‘കിതച്ചോടുന്നവ സാക്ഷി. അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി. പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി. അങ്ങനെ പൊടിപടലം ഇളക്കി വിടുന്നവ സാക്ഷി. ശത്രുക്കള്‍ക്ക് നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി. തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്. ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിന് സാക്ഷിയാണ്. ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ. അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളവ ഇളക്കി മറിക്കപ്പെടുകയും ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍. സംശയമില്ല. അന്നാളില്‍ അവരുടെ നാഥന്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്’.
മൂന്ന് തരം ശപഥങ്ങളാണ് ഈ വിശുദ്ധ ഖുര്‍ആന്‍ അധ്യായത്തില്‍ ഉള്ളത്. ദൈവിക മാര്‍ഗത്തില്‍ സമരം നടത്തുന്നവരുടെ കുതികരകളെയാണ് ആദ്യം അല്ലാഹു ശപഥത്തിനായി ഉപയോഗിച്ചത്. അവയെ വിശേഷണങ്ങള്‍ എണ്ണിപ്പറഞ്ഞ് മഹത്വപ്പെടുത്തുകയാണ് അല്ലാഹു ചെയ്തിരിക്കുന്നത്. വിശ്വാസികളുടെ മനസ്സില്‍ അവക്ക് മഹത്തായ സ്ഥാനം ലഭിക്കുന്നതിനും അവയുടെ വില മനസ്സിലാക്കുന്നതിനും അവയെ കുതിച്ചോടുന്നതിന് പരിശീലിപ്പിക്കുന്നതിനും വേണ്ടിയാണ് അത്. അല്ലാഹു തന്നെ മറ്റൊരിടത്ത് ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു. ‘അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം'(അല്‍അന്‍ഫാല്‍ 60).
പോരാട്ടത്തിന്റെയും ധീരതയുടെയും പൗരുഷത്വത്തിന്റെയും സമാധാനത്തിന്റെയും ദര്‍ശനത്തോട് യോജിക്കുന്ന വിശദീകരണം തന്നെയാണ് ഈ വചനത്തിന് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത്. ‘തീര്‍ച്ചയായും മനുഷ്യന്‍ തന്റെ നാഥനോട് നന്ദികെട്ടവനാണ്’ എന്ന പരാമര്‍ശത്തെക്കുറിച്ച് നാം ചിന്തിക്കുകയാണെങ്കില്‍ പ്രസ്തുത അധ്യായം മുഴുവന്‍ ഈ ആശയത്തെ ഉറപ്പിക്കുന്നതിന് വേണ്ടി അവതീര്‍ണമായതാണെന്ന് ബോധ്യപ്പെടുന്നതാണ്.
യുദ്ധത്തിന് ഉപയോഗിക്കുന്ന മൃഗങ്ങളെ -വിശിഷ്യാ കുതിരയെ- വര്‍ണിച്ച് കൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. യജമാനനോട് കൂറ് പുലര്‍ത്തുന്ന, യജമാനന് വേണ്ടി ത്യാഗം ചെയ്യുന്ന, യജമാനന് വേണ്ടി സര്‍വം സമര്‍പ്പിക്കുന്നു പടക്കുതിരകള്‍ എന്ന് പരാമര്‍ശിച്ചതിന് ശേഷമാണ് മനുഷ്യന്‍ തന്റെ യജമനാനനോട് നന്ദികേട് പ്രവര്‍ത്തിക്കുന്നുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചത്.
കുതിര സ്വന്തം ജീവന്‍ യജമാനന് വേണ്ടി പണയപ്പെടുത്തുന്നു, യജമാനന്റെ സൗഖ്യത്തിന് വേണ്ടി പ്രയാസം സഹിക്കുന്നു, യജമാനന്‍ ജീവിക്കുന്നതിന് വേണ്ടി മരണം വരിക്കുന്നു, യജമാനന് വേണ്ടി തീയിലും സമുദ്രത്തിലും അപകടത്തിലും എടുത്ത് ചാടുന്നു എന്നിരിക്കെ നന്ദി കെട്ട മനുഷ്യന് അവയില്‍ ഗുണപാഠവും മഹത്തായ സന്ദേശവുമുണ്ടെന്ന് വ്യക്തം.
ബുദ്ധിയില്ലാത്ത മൃഗമായ കുതിര ഇത്രയൊക്കെ തന്റെ യജമാനന്‍ മാത്രമായ -രക്ഷിതാവല്ലാത്ത- മനുഷ്യന് വേണ്ടി ചെയ്യുന്നുവെങ്കില്‍ ബുദ്ധിമാനായ മനുഷ്യന്‍ തന്റെ പരിപാലിച്ച് വളര്‍ത്തുന്ന നാഥന് വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍ അനുഷ്ടിക്കേണ്ടതുണ്ട്? ഒരു മൃഗത്തിന് അതിന്റെ യജമാനന്‍ ചെയ്യുന്നതിനേക്കാള്‍ വലിയ സേവനമാണല്ലോ മനുഷ്യന് വേണ്ടി അല്ലാഹു ചെയ്യുന്നത്!
‘തീര്‍ച്ചയായും അവന്‍ തന്നെ അതിന് സാക്ഷിയാണ്’ എന്നതിന്റെ വിശദീകരണം ഇപ്രകാരമാണ്. മനുഷ്യന്‍ അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നുവെന്നതിന് സാക്ഷിയായി അവന്റെ ജീവിതം തന്നെ അവനെതിരെ സംസാരിച്ച് കൊണ്ടിരിക്കുന്നു. താന്‍ നന്ദി കെട്ടവനല്ലെന്ന് മനുഷ്യന്‍ എത്ര തന്നെ നാവ് കൊണ്ട് അവകാശപ്പെട്ടാലും അവന്റെ കര്‍മങ്ങള്‍ അതിന് വിപരീതമായി സാക്ഷ്യപ്പെടുത്തുന്നവെന്ന് ചുരുക്കം. ധനത്തെ അതികഠിനമായി സ്‌നേഹിക്കുന്നുവെന്നതാണ് അവന്റെ നന്ദികേടിനുള്ള മുഖ്യകാരണം എന്ന് കൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. രണ്ട് ദൈവങ്ങളെ ഒരേ സമയം ആരാധിക്കാന്‍ മനുഷ്യന് സാധിക്കുകയില്ല. കാരണം അല്ലാഹു മനുഷ്യന് രണ്ട് ഹൃദയം നല്‍കിയിട്ടില്ല എന്നത് തന്നെയാണ്. ‘അല്ലാഹു ഒരു മനുഷ്യന്റെയും ഉള്ളില്‍ രണ്ട് ഹൃദയങ്ങളുണ്ടാക്കിയിട്ടില്ല'(അഹ്‌സാബ് 4).
മനുഷ്യന്റെ യഥാര്‍ത്ഥ രോഗവും രോഗകാരണവും ചികിത്സയും അല്ലാഹു ഇവിടെ വ്യക്തമാക്കുന്നുണ്ട്. നന്ദികേടാണ് മനുഷ്യന്റെ രോഗമെന്നും, അതിനുള്ള കാരണം ധനപ്രേമമാണെന്നും, അതിനുള്ള പരിഹാരം പരലോക ബോധമാണെന്നും ‘ഖബ്‌റിനെക്കുറിച്ച് സ്മരണ’ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
പരലോകത്തിലുള്ള വിശ്വാസവും മരണസ്മരണയും കൊണ്ട് മാത്രമാണ് കണ്‍മുന്നിലെ മൂടി തുറന്ന് സത്യം കാണുന്നതിന് മനുഷ്യനെ പ്രാപ്തമാക്കുകയുള്ളൂവെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നു.
അബുല്‍ ഹസന്‍ അലി നദ്‌വി
Add Comment