ദാമ്പത്യം

ഭര്‍ത്താക്കന്‍മാരെ കയ്യിലെടുക്കാന്‍

തീര്‍ത്തും രചനാത്മകമായി തന്റേടത്തോടെ ഭര്‍ത്താവിനോട് വര്‍ത്തിക്കുന്നവളാണ് ബുദ്ധിയുള്ള ഭാര്യ. പൂര്‍ണത അവകാശപ്പെടുന്ന, പൂര്‍ണന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഭര്‍ത്താവും ഇല്ല എന്ന് നമുക്കെല്ലാം അറിയാം. അതിനാല്‍ തന്നെ അവരുടെ വ്യക്തിത്വത്തില്‍ ചില ന്യൂനതകള്‍ കണ്ടേക്കാം. അവരോടുള്ള സഹവര്‍ത്തിത്വത്തില്‍ അവ പരിഗണിക്കണമെന്നതാണ് സുപ്രധാനം. ഇതെങ്ങനെ പ്രായോഗികമാക്കാം എന്നത് പ്രസക്തമായ ചോദ്യമാണ്.

ഭര്‍ത്താവിനെ മനസ്സിലാക്കുക എന്നതാണ് ഈ ചോദ്യത്തിനുള്ള പ്രഥമമായ ഉത്തരം. തന്റെ ഭര്‍ത്താവ് എവ്വിധമുള്ളവനാണ് എന്ന് പഠിച്ചതിന് ശേഷമെ അദ്ദേഹത്തിന്റെ പ്രകൃതത്തിന് അനുസരിച്ച സഹവര്‍ത്തിത്വ രീതി ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. പുരുഷന്‍മാരെ അവരുടെ വിശേഷണങ്ങള്‍ക്കനുസരിച്ച് വിഭജിക്കുകയും അവര്‍ക്കനുയോജ്യമായ പെരുമാറ്റ രീതി നിര്‍ണയിക്കുകയുമാണ് നാമിവിടെ ചെയ്യുന്നത്.

കഠിനസ്വഭാവിയായ ഭര്‍ത്താവ്

പെട്ടെന്ന് തന്നെ ചോര തിളക്കുന്ന, നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ കോപിക്കുന്നവരാണ് അവര്‍. അതിനാല്‍ തന്നെ അവരെ വളരെ വേഗത്തിലോ എളുപ്പത്തിലോ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല. എന്നാല്‍ ദാമ്പത്യ സന്തോഷം സാക്ഷാല്‍ക്കരിക്കുകയെന്നത് ഇവിടെ അസംഭവ്യമൊന്നുമല്ല.

മുന്‍ശുണ്ഠിക്കാരനായ ഭര്‍ത്താവിനെ നഷ്ടപ്പെടാതിരിക്കാന്‍ ആദ്യമായി വേണ്ടത് അദ്ദേഹത്തോട് ചൂടേറിയ വാഗ്വാദങ്ങള്‍ നടത്തരുത് എന്നതാണ്. കോപിഷ്ടനായി കണ്ടാല്‍ അദ്ദേഹം ശാന്തമാകുന്നത് വരെ അകന്ന് നില്‍ക്കുകയും ശേഷം സ്‌നേഹത്തോടും കാരുണ്യത്തോടും അദ്ദേഹത്തെ സമീപിക്കുകയും ചെയ്യുക. കുറഞ്ഞസമയത്തിനുള്ളില്‍ അദ്ദേഹത്തെ കീഴ്‌പെടുത്തിയെന്നും അദ്ദേഹത്തിന്റെ കോപാഗ്നി കെടുത്തിയെന്നും നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നതാണ്.

ബുദ്ധിമാനായ ഭര്‍ത്താവ്

എഴുത്തും വായനയും പഠനവും ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. എല്ലാ കാര്യങ്ങളെയും ബുദ്ധിപരമായി സമീപിക്കുന്നു എന്നതാണ് ഇവരുടെ ഏറ്റവും മനോഹരമായ വിശേഷണം. ഇത്തരം പുരുഷന്‍മാരെ ഇഷ്ടപ്പെടാത്ത സ്ത്രീകളുടെ കാര്യത്തില്‍ എനിക്ക് അല്‍ഭുതം തോന്നുന്നു. എന്തുകൊണ്ടാണിതെന്ന് എനിക്ക് മനസ്സിലാവുന്നേയില്ല.

അവരുടെ ബുദ്ധിയെ അംഗീകരിച്ചും സ്‌നേഹിച്ചും അത് പ്രകടിപ്പിച്ചും ജീവിക്കുകയാണ് ഏറ്റവും അനുയോജ്യമായ പരിഹാരം. നമ്മുടെ മനസ്സില്‍ തോന്നുന്ന എന്ത് ചോദ്യവും അവരോട് ചോദിക്കുക. അതല്ലെങ്കില്‍ നാം അവരുടെ ശിഷ്യയായി മാറുക. നമ്മുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹം തന്റെ എല്ലാ കഴിവും ബുദ്ധിയും വിവരവും ഉപയോഗിക്കുന്നതായി നിങ്ങള്‍ക്ക് കാണാം. അദ്ദേഹത്തിന്റെ വിജ്ഞാനത്തെയും, ബുദ്ധിശക്തിയെയും പുകഴ്ത്തുന്നതില്‍ യാതൊരു പിശുക്കും കാണിക്കരുത്.

തണുപ്പനായ ഭര്‍ത്താവ്

വികാരമില്ലാത്ത, നിര്‍ജ്ജീവമായി പെരുമാറുന്ന ഭര്‍ത്താക്കന്‍മാര്‍ എന്നാണ് ഇവരെ ഭാര്യമാര്‍ തന്നെ വിശേഷിപ്പിക്കാറുള്ളത്. ഐസുപോലെ തണുപ്പനായി, പാറക്കല്ലുപോലെ നിശബ്ദരായി ജീവിക്കുന്നവരാണ് അവര്‍. എപ്പോഴും നിഗൂഢത നിറഞ്ഞ മുഖമായിരിക്കും അവരുടേത്. തങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതിന് പകരം മൗനം പാലിക്കാനാണ് അവര്‍ ശ്രമിക്കുക.
അവരുമായി തര്‍ക്കിക്കാനോ, വല്ല വിഷയങ്ങളിലും ചര്‍ച്ച ചെയ്യാനോ നാമായിട്ട് ശ്രമിക്കരുത്. മറിച്ച് ചര്‍ച്ചാവിഷയവും മറ്റും അവര്‍ക്ക് മുന്നില്‍ തുറന്നിടുകയും അവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുക. കാരണം നിങ്ങളൊരു വിഷയം അദ്ദേഹത്തിന് മുന്നില്‍ തുറന്ന് വെച്ചാല്‍ അനിഷ്ടകരമായ മറുപടി അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കേണ്ടി വന്നേക്കാം. നിങ്ങളുന്നയിച്ച വിഷയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് തന്നെയാണ് സംഭവിക്കുക. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് വളരെ ചെറുതും കുറഞ്ഞ വാക്കുകള്‍ കൊണ്ടുള്ളതുമായ മറുപടി നല്‍കാന്‍ എപ്പോഴും ശ്രമിക്കുക. അവരോടുള്ള പ്രണയവും താല്‍പര്യവും എപ്പോഴും പ്രകടിപ്പിക്കുന്നതില്‍ പിശുക്കുകാട്ടരുത്.

പഴഞ്ചനായ ഭര്‍ത്താവ്

പുരോഗതിയോ, മോഡലോ ഇഷ്ടപ്പെടാത്ത പഴയ സമ്പ്രദായങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണ് ഇത്തരക്കാര്‍. അവരുടെ വസ്ത്രധാരണവും, കയ്യിലെ ഫോണും തുടങ്ങി എന്തിലും അതിന്റെ അടയാളം പ്രകടമായിരിക്കും. സ്വയം സംതൃപ്തിയടയാന്‍ ഇവര്‍ക്ക് കഴിയും. ഇത്തരം പുരുഷന്‍മാരെ ഇഷ്ടപ്പെടാത്തവരാണ് കൂടുതല്‍ സ്ത്രീകളും. കാരണം അവരോടൊപ്പം സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ ഇഷ്ടവസ്ത്രധാരണത്തിനും അയല്‍പക്കബന്ധങ്ങള്‍ക്കും മറ്റും ഇവര്‍ തടസ്സമാകുമെന്ന് സ്ത്രീകള്‍ കരുതുന്നു.
അവരോട് പിതാവിനെ അനുസരിക്കുന്ന ചെറിയ കുഞ്ഞിനെപ്പോലെ വര്‍ത്തിക്കുകയും അവരുടെ കല്‍പന അനുസരിക്കുകയും ചെയ്യുക. കുഴപ്പങ്ങള്‍ അധികരിച്ച കാലത്ത് നമ്മുടെ നേട്ടത്തിന് വേണ്ടിയാണ് അദ്ദേഹം പറയുന്നതെന്ന് നാം മനസ്സിലാക്കുക.
കുറ്റപ്പെടുത്തലോ പരിഹാസമോ ആണെന്ന് കരുതാത്തവിധം തന്ത്രപരമായി മാത്രം അവരുടെ വസ്ത്രത്തെക്കുറിച്ച് സൂചിപ്പിക്കുക. എല്ലാ പുതിയ തരം വസ്ത്രം ധരിക്കുന്നതിനും അദ്ദേഹത്തെ പ്രോല്‍സാഹിപ്പിക്കുക. അദ്ദേഹത്തിന് പുതിയയിനം വസ്ത്രങ്ങള്‍ നാം സമ്മാനിക്കുക. സവിശേഷവസ്ത്രം ധരിച്ചതിന് പ്രശംസിക്കുകയും അതിന്റെ നിറങ്ങള്‍ ആകര്‍ഷകമാണെന്ന് സൂചിപ്പിക്കുകയും ചെയ്യുക.

നാഗരികനായ ഭര്‍ത്താവ്

ബാഹ്യമോടിയെയും പ്രകടനത്തെയും ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഇവരുടെ വേഷവിധാനവും മറ്റും ഇതിനെ വ്യക്തമായി അടയാളപ്പെടുന്നതായിരിക്കും. വിലകൂടിയ മേത്തരം വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നവരാണ് ഇവര്‍. മനോഹരമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ താനും തല്‍പരയാണെന്നാണ് ഭാര്യ അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടത്. അവള്‍ തന്റെ ബാഹ്യമോടി നന്നായി ശ്രദ്ധിക്കുകയും മനോഹരവും ആകര്‍ഷകവുമായ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക.

മുരടനായ ഭര്‍ത്താവ്

ഭാര്യയോട് നല്ല വിധത്തില്‍ വര്‍ത്തിക്കാന്‍ അറിയാത്ത, ഭാര്യയെ കേവലം വേലക്കാരിയോ, തന്റെ കല്‍പന അനുസരിക്കാനുള്ള അടിമയോ ആയി മാത്രം കണക്കാക്കുന്നവരാണ് ഇവര്‍.
ഭര്‍ത്താവിന്റെ സ്വഭാവം എത്ര തന്നെ മോശമാണെങ്കിലും തന്ത്രപരമായി കയ്യിലെടുത്താന്‍ ഭാര്യയുടെ കയ്യിലെ കുഞ്ഞിനെപ്പോലെയായിത്തീരും അദ്ദേഹവും. അദ്ദേഹത്തോട് ചേര്‍ന്നിരുന്ന് തുറന്ന് സംസാരിക്കുകയും സ്‌നേഹപൂര്‍വം കാര്യങ്ങള്‍ ക്ഷമയോടെ പറഞ്ഞ് ധരിപ്പിക്കുകയുമാണ് വേണ്ടത്. ഭര്‍ത്താവിന്റെ കോപം അടക്കുന്ന, സ്‌നേഹം പിടിച്ച് പറ്റുന്ന പെരുമാറ്റമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ടത്. പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്ന ഒരു സമീപനവും നാം സ്വീകരിക്കാന്‍ പാടുള്ളതല്ല.

റൊമാന്റിക്കായ ഭര്‍ത്താവ്

ദുഃഖകരമെന്ന് പറയട്ടെ ഈയിനം പുരുഷന്‍മാര്‍ വളരെ കുറച്ച് മാത്രമെ ഉള്ളൂ. തന്റെ ഉള്ളിലുള്ള വികാരം തുറന്ന് പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. മനോഹരമായ മധുവൂറുന്ന വാക്കുകള്‍ പറയാനും, സ്‌നേഹം പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കാനും ഇവര്‍ ഒട്ടും പിശുക്കുകയില്ല. വാസ്തവത്തില്‍, അല്ലാഹുവിന്റെ സമ്മാനമാണ് ഇത്തരം ഭര്‍ത്താക്കന്‍മാര്‍. അവരെ പൊന്നുപോലെ കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. അവരേക്കാള്‍ കൂടുതല്‍ റൊമാന്റിക് ആവാനാണ് ഭാര്യ ശ്രമിക്കേണ്ടത്. അവരോടൊപ്പം ചേര്‍ന്ന് ദാമ്പത്യത്തെ കൂടുതല്‍ സന്തോഷകരമാക്കാന്‍ ഒരു ചുവട് മുന്നിലായിരിക്കണം ഭാര്യമാര്‍.

ഡോ. നാഇമ ഹാശിമി

Topics