മാതാപിതാക്കള്‍

സത്യം പറഞ്ഞാലെന്താ കുഴപ്പം?

ഒരിക്കല്‍ ഞാനെന്റെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നു വയസ്സുകാരിയായ മകളാണ് എന്നെ അവിടെ സ്വീകരിച്ചത്. അവള്‍ നിറഞ്ഞ പുഞ്ചിരിയോടെ എന്റെ അടുത്ത് വന്നിരുന്നു. അവളുടെ ഹൃദ്യമായ പെരുമാറ്റം മുതലെടുത്ത് കയ്യില്‍ പിടിച്ചിരുന്ന ചോക്ലേറ്റില്‍ നിന്ന് ഒരു കഷ്ണം ഞാന്‍ തമാശയായി ചോദിക്കുകയുണ്ടായി. എന്നാല്‍ എനിക്ക് അത് തരാന്‍ വിസമ്മതിച്ചെന്നു മാത്രമല്ല ‘ഇത് ചോക്ലേറ്റല്ല, മരുന്നാ….’.എന്ന് പറഞ്ഞ് തലവെട്ടിച്ച് ഓടിയകന്നു.

ആ കുട്ടിയുടെ വിസമ്മതം എന്നെ തമാശയില്‍ നിന്ന് ഉണര്‍ത്തി. നമ്മുടെ സന്താനങ്ങളുടെയും സഹോദരന്മാരുടെയും കാര്യത്തില്‍ നാം ചെയ്യുന്ന തിന്മകള്‍ എന്റെ ഓര്‍മയിലേക്ക് കടന്ന് വന്നു. സോഡാ- ശീതള പാനീയങ്ങളും മധുരപലഹാരങ്ങളും കഴിക്കുന്നതില്‍ നിന്ന് നാം അവരെ തടയുന്നു. അതൊക്കെ മരുന്നാണെന്ന് നാം അവരോട് കളവ് പറയുന്നു. ആ കളവ് അധികം താമസിയാതെ അവര്‍ നമുക്കെതിരിലും മറ്റുള്ളവര്‍ക്കെതിരിലും വളരെ ഉദാരതയോടെ പ്രയോഗിക്കുന്നു.

നാമെപ്പോഴും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നാം എന്തിനാണ് കളവും കാപട്യവും വഞ്ചനയും പേറി ജീവിക്കുന്നത്? ഈ യാഥാര്‍ത്ഥ്യത്തിന്റെ പാപഫലം നാം തന്നെയല്ലെ ചുമക്കേണ്ടത്? നാം പടച്ചുവിടുന്ന കളവുകളുടെയും, തിന്മകളുടെയും ഗുരുതരമായ അപകടത്തെക്കുറിച്ച് നാം ബോധവാന്‍മാരല്ല എന്നതാണ് സത്യം.

നമ്മുടെ സന്താനങ്ങള്‍ക്ക് മുന്നില്‍ ചെയ്യുന്ന ഇത്തരം തിന്മകളിലൂടെ നാം നിന്ദ്യരാവുകയാണ് ചെയ്യുന്നത്. അവ്വിധമായ നമ്മുടെ പെരുമാറ്റങ്ങള്‍ അവരില്‍ വ്യാജവ്യക്തിത്വം രൂപപ്പെടുത്തുകയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ കളവിലും വ്യാജവാദങ്ങളിലും അവര്‍ വളര്‍ത്തപ്പെടുന്നു. ചെറുതും വലുതുമായ കളവുകള്‍ നിറഞ്ഞ വീട്ടില്‍ നിന്ന് പുറത്ത് വരുന്ന തലമുറയില്‍ നിന്ന് നാം എന്താണ് പ്രതീക്ഷിക്കുന്നത്? ആരെങ്കിലും ഫോണില്‍ വിളിച്ചന്വേഷിച്ചാല്‍ താന്‍ ഉറങ്ങുകയാണെന്ന് പറയണമെന്ന് പിതാവ് മകനെ ചട്ടം കെട്ടുന്നു. ചാനലില്‍ സിനിമയോ ഫുട്‌ബോള്‍ കളിയോ കണ്ടിരിക്കുകയായിരിക്കും പിതാവ്.

സത്യവാന്മാരായാല്‍ നമുക്കെന്താണ് കുഴപ്പം? സീരിയലോ, കളിയോ എന്ത് തന്നെയാവട്ടെ അതുകഴിഞ്ഞാല്‍ തിരിച്ചുവിളിച്ചുകൊള്ളാമെന്ന് നമുക്ക് സത്യം പറഞ്ഞുകൂടേ? അങ്ങനെയെങ്കില്‍ സന്താനങ്ങള്‍ നമ്മെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. എല്ലാറ്റിനുമുപരി, നമുക്കവരെയും അവരുടെ സത്യസന്ധതയെയും വിശുദ്ധിയെയും സമ്പാദിക്കാന്‍ കഴിഞ്ഞേക്കും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ അയല്‍ക്കാരനോട് അദ്ദേഹത്തിന്റെ മകന്‍ ശീതളപാനീയം ആവശ്യപ്പെട്ടപ്പോള്‍ അത് കുടിച്ചാല്‍ മൂക്കില്‍നിന്ന് ചോര വരുമെന്ന് ഭീഷണിപ്പെടുത്തിയതോര്‍മ വരുന്നു. അതേസമയം അയാള്‍ അത് വാങ്ങി കുടിക്കുകയും ചെയ്തു! ഞാനായിരുന്നു അയാളുടെ മകന്റെ സ്ഥാനത്തെങ്കില്‍ ‘നിങ്ങളുടെ മൂക്കില്‍ നിന്ന് എന്ത് കൊണ്ട് രക്തം വരുന്നില്ല? ‘ എന്ന് ചോദിക്കുമായിരുന്നു.

സന്താനങ്ങള്‍ വളര്‍ന്ന് വരുമ്പോള്‍ ഇത്തരം കള്ളങ്ങള്‍ അവരും പതിവാക്കുമെന്ന് ഞാന്‍ തീര്‍ച്ചയായും ആശങ്കിക്കുന്നു. ചെറുപ്രായത്തില്‍ തങ്ങളുടെ പിതാക്കളുടെ തീന്മേശയില്‍ നിന്ന് അവര്‍ അകത്താക്കിയത് അവയാണല്ലോ. മക്കളുടെ മുന്നില്‍ വെച്ച് പുകവലിക്കുകയും അതേസമയം പുകവലിച്ചതിന്റെ പേരില്‍ മകനോട് കലിതുള്ളുകയും ചെയ്യുന്ന പിതാക്കന്മാരെ എനിക്ക് നേരിട്ട് അറിയാം!

നാം മുറുകെപ്പിടിക്കാത്ത കാര്യങ്ങള്‍ നമ്മുടെ മക്കള്‍ പിന്തുടരണമെന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല. സമൂഹത്തിലെ വ്യക്തികളുടെ പെരുമാറ്റത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് നാം വാചാലമാവാറുണ്ട്. ആ സമൂഹത്തിന്റെ തന്നെ ഭാഗമാണ് നമ്മളുമെന്ന കാര്യം പക്ഷേ വിസ്മരിക്കുകയും ചെയ്യുന്നു.

നാം സംസാരിക്കുമ്പോള്‍ ‘അല്ലാഹുവാണ’ എന്ന് എത്രപ്രാവശ്യം സത്യംചെയ്യാന്‍ ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിക്കുക. ആ ശീലം നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ജീവിതത്തില്‍ കളവ് അടിസ്ഥാനവും സത്യം അപൂര്‍വവുമായി മാറിയിരിക്കുന്നു. ഈ പദങ്ങളുടെ പ്രയോഗവും, ആശയത്തിന്റെ അപഗ്രഥനവും ഒരുപക്ഷേ നമുക്ക് കൂടുതല്‍ കരുത്തുറ്റവിശ്വാസം പകര്‍ന്ന് നല്‍കിയേക്കാം.

അബ്ദുല്ലാഹ് അല്‍മഗ്‌ലൂഥ്‌

Topics