അനന്തരാവകാശം

വഖ്ഫിലെ നിബന്ധനകള്‍

ഒരു സ്ഥലം വഖ്ഫാണെന്ന് നിശ്ചയിക്കണമെങ്കില്‍ അതിന് തെളിവ് ആവശ്യമാണ്. അതിന് സാക്ഷികള്‍ ഉണ്ടാവണം. വഖ്ഫാണെന്നുള്ളതിന് വ്യക്തമായ ഒരു രേഖ ഉടമസ്ഥനില്‍നിന്നുണ്ടാവാതെ യാതൊരു വസ്തുക്കളും വഖ്ഫായിത്തീരുകയില്ല. ‘ഞാന്‍ ഇത് ഇന്നതിന് വഖ്ഫ് ചെയ്തു. ഇത് ഇന്നതിന് വഖ്ഫ് ആണ്’എന്നെല്ലാം പറഞ്ഞാല്‍ മതിയാകും. അതുപോലെ തന്നെ ‘ഞാനിത് എക്കാലത്തേക്കുമായി ധര്‍മം ചെയ്തു’ എന്ന് പറഞ്ഞാലും വഖ്ഫ് സാധുവാകും. ഈ സ്ഥലം ഞാന്‍ പള്ളിയാക്കിയിരിക്കുന്നു’ എന്ന് പറഞ്ഞാല്‍ അത് പള്ളിയായിത്തീരുന്നതും വഖ്ഫ് സാധുവാകുന്നതുമാണ്. എന്നാല്‍ ‘ഞാന്‍ ഇത് നമസ്‌കരിക്കുന്നതിന് വഖ്ഫ് ചെയ്തു’എന്ന് പറയുന്നതുകൊണ്ട് നമസ്‌കാരത്തിനുള്ള വഖ്ഫ് ആവശ്യമല്ലാതെ പള്ളിയായിത്തീരുകയില്ല.

വഖ്ഫിന്റെ പ്രസ്താവനകള്‍ രണ്ട് വിധത്തിലുണ്ട്: വ്യക്തവും അവ്യക്തവും. വ്യക്തമായ പ്രസ്താവനകള്‍ക്ക് മനസ്സിലുള്ള കരുത്ത് ആവശ്യമില്ല. എന്നാല്‍ അവ്യക്തമായ പ്രസ്താവനക്ക് അത് ആവശ്യമാണ്. ഇപ്രകാരം രണ്ടാലൊരു വിധത്തിലുള്ള പ്രസ്താവന കൂടാതെ വഖ്ഫ് സാധുവാകുന്നതല്ല. പള്ളി, മഖ്ബറ, സത്രം മുതലായ പൊതു ഉപയോഗത്തിന് വിട്ടുകൊടുക്കുന്ന എല്ലാറ്റിന്റെയും നില ഇപ്രകാരമാണ്. ഇത്തരം പൊതുസ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിന് പൊതു ജനങ്ങളില്‍നിന്നും പണവും സാധനങ്ങള്‍ പിരിച്ചെടുക്കുകയും അതുകൊണ്ട് അവ നിര്‍മിക്കുകയും ചെയ്താലും വഖ്ഫായിത്തീരും. അതില്‍ മിച്ചം വരുന്ന പണവും സാധനങ്ങളും അതാതിന്റെ നടത്തിപ്പിന് വേണ്ടി സൂക്ഷിച്ചുവെക്കണം.

ഒരു പ്രത്യേകവ്യക്തിക്കോ വ്യക്തികള്‍ക്കോ വഖ്ഫ് ചെയ്യുമ്പോള്‍ അത് സ്വീകരിച്ചുവെന്ന് അവര്‍ പ്രസ്താവിക്കേണ്ടതുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. അങ്ങനെ ചെയ്യണമെന്ന് ‘മിന്‍ഹാജ്’ ലും ചെയ്യേണ്ടതില്ലെന്ന് ‘റൗദാ’യിലും ഇമാം നവവി പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ വഖഫ് അവര്‍ നിരസിക്കാതിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. മദ്‌റസ, സത്രം, പള്ളി മുതലായ പൊതു സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുമ്പോള്‍ അവയുടെ മുതവല്ലിമാരുടെ അംഗീകാരമോ അനുവാദമോ കൂടാതെതന്നെ വഖ്ഫ് സാധുവാകും. പാട്ടത്തിനോ കൂലിക്കോ വായ്പയായോ വാങ്ങിയ ഭൂമിയില്‍ പള്ളി , മദ്‌റസ, സത്രം, പള്ളി മുതലായ കെട്ടിടങ്ങളോ വൃക്ഷങ്ങളോ വഖ്ഫ് ചെയ്യുന്നത് അനുവദനീയമാണ്.. കൂലിയുടെയോ വാടകയുടെയോ നിശ്ചിത കാലപരിധി അവസാനിക്കുകയും അഥവാ ഉടമസ്ഥര്‍ അനുവാദം പിന്‍വലിക്കുകയും ചെയ്താലും വഖ്ഫിന് ഇളക്കം സംഭവിക്കുകയില്ല. അവ അവിടെനിന്ന് മാറ്റി മറ്റെവിടയെങ്കിലും സ്ഥാപിക്കുകയോ കുഴിച്ചിടുകയോ ചെയ്യണം. അതിന് പറ്റാത്ത പക്ഷം വല്ല വസ്തുക്കളും വാങ്ങിയിടണം. എന്നാല്‍ പാട്ടത്തിന് വാങ്ങിയ ഭൂമിയിലോ മറ്റു വല്ല സ്വകാര്യകെട്ടിടങ്ങളോട് ബന്ധിപ്പിച്ചുകൊണ്ടോ പള്ളി നിര്‍മിക്കുകയും പിന്നീട് അവ കാലഹരണപ്പെടുകയും ചെയ്താല്‍ പള്ളിയുടെ നിയമം നീങ്ങിപ്പോവുമെന്ന് ഇമാം സുയൂത്വിയുടെ ‘ഫത്‌വ’യില്‍ കാണാം. പള്ളിയുടെ വഖ്ഫ് അത് സ്ഥിതിചെയ്യുന്ന ഭൂമിക്ക് ബാധകമായിട്ടില്ലെന്നതാണ് അതിനദ്ദേഹം കാരണം പറഞ്ഞിട്ടുള്ളത്. അതിന്റെ അവശിഷ്ടങ്ങള്‍ അവിടെ തന്നെയോ മറ്റെവിടെയെങ്കിലുമോ മാറ്റി രണ്ടാമതു നിര്‍മിച്ചാല്‍ പള്ളിയുടെ പ്രത്യേകത ലഭിക്കുകയില്ല. അത് ലഭിക്കണമെങ്കില്‍ വഖ്ഫ് പുതുക്കേണ്ടതുണ്ട്. . അതിന് കാരണം പള്ളി എന്ന പ്രത്യേകതയില്‍ തനതായ ഉദ്ദേശ്യം ഭൂമിയേ്രത(തുഹ്ഫ). ഭൂവുടമയുടെ അനുവാദമില്ലാതെയോ, അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമിയിലോ പള്ളി, മദ്‌റസ മുതലായ വഖ്ഫുകള്‍ സാധുവാകുന്നതല്ല.

വാഖിഫിന് ഏതെങ്കിലും തരത്തില്‍ വഖ്ഫിന്റെ ആനുകൂല്യം ലഭിക്കണമെന്ന് നിബന്ധന വെക്കുന്നത് ശരിയല്ല. അത് വഖ്ഫിന്റെ സാധുതക്ക് എതിരാണ്. തനിക്കുള്ള കടം വഖ്ഫിന്റെ ആദായത്തില്‍നിന്ന് വീട്ടണം എന്ന് പറഞ്ഞ് തനിക്ക് നമസ്‌കരിക്കുന്നതിന് പ്രത്യേകഅവകാശം സ്ഥാപിച്ചുകൊണ്ടുള്ള വഖ്ഫ് സാധുവാകയില്ല. ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ മദീനയില്‍ റൂമാ കിണര്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഇങ്ങനെ പറഞ്ഞു:’മുസ്‌ലിംകളുടേതുപോലെ ഒരു തൊട്ടിക്കവകാശം എനിക്കുമുണ്ട്’ എന്നാല്‍ ഇതൊരു നിബന്ധനയല്ലെന്നത് സ്പഷ്ടമാണ്. എല്ലാ വഖ്ഫുകള്‍ക്കും ബാധകമായ ഒരു കാര്യം വ്യക്തമാക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഒരു വ്യക്തി വഖ്ഫ് ചെയ്ത പള്ളിയില്‍ അയാള്‍ക്ക് നമസ്‌കരിക്കുന്നതിനും മറ്റൊരാള്‍ വഖ്ഫ് ചെയ്ത ഗ്രന്ഥങ്ങള്‍ അയാള്‍ക്ക് പാരായണം ചെയ്യുന്നതിനും അവകാശമുണ്ടായിരിക്കുന്നതുപോലെ , ഒരു വ്യക്തി വഖ്ഫ് ചെയ്ത കിണറ്റില്‍നിന്ന് വെള്ളം എടുക്കുന്നതിനുള്ള അവകാശം അയാള്‍ക്കുണ്ടാകും. വഖ്ഫിന്റെ ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തില്‍ വാഖിഫും ഉള്‍പ്പെടുമെന്നതാണതിനു കാരണം. എന്നാല്‍ അപ്രകാരം നിബന്ധന വെക്കുന്നത് വഖ്ഫിന്റെ സാധുത ഇല്ലാതാക്കും. എന്നാല്‍ വഖ്ഫിന്റെ മാനേജ്‌മെന്റ് വാഖിഫ് സ്വയം ഏറ്റെടുക്കുന്നതിനും അതിന് മിതമായ ശമ്പളം കൈപറ്റുന്നതിലും വിരോധമില്ല. അമിതമായ ശമ്പളം വ്യവസ്ഥ ചെയ്താല്‍ വഖ്ഫ് സാധുവാകുകയില്ല.
വഖ്ഫിന് കാലപരിധി നിര്‍ണയിക്കാന്‍ പാടുള്ളതല്ല. അത്തരം വഖ്ഫുകള്‍ സാധുവല്ല. എന്നാല്‍ പള്ളിയായി വഖ്ഫ് ചെയ്യുമ്പോള്‍ ഏത് കാലാവധി നിശ്ചയിച്ചാലും ആ കാലപരിധി പരിഗണിക്കാതെ എന്നെന്നേക്കും പള്ളിയെന്ന നിലയില്‍ വഖ്ഫ് സാധുവാകും. പള്ളിയുടെയും അതുപോലെയുള്ള ആരധനാപരമായ വഖ്ഫുകളുടെയും പ്രത്യേകതയാണത്.

വഖ്ഫ് അനുഭവിക്കേണ്ടത് ആരെന്നോ ഏതു വിഷയത്തിലെന്നോ വ്യക്തമാക്കേണ്ടതുണ്ട്. അത് ശര്‍ത്താകുന്നു. താന്‍ ഇത് വഖ്ഫ് ചെയ്തു എന്നുമാത്രം പറഞ്ഞാല്‍ പോരാ. എന്നാല്‍ പള്ളിയുടെ വഖ്ഫിന് ഈ ശര്‍ത്ത് ബാധകമല്ല. ‘ഞാന്‍ ഇത് പള്ളിയാക്കി വഖ്ഫ് ചെയ്തു’ എന്നുമാത്രം പറഞ്ഞാല്‍ മതി. മദ്‌റസ, പള്ളി, സത്രം മുതലായവ വഖ്ഫ് ചെയ്യുമ്പോള്‍ ഒരു പ്രത്യേകവിഭാഗത്തിനുമാത്രം അത് തിട്ടപ്പെടുത്താവുന്നതും അവര്‍ക്കുമാത്രം അത് അവകാശപ്പെടുന്നതും ആണ്. എന്നാല്‍ (സംഘടനാ-ദേശ)സങ്കുചിത മനോഭാവം വളര്‍ത്തുന്നതിന് സഹായകരമാകുംവിധം വഖ്ഫുകള്‍ ചെയ്യുന്നത് കറാഹത്താണ്. ഉദാഹരണമായി ശാഫിഈകള്‍ക്ക് മാത്രം വഖ്ഫ് ചെയ്താല്‍ അതില്‍ ഹനഫികള്‍ക്കും മറ്റുമദ്ഹബ്കാര്‍ക്കും പ്രവേശനമില്ലാ എന്ന് വരും. അതിനാല്‍ അത് പാടില്ല.

Topics