Dr. Alwaye Column

പ്രബോധദൗത്യത്തില്‍ വിജ്ഞാനമുള്ളവരുടെ പിന്തുണ

പ്രബോധന ദൗത്യനിര്‍വഹണത്തില്‍ പ്രാപ്തിയും പരിചയവും അനുഭവസമ്പത്തുമുള്ളവരുടെ സഹായം ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിലെല്ലാം പ്രബോധകന്‍ തേടേണ്ടതാണ്. കാര്യബോധമുള്ള ഒരു പ്രബോധകന്‍ തന്റെ വിഭവശേഷിയും നിര്‍വഹണശേഷിയും അടിസ്ഥാനപ്പെടുത്തി ഇക്കാര്യം ചിന്തിക്കണം. കാര്യപ്രാപ്തിയുള്ള വ്യക്തികളുമായി സഹവസിച്ചുകൊണ്ട് സഹായം തേടാം. അനുഭവസമ്പത്തുള്ളവരുടെ സഹായവും തേടാം. ദൗത്യനിര്‍വഹണത്തില്‍ തനിക്ക് തുണയായി സഹോദരന്‍ ഹാറൂനെ നിയോഗിക്കാന്‍ മൂസാ (അ) അല്ലാഹുവിനോട് അഭ്യര്‍ഥിച്ചല്ലോ.
‘എന്റെ കുടുംബക്കാരനായ സഹോദരന്‍ ഹാറൂന്നെ എനിക്ക് സഹായിയായി നീ നിശ്ചയിക്കണേ. അതുവഴി എന്റെ ശക്തി നീ വര്‍ധിപ്പിക്കണേ. നിന്നെ ധാരാളമായി പ്രകീര്‍ത്തിക്കാനും കൂടുതലായി സ്മരിക്കാനും വേണ്ടി ഞാനേറ്റെടുത്തിട്ടുള്ള ദൗത്യത്തില്‍ ഹാറൂന്നെ നീ പങ്കാളിയാക്കണേ. തീര്‍ച്ചയായും നീ ഞങ്ങളെ നല്ലപോലെ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ'(ത്വാഹാ 29-35).

പരിചയവും പ്രാപ്തിയും അനുഭവസമ്പത്തുമുള്ളവരോട് സഹായമര്‍ഥിക്കുന്നതുവഴി സത്യപ്രബോധകന് ലഭ്യമാകുന്ന പ്രയോജനങ്ങള്‍ ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ ശക്തമായൊരു കുതിപ്പിന് കാരണമായെന്ന് വന്നേക്കാം.
ഇസ്‌ലാമികപ്രചാരണവും പ്രബോധനവും തടയാനുദ്ദേശിക്കുന്നരില്‍നിന്ന് സംരക്ഷണാര്‍ഥം മുസ്‌ലിമേതര വിഭാഗത്തില്‍പെട്ടവരോട് സത്യപ്രബോധകന്‍മാര്‍ സഹായമഭ്യര്‍ഥിക്കുന്നത് സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും പ്രവാചകതിരുമേനിയില്‍ നമുക്ക് മാതൃക കണ്ടെത്താനാവും. എന്നല്ല, ചില ഘട്ടങ്ങളില്‍ ഇത്തരം സഹായാഭ്യര്‍ഥന അനിവാര്യമാണെന്ന് കൂടി നമുക്ക് ബോധ്യമാവും.
ബഹുദൈവവിശ്വാസിയായി ജീവിക്കുകയും ആ നിലയില്‍തന്നെ മരിച്ചുപോവുകയും ചെയ്ത അബൂത്വാലിബ് പ്രവാചകതിരുമേനിയുടെ സുരക്ഷയും അവിടുന്ന് നിര്‍വഹിച്ചുപോന്ന ദൗത്യത്തിന്റെ സംരക്ഷണവും ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വ്യക്തികൂടിയായിരുന്നു. അബൂത്വാലിബ് മരണപ്പെട്ടപ്പോള്‍ ദൈവദൂതന്‍ നടത്തിയ ശ്രദ്ധേയമായൊരു പ്രസ്താവനയുണ്ട്: ‘അബൂത്വാലിബ് മരണപ്പെടുന്നതുവരെ എനിക്ക് അരോചകമായ യാതൊന്നും ചെയ്യാന്‍ ഖുറൈശികള്‍ക്ക് കഴിഞ്ഞിരുന്നില്ല’ (സീറത്തുഇബ്‌നുഹിശാം വാള്യം 2 പേജ് 236)

ത്വാഇഫിലെ ദുരനുഭവത്തിനുശേഷം പ്രവാചകതിരുമേനി ഹിറാഗുഹയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഖുസാഅഃ ഗോത്രക്കാരനായ ഒരാളെ അവിശ്വാസിയായിരുന്ന മുത്ഇമുബ്‌നു അദിയ്യിന്റെ അടുത്തേക്ക് സഹായമര്‍ഥിച്ചുകൊണ്ട് വിടുകയുമുണ്ടായി.(മഖ്‌രീസിയുടെ ഇംതാഉല്‍ അസ്മാഅ് എന്ന പുസ്തകം പേ. 28) പ്രതിയോഗികളുടെ പീഡനം ശക്തിപ്രാപിച്ചപ്പോള്‍ ദൈവദൂതന്‍ വിശ്വാസികളോട് പറഞ്ഞത് നാമിവിടെ ഓര്‍ക്കണം. ‘നിങ്ങള്‍ അബ്‌സീനിയയിലേക്ക് പുറപ്പെടുക. ആരോടും അനീതി കാണിക്കാത്ത, ആരേയും ദ്രോഹിക്കാത്ത ഒരു രാജാവ് അവിടെയുണ്ട്. സത്യത്തോടൊപ്പം നില്‍ക്കുന്ന ഒരു രാജാവാണത്. അവിടെയെത്തിയാല്‍ നിങ്ങള്‍ ഇന്നനുഭവിക്കുന്ന പ്രയാസങ്ങളില്‍നിന്ന് അല്ലാഹു നിങ്ങള്‍ക്ക് ആശ്വാസമുണ്ടാക്കിത്തരും’ (സീറത്തുഇബ്‌നുഹിശാം വാള്യം 1 പേ. 343). രണ്ടാം അഖബ ഉടമ്പടിക്കാലത്ത് പ്രവാചകതിരുമേനിയോടൊപ്പമുണ്ടായിരുന്ന ഒരാള്‍ അബ്ബാസ്ബ്‌നു അബ്ദില്‍ മുത്തലിബായിരുന്നു. അബ്ബാസ് അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല).

സഹായാഭ്യര്‍ഥനയുടെ വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, ആരോടാണോ സഹായം തേടുന്നത് അയാള്‍ സത്യസന്ധനായിരിക്കണം. വിശ്വസ്തനായിരിക്കണം. രണ്ട്, ഇസ്‌ലാമികധ്യാപനങ്ങള്‍ക്ക് വിരുദ്ധമോ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍നിന്ന് തെന്നിമാറാന്‍ പ്രേരകമാകുന്നതോ ആകരുത് സഹായാഭ്യര്‍ഥന. പിതൃവ്യനായ അബൂത്വാലിബിനോട് ദൈവദൂതന്‍ നടത്തിയ അസന്ദിഗ്ധ പ്രഖ്യാപനം നമുക്കൊരു മാതൃകയാണ്. ‘ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യം ഉപേക്ഷിച്ചുപോകാനായി അവര്‍ എന്റെ വലതുകയ്യില്‍ സൂര്യനെയും ഇടതുകയ്യില്‍ ചന്ദ്രനെയും വച്ചുതന്നാല്‍ പോലും ഞാനിത് ഉപേക്ഷിച്ചുപോകുന്ന പ്രശ്‌നമില്ല. ഒന്നുകില്‍ അല്ലാഹു ഇത് വിജയിപ്പിക്കും. അല്ലെങ്കില്‍ ഈ മാര്‍ഗത്തില്‍ എന്റെ ജീവിതമവസാനിക്കും.’ ഇസ്‌ലാമേതരവിഭാഗങ്ങളോട് സത്യപ്രബോധകന്‍മാര്‍ സഹായംതേടുന്നത്, പ്രബോധനസൗകര്യത്തിനും സംരക്ഷണത്തിനും വേണ്ടിയായിരിക്കണം. കാരണം പ്രബോധകന്‍മാര്‍ സുരക്ഷിതരായി ജീവിക്കേണ്ടത് ഭാവിയിലെ ഇസ്‌ലാമികദൗത്യനിര്‍വഹണത്തിന് അത്യാവശ്യമാണ്. അവര്‍ ഒരിക്കലും ആത്മനാശത്തിന് കാരണമാകുന്ന നടപടികള്‍ കൈക്കൊള്ളരുത്. അത്തരം നടപടികള്‍ ഗതകാല പ്രബോധകന്‍മാര്‍ കെട്ടിപ്പൊക്കിയ സുരക്ഷിത സൗധത്തിന്റെ അടിത്തറ തകര്‍ത്തുകളയും. അതിനാല്‍, പ്രബോധനമാര്‍ഗത്തിലെ തടസ്സങ്ങള്‍ നീങ്ങി ശാന്തവും സുരക്ഷിതവുമായ സാഹചര്യം സംജാതമാക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രബോധകന്‍മാര്‍ തേടേണ്ടതാണ്.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics