വാരണാസി: മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ പുതിയ ന്യായീകരണവുമായി സര്‍വകലാ ശാലാ അധികൃതര്‍ രംഗത്തെത്തി. മധ്യകാല ചരിത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരുമെന്നും സഞ്ജയ് ലീല ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്നും പറഞ്ഞാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ സര്‍വകലാശാല എതിരിടുന്നത്.
ഇസ്‌ലാമിലെ ഹലാല എന്നു പറഞ്ഞാല്‍ എന്താണ് ?, അലാവുദീന്‍ ഖില്‍ജിയുടെ ഭരണ കാലത്ത് ഗോതമ്പിന്റെ വില എന്തായിരുന്നു, മുത്വലാഖും ഹലാലയും ഇസ്‌ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക തുടങ്ങിയ ചോദ്യങ്ങളാണ് എം.എ ഹിസ്റ്ററി ചോദ്യപേപ്പറിലുണ്ടായിരുന്നത്.
ഒരു സമുദായത്തെ അവഹേളിക്കാന്‍ സര്‍വകലാശാല ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണത്തിനു പിന്നാലെ വിവാദങ്ങളുണ്ടാക്കി തങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം ഇത്തരം കാര്യങ്ങള്‍ പഠിക്കുകയോ ചോദിക്കുകയോ ചെയ്തില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ചരിത്രം അറിയുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് ചരിത്രവിഭാഗം അധ്യാപകന്‍ പ്രൊഫ. രാജീവ് ശ്രീവാസ്തവ ചോദിക്കുന്നത്. മധ്യകാല ചരിത്രം പഠിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പഠിപ്പിക്കേണ്ടിവരും. ചരിത്രം വളച്ചൊടിക്കപ്പെടാവുന്നതാണ്. അതിനാല്‍ നാം അവരെ യഥാര്‍ഥ ചരിത്രം പഠിപ്പിക്കണം. അല്ലാതെ സഞ്ജയ് ലീലാ ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ മൗര്യസാമ്രാജ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന കൗടില്യന് ചരക്കു സേവന നികുതിയിലുള്ള നിലപാടെന്തെന്ന ചോദ്യം ഉള്‍പ്പെടുത്തിയതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വര്‍ഷം നടപ്പിലാക്കിയ ചരക്കുസേവന നികുതിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന കൗടില്യന്‍ അര്‍ഥശാസ്ത്രത്തില്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് ആലോചിച്ച് വിദ്യാര്‍ഥികള്‍ അന്തംവിട്ടിരുന്നു.
അതാത് വിഷയത്തിലെ വിദഗ്ധരെ കൊണ്ടാണ് ചോദ്യപ്പേപ്പര്‍ തയാറാക്കിയതെന്നാണ് അന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ആര്‍.പി സിംഗ് ന്യായീകരിച്ചിരുന്നത്.
ഇതിനു പിന്നാലെയാണ് ചരിത്ര പരീക്ഷയിലും വിവാദങ്ങളുയര്‍ത്തിയ ചോദ്യപേപ്പര്‍ തയാറാക്കിയത്. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല, അലിഗഡ് സര്‍വകലാശാല എന്നിവിടങ്ങളിലെ പരീക്ഷകളെക്കുറിച്ചും ചരിത്രാധ്യാപകന്‍ രാജിവ് ശ്രീവാസ്തവ വിമര്‍ശനം ഉന്നയിച്ചു.
Add Comment