ചോദ്യം: “നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ദൈവഭക്തര്‍ക്കുവേണ്ടി ഒരുക്കപ്പെട്ട, ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും കുതിച്ചുകൊള്ളുക!” എന്ന് അല്ലാഹു പറയുന്നു. സ്വര്‍ഗം ആകാശഭൂമികളിലാകെ വ്യാപിച്ചുകിടക്കുകയാണെങ്കില്‍ പിന്നെ നരകത്തിന് സ്ഥാനമെവിടെയാണ്?
———————————-
ഉത്തരം: നാം ജീവിക്കുന്ന ഈ പ്രപഞ്ചം ഭൂമിയിലും ആകാശഗോളങ്ങളിലും മാത്രം പരിമിതമല്ല. ആകാശങ്ങള്‍ എന്നുപറഞ്ഞാല്‍ എന്താണ് എന്നുപോലും വ്യക്തമായറിയാന്‍ നമുക്ക് ഇന്നോളം സാധിച്ചിട്ടില്ലെങ്കിലും നമുക്കറിയാവുന്ന ആകാശങ്ങള്ക്കപ്പുറത്തും അല്ലാഹുവിന്റെ ലോകമുണ്ട്. നമ്മുടെ ബുദ്ധിക്കും ശാസ്ത്രത്തിനും അപ്രാപ്യമായ ഒരു ലോകം. അതുകൊണ്ടാണ് തിരുദൂതര്‍ പഠിപ്പിച്ചതുപ്രകാരം മുസ്ലിംകള് അവരുടെ പ്രാര്‍ഥനയില്‍ ഇങ്ങനെ പറയുന്നത്
: അല്ലാഹുവേ ആകാശഭൂമികള്‍ നിറയെയും അതിനുപുറമെ നീ ഇഛിച്ചതെന്തെല്ലാമുണ്ടോ അവയെല്ലാം നിറയെയും ഉള്ള സ്തുതികള്‍ നിനക്കാണ്.” ഈ ആശയം തന്നെ ആനുകാലിക ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. മില്യന്‍ കണക്കില്‍ പ്രകാശവര്‍ഷങ്ങളുടെ അളവിലാണ് അവര്‍ അതിനെ വ്യവഹരിക്കുന്നത്. നമുക്കും ചില നക്ഷത്രങ്ങള്‍ക്കുമിടയില്‍ ഭാവനാതീതമായ ദൂരമുണ്ട്. ലക്ഷക്കണക്കിലും കോടിക്കണക്കിലും പ്രകാശവര്ഷങ്ങളായി അറിയപ്പെടാത്ത ഈ ദൂരം വ്യവഹരിക്കപ്പെടുന്നു. അതിനാല്‍ സ്വര്‍ഗത്തിന്റെ വിസ്തൃതി ആകാശഭൂമികളെയൊന്നാകെ ചൂഴ്ന്നു നില്ക്കുന്നു എന്നതിനാല്‍ അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ നരകത്തിന്നിടമില്ല എന്നര്ഥമാക്കിക്കൂടാ. എന്നല്ല, കല്പനാതീതവും വിശാലവിസ്തൃതവുമായ ബ്രഹ്മാണ്ഡകടാഹങ്ങളുടെ അനന്തമായ വിഹായസ്സില്‍ നരകത്തിനുമാത്രമല്ല, മറ്റു പലതിനും ഇടമുണ്ട്. ഈ ചോദ്യം പഴയ ഒന്നാണ്. തിരുമേനിയുടെ അനുചരന്മാരോട് ചിലര്‍ ഈ ചോദ്യം ചോദിക്കുകയുണ്ടായി. അതിനുമുമ്പ് വേദക്കാരില്‍ ചിലര്‍ “ആകാശ ഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗം” എന്ന സൂക്തത്തെപ്പറ്റി തിരുമേനിയോട് തന്നെ ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. തിരുമേനിയുടെ മറുപടി ഒരു മറു ചോദ്യമായിരുന്നു: “പകല്‍ വന്നാല്‍ രാത്രി എവിടെയായിരിക്കും?” അബൂഹുറൈറയുടേതായി ബര്റാസ് ഉദ്ധരിച്ച ഒരു വചനത്തില്‍ ഇങ്ങനെ കാണാം: ഒരാള്‍ തിരുമേനിയോട് ഈ ചോദ്യമുന്നയിച്ചു. അദ്ദേഹം ചോദിച്ചു. “രാത്രി വന്ന് സര്‍വത്തെയും മൂടുമ്പോള്‍ പകല്‍ എവിടെയായിരിക്കും?” അയാള്‍ പറഞ്ഞു: “അല്ലാഹു ഇഛിക്കുന്നിടത്ത്” അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: “അങ്ങനെ തന്നെ നരകവും അല്ലാഹു ഇഛിക്കുന്നിടത്ത് അത് ഉണ്ടായിരിക്കും.” ഈ തിരുവചനത്തെപ്പറ്റി ഇബ്നു കസീര്‍ തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പറയുന്നു: “ഇതിന് രണ്ട് അര്‍ഥങ്ങളുണ്ടാവാം. ഒന്ന്: പകല്‍ സമയത്ത് നാം രാത്രിയെ കാണുന്നില്ല എന്നതുകൊണ്ട് ഒരിടത്തും രാത്രി ഇല്ല എന്നര്‍ഥമില്ല നമുക്കത് അനുഭവപ്പെടുന്നില്ലെങ്കിലും. അപ്രകാരം തന്നെയാണ് നരകവും അല്ലാഹു ഇഛിക്കുന്നിടത്ത് അത് ഉണ്ടായിരിക്കും. രണ്ട്: ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് പകല്‍ പ്രകാശിക്കുമ്പോള്‍ അതിന്റെ മറ്റൊരു ഭാഗത്ത് രാത്രിയായിരിക്കും. അതുപോലെ സ്വര്‍ഗം ആകാശങ്ങളുടെ അത്യുന്നതങ്ങളില്‍ ദൈവിക സിംഹാസനത്തിനുസമീപം അല്ലാഹു വിവരിച്ച പ്രകാരം ആകാശഭൂമികളുടെ വിസ്തൃതിയോടെത്തന്നെ സ്ഥിതിചെയ്യുമ്പോള്‍ നരകം അത്യഗാധതകളില്‍ സ്ഥിതിചെയ്യാം. അതിനാല്‍ സ്വര്‍ഗത്തിന്റെ ആകാശഭൂമികളോളം വിസ്തൃതമായ അവസ്ഥ നരകത്തിന്റെ അസ്ഥിത്വത്തെ നിരാകരിക്കുന്നില്ല. അല്ലാഹുവത്രെ ഏറ്റം അിറയുന്നവന്.
Add Comment