ഫിഖ്ഹ്

ഫിഖ്ഹ് താബിഉകളുടെ കാലത്ത്

രണ്ട് ചിന്താസരണികളെ കേന്ദ്രീകരിച്ചാണ് ഇക്കാലത്തെ ഫിഖ്ഹിന്റെ വളര്‍ച്ചയും വികാസവും. മദ്റസത്തു അഹ്ലില്‍ ഹദീസ്, മദ്റസത്തു അഹ്ലിറഅ്യ് എന്നിവയാണ് പ്രസ്തുത രണ്ട് ചിന്താസരണികള്‍. പ്രമുഖ താബിഉകളാണ് ഈ രണ്ട് ചിന്താധാരയില്‍ ഉള്‍പ്പെട്ടിരുന്നത്. സ്വഹാബിമാരില്‍ നിന്നാണ് താബിഉകള്‍ വിജ്ഞാനം കരഗതമാക്കിയത്. ഭിന്നസാഹചര്യങ്ങളും വ്യക്തികള്‍ക്കിടയിലുണ്ടാവുന്ന വൈജ്ഞാനികസീമകളുടെ ഏറ്റക്കുറച്ചിലുകളും വൈജാത്യങ്ങളും താബിഉകള്‍ക്കിടയില്‍ രണ്ട് ചിന്താധാരകള്‍ക്ക് ജന്മം നല്‍കിയെന്നതാണ് സത്യം. അത് സ്വാഭാവികം. ഈ രണ്ട് ചിന്താധാരകളെ ലഘുവായി പരിചയപ്പെടുന്നത് നന്നായിരിക്കും.

മദ്റസത്തു അഹ്ലില്‍ ഹദീസ്: മദീന കേന്ദ്രമായി രൂപം കൊണ്ട ചിന്താധാരയാണ് മദ്റസത്തു അഹ്ലില്‍ ഹദീസ്. താബിഈ പണ്ഡിതന്‍മാരില്‍ പ്രഗത്ഭനായ സഈദുബ്നുല്‍ മുസയ്യിബാണ് ഈ ചിന്താധാരയുടെ നേതാവ്. പ്രമുഖ സ്വഹാബിമാരില്‍ നിന്ന് അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കി. അബ്ദുല്ലാഹിബ്നു ഉമര്‍, അബ്ദുല്ലാഹിബ്നു അബ്ബാസ്, അബ്ദുല്ലാഹിബ്നു സുബൈര്‍, അംറുബ്നുല്‍ ആസ് തുടങ്ങിയവര്‍ ഈ ചിന്താധാരയുടെ പ്രാരംഭ വക്താക്കളാണ്. ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബിവചനങ്ങള്‍ എന്ന ക്രമമനുസരിച്ച് നേര്‍ക്കുനേരെ പ്രശ്നങ്ങളില്‍ വിധി നടത്തുക എന്നതായിരുന്നു ഈ ചിന്താധാരയുടെ രീതിശാസ്ത്രം. ഖുര്‍ആന്‍, സുന്നത്ത്, സ്വഹാബിവചനങ്ങള്‍ എന്നീ അടിസ്ഥാനങ്ങളായിരുന്നു ഈ ചിന്താസരണിയുടെ ഫിഖ്ഹീ അവലംബങ്ങള്‍. യുക്തിയുപയോഗിച്ച് ന്യായാധീകരണം നടത്താന്‍ മദ്റസത്തു അഹ്ലില്‍ ഹദീസ് മുതിര്‍ന്നില്ല. സുന്നത്തിന്റെ നടുവിലായിരുന്നു ഈ ചിന്താധാരയുടെ അസ്തിത്വം. എന്നാല്‍ അപൂര്‍വസന്ദര്‍ഭങ്ങളില്‍ ന്യായാധീകരണം നടത്തിയിട്ടുമുണ്ട്. ന്യായാധീകരണത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ടാണ് ഈ ചിന്താധാരയുടെ മുന്നേറ്റം. ഒരുദാഹരണമിതാ: ‘സാലിമുബ്നു അബ്ദില്ലയോട് ഒരു പ്രശ്നത്തില്‍ വിധി ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ തത്സംബന്ധമായി ഞാനൊന്നും ശ്രവിച്ചിട്ടില്ല’. ‘താങ്കളുടെ യുക്തിയനുസരിച്ച് വിധിപറഞ്ഞുതന്നാലും’. ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിച്ചു. ചോദ്യം ആവര്‍ത്തിച്ചു. ‘ഞാന്‍ താങ്കളുടെ അഭിപ്രായത്തില്‍ സംതൃപ്തനാണ്’ ചോദ്യകര്‍ത്താവ് വീണ്ടും പറഞ്ഞു. സാലിം(റ) പ്രതികരിച്ചു: “ഒരു പക്ഷേ ഞാനെന്റെ വീക്ഷണമനുസരിച്ച് വിധിനല്‍കും. താങ്കളതു ശ്രദ്ധിച്ചുപോകും. പക്ഷേ അതിനുശേഷം മറ്റൊരു കാഴ്ചപ്പാടാണ് എനിക്ക് തോന്നുന്നതെങ്കിലോ അപ്പോള്‍ എനിക്ക് നിങ്ങളെ കാണാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ”.

മദ്റസത്തു അഹ്ലി റഅ്യ്: ഇറാഖായിരുന്നു ഈ ചിന്താധാരയുടെ കേന്ദ്രം. താബിഉകളില്‍ പ്രമുഖനായ ഇബ്റാഹീമുനഖ്ഈയാണ് ഇതിന്റെ നേതാവ്. ഉമര്‍(റ), അബ്ദുല്ലാഹിബ്നു മസ്ഊദ് തുടങ്ങിയവര്‍ ഈ ചിന്താസരണിയുടെ പ്രാരംഭവക്താക്കളാണ്. ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ് തുടങ്ങിയവയാണ് ഈ ചിന്താസരണിയുടെ ഫിഖ്ഹീ അവലംബങ്ങള്‍. കൂടുതല്‍ പ്രശ്നങ്ങളും യുക്തിയനുസരിച്ചാണ് ഇവര്‍ കൈകാര്യം ചെയ്തത്. പ്രമാണങ്ങളുടെ വിധികളില്‍ അടങ്ങിയ ലക്ഷ്യത്തെയും നിമിത്തത്തെയും മുന്‍നിര്‍ത്തിയാണ് ഖിയാസ് നടത്തിയത്. ലക്ഷ്യവും നിമിത്തവും ഒത്തുവന്നാല്‍ നേരത്തേയുള്ള പ്രമാണാധിഷ്ഠിത വിധി പുതിയ പ്രശ്നത്തിന് ബാധകമാക്കും. ഖിയാസിന് അമിതപ്രാധാന്യം നല്‍കാന്‍ ഈ ചിന്താധാരയെ പ്രേരിപ്പിച്ച ഘടകം നിലവിലെ സാഹചര്യമായിരുന്നു. സുന്നത്തിന്റെ തട്ടകത്തിലായിരുന്നില്ല ഈ ചിന്താസരണിയുടെ പിറവി. പ്രമുഖരായ പല സ്വഹാബിമാരും ഇറാഖില്‍ ഉണ്ടായിരുന്നില്ല. മദീനക്കാരായിരുന്നു ഹദീസില്‍ അവലംബം. ലക്ഷണമൊത്ത ഹദീസ് ലഭിച്ചാല്‍ അതനുസരിച്ചായിരുന്നു വിധി. ഇങ്ങനെ ലക്ഷണമൊത്ത ഹദീസിന്റെ ലഭ്യത അപൂര്‍വമായിരുന്നു. കള്ളസാക്ഷ്യം വര്‍ദ്ധിച്ചതിനാല്‍ ഹദീസില്‍ വളരെയധികം കണിശത പുലര്‍ത്തി. ധാരാളം പേര്‍ കള്ള ഹദീസിന്റെ പേരില്‍ ആരോപണവിധേയരാണ്. നൂതന പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ഇവിടെ അനവധിയായിരുന്നു. ഖവാരിജ്, മുഅ്തസിലി, ജഹ്മിയ്യ, സനാദിഖ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഉദാഹരണം. നിലനില്‍ക്കുന്ന ഇത്തരം സാഹചര്യങ്ങളാണ് ഖിയാസിന് അമിതപ്രാധാന്യം നല്‍കുന്ന ഒരു തലത്തിലേക്ക് മദ്റസത്തു അഹ്ലിറഅ്യ് ഉയര്‍ന്നുവരാന്‍ കാരണം.

ചുരുക്കത്തില്‍, നേരത്തേ ഉത്ഭവിച്ചിട്ടില്ലാത്ത നവംനവങ്ങളായ ധാരാളം പ്രശ്നങ്ങളെയാണ് താബിഉകള്‍ അഭിമുഖീകരിച്ചത്. വിശിഷ്യാ, ഇറാഖിലെ താബിഉകള്‍. ഓരോരുത്തരും അവരുടെ സാഹചര്യങ്ങളിലൂന്നിയും വിജ്ഞാനത്തെ അവലംബമാക്കിയൂം പ്രശ്നങ്ങളെ രമ്യമായി പരിഹരിച്ചുവെന്നാണ് മദ്റസത്തു അഹ്ലില്‍ ഹദീസും മദ്റസത്തു അഹ്ലി റഅ്യും നമുക്ക് പറഞ്ഞുതരുന്ന ചരിത്ര വര്‍ത്തമാനം.

Topics