വീകരിക്കുകയില്ലെന്ന് മുഹമ്മദ് നബി(സ)തിരുമേനി പറഞ്ഞിരിക്കുന്നു.
അതിനാല്‍ എത്രതന്നെ കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ടായാലും ശരി, നുണ പറയരുത്. അത്തരത്തില്‍ ലഭിക്കുന്ന വരുമാനം ഒട്ടുംതന്നെ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചതാവുകയില്ല. ഹലാലായ മാര്‍ഗത്തില്‍ ചില്ലിക്കാശ് നേടുന്നതാണ് അധാര്‍മികരീതിയില്‍ ആളുകളെ പറ്റിച്ചും വഞ്ചിച്ചും കോടികള്‍ സമ്പാദിക്കുന്നതിനെക്കാള്‍ അല്ലാഹുവിന്റെ അനുഗ്രഹം നേടാന്‍ ഉത്തമമായത്.
ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തി കുട്ടികളെ ആകര്‍ഷിക്കാനായി ലൊക്കേഷനെക്കുറിച്ച യഥാര്‍ഥവിവരം മറച്ചുവെക്കാന്‍ ദീന്‍ അനുവദിക്കുന്നില്ലെന്ന് മനസ്സിലാക്കുക.
Add Comment