ബന്ധത്തിലെ ഊഷ്മളതയും മധുരാനുഭവങ്ങളും കൊണ്ടാണ് ദാമ്പത്യ ജീവിതം വ്യതിരിക്തമാകുന്നത്. അതിനാല്‍ തന്നെ തീര്‍ത്തും ആസ്വാദ്യകരമായ പെരുമാറ്റം അതിന് ആവശ്യമാണ്. ഇണകള്‍ക്കിടയില്‍ പ്രണയത്തിന്റെ കെട്ടുകള്‍ ഭദ്രമാക്കുകയും പരസ്പരം താല്‍പര്യവും ആഗ്രഹവും ജനിപ്പിക്കുകയും ചെയ്യുന്ന ഘടകമാണ് അത്. എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഈ സ്വപ്‌ന പൂര്‍ത്തീകരണത്തിന് പരസ്പരം ആകര്‍ഷിക്കാനും അഴക് പ്രകടിപ്പിക്കാനുമുള്ള ചില പരിശീലനങ്ങളാണ് ചുവടെ.
- വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവിന്റെ മുന്നില്‍ തന്റെ എല്ലാ ന്യൂനതകളും വെളിപ്പെടുത്താമെന്ന് സ്ത്രീ വിശ്വസിക്കുന്നു. ഞങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് മുന്നില്‍ ഒരു കാര്യവും മറച്ച് വെക്കാറില്ലെന്ന് ചില സ്ത്രീകള്‍ മേനിനടിക്കാറുണ്ട്. എന്നാല്‍ ഇണകള്‍ പരസ്പരം നല്ല രീതിയില്‍ ആസ്വാദനം കണ്ടെത്തുന്നതോടൊപ്പം തന്നെ അവര്‍ക്കിടയില്‍ ഗുണകരമായ ചില പരിധികള്‍ കൂടി വേണമെന്നതാണ് യാഥാര്‍ത്ഥ്യം. ദാമ്പത്യ ജീവിതം വിജയകരവും ആസ്വാദ്യകരവുമായിത്തീരണമെങ്കില്‍ ചില രഹസ്യങ്ങള്‍ ദമ്പതികള്‍ക്കിടയില്‍ അപ്രകാരം തന്നെ അവശേഷിക്കുകയാണ് നല്ലത്.
- ഭാര്യയുടെ എല്ലാ രഹസ്യങ്ങളുമറിയണമെന്ന് ശഠിക്കുകയോ, അവളുടെ പൂര്‍വകാല ജീവിതത്തെക്കുറിച്ച് ചികഞ്ഞ് അന്വേഷിക്കുകയോ ചെയ്യുന്നത് ഭര്‍ത്താവിന് കരണീയമല്ല. ദാമ്പത്യജീവിതത്തിന്റെ അനിവാര്യതകളില്‍പെട്ട കാര്യമേയല്ല അത്. എന്നല്ല, ദാമ്പത്യബന്ധത്തിനിടയില്‍ സംശയവും സങ്കല്‍പങ്ങളും സൃഷ്ടിക്കാനും ഭാര്യയോടുള്ള ആദരവ് കുറക്കാനും, അവരെ മോശമായി കാണാനുമാണ് അത് ഇടവരുത്തുക.
ഭര്‍ത്താവില്‍ നിന്ന് കാത്ത് സൂക്ഷിക്കേണ്ട രഹസ്യങ്ങളില്‍ സുപ്രധാനമായത് പൂര്‍വകാല ബന്ധങ്ങള്‍ തന്നെയാണ്. വിശിഷ്യാ അവള്‍ അക്കാര്യത്തില്‍ പശ്ചാത്തപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരിക്കെ. കുട്ടിക്കാലത്ത് മണവാളനും മണവാട്ടിയും ചമഞ്ഞ് കളിച്ചതും, പഠനകാലത്ത് നടന്ന സ്പര്‍ശനങ്ങളും മറ്റും ഭര്‍ത്താവിന് മുന്നില്‍ വെളിപ്പെടുത്തേണ്ട കാര്യമില്ല.
ദമ്പതികള്‍ക്കിടയില്‍ സുതാര്യതയുണ്ടായിരിക്കണമെന്നത് നൂറ് ശതമാനം ശരി തന്നെയാണ്. എന്നാല്‍ സുതാര്യത എന്നതിനര്‍ഥം ഒരു കാലത്ത് നടന്ന, കഴിഞ്ഞ് പോയ സംഭവങ്ങള്‍ മാന്തിപ്പുറത്തെടുക്കുകയോ അതിന്റെ പേരില്‍ മനഃപ്രയാസം അനുഭവിക്കുകയോ ചെയ്യലല്ല.
- വിവാഹത്തിന് ശേഷം ഇണയുടെ സ്‌നേഹപ്രകടനത്തിന് മുന്നില്‍ കീഴടങ്ങുന്ന ഭാര്യ ആവലാതികളുടെയും സങ്കടങ്ങളുടെയും ഭാണ്ഡം അദ്ദേഹത്തിന് മുന്നില്‍ തുറന്ന് വെക്കുന്നു. ഭര്‍ത്താവ് കൂടെ നില്‍ക്കുമെന്നും, പിന്തുണക്കുമെന്നും, സമാശ്വസിപ്പിക്കുമെന്നും പ്രതീക്ഷിച്ചാണ് അത് ചെയ്യുന്നത്. മിക്കവാറും തന്റെ കുടുംബക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവരായിരിക്കും പരാതികളിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഈ സമീപനം ഭര്‍ത്താവിനെ തന്നിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന് അവള്‍ ധരിക്കുന്നു. സ്വകുടുംബത്തില്‍ നിന്ന് എത്ര തന്നെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നാലും അവരെക്കുറിച്ച് ഭര്‍ത്താവിനോട് മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. അവരെ പ്രശംസിക്കുകയും അവരോടുള്ള ബന്ധത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമാണ് വേണ്ടത്. എന്നാല്‍ മാത്രമെ ഭര്‍ത്താവിന് ഇണയുടെ കുടുംബത്തോട് ആദരവും ബഹുമാനവും ഉണ്ടായിരിക്കുകയുള്ളൂ.
- ഭര്‍ത്താവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇണ തന്റെ കുടുംബത്തോട് പങ്കുവെക്കാനോ വെളിപ്പെടുത്താനോ പാടില്ല. ദമ്പതികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ക്കിടയിലെ രഹസ്യങ്ങളായി തന്നെ അവശേഷിക്കുകയാണ് വേണ്ടത്. കുടുംബത്തില്‍ സന്തോഷകരമായ ദിനങ്ങളില്‍ അവരെ സന്ദര്‍ശിക്കുകയും തന്റെ ആദരവും സ്‌നേഹവും താല്‍പര്യവും അവര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയും ചെയ്യേണ്ടതാണ്.
- കുടുബംത്തിന് മുന്നില്‍ ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ നിരത്തിവെക്കാന്‍ ഭാര്യ ശ്രമിക്കരുത്. പരിഹരിക്കേണ്ട ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാവുന്ന സന്ദര്‍ഭത്തില്‍ മാത്രമെ ഇപ്രകാരം ചെയ്യാവൂ. അല്ലാത്ത സന്ദര്‍ഭത്തില്‍ ദാമ്പത്യ രഹസ്യങ്ങള്‍ സൂക്ഷിക്കുകയാണ് വേണ്ടത്. ജീവിതപങ്കാളിയെക്കുറിച്ച് നല്ലത് മാത്രം പറയുകയും പ്രശംസിക്കുകയും ചെയ്യുക. നിന്റെ കുടുംബം ഒരു പക്ഷേ കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനായി ശ്രമിച്ചേക്കാം. നിന്റെ മകനെയോ, മകളെയോ അവരുടെ മകളോ മകനോ വിവാഹം കഴിച്ചേക്കാം. ഭാവി ബന്ധത്തില്‍ ഗുരുതരമായ വിള്ളല്‍ സൃഷ്ടിക്കാന്‍ അത് വഴിവെച്ചേക്കും.
- ഭാര്യ തന്റെ സ്വന്തം വരുമാനത്തില്‍ നിന്നോ, മറ്റോ തന്റെ കുടുംബത്തെ സഹായിക്കുന്നുവെങ്കില്‍ അക്കാര്യം ഭര്‍ത്താവിനെ അറിയിക്കേണ്ടതില്ല. കാരണം ഭാര്യാകുടുംബത്തെ ചെറുതായി കാണാനോ, അവരേക്കാള്‍ മേന്മ നടിക്കാനോ അത് പ്രേരിപ്പിച്ചേക്കാം. ഇനി ഭര്‍ത്താവ് മഹത്തായ വ്യക്തിത്വത്തിന് ഉടമയാണെങ്കില്‍ സാഹചര്യത്തിന് അനുസരിച്ച് അക്കാര്യം അറിയിക്കാവുന്നതാണ്.
ഡോ. നാഇമഃ ഹാശിമി
Add Comment