Global

ട്രംപിന് നേട്ടമായത് ഇസ്‌ലാംഭീതിയും ജൂതപിന്തുണയും

വാഷിങ്ടണ്‍: പ്രവചനങ്ങള്‍ കാറ്റില്‍പറത്തി വിജയം നാട്ടിയ ട്രംപിന്റെ വിജയത്തിന് പിന്നില്‍ പ്രധാനമായി സ്വാധീനിച്ചത് ജൂത പങ്കും ഇസ്‌ലാമോഫോബിയയുമെന്ന് വിലയിരുത്തല്‍. പ്രചാരണ രംഗത്ത് ട്രംപ് നടത്തിയ വംശീയ പ്രസ്താവനകള്‍ അദ്ദേഹത്തെ മാധ്യമങ്ങളില്‍ നിന്ന് അകറ്റിയെങ്കിലും മധ്യവര്‍ഗക്കാരായ വെള്ളക്കാരില്‍ ട്രംപിനെ ഇഷ്ടനേതാവാക്കി.

ഇസ്‌ലാംവിരുദ്ധ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ട്രംപിന്റെ ഇസ്‌ലാമോഫോബിയയും വര്‍ഗീയ ചിന്താഗതിയും അഭയാര്‍ഥികളോടുള്ള വിരോധവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. അമേരിക്കയിലെ വെളുത്ത വോട്ടര്‍മാര്‍ക്കിടയിലെ വംശീയ വികാരത്തെ കുറിച്ച് ട്രംപിന് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കല്‍, അമേരിക്കന്‍ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും കാരണക്കാരായി ആരോപിക്കപ്പെടുന്ന 80 ലക്ഷം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കിയത്. അമേരിക്കക്കാര്‍ ആയുധം കൈവശംവയ്ക്കുന്നതിനെ പിന്തുണച്ചതിലൂടെ പ്രസ്തുത വികാരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പ്രസ്താവനയെ വിമര്‍ശിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പോലും രംഗത്തെത്തിയിരുന്നു. കാലിഫോര്‍ണിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്ക് യു.എസില്‍ പ്രവേശനം നിഷേധിക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് നെതന്യാഹു ഇടപെട്ടത്.
അതേസമയം ഫലസ്തീനില്‍ ഇസ്രയേല്‍ കൈയേറ്റത്തിന് സഹായം നല്‍കിയ ഹിലരിയുടെ നിലപാടും ചര്‍ച്ചയായി. പശ്ചിമേഷ്യയില്‍ ഹിലരിയുടെ വിദേശനയം യുദ്ധങ്ങളുണ്ടാക്കിയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാഖ് അധിനിവേശം, ലിബിയയിലെ ഇടപെടല്‍ എന്നിവയില്‍ ഹിലരിയുടെ വിദേശനയം ചോദ്യംചെയ്യപ്പെട്ടതും ട്രംപിന് തുണയായി.

സിറിയയില്‍ ഇടപെടുമെന്ന് പ്രചാരണത്തിനിടെ ഹിലരി ഉന്നയിച്ചെങ്കിലും പശ്ചിമേഷ്യയില്‍ ഐ.എസിനെതിരേ മാത്രം സംസാരിച്ച് ട്രംപ് തടിയൂരി. ഇതാദ്യമായി പരമ്പരാഗത ഡെമോക്രാറ്റുകളെ തള്ളി യു.എസിലെ 2.2 ശതമാനം വരുന്ന ജൂതരും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.എസ് ഭരണരംഗത്ത് ശക്തമായ സ്വാധീനമുള്ള ജൂതരുടെ പിന്തുണ ട്രംപിന്റെ ഇസ്രയേല്‍ നയത്തില്‍ മാറ്റമുണ്ടാക്കുമോയെന്ന് കണ്ടറിയണം. പ്രചാരണ രംഗത്ത് ട്രംപ് സ്വീകരിച്ച നയങ്ങള്‍ തുടര്‍ന്ന് അദ്ദേഹം പിന്തുണച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Topics