ഖുര്‍ആന്‍-ലേഖനങ്ങള്‍

ശൈഖ് യൂസുഫ് അലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം

ശൈഖ് അബ്ദുല്ലാ യൂസുഫ് രചിച്ച വിശുദ്ധഖുര്‍ആന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും വ്യാഖ്യാനവും അന്യൂനവും ഇതരപണ്ഡിതന്‍മാര്‍ക്ക് സംഭവിച്ച പതിവുസ്ഖലിതങ്ങളില്‍നിന്ന് മുക്തവുമാണ്. വിശുദ്ധഖുര്‍ആന്റെ സംക്ഷിപ്തവ്യാഖ്യാനവുമാണത്. ക്ലാസിക്കല്‍ അറബിപദങ്ങള്‍ അര്‍ഥഗര്‍ഭമായതിനാല്‍ ആധുനികഭാഷകളിലേക്ക് പദാനുപദവിവര്‍ത്തനം വളരെ പ്രയാസകരമാണ്. അതിനാല്‍ യൂറോപ്യന്‍ വിവര്‍ത്തകര്‍ പ്രസ്തുത രംഗത്ത് പരാജയപ്പെടുകയുണ്ടായി. അതേസമയം അബ്ദുല്ല യൂസുഫ് അലിയുടെ വിവര്‍ത്തനവും വ്യാഖ്യാനവും വളരെ സംയോജിതവും ഖുര്‍ആന്റെ മൗലികവും ആദര്‍ശപരവുമായ തത്ത്വങ്ങളോട് ഒത്തുപോവുന്നതാണ്.

മൂലവാക്യങ്ങളുടെ താളവും ഗാംഭീര്യവും അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ പ്രതിഫലിച്ചുനില്‍ക്കുന്നു. ചെറിയ അധ്യായങ്ങള്‍ക്ക് ഒന്നോ രണ്ടോ ഖണ്ഡികയിലൊതുങ്ങുന്ന വ്യാഖ്യാനവും വലിയ അധ്യായങ്ങളുടെ വിഷയസംഗ്രഹവും നല്‍കുന്ന രീതിയാണ് അവലംബിച്ചത്. ഇംഗ്ലീഷ്, അറബി പദങ്ങള്‍ യോജിച്ചുവരുന്നതിനുവേണ്ടി ആവശ്യാനുസരണം നിരൂപണങ്ങളും അദ്ദേഹം നടത്തി. കൂടുതല്‍ ആശയവ്യക്തതയ്ക്കായി ചിലസ്ഥലങ്ങളില്‍ പദാനുപദവിവര്‍ത്തനങ്ങള്‍ ഒഴിവാക്കി. അനാവശ്യ വിശദാംശങ്ങളും താര്‍ക്കികവിഷയങ്ങളും ഉപേക്ഷിച്ചു. സ്വന്തം അഭിപ്രായത്തേക്കാള്‍ മുഫസ്സിറുകളുടെ അഭിപ്രായം സ്വീകരിച്ചു. അഭിപ്രായാന്തരമുള്ള വരുമ്പോള്‍ യുക്തിഭദ്രവും സംഗതവുമായത് വിലയിരുത്തി ഉദ്ധരിച്ചു.

നാലു ദശാബ്ദങ്ങള്‍ ഇതിനായി അദ്ദേഹം നീക്കിവെച്ചു. തെളിവുകളും യാഥാര്‍ഥ്യങ്ങളും തേടി ദീര്‍ഘദൂര യാത്രകള്‍ നടത്തി. സങ്കീര്‍ണ വിഷയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിനായി സമകാലികരും വിശ്വപ്രസിദ്ധരുമായ പല പണ്ഡിതന്‍മാരെയും സന്ദര്‍ശിച്ചു. പൗരാണികവും പ്രസിദ്ധവുമായ വ്യാഖ്യാനഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠനവിധേയമാക്കി. താന്‍ സമാഹരിച്ച വിവരങ്ങള്‍ ഉദ്ധരിക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.

വിശുദ്ധഖുര്‍ആനിലെ പദങ്ങളും ആശയങ്ങളും കാലഗണനവിദ്യയും ശബ്ദസൂചിയും വ്യക്തമാക്കുന്നതിന് വേണ്ടി അദ്ദേഹം ധാരാളം നിഘണ്ടുക്കളെയും അംഗീകൃത പൊതുറഫറന്‍സ് ഗ്രന്ഥങ്ങളെയും ആശ്രയിച്ചു. അറബിഅക്ഷരങ്ങളുടെ യഥാര്‍ഥ ഉച്ചാരണം സാധ്യമാക്കാന്‍ അക്ഷരങ്ങളുടെ വ്യത്യസ്തങ്ങളായ സ്വരങ്ങളെ സംബന്ധിച്ച് ഒരുചാര്‍ട്ട് തന്റെ വ്യാഖ്യാനഗ്രന്ഥത്തിന്റെ മുഖവുരയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാചകങ്ങളെ യഥാര്‍ഹം പാരായണം ചെയ്യാന്‍ ഉച്ചാരണനിയമം വിശദമാക്കുന്ന മൂന്നുതരത്തിലുള്ള അടയാളങ്ങള്‍ അദ്ദേഹം ഉപയോഗിച്ചു. അറബിപദങ്ങള്‍ അന്യഭാഷകളില്‍ എഴുതപ്പെടാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രദ്ധചെലുത്തി.

എഴുപതുകളുടെ അവസാനത്തില്‍ (ഹി. 1400) സുഊദി അറേബ്യയിലെ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, അവലംബനീയവും എന്നാല്‍ വ്യക്തിതാല്‍പര്യങ്ങളില്‍നിന്നും മുന്‍വിധികളില്‍നിന്നും മുക്തവുമായ ഒരു ഖുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തനവും വ്യാഖ്യാനവും പ്രസിദ്ധീകരിക്കാനുദ്ദേശിച്ചു. അതിലേക്ക് അനുയോജ്യമായതിനെ സംബന്ധിച്ച് വിശകലനം ചെയ്യാനും യുക്തമായത് തെരഞ്ഞെടുക്കാനും വേണ്ടി ഇസ്‌ലാമിക് റിസര്‍ച്ച് ഡിപാര്‍ട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. ഈ വലിയ ജോലി സഫലീകരിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് ഭാഷയിലും ഇസ്‌ലാമികശരീഅത്തിലും അഗാധപാണ്ഡിത്യമുള്ള വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാല് സമിതികള്‍ രൂപവത്കരിക്കപ്പെട്ടു.
ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഹി. 1405 ല്‍ അബ്ദുല്ല യൂസുഫ് അലിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് റോയല്‍ ഉത്തരവ് നമ്പര്‍ 12412 അനുസരിച്ച് ഈ ഗ്രന്ഥം ഹി. 1410 ല്‍ സുഊദി അറേബ്യയിലെ ഹജ്ജ് വഖഫ് മന്ത്രാലയം അച്ചടിച്ച് ലോകവ്യാപകമായി സൗജന്യവിതരണം നടത്തി. ഹൃദ്യവും ലളിതവുമായ ശൈലി, കൃത്യമായ പദപ്രയോഗം, പണ്ഡിതോചിതകുറിപ്പുകള്‍ തുടങ്ങി വ്യതിരിക്തമായ പ്രത്യേകതകളായിരുന്നു അബ്ദുല്ലായൂസുഫ് അലിയുടെ വ്യാഖ്യാനഗ്രന്ഥം തെരഞ്ഞെടുക്കാന്‍ ഇസ്‌ലാമികഗവേഷണവിഭാഗത്തെ പ്രേരിപ്പിച്ചത് .
തന്റെ ഗ്രന്ഥസമര്‍പ്പണത്തില്‍ അദ്ദേഹം എഴുതുന്നു: ‘ഗ്രന്ഥത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടി, നിഷ്‌കളങ്കമായി യാഥാര്‍ഥ്യം കണ്ടെത്താന്‍ ഉദ്യമിക്കുന്നവര്‍ക്ക് അവരുടെ വ്യാമോഹങ്ങളെ ഉപേക്ഷിച്ച് ഐക്യത്തിലേക്കും അച്ചടക്കത്തിലേക്കും വഴിനടത്തുന്നതിനായി ഈ എളിയ ഉദ്യമം, എന്റെ ജീവിതത്തിന്റെയും ചിന്തയുടെയും ഫലസിദ്ധിയായിക്കൊണ്ട് ഞാന്‍ സമര്‍പ്പിക്കുന്നു.’
ബഹുമുഖ പ്രാഗല്‍ഭ്യം, ബുദ്ധികൂര്‍മത, ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അസാധാരണവൈഭവം, വിശുദ്ധഖുര്‍ആന്റെ പണ്ഡിതോചിതമായ ഇംഗ്ലീഷ് വ്യാഖ്യാനം ഇതെല്ലാമാണ് അബ്ദുല്ലാ യൂസുഫ് അലിയെ ആഗോളപ്രശസ്തിയിലേക്കെത്തിച്ചത്.

ഖുര്‍ആന്‍ വ്യാഖ്യാനം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം: https://ia801300.us.archive.org/14/items/HolyQurAnYusufAliTranslation1946Edition/Holy%20Qur-an%20-%20Yusuf%20Ali%20Translation%20-%201946%20Edition.pdf

Topics