മദ്ഹബുകള്‍

ശാഫിഈ പണ്ഡിതന്‍മാര്‍ക്കിടയിലെ വീക്ഷണവ്യത്യാസങ്ങള്‍

കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലെല്ലാം ശാഫിഈ മദ്ഹബിലെ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരല്ല. ഇമാം ശാഫിഈയുടെ നിലപാടുകളോട് അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള പില്‍ക്കാല ശാഫിഈ പണ്ഡിതര്‍ എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് ശാഫിഈ ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇമാം ശാഫിഈ ഒഴികെയുള്ള ശാഫിഈ പണ്ഡിതര്‍ ചില പ്രശ്‌നങ്ങളില്‍ പരസ്പരഭിന്നത പുലര്‍ത്തിയത് കാണാം. ഇമാം ശാഫിഈയോട് വിയോജിച്ചുകൊണ്ട് ആ പണ്ഡിതര്‍ പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ നബിചര്യയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഇമാമിന്റെ നിലപാടിന് എതിരായി പിന്നീട് ശിഷ്യന്‍മാര്‍ക്കും മറ്റു പണ്ഡിതന്‍മാര്‍ക്കും ഹദീഥുകള്‍ ലഭ്യമായതാണ് ഇതിന് കാരണം. ‘എന്റെ അഭിപ്രായത്തിനെതിരെ പ്രബലമായ ഹദീഥ് ലഭിച്ചാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന ഇമാമിന്റെ പ്രഖ്യാപനത്തെ സാക്ഷാത്കരിക്കുകയാണ് പില്‍ക്കാല പണ്ഡിതരുടെ തിരുത്തലുകള്‍.

ഈ വിഷയവുമായി ശാഫിഈ ഗ്രന്ഥങ്ങളില്‍നിന്ന് സമാഹരിച്ച ചില ഉദാഹരണങ്ങളാണ് ഇനി വിവരിക്കുന്നത്.

 1. പന്നി സ്പര്‍ശിച്ചാല്‍ ഏഴുപ്രാവശ്യം കഴുകണമെന്ന് ഇമാം ശാഫിഈ(റ) പറയുന്നു. രണ്ടാം ശാഫിഈ എന്ന പേരില്‍ അറിയപ്പെടുന്ന ശിഷ്യന്‍ ഇമാം നവവി(റ) ഒരു പ്രാവശ്യം കഴുകിയാല്‍ മതിയെന്ന് ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു.
 2. ജുമുഅക്ക് നാല്‍പതുപേര്‍ വേണമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ശിഷ്യന്‍മാരായ അബൂസൗര്‍(റ), ഇബ്‌നു മുന്‍ദിര്‍(റ) നെ പോലെയുള്ളവര്‍ കേവലം നാലുപേര്‍ മതിയെന്ന് പറയുന്നു.
 3. സ്ത്രീയെ സ്പര്‍ശിച്ചാല്‍ വുദു മുറിയുമെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞു. അന്യസ്ത്രീകളെയും ഭാര്യമാരെയും വികാരത്തോടുകൂടി സ്പര്‍ശിച്ചാല്‍ പോലും വുദു മുറിയുകയില്ലെന്ന് ശിഷ്യന്‍ ഇബ്‌നു മുന്‍ദിര്‍(റ)പറയുന്നു. കേവലസ്പര്‍ശനം കൊണ്ട് വുദുമുറിയുകയില്ലെന്നതാണ് നബിചര്യ.
 4. റമദാനില്‍ ഉച്ചയ്ക്ക് ശേഷം പല്ലുതേക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ (റ) പറയുമ്പോള്‍ ശിഷ്യന്‍ മുസ്‌നി ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല.
 5. ഒരു മഹല്ലില്‍ ഒരു ബാങ്ക് വിളിക്കുന്നത് സുന്നത്താണെന്ന് ഇമാം അഭിപ്രായപ്പെടുമ്പോള്‍ ശിഷ്യന്‍ ഇബ്‌നു മുന്‍ദിറിന്റെ വീക്ഷണം അത് സാമൂഹിക ബാധ്യത(ഫര്‍ദ് കിഫായ) ആണെന്നാണ്.
 6. നമസ്‌കാരത്തില്‍ ഇമാമിനൊപ്പംറുകൂഅ് ചെയ്താല്‍ പിന്തുടരുന്ന് നമസ്‌കരിക്കുന്നവന് ആ റക്അത്ത് കിട്ടുമെന്ന് ശാഫിഈ(റ) ഇമാം പറയുമ്പോള്‍ ശിഷ്യന്‍മാരായ ഇബ്‌നു ഖുസൈമ(റ), ളബ്ഈ(റ), സുബ്കി(റ) തുടങ്ങിയവര്‍ പറയുന്നത് ഫാത്തിഹ ഓതിയാലേ അത് കിട്ടൂവെന്നാണ്.
 7. ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ സലാം വീട്ടണമെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. എന്നാല്‍ ശിഷ്യനായ ബുവൈത്വി(റ) ഉസ്താദിനെ വിയോജിച്ചുകൊണ്ട് സലാം വീട്ടേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നു.
 8. നമസ്‌കാരത്തില്‍ സ്വഫ്ഫ് പൂര്‍ത്തിയായ ശേഷം ഒരാള്‍ വരികയാണെങ്കില്‍ മുന്നിലെ വരിയില്‍നിന്ന് ഒരാളെ പിറകിലേക്ക് വലിച്ചുകൊണ്ടുവരണമെന്ന് ഇമാം ശാഫിഈ പറയുമ്പോള്‍ പിടിച്ചുവലിക്കാന്‍ പാടില്ലെന്ന് ശിഷ്യന്‍മാരയ അബൂത്വയ്യിബ്, ബുവൈത്വി (റ) എന്നിവര്‍ പറയുന്നു.
 9. വുദുവിന്റെ സന്ദര്‍ഭത്തില്‍ കാലുറമേല്‍ തടവരുതെന്നാണ് ഇമാമിന്റെ നിര്‍ദ്ദേശം. എന്നാല്‍ ശിഷ്യന്‍മാരായ ഇബ്‌നു മുന്‍ദില്‍, (റ)അബൂസൗര്‍(റ) തുടങ്ങിയവര്‍ അങ്ങനെ തടവാമെന്നേ് പറയുന്നു.
 10. തയമ്മും ചെയ്യുമ്പോള്‍ കൈകള്‍കൊണ്ടുള്ള രണ്ട് അടി നിര്‍ബന്ധമാണെന്ന് പറയുന്നു. ശിഷ്യന്‍മാരായ ഖത്വാബി(റ), ഇബ്‌നുമുന്‍ദിര്‍(റ) മുതലായവര്‍ ഒരടി മാത്രമേ നിര്‍ബന്ധമുള്ളൂ എന്ന് പ്രഖ്യാപിക്കുന്നു. ഇമാം ബുഖാരി(റ)യും ഇതുതന്നെ അഭിപ്രായപ്പെടുന്നു. സ്വഹീഹായ ഹദീഥുകളിലും അങ്ങനെയാണ് കാണാനാവുന്നത്.
 11. പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍വെച്ച് നിര്‍വഹിക്കലാണ് ഏറ്റവും ഉത്തമമെന്ന് ഇമാം ശാഫിഈ(റ) പറയുന്നു.അദ്ദേഹത്തിന്റെ ഖുറാസാനിലെ എല്ലാ ശിഷ്യന്‍മാരും മൈതാനമാണ് ഏറ്റവും ഉത്തമമെന്ന് അഭിപ്രായപ്പെടുന്നു. നബിചര്യയും ഇതാണ്.(തുടരും)

  എ. അബ്ദുസ്സലാം സുല്ലമി

Topics