ലണ്ടന്‍: ഇറാഖ് യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന ചില്‍കോട്ട് കമ്മീഷന്റെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി ടോണിബ്ലെയറെ യുദ്ധക്കുറ്റവിചാരണ നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. യുകെയിലെ ആംനസ്റ്റി ഓഫീസില്‍ നടന്ന പീപ്പിള്‍സ് ട്രൈബൂണല്‍ കോണ്‍ഫറന്‍സിലാണ് സ്റ്റോപ് ദ വാര്‍ സഖ്യത്തിന്റെ മുന്നണിപ്പോരാളികളായ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ചത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും ഒരുപറ്റം പാര്‍ലമെന്റ് മെമ്പര്‍മാരും അന്വേഷണക്കമ്മീഷന്റെ റിപോര്‍ട്ട് വൈകിയതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
‘പൊതുജനത്തിന്റെ അഭിപ്രായങ്ങളെ മാനിക്കാതെയും വിദഗ്ധരുടെയും നിയമജ്ഞരുടെയും ഉപദേശങ്ങളെ അവഗണിച്ചും യുദ്ധത്തിനൊരുങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതില്‍നിന്ന് ഒരു തിരിച്ചുപോക്ക് ആവശ്യമാണ്. സത്യവും നീതിയുമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് ‘ യുദ്ധവിരുദ്ധസഖ്യത്തിന്റെ പ്രതിനിധിയായ ലിന്‍ഡ്‌സെ ജെര്‍മന്‍ വ്യക്തമാക്കി.
തെറ്റായ വാദമുഖങ്ങളുയര്‍ത്തി ടോണിബ്ലെയര്‍ ബ്രിട്ടനെ യുദ്ധത്തിലേക്ക് തള്ളിവിട്ടുവെന്ന് യുഎന്‍ മുന്‍ അസി: സെക്രട്ടറി ജനറല്‍ ഹാന്‍സ് വോണ്‍ സ്പുണെക് കുറ്റപ്പെടുത്തി. അതിനാല്‍ ചില്‍കോട്ട് കമ്മീഷന്റെ കണ്ടെത്തലുകളെ മുന്‍നിര്‍ത്തി കോടതിവിചാരണ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍പ്രധാനമന്ത്രി ടോണിബ്ലെയര്‍, അദ്ദേഹത്തിന്റെ വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോ, രഹസ്യാന്വേഷണസംഘമായ എം16 ന്റെ മേധാവി റിച്ചാര്‍ഡ് ഡിയര്‍ലൗ എന്നിവരെ പ്രതിസ്ഥാനത്തുനിറുത്തുംവിധമുള്ള കണ്ടെത്തലുകളാണ് ചില്‍കോട്ട് കമ്മീഷന്‍ നടത്തിയിട്ടുള്ളത്.
Add Comment