ഈ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നാണ്. തങ്ങളെ തഖ്‌ലീദ് ചെയ്തുകൊള്ളാന്‍ ഇമാം ശാഫിഈ മാത്രമല്ല, മുജ്തഹിദുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല . താന്‍ നൂറ് ശതമാനം ശരിയാണെന്നും ഇത് മാത്രമാണ് ശരി എന്നും ഒരു മുജ്തഹിദും വാദിച്ചിട്ടില്ല എന്നതാണ് അതിന് കാരണം. താന്‍ പറഞ്ഞത് തെറ്റാവാന്‍ സാധ്യതയുള്ള ശരിയാണ്. മറ്റെയാള്‍ പറഞ്ഞത് ശരിയാവാന്‍ സാധ്യതയുള്ള തെറ്റും. അതിനാല്‍ ആരുടേതാണോ ശരി, അത് അംഗീകരിക്കുക. അതാണ് എല്ലാ മുജ്തഹിദുകളും പറഞ്ഞിട്ടുള്ളത്.എന്നാല്‍, മുജ്തഹിദിനെ തഖ്‌ലീദ് ചെയ്യാമോ എന്ന് ചോദിച്ചാല്‍ ഇജ്തിഹാദിന് യോഗ്യത നേടിയിട്ടില്ലാത്ത ആളുകള്‍ക്ക് പ്രത്യേകിച്ചും സാധാരണക്കാര്‍ക്ക് ഇജ്തിഹാദീ വിഷയങ്ങളില്‍ മറ്റൊരാളെ തഖ് ലീദ് ചെയ്യലേ നിര്‍വാഹമുള്ളൂ. ശാഹ് വലിയുല്ലാഹി ദ്ദഹ് ലവി പറയുന്നു: ‘നാല് ക്രോഡീകൃത മദ്ഹബുകള്‍, സമൂഹം -അഥവാ സമൂഹത്തിലെ സുസമ്മതരായ ആളുകള്‍- ഇന്നുവരെയും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത് അവയെ തഖ്‌ലീദ് ചെയ്യാമെന്നാണ്. അവ്യക്തമല്ലാത്ത ചില പൊതുനന്‍മകള്‍ അതിലടങ്ങിയിട്ടുണ്ട്. മനോബലം ചോര്‍ന്നുപോയ, ഹൃദയങ്ങളില്‍ വ്യക്തിതാല്‍പര്യങ്ങള്‍ അള്ളിപ്പിടിച്ച, ഓരോ വ്യക്തിയും സ്വന്തം അഭിപ്രായത്തില്‍ ഊറ്റം കൊള്ളുന്ന ഈ കാലത്ത് വിശേഷിച്ചും'(ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/442)
തഖ്‌ലീദ് ഒരു നിലക്കും അനുവദനീയമല്ലെന്നും അത് തീര്‍ത്തും നിഷിദ്ധമാണെന്നും ഇബ്‌നു ഹസം പറഞ്ഞതായി ദഹ് ലവി ഉദ്ധരിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം ഉടലെടുത്താല്‍ ഖുര്‍ആനും സുന്നത്തും കൈയൊഴിഞ്ഞ് സമകാലികരോ പൂര്‍വികരോ ആയ ആരെയും തഖ്‌ലീദ് ചെയ്യാവതല്ലെന്ന കാര്യത്തില്‍ സ്വഹാബിമാരും താബിഉകളും ഏകാഭിപ്രായക്കാരാണെന്നും അദ്ദേഹം തുടര്‍ന്നെഴുതുന്നു.
എന്നാല്‍ , ശരിയായാലും തെറ്റായാലും ഒരു നിശ്ചിത വ്യക്തിയുടെ വാക്ക് മാത്രമേ താന്‍ സ്വീകരിക്കൂ, മറ്റൊരു വാക്കും- അത് ശരിയാണെന്ന് ബോധ്യമായാല്‍ പോലും- തനിക്ക് സ്വീകാര്യമല്ല എന്നിങ്ങനെ ശാഠ്യം പിടിക്കുന്നത് ന്യായീകരണമര്‍ഹിക്കാത്തവിധം അപരാധം തന്നെയാണ്. അത്തരം ആളുകള്‍ ഖുര്‍ആനെയും സുന്നത്തിനെയും തള്ളിക്കളയുകയും ധിക്കരിക്കുകയുമാണ് ചെയ്യുന്നത്. തദ്വിഷയകമായി ഒരു മാതൃകയും കണ്ടെത്താന്‍ അവര്‍ക്കാവുകയില്ല. മൂന്ന് അനുഗൃഹീത നൂറ്റാണ്ടുകളിലെ പണ്ഡിതന്‍മാരുടെയും, ശേഷം വന്ന മുജ്തഹിദുകളുടെയും ഇത് സംബന്ധിച്ചുള്ള അഭിപ്രായം അത്തരം ദുശ്ശാഠ്യക്കാര്‍ക്കെതിരാണ്.
ഇന്ന്, പണ്ഡിതന്‍മാരടക്കം സമൂഹം എത്തിപ്പെട്ടിരിക്കുന്നത് ഒരു വല്ലാത്ത അവസ്ഥയിലാണ്. ഖുര്‍ആനും സുന്നത്തും പറഞ്ഞത് തങ്ങളുടെ താല്‍പര്യത്തിനും കാഴ്ചപ്പാടിനും എതിരെങ്കില്‍ തള്ളിപ്പറയുകയോ വേണ്ടിവന്നാല്‍ അത് രണ്ടും നിര്‍ലജ്ജം ദുര്‍വ്യാഖ്യാനിക്കുകയോ പുതിയ ആചാര-വിശ്വാസങ്ങള്‍ വരെ പടച്ചുണ്ടാക്കുകയോ ചെയ്യുന്നിടത്തോളം അവര്‍ തരംതാഴ്ന്നിരിക്കുന്നു. സ്വന്തം മദ്ഹബിലെ അഭിപ്രായങ്ങള്‍ അവഗണിച്ച് ചില ഉസ്താദുമാരുടെയും ശൈഖുമാരുടെയും ആവിഷ്‌കാരങ്ങളെയും ചമച്ചുണ്ടാക്കുന്ന വിശ്വാസാചാരങ്ങളെയും നെഞ്ചേറ്റി അതിലഭിരമിക്കുകയും ചെയ്യുന്നു അവര്‍. ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം പറഞ്ഞതിനുമപ്പുറത്താണ് ഇന്ന് അവര്‍. അദ്ദേഹം പറഞ്ഞു:
‘തങ്ങളുടെ ഇമാമിന്റെ ബാലിശമായ അഭിപ്രായങ്ങളെ , അതിനനുകൂലമായ ഒരു ന്യായീകരണവും കണ്ടെത്താനാകുകയില്ലെങ്കില്‍ പോലും പുണര്‍ന്നുകളയുന്ന മുഖല്ലിദുകളായ ഫുഖഹാഇന്റെ കാര്യം വിചിത്രമായിരിക്കുന്നു. അയാള്‍ ആ അഭിപ്രായത്തെ തഖ്‌ലീദ് ചെയ്യുന്നു. തന്റെ ഇമാമിനോടുള്ള തഖ്‌ലീദില്‍ മൂടുറച്ചുപോയവര്‍ തങ്ങളുടെ തന്നെ മദ്ഹബിലെ ശരിയായ അഭിപ്രായങ്ങളെയും ഖുര്‍ആനും സുന്നത്തും സാക്ഷ്യപ്പെടുത്തുന്ന ആളുകളെയും തള്ളിക്കളയുന്നു. അവിടംകൊണ്ടും മതിയാക്കാതെ, ഖുര്‍ആന്റെയും സുന്നത്തിന്റെയും പ്രത്യക്ഷ നിര്‍ദ്ദേശ നിര്‍ദ്ദേശങ്ങളെപ്പോലും തള്ളിക്കളയാന്‍ പാകത്തില്‍ അവര്‍ ഭാവന നെയ്‌തെടുക്കുന്നു. താന്‍ തഖ്‌ലീദ് ചെയ്ത പണ്ഡിതനെ ന്യായീകരിക്കാനായി അസത്യജടിലവും വസ്തുതാവിരുദ്ധവുമായ വ്യാഖ്യാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു'(ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/445).
ചുരുക്കത്തില്‍, ഇമാം ശാഫിഈയെ മാത്രമല്ല, അന്ധമായ തഖ് ലീദ് ഉപദേശിക്കുന്ന ഒരു പ്രാമാണിക പണ്ഡിതനെയും കണ്ടെത്തുക സാധ്യമല്ല. അത് തെറ്റാണെന്നും പരിവര്‍ജ്യമാണെന്നും പറഞ്ഞവരെ മാത്രമേ കണ്ടെത്താനാവുകയുള്ളൂ. കേവലം തെറ്റ് എന്നതിനപ്പുറം ശിര്‍ക്കാകാന്‍ പോലും സാധ്യതയുള്ളതാണ് അന്ധമായ തഖ്‌ലീദ്.
ഇ.എന്‍. ഇബ്‌റാഹീം ചെറുവാടി
Add Comment