ഖുര്‍ആന്‍-Q&A

അത്തൗബ അധ്യായത്തിലെ ബിസ്മി


ചോദ്യം: അത്തൗബ അധ്യായം ബിസ്മി ഇല്ലാതെ അവതരിപ്പിച്ചത് എന്തുകൊണ്ട്?

ഉത്തരം: അത്തൗബ അധ്യായംബിസ്മി കൂടാതെ അവതതരിപ്പിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. അവയില്‍ ഏറ്റവും സ്വീകാര്യമായി എനിക്കുതോന്നിയത് അലിയ്യുബ്‌നു അബിത്വാലിബിന്റെ വിശദീകരണമാണ്. അദ്ദേഹം പറയുന്നു: ”പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നു പറയുന്നത് ഒരു അഭയവും സംരക്ഷണവുമാണ്. ബറാഅഃ അധ്യായമാകട്ടെ സംരക്ഷണ ബാധ്യത എടുത്തു കളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ്. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന സന്ധികളും ഉടമ്പടികളും (സമയബന്ധിത ഉടമ്പടികളൊഴിച്ച് )ദുര്‍ബലമാക്കിക്കൊണ്ടുള്ള പരസ്യപ്രഖ്യാപനമാണ് യഥാര്‍ഥത്തില്‍ ഈ അധ്യായം. ഉടമ്പടി ചെയ്ത മുസ്‌ലിംകള്‍ അത് ലംഘിച്ചിട്ടില്ല. അങ്ങനെ ഒരു ആരോപണം അവരില്‍ ആര്‍ക്കെതിരെയും പ്രതിയോഗികള്‍ ഉന്നയിച്ചിട്ടുമില്ല. പക്ഷേ, വിഗ്രഹാരാധകര്‍ മുസ്‌ലിംകള്‍ക്കെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. അവരുടെ മേല്‍ പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നു. കുത്സിത മനസ്‌കരായ ജൂതന്‍മാരുമായി സഹകരിക്കുന്നു. മുസ്‌ലിംകളെ ചതിയില്‍പ്പെടുത്തുന്നു. ആ നിലക്ക് അവര്‍ ഉടമ്പടിയോ സന്ധിയോ മാനിക്കുന്നില്ല. ഉടമ്പടി വ്യവസ്ഥകളോ നിമയങ്ങളോ പാലിക്കുന്നില്ല. അതിനാല്‍ ഇനി ഇസ്‌ലാമിന് അവരോട് കണക്കുതീര്‍ക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് അല്ലാഹുവും അവന്റെ ദൂതനും അവരോട് ചെയ്ത ഉടമ്പടികള്‍ ദുര്‍ബലപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് ‘അധ്യായം’ അധ്യായം അവതരിച്ചത്. ”(മുസ്‌ലിംകളേ!) ബഹുദൈവ വിശ്വാസികളിലാരുമായി നിങ്ങള്‍ സമാധാന സന്ധി ചെയ്തിട്ടുണ്ടോ അവരോട് അല്ലാഹുവിനും അവന്റെ ദൂതനും യാതൊരു ബാധ്യതയുമില്ല.” എന്ന സൂക്തത്തോടെയാണതിന്റെ തുടക്കം. അല്ലാഹുവിന്റെ കരുണാമയന്‍, പരമകാരുണികന്‍ തുടങ്ങിയ വിശേഷണങ്ങളോടെയുള്ള ആരംഭം ഈ വിഗ്രാഹാരാധകര്‍ക്ക് ചില അഭയവും ശരണവും നല്‍കല്‍ ബാധ്യതയാക്കിത്തീര്‍ക്കുന്നു. എന്നാല്‍, ഈ അധ്യായത്തിലാകട്ടെ, ഒരു സംരക്ഷണ ബാധ്യതയും പരാമര്‍ശിക്കപ്പെടുന്നില്ല. ”ബഹുദൈവ വിശ്വസികളോട് കണ്ടുമുട്ടുന്നേടത്തുവെച്ച് യുദ്ധം ചെയ്തുകൊള്ളുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും അവരെക്കാത്ത് എല്ലായിടത്തും പതിയിരിക്കുകയും ചെയ്തുകൊള്ളുക. ബഹുദൈവ വിശ്വാസികള്‍ നിങ്ങളോടൊന്നായി യുദ്ധം ചെയ്യുന്നതുപോലെ നിങ്ങളും അവരോടൊന്നടങ്കം യുദ്ധം ചെയ്തുകൊള്ളുക” എന്നെല്ലാമാണ് അത്തൗബ അധ്യായത്തിലെ ആഹ്വാനം ഇവരോട് യുദ്ധമല്ലാത്ത വഴിയില്ല. കാരുണ്യത്തിനും സംരക്ഷണത്തിനും ഇനി പ്രസക്തിയില്ല!.

Topics