Dr. Alwaye Column

സമയത്തിന്റെയും അധ്വാനത്തിന്റെയും ക്രമീകരണം

മനേജ്‌മെന്റിന്റെ കൂടി മതമാണ് ഇസ്‌ലാം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചിട്ടയും വ്യവസ്ഥയും പാലിക്കാന്‍ അനുയായികളോട് ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. . സമയം, കര്‍മനിര്‍വഹണം, ഇമാമിനെ പിന്തുടരല്‍ എന്നിവ പരിശോധിക്കുമ്പോള്‍ നമസ്‌കാരം എന്ന അനുഷ്ഠാനം, നമസ്‌കരിക്കുന്ന ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചിട്ടയും വ്യവസ്ഥയും എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. സകാത്ത് , വ്രതാനുഷ്ഠാനം, ഹജ്ജ് തുടങ്ങിയ ഇതര അനുഷ്ഠാനങ്ങളുടെ കാര്യമെടുത്താലും ഇക്കാര്യം നമുക്ക് മനസ്സിലാകും. ഏതാണ്ടിതുപോലെ ഒരു സത്യപ്രബോധകന്‍ തന്റെ സമയത്തെ മാനേജ്‌മെന്റ് ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ സമയം എന്നത് ഒരാളുടെ ജീവിതവും മൂലധനവുമാണ്. തന്റെ അധ്വാനപരിശ്രമങ്ങളും ഇതുപോലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ ചിട്ടപ്പെടുത്താന്‍ പ്രബോധകന് കഴിയണം. അല്ലാത്തപക്ഷം അധ്വാനപരിശ്രമങ്ങള്‍ വൃഥാവിലാവുകയും വിലപ്പെട്ട സമയം വിനഷ്ടമാവുകയും ചെയ്യും. തന്റെ ജീവിതത്തിലെ ഓരോ സെക്കന്റും നഷ്ടപ്പെടാതെ പ്രയോജനപ്പെടുത്താന്‍ പ്രബോധകന്‍ ജാഗരൂകനാകേണ്ടതുണ്ട്.

ഇന്നലെകളെക്കാള്‍ ഇന്നുകളും ഇന്നുകളെക്കാള്‍ നാളെകളും ഉത്തമമായിരിക്കത്തവിധം പ്രബോധകന്റെ സമയവിവരപ്പട്ടിക കൃത്യമായിരിക്കണം. ചിട്ടയോടും വ്യവസ്ഥയോടും കൂടി പ്രവര്‍ത്തിക്കുന്നതാണ്- അതെത്ര കുറവാണെങ്കിലും- ക്രമരഹിതമായും തുടര്‍ച്ചയില്ലാതെയും കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ഉത്തമം. ഈ നിലക്ക് നോക്കുമ്പോള്‍ ഏഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സത്യപ്രബോധനത്തിനായി പ്രത്യേകം പ്രത്യേകം സംഘങ്ങള്‍ രൂപവത്കരിച്ചുകൊണ്ട് അന്നാടുകളിലെ ബഹുദൈവപൂജകരായ സമൂഹങ്ങളില്‍ വ്യവസ്ഥാപിതമായും സംഘടിതമായും പ്രബോധനം നടത്തുകയാണെങ്കില്‍ ഒറ്റപ്പെട്ടും ഛിന്നഭിന്നമായും നടത്തുന്ന പരിശ്രമങ്ങളെക്കാള്‍ ദൂരവ്യാപകമായ സദ്ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.

എന്താണ് സാമൂഹികാത്മാവ്(social spirit) എന്നതിനെ സംബന്ധിച്ച് സംഘടിതമായ പ്രബോധനദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവരും സൂക്ഷ്മമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാലേ പ്രബോധനദൗത്യം സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുകയുള്ളൂ. അതുപോലെ അങ്ങേയറ്റം ക്ഷമിക്കാനും മനഃസ്ഥൈര്യം നിലനിര്‍ത്താനും അവര്‍ക്ക് കഴിയണം. ആത്മപ്രശംസ, പൊങ്ങച്ചം എന്നിവയോട് മുഖം തിരിക്കാനും എതിരാളികളുടെ അഭിപ്രായത്തെ സൗമനസ്യത്തോടെ മാനിക്കാനും പ്രബോധകന്‍മാര്‍ക്ക് സാധിക്കണം. വ്യവസ്ഥയെ മാനിക്കുക, പൊതുസമൂഹത്തിന്റെ അഭിപ്രായത്തെ മാനിക്കുക, അതല്ലെങ്കില്‍ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുക എന്നൊക്കെയുള്ള കാര്യങ്ങളെ വ്യക്തിസ്വാതന്ത്ര്യനിയന്ത്രണമായി കാണേണ്ടതില്ല. മറിച്ച്, സംഘടിത നമസ്‌കാരത്തിന് പങ്കെടുക്കുന്ന ഒരാള്‍ ഇമാമിനെ അനുധാവനംചെയ്യുന്നതുപോലെ അല്ലാഹുവിന്റെ ഇംഗിതം അനുധാവനം ചെയ്യുന്നുവെന്ന് മനസ്സിലാക്കിയാല്‍ മതി.
ശുദ്ധമാനസനായ ഒരു മുസ്‌ലിം തന്റെ അഭിപ്രായവും അനുഭവവും മുന്നില്‍ വെച്ചുകൊണ്ട് സംഘടനാ സ്വഭാവത്തോടെ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ സംഘടനാവ്യവസ്ഥകള്‍ പാലിക്കാനും നേതൃത്വത്തെ അനുസരിച്ച് മുന്നോട്ടുപോകാനും സാധിക്കാതെ വരുമെന്നും തിരിച്ചറിഞ്ഞാല്‍ ഒറ്റക്ക് പ്രബോധനപ്രവര്‍ത്തനം നടത്തുന്നതാണ് അഭികാമ്യം. വ്യക്തികള്‍ക്കിടയില്‍ അഭിപ്രായശൈഥില്യം ഉളവാകാതിരിക്കാനും സംഘടനക്കകത്ത് അസ്വാരസ്യങ്ങള്‍ രൂപപ്പെടാതിരിക്കാനും അത് സഹായിക്കും. ജനങ്ങളുടെ പ്രകൃതം വ്യത്യസ്തമാണ്. സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അതിന്റെതായ തേട്ടങ്ങളും ധര്‍മങ്ങളുമുണ്ട്. എല്ലാവര്‍ക്കും സംഘടനാപ്രവര്‍ത്തനം സാധിച്ചുകൊള്ളണമെന്നില്ല. പ്രസ്തുത പ്രവര്‍ത്തനത്തിന് അനിവാര്യമായ സിദ്ധികള്‍ അയാള്‍ക്കുണ്ടായിരിക്കില്ല. വ്യക്തി എന്ന നിലയില്‍ അയള്‍ നല്ലവനായിരിക്കും. പക്ഷേ അയാളുടെ വ്യക്തിത്വ സവിശേഷതകളും ജീവിതസാഹചര്യങ്ങളും ഒരു സാമൂഹികചട്ടക്കൂടിനോട് പൊരുത്തപ്പെട്ടുപോകാന്‍ അനുഗുണമായിരിക്കില്ല.

ഉദാരത്തമായ സംസ്‌കാരം

ഉദാത്തമായ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാനും വിശാലമനസ്‌കനാകാനും സത്യപ്രബോധകന് കഴിയണം. ജനശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അതുവഴി സാധിക്കും. പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ ശക്തവും വ്യക്തവുമായ പ്രമാണങ്ങളുടെ പിന്‍ബലമുള്ളതായിരിക്കണം. ആത്മവിശ്വാസത്തോടുകൂടിയേ പൊതുസമൂഹത്തിന്റെ മുമ്പില്‍ തന്റെ ചിന്തകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാവൂ. സംസ്‌കാരശൂന്യനും ഉപരിപ്ലവ ചിന്താഗതിക്കാരനുമാണ് പ്രബോധകനെങ്കില്‍ ജനങ്ങള്‍ അയാളെ വിട്ടേച്ചുപോകാന്‍ അധികസമയം വേണ്ടിവരില്ല.
സംസ്‌കാരസമ്പന്നനും ഉത്ബുദ്ധനുമായ ഒരു പ്രബോധകന്‍ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരുടെ ബൗദ്ധികനിലവാരം പഠിച്ച് മനസ്സിലാക്കുകയും ഓരോരുത്തരുടെയും നിലവാരത്തില്‍ പ്രബോധനം നിര്‍വഹിക്കുന്നതിനിണങ്ങിയ പരിപാടി നിര്‍ണയിക്കുകയും നിത്യജീവിതത്തില്‍ അവരെ അലട്ടുന്ന അടിസ്ഥാനആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്യും. മുന്‍ഗണനാക്രമം പാലിക്കുന്നതോടൊപ്പം യുക്തിപരമായ ക്രമം പ്രസ്തുത പരിപാടിയില്‍ അയാള്‍ ഉറപ്പാക്കുകയുംചെയ്യും. സമൂഹത്തിലെ ഭിന്ന ശ്രേണിയിലുള്ളവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ പോന്ന സമഗ്രവും വൈവിധ്യപൂര്‍ണവുമായ രീതിശാസ്ത്രം പിന്തുടരാന്‍ അയാള്‍ നിര്‍ബന്ധിതനാണ്. സങ്കീര്‍ണമായ എന്നാല്‍ പ്രയോജനപ്രദമായ പ്രബോധനദൗത്യം നിര്‍വഹിക്കേണ്ട മൈതാനമാണല്ലോ സമൂഹം. സാഹിത്യകാരന്‍മാര്‍, പണ്ഡിതന്‍മാര്‍, നേതാക്കന്‍മാര്‍, സാമ്പത്തികവിദഗ്ധര്‍, ബുദ്ധിജീവികള്‍ തുടങ്ങി വ്യത്യസ്തതലത്തിലുള്ളവരുമായി പലപ്പോഴും സത്യപ്രബോധകന്‍ സംവദിക്കേണ്ടിവരും. ക്രാന്തദര്‍ശിത്വത്തോടെ ചടുലമായും ഉള്‍ക്കാഴ്ചയോടും പ്രതികരിക്കാന്‍ സഹായകമായ ബൗദ്ധിക പിന്‍ബലം പ്രബോധകന്‍ ആര്‍ജിച്ചിരിക്കണം. സങ്കുചിത മാനസനായി അയാള്‍ ചുരുങ്ങിപ്പോകരുത്.
ഉയര്‍ന്ന നിലവാരത്തിലുള്ള വായനയിലൂടെ സമഗ്രവും ഉദാത്തവുമായ സംസ്‌കാരത്തിന്റെ ഉടമയാകാന്‍ സത്യപ്രബോധകന് സാധിക്കും. വൈവിധ്യസ്വഭാവമുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും അയാള്‍ വായിച്ചുമനസ്സിലാക്കണം. എതിരാളികളുടെ അല്ലെങ്കില്‍ ശത്രുക്കളുടെ ചിന്തകള്‍ വായിക്കുന്നതില്‍നിന്ന് പോലും അഹന്ത അയാളെ തടയാവതല്ല. സമസ്ത ആശയമേഖലകളിലൂടെയും പ്രബോധകന്‍ കടന്നുപോകണം. അന്തര്‍മുഖത്വവും പരാങ്മുഖത്വവും പ്രബോധകനെ സമൂഹമധ്യത്തില്‍ അനഭിമതനാക്കിമാറ്റും. തന്റെ പരിമിതമായ ആശയങ്ങളുടെയും വിദ്യാലയപാഠപുസ്തകങ്ങൡ ഉരുവിട്ട് പഠിച്ചെടുത്ത ശുഷ്‌കമായ വിവര ശകലങ്ങളുടെയും ലോകത്ത് പ്രബോധകന്‍ ഒതുങ്ങിക്കൂടിയാല്‍ അത് ഒരുതരം ഉള്‍വലിയലായി മാറും. അപരന്‍മാരുമായുള്ള സഹവര്‍ത്തിത്വം വഴി അവരുടെ വൈവിധ്യവും സമ്പന്നവുമായ സംസ്‌കാരത്തെ സ്വാംശീകരിക്കാന്‍ പ്രബോധകന് സാധിക്കണം. അവരോടൊത്തുള്ള സംവാദവും ചര്‍ച്ചയും ചിന്താപരമായ ഉയര്‍ച്ചക്ക് വഴിയൊരുക്കും. ഏതു സദസ്സിലും സുബദ്ധമായ അഭിപ്രായം പ്രകടിപ്പിക്കാനാകുംവിധം ഉയര്‍ന്ന പാണ്ഡിത്യവും തികഞ്ഞ പ്രാഗത്ഭ്യവും കരഗതമാക്കുന്ന പ്രബോധകനുമാത്രമേ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയൂ.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics