ഭരണനിര്‍വഹണം പരസ്പര കൂടിയാലോചനയിലൂടെ- ഇതാണ് ഇസ്‌ലാമികരാഷ്ട്രത്തിന് പ്രജായത്ത സ്വഭാവം പകര്‍ന്നുകൊടുക്കുന്ന അടിസ്ഥാനബിന്ദു. ഇസ്‌ലാമിക രാഷ്ട്രമീമാംസയുടെ ഭാഷയില്‍ ഇതിനെ ശൂറാ എന്നുപറയുന്നു. ഇപ്പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായം തന്നെയുണ്ട്. കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങളെ കയ്യാളുന്ന വിശ്വാസികളെ ‘തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ് ‘(അശ്ശൂറാ 38) അവരെന്ന് ഇതില്‍ അല്ലാഹു അഭിനന്ദിക്കുന്നുണ്ട്. പൊതുകാര്യങ്ങളില്‍ അനുയായികളുടെ അഭിപ്രായം ആരായാന്‍ ഇവിടെ നബിയോട് കല്‍പിച്ചു. ഉഹ്ദ് യുദ്ധത്തിന് പുറപ്പെടുംമുമ്പ് അദ്ദേഹം മുസ്‌ലിംകളുടെ അഭിപ്രായം ആരാഞ്ഞതും യുദ്ധത്തിന് പുറപ്പെടണമെന്ന് അവര്‍ അഭിപ്രായപ്പെട്ടതും ചരിത്രത്തില്‍ വന്നിട്ടുണ്ട്. അനുയായികളുമായി കൂടിയാലോചിക്കുകമാത്രമല്ല, അവരുടെ അഭിപ്രായം മാനിച്ച് സ്വന്തം അഭിപ്രായത്തില്‍നിന്ന് പിന്‍വാങ്ങാറുമുണ്ടായിരുന്നു. ബദ്ര്‍ യുദ്ധവേളയില്‍ ആദ്യം തെരഞ്ഞെടുത്ത താവളം മാറിയതും ഖന്‍ദഖ് യുദ്ധവേളയില്‍ മദീനയിലെ ഉല്‍പന്നങ്ങളുടെ മൂന്നിലൊന്ന് നല്‍കി ഗത്ഫാന്‍ ഗോത്രവുമായി സന്ധിയിലേര്‍പ്പെടാനുള്ള സ്വന്തം അഭിപ്രായം പിന്‍വലിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രം.
മുസ്‌ലിംകളുടെ രാഷ്ട്രീയം കൂടിയാലോചന എന്ന തത്ത്വത്തില്‍ ആയിരിക്കണമെന്നും അതിന്റെ ഫലം എന്തുതന്നെയായാലും ഏകാധിപത്യമാര്‍ഗം സ്വീകരിക്കരുതെന്നുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ബുദ്ധിപരവും ആത്മീയവുമായ സമ്പൂര്‍ണതകൊണ്ടും ദിവ്യബോധനംകൊണ്ടും അനുഗൃഹീതനായ നബിക്കു കൂടിയാലോചന നിര്‍ബന്ധമാണെന്നുവരുമ്പോള്‍ അതിന്റെ പ്രാധാന്യമാണ് ഇതിലൂടെ വെളിവാകുന്നത്. എന്നാല്‍ ഈ കൂടിയാലോചന സമുദായത്തിലെ മൊത്തം അംഗങ്ങളോടോ ഭൂരിപക്ഷത്തോടോ അല്ല, മറിച്ച് അഭിപ്രായവും അറിവുമുള്ളവരോടാണ് നടത്തേണ്ടത്. കൂടിയാലോചനയുടെ സംവിധാനവും രീതിയും സാമൂഹികപരിസ്ഥിതിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്ന് മാത്രം.
Add Comment