ശര്‍ത്വുകള്‍

നമസ്‌കാരത്തിന്റെ നിബന്ധനകള്‍

തന്നെ സൃഷ്ടിച്ച സര്‍വലോകരക്ഷിതാവിനോട് ആശയവിനിമയത്തിനും ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരാധനകളടക്കമുള്ള കീഴ്‌വണക്കം കൈക്കൊള്ളാനും സൃഷ്ടികള്‍ക്ക് ആഗ്രഹവും താല്‍പര്യവും ഉണ്ടായിരിക്കും. അതിനുള്ള രീതികള്‍ സൃഷ്ടികള്‍ സ്വയം ആവിഷ്‌കരിച്ചുകൊള്ളട്ടെ എന്ന് പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കുകയല്ല നാഥന്‍ ചെയ്തത്. മറിച്ച്, അതിന്റെ രീതിശാസ്ത്രം എന്തെന്നു തന്റെ ദൈവദൂതനിലൂടെ പഠിപ്പിച്ചുകൊടുക്കുകയാണ് അവന്‍ ചെയ്തത്. അത്തരം ആരാധനയുടെ പ്രകടരൂപങ്ങളിലൊന്നായ നമസ്‌കാരം പ്രപഞ്ചനാഥനുമായുള്ള വ്യക്തിയുടെ അഭിമുഖഭാഷണമാണ്. അത് നിര്‍വഹിക്കുന്ന രീതിയാണ് ചുവടെ കൊടുത്തിരിക്കുന്നത്.

നമസ്‌കാരം ദീനില്‍ സ്വീകാര്യമാകണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അവ താഴെ കൊടുക്കുന്നു
1. മുസ്‌ലിംആയിരിക്കുക: ഇസ്‌ലാമിനെ ആദര്‍ശമായി അംഗീകരിക്കാത്ത ഒരാള്‍ നമസ്‌കാരം അതിന്റെ ഘടനയില്‍ കൃത്യമായി നിര്‍വഹിച്ചാല്‍ പോലും അത് സ്വീകാര്യമല്ല.
2. ബുദ്ധിസ്ഥിരതയുള്ള ആളായിരിക്കുക.
മാനസികരോഗങ്ങള്‍ കാരണമായോ, ലഹരിബാധകൊണ്ടോ ബുദ്ധി മറഞ്ഞുപോയ അവസ്ഥയില്‍ നമസ്‌കാരം ശരിയാവുകയില്ല.
3. ഗ്രഹണശേഷി ആര്‍ജ്ജിച്ചിട്ടുണ്ടായിരിക്കുക: നമസ്‌കാരത്തില്‍ ഉരുവിടുന്ന പ്രാര്‍ഥനകള്‍ എന്താണെന്നും അവയുടെ ആശയമെന്തെന്നും മനസ്സിലാകുന്ന ആളുടെ നമസ്‌കാരമേ സ്വീകരിക്കപ്പെടുകയുള്ളൂ. ഏഴുവയസ്സാകുന്നതോടെ ഗ്രഹണശേഷി സ്വായത്തമാകുമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധിയുണ്ടായിരിക്കുക: ഇന്ദ്രിയസ്ഖലനം മൂലമോ സ്ത്രീ-പുരുഷശാരീരികസംസര്‍ഗംമൂലമോ വലിയ അശുദ്ധി ഉണ്ടാകാതിരിക്കുക. അങ്ങനെയെങ്കില്‍ അതില്‍നിന്ന് ശുദ്ധമാകാന്‍ കുളിച്ചാല്‍ മതിയാകും. ചെറിയ അശുദ്ധിയില്‍നിന്ന് മുക്തമാകാന്‍ വുളൂഅ് മതിയാകും. വലിയ അശുദ്ധിയില്‍നിന്ന് മുക്തമാകാതെ വുളൂഅ് മാത്രം കൊണ്ട് ശുദ്ധി കൈവരിക്കാന്‍ കഴിയില്ല. നമസ്‌കാരം ശരിയാകണമെങ്കില്‍ വുളൂഅ് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

5. നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലവും ഇടവും ധരിച്ചിരിക്കുന്ന വസ്ത്രവും മാലിന്യങ്ങളില്‍നിന്ന് വിമുക്തമായിരിക്കണം. ഹറാമായ വസ്തുക്കള്‍, ഒഴുകുന്ന രക്തം, പറവകളുടെയും മൃഗങ്ങളുടെയും അടക്കമുള്ള ജന്തുവിസര്‍ജ്യങ്ങള്‍ എന്നിവയില്‍നിന്ന് മുക്തമായിരിക്കണം മേല്‍പറഞ്ഞവയെല്ലാം.
6. നഗ്നത മറയ്ക്കുക : പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധമായും മറക്കേണ്ട ഭാഗം പൊക്കിള്‍ മുതല്‍ കാല്‍മുട്ടുള്‍പ്പെടെയുള്ള ശരീരമാണ്. സ്ത്രീകള്‍ക്കത് മുഖവും മുന്‍കയ്യും ഒഴിച്ചുള്ള മുഴുവന്‍ ശരീരവുമാണ്.

7. നമസ്‌കാരസമയമാകല്‍: ഓരോ നിശ്ചിതനമസ്‌കാരത്തിനും അതിന്റെ സമയം ആയെന്ന് ഉറപ്പുവരുത്തുക.
8. ഖിബ്‌ലയെ അഭിമുഖീകരിക്കുക: മക്കയിലെ കഅ്ബയ്ക്ക് അഭിമുഖമാകുംവിധം ദിക്കിലേക്ക് തിരിഞ്ഞുനിന്നുകൊണ്ടാണ് നമസ്‌കരിക്കേണ്ടത്.
9. നമസ്‌കാരം ഉദ്ദേശിച്ച് നില്‍ക്കുക: നിയ്യത് എന്നാണ് ഇതിനെ പറയുന്നത്. നാവുകൊണ്ട് ഉച്ചരിക്കുകയെന്നതിനേക്കാള്‍ പ്രാധാന്യം ഹൃദയത്തിന്റെ അംഗീകാരത്തിനാണ്. നമസ്‌കരിക്കാന്‍ പോകുന്നുവെന്ന് മനസ്സില്‍ കരുതുകയെന്ന് ചുരുക്കം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured