Global

റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാന്‍ സൂകിയുടെ മേല്‍ സമ്മര്‍ദമേറുന്നു

ബാങ്കോക്ക്: മ്യാന്മറിലെ റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകളെ മ്യാന്മര്‍ പൗരന്മാരായി അംഗീകരിക്കാന്‍ ആംഗ് സാന്‍ സൂകിയുടെ മേല്‍ സമ്മര്‍ദമേറുന്നു. രാഷ്ട്രമില്ലാത്തവരും അഭയാര്‍ഥികളുമായ ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖ്യസംഘടനയായ സി ആര്‍ എസ് പി, തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന മ്യാന്മര്‍ രാഷ്ട്രീയ നേതാവായ സൂകിക്ക് മുന്നില്‍ ഇതുസംബന്ധിച്ച ആവശ്യമുന്നയിച്ചു. തായ്‌ലാന്‍ഡിലെ ഫോറിന്‍ കറസ്‌പോണ്ടന്റ് ക്ലബ്ലില്‍ വെച്ച് ഈ ആവശ്യം മുന്നോട്ടുവെക്കുന്ന പ്രസ്താവന സി ആര്‍ എസ് പി വായിച്ചു. എന്നാല്‍ കനത്ത സുരക്ഷയാണ് പോലീസ് ഇവിടെ ഒരുക്കിയിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും അവസരം ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് നിരവധി മാധ്യമപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

പൗരത്വം കൊടുക്കാനുള്ള ആവശ്യത്തിന് പുറമെ, 1982ലെ പൗരത്വ നിയമം പിന്‍വലിക്കാനും സംഘടന സൂകിയോട് ആവശ്യപ്പെട്ടു. ഗോത്ര ന്യൂനപക്ഷങ്ങള്‍ എന്ന ലിസ്റ്റില്‍ നിന്ന് റോഹിംഗ്യന്‍ വംശജരെ പുറത്താക്കുന്നതാണ് ഈ നിയമം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആംഗ് സാന്‍ സൂകി തായ്‌ലാന്‍ഡിലെത്തിയത്. സന്ദര്‍ശനത്തിനിടെ, മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ചും അഭയാര്‍ഥിപ്രവാഹത്തെ കുറിച്ചും അവര്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പ്രയൂത് ചാനുമായി സൂകി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അട്ടിമറിയിലൂടെ 2014 ല്‍ അധികാരത്തിലേറിയ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് പ്രയൂത് ചാന്‍.
അതേസമയം, തായ്‌ലാന്‍ഡില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിംഗ്യന്‍ വംശജരെ കുറിച്ച് ചര്‍ച്ചകള്‍ക്കൊന്നും സാധ്യതയില്ലെന്നാണ് സൂചന.
മ്യാന്മറില്‍ വര്‍ഷങ്ങളായി വംശീയ ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും കടുത്ത പീഡനങ്ങള്‍ക്കും ഇരയാകുന്നവരാണ് റോഹിംഗ്യന്‍ വംശജര്‍. ഇവരെ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കാന്‍ ഇതുവരെയും മ്യാന്മര്‍ തയ്യാറായിട്ടില്ല. സൂകിയുടെ പാര്‍ട്ടി അധികാരത്തിലേറിയതിന് ശേഷം ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അധികാരത്തിലേറിയ ശേഷം സൂകിയും ഈ കാര്യം അവഗണിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.

Topics