ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവി
റസൂല്‍ (സ)യുടെ ശരീഅത്തിന്റെ സവിശേഷതകള്‍ പഠിക്കാനുദ്ദേശിക്കുന്നവര്‍, ആദ്യമായി വേണ്ടത് തിരുമേനി നിയുക്തനായ നിരക്ഷരസമൂഹത്തിന്റെ അവസ്ഥകളെയും സ്ഥിതിഗതികളെയും സൂക്ഷ്മമായി അറിയാന്‍ ശ്രമിക്കുകയാണ്. രണ്ടാമതായി, പ്രവാചകന്‍ (സ) എങ്ങനെയാണ് സമൂഹത്തെ പറിഷ്‌കരിച്ചതെന്നും അതിനദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളും ലക്ഷ്യങ്ങളുമെന്തൊക്കെയായിരുന്നുവെന്നും അറിയണം. അതിന്റെ വക്രതകളും വൈകല്യങ്ങളും പരിഹരിച്ച് വെളിച്ചം പ്രസരിപ്പിക്കുന്നതിന് ഋജുവായ ഇബ്‌റാഹീമി മില്ലത്തുമായാണ് നബി(സ) നിയുക്തനായത്. അതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്: ‘നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മില്ലത്ത്'(അല്‍ഹജ്ജ് 78).
ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, ആ മില്ലത്തിന്റെ അടിസ്ഥാനങ്ങള്‍ ഇസ്‌ലാമികവും അതിന്റെ സാന്‍മാര്‍ഗികചര്യകള്‍ സ്ഥിരപ്പെട്ടതുമാണെന്ന് വരുന്നു. എന്തെന്നാല്‍ ഒരു പ്രവാചകന്‍ നിയുക്തനാകുന്ന ജനതയില്‍ ശരിയായ മാതൃകകളുടെ അംശങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെ മാറ്റി തല്‍സ്ഥാനത്ത് മറ്റൊന്നിനെ പ്രതിഷ്ഠിക്കുന്നതിലര്‍ഥമില്ല. അതിനവരുടെ ഹൃദയങ്ങള്‍ എളുപ്പത്തില്‍ വഴങ്ങിക്കാള്ളും.
ഇസ്മാഈല്‍ സന്തതികള്‍ അവരുടെ പിതാവായ ഇസ്മാഈല്‍ നബിയുടെ മാതൃകയാണ് പിന്തുടര്‍ന്നുവന്നത്. പിന്നീട് അംറുബ്‌നു ലുഹയ് ആ ശരീഅത്തില്‍ തന്റേതായ പല സംഗതികളും തിരുകിക്കയറ്റി സ്വയം വഴിതെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്തു. അയാള്‍ ബിംബാരാധനാസമ്പ്രദായം തുടങ്ങി. ഉദ്ദിഷ്ടകാര്യസാധ്യത്തിനുവേണ്ടി മൃഗങ്ങളെ കാതുകീറിയും അല്ലാതെയും ദൈവത്തിന്റെ പേരില്‍ ഉഴിഞ്ഞ് നേര്‍ച്ചയാക്കുന്ന ബഹീറഃ, സാഇബഃ തുടങ്ങിയ അനാചാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതോടെ, ദീനിന്റെ ചൈതന്യം ചോര്‍ന്നു. ശരിയും തെറ്റും കൂടിക്കലര്‍ന്നു. അജ്ഞതയും ബഹുദൈവപൂജയും ദൈവനിഷേധവും അവരില്‍ മേല്‍ക്കൈ നേടി.
ഈ സാഹചര്യത്തിലാണ് അവരിലെ വക്രതകളെയും വൈകല്യങ്ങളെയും പരിഹരിച്ച് നേരെയാക്കുന്നതിനുവേണ്ടി അല്ലാഹു പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിയോഗിച്ചത്. തിരുമേനി അവരുടെ ജീവിതക്രമങ്ങള്‍ പരിശോധിച്ചു അതില്‍ ഇസ്മാഈല്‍ നബിയുടെ മാതൃകയുമായി പൊരുത്തപ്പെടുന്നവയെ അതേപടി നിലനിര്‍ത്തി. വികലവും ബഹുദൈവത്വപരവും ദൈവനിഷേധപരവുമായ ചിഹ്നങ്ങളെ ദുര്‍ബലപ്പെടുത്തി.
ആചാരങ്ങളും ശീലങ്ങളുമായി ബന്ധപ്പെട്ടവയില്‍ അവയുടെ മര്യാദകളും അനഭിമതങ്ങളായ കാര്യങ്ങളും വ്യക്തമായി. അത്യാചാരങ്ങളെ നിരോധിച്ചു. ഉപേക്ഷിക്കപ്പെട്ട, അടിസ്ഥാനപരവും കര്‍മപരവുമായ പല കാര്യങ്ങളെയും വീണ്ടും പ്രയോഗത്തില്‍ കൊണ്ടുവന്നു. അങ്ങെ അല്ലാഹുവിന്റെ അനുഗ്രഹം പൂര്‍ത്തിയായി. ദൈവികദീന്‍ സമ്പൂര്‍ണമായി.
പ്രവാചകകാലഘട്ടത്തില്‍ അജ്ഞാനസമൂഹം പ്രവാചകനിയോഗത്തിന്റെ സാധുതയെ സമ്മതിക്കുകയായിരുന്നു. പാരത്രിക രക്ഷാ-ശിക്ഷകളെക്കുറിച്ച് അവര്‍ക്ക് ധാരണയുണ്ടായിരുന്നു. വിവിധ പുണ്യകര്‍മങ്ങളില്‍ അവര്‍ വിശ്വസിച്ചിരുന്നു. അതോടൊപ്പം തന്നെ അവരില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. അധര്‍മികളും മതനിഷേധികളും . ഇബ്‌റാഹീമി മില്ലത്തിന് വിരുദ്ധമായി, മൃഗീയചോദനകളാല്‍ പ്രേരിതരായി പ്രവര്‍ത്തിക്കുന്നവരായിരുന്നു അവര്‍. തങ്ങള്‍ അധര്‍മികളാണെന്നതിന് സ്വയം സാക്ഷ്യം വഹിക്കുംവിധമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. മതനിഷേധികളാവട്ടെ, യാഥാര്‍ഥ്യങ്ങളെ യഥാവിധി ഗ്രഹിക്കുന്നവരായിരുന്നില്ല. അവര്‍ പ്രവാചകനെ പിന്‍പിറ്റുകയോ പ്രവാചകനിര്‍ദേശങ്ങളെ അനുസരിക്കുകയോ ചെയ്തില്ല. സംശയാലുക്കളും പ്രമാണിമാരെ പേടിക്കുന്നവരുമായിരുന്നു. ഇവര്‍ മില്ലത്തില്‍നിന്ന് പുറത്തുപോയതുകൊണ്ട് ഒരു കോട്ടവും വരാനുണ്ടായിരുന്നില്ല.
രണ്ട് : അജ്ഞാനികളും അശ്രദ്ധരുമായിക്കഴിഞ്ഞിരുന്നവര്‍, അവര്‍ ദീനിനെ അല്‍പം പോലും പരിഗണനയിലെടുത്തില്ല. ദീര്‍ഘകാലമായി അവരില്‍ പ്രവാചകനിയോഗമുണ്ടായിരുന്നില്ല എന്നതായിരുന്നു അതിന് കാരണം. ഖുറൈശികളിലും അവരുടെ കൂട്ടാളികളിലും പെട്ട അധികമാളുകളും ഈ ഗണത്തില്‍പെട്ടവരായിരുന്നു. അല്ലാഹു അവരെ ഉദ്ദേശിച്ച് പറയുന്നു: ‘ഒരു മുന്നറിയിപ്പുകാരന്‍ വന്നിട്ടില്ലാത്ത ജനതക്ക് താങ്കള്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി'(അസ്സജദഃ 3)
എന്നാല്‍ ദൈവികനിര്‍ദേശങ്ങളും കല്‍പനകളും ബാധകമാകാതിരിക്കുമാറ് അവര്‍ അകന്നുപോയിരുന്നില്ല. ആകാശഭൂമികളുടെയും ഇതരജീവജാലങ്ങളുടെയും സൃഷ്ടി-സ്ഥിതിനിയന്ത്രണങ്ങളില്‍ അല്ലാഹുവിന് പങ്കുകാരില്ല എന്നവര്‍ വിശ്വസിച്ചിരുന്നു. അല്ലാഹു തീരുമാനിച്ച് വിധിച്ച ഒരു കാര്യം ആര്‍ക്കും തടയാനാകില്ല എന്നുമവര്‍ വിശ്വസിച്ചിരുന്നു. ‘ആകാശഭൂമികള്‍ സൃഷ്ടിച്ചവനാര് എന്ന് താങ്കളവരോട് ചോദിച്ചാല്‍ തീര്‍ച്ചയായുമവര്‍ പറയും അല്ലാഹുവാണെന്ന്'(ലുഖ്മാന്‍ 25).
‘അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരൊക്കെയും നിങ്ങളെ കൈവിട്ടുകളയുന്നു'(അല്‍ ഇസ്‌റാഅ് 67).
അതേസമയം, ഭൂമിയിലെ വളരെ ഗൗരവമേറിയതല്ലാത്ത കാര്യങ്ങളൊക്കെ നിയന്ത്രിച്ച് ഭരിച്ചുകൊണ്ടിരിക്കുന്നത് ചില മാലാഖമാരും ആത്മാക്കളുമാണെന്ന ദൈവനിഷേധപരമായ സങ്കല്‍പവും അവര്‍ക്കുണ്ടായിരുന്നു. രാജാധിരാജന്റെ മുന്നില്‍ രാജാക്കന്‍മാര്‍ക്കും സ്വേഛാധിപതിയായ ഭരണാധികാരിയുടെ മുമ്പില്‍ ശിപാര്‍ശകര്‍ക്കും ഉള്ള സ്ഥാനമാനങ്ങള്‍ ഈ മാലാഖമാര്‍ക്കും ആത്മാക്കള്‍ക്കും അവര്‍ വകവെച്ചുകൊടുത്തു. മാലാഖമാരെ കാര്യനിര്‍വഹണം ഏല്‍പിക്കുന്നതും ജനങ്ങളില്‍ ദൈവസാമീപ്യം സിദ്ധിച്ചവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുന്നതും സംബന്ധിച്ച് ദൈവികശരീഅത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതില്‍നിന്നാണ് നടേപറഞ്ഞ വിശ്വാസവ്യതിചലനങ്ങളുടെ തുടക്കം. അങ്ങനെ കാര്യങ്ങളൊക്കെ നിര്‍വഹിക്കുന്നത് മാലാഖമാരും ആത്മാക്കളുമാണ് എന്നവര്‍ ധരിച്ചുവശായി.
ഇതേപ്രകാരം, ദൈവത്തിന്റെ മഹത്ത്വത്തിന് നിരക്കാത്ത സംഗതികള്‍ അവനിലേക്ക് ചേര്‍ത്തുപറയാതിരിക്കുകയെന്നതും അവന്റെ നാമവിശേഷണങ്ങളെ നിഷേധിക്കാതിരിക്കുകയെന്നതും ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ പെട്ടതായിരുന്നു. എന്നാല്‍ , അല്ലാഹുവിന്റെ പെണ്‍മക്കളാണ് മാലാഖമാരെന്ന് അവര്‍ വാദിച്ചു. സൃഷ്ടികള്‍ക്ക് ആര്‍ജിക്കാനാവാത്ത അറിവ് ലഭ്യമാക്കുന്നതിനുള്ള മാധ്യമമായി അവര്‍ മലക്കുകളെ കരുതി. രാജാക്കന്‍മാരുടെ രഹസ്യങ്ങള്‍ ചാരന്‍മാര്‍ ചോര്‍ത്തിയെടുക്കുന്നതുപോലെ.
മില്ലത്തിന്റെ ഇസ്‌ലാമികമായ അടിസ്ഥാനങ്ങളില്‍ മറ്റൊന്ന് വിധിവിശ്വാസമായിരുന്നു. അതായത്, എല്ലാ സംഗതികളെയും സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ അല്ലാഹു അത് കണക്കാക്കിയിരുന്നു എന്ന വിശ്വാസം. ഹസന്‍ ബസ്വരിയുടെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ‘അജ്ഞാനസമൂഹം അവരുടെ പ്രസംഗങ്ങളിലും കവിതകളിലും വിധി(ഖദ്ര്‍)യെ പരാമര്‍ശിക്കാറുണ്ടായിരുന്നു. ശര്‍അ് അതിനെ ഒന്നുകൂടെ ഊന്നിപ്പറയുക മാത്രമേ ചെയ്തിട്ടുള്ളൂ’.
അല്ലാഹു അടിമകളുടെ മേല്‍ അവനുദ്ദേശിച്ചത് ബാധ്യതയാക്കിയെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അവനാണ് അനുവദനീയതയും നിഷിദ്ധതയും തീരുമാനിക്കുന്നത് അവന്‍ നന്‍മക്ക് നന്‍മയും തിന്‍മക്ക് തിന്‍മയും പ്രതിഫലം നല്‍കും. അല്ലാഹുവിന് അവന്‍ പ്രത്യേകസാമീപ്യം അനുവദിച്ചുനല്‍കിയ മലക്കുകളുമുണ്ട്. അവരാണ് അവന്റെ കല്‍പനാനിര്‍ദേശങ്ങളുടെയടിസ്ഥാനത്തില്‍ ലോകത്ത് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. അവര്‍ ‘അല്ലാഹു അവരോട് കല്‍പിക്കുന്നതിനെ ധിക്കരിക്കുന്നവരല്ല, കല്‍പിക്കപ്പെടുന്നവ നിര്‍വഹിക്കുന്നവരാണ്'(അത്തഹ്‌രീം 6).
അവര്‍ ആഹരിക്കുന്നില്ല.പാനം ചെയ്യുന്നില്ല, വിസര്‍ജിക്കുന്നില്ല, വിവാഹം ചെയ്യുന്നില്ല.ചിലപ്പോള്‍ അവര്‍ ശ്രേഷ്ഠരായ മനുഷ്യര്‍ക്കുമുന്നില്‍ പ്രത്യക്ഷമായി അവരെ സന്തോഷവാര്‍ത്തയറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയുംചെയ്യും. അതായത്, ചിലപ്പോള്‍ അല്ലാഹു തന്റെ അടിമകളില്‍നിന്ന് ഒരാളെ അവരിലേക്ക് തന്നെ നിയോഗിക്കും. എന്നിട്ടദ്ദേഹത്തിന് ദിവ്യബോധനം നല്‍കുന്നു. അതുമായി മലക്ക് അദ്ദേഹത്തിനടുത്തേക്ക് ഇറങ്ങിവരും. ആ പ്രവാചകന്‍ അവര്‍ക്ക് ദൈവികശാസനകള്‍ നിര്‍ബന്ധമാക്കും. അതവര്‍ അനിവാര്യമായും അനുസരിക്കേണ്ടതുണ്ട്.
ജാഹിലിയ്യാ കവിതകളില്‍ അത്യുന്നതസഭ (മലക്കുകള്‍)യെക്കുറിച്ചും സിംഹാസനവാഹകരെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ധാരാളം കാണാം. ഉമയ്യത്ബ്‌നു അബിസ്വല്‍ത്തിന്റെ രണ്ടുവരി കവിത സത്യമാണെന്ന് നബി പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസ് ഇങ്ങനെ ഉദ്ധരിക്കുന്നു:
‘അല്ലാഹുവിന്റെ സിംഹാസനത്തിന്റെ വാഹകരായ മലക്കുകളും, മനുഷ്യരിലെയും മൃഗങ്ങളിലെയും അല്ലാഹുവിന്റെ സവിധത്തിലെ ശിപാര്‍ശകരും സര്‍വശക്തനായ ദൈവത്തിന്റെ ശക്തിക്കും ആധിപത്യത്തിനും വിധേയരാണ്.’ ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: ‘അദ്ദേഹം പറഞ്ഞത് സത്യമാണ്.’
തുടര്‍ന്ന് ഉമയ്യ ഇങ്ങനെ പാടി: ‘ഓരോ രാത്രി അവസാനിക്കുമ്പോഴും ചുവപ്പുവര്‍ണത്തോടും പീതവര്‍ണത്തോടും കൂടി സൂര്യന്‍ ഉദിച്ചുയരുന്നു. സ്വയം സന്നദ്ധയായല്ല, പ്രത്യുത പ്രഹരശിക്ഷയേറ്റുവാങ്ങിയാണ് അത് ഉദിക്കുന്നത്. അതായത്, അത് അതിന്റെ സ്രഷ്ടാവിന്റെ കല്‍പനയ്ക്ക് വിധേയമാണ്.’
അല്ലാഹുവിന്റെ സിംഹാസനം (അര്‍ശ്) വഹിക്കുന്നത് നാലു മലക്കുകളാണെന്നാണ് അജ്ഞാനസമൂഹം വാദിച്ചിരുന്നത്. അവരില്‍ ഒരാള്‍ മനുഷ്യരൂപത്തിലാണ്. അല്ലാഹുവിന്റെ സവിധത്തില്‍ മനുഷ്യര്‍ക്കുവേണ്ടി ശിപാര്‍ശചെയ്യുക അയാളാണ്. മറ്റൊരാള്‍ കാളയുടെ രൂപത്തിലാണ്. മൃഗങ്ങളുടെ ശിപാര്‍ശകനാണ്. മൂന്നാമന്‍ പരുന്തിന്റെ രൂപത്തിലാണ്. അയാള്‍ പക്ഷികളുടെ ശിപാര്‍ശകനാണ്. സിംഹരൂപിയായ നാലാമന്‍ വന്യജീവികളുടെ ശിപാര്‍ശകനാണ്.
ഏകദേശം ഇതുപോലെത്തന്നെ ശര്‍ഇലും വന്നിരിക്കുന്നു. ‘ആ ദിവസം അവര്‍ക്കുമീതെ നിന്റെ റബ്ബിന്റെ സിംഹാസനം ചുമക്കുക ഏഴുപേരായിരിക്കും'(അല്‍ ഹാഖഃ എന്ന സൂക്തം ഉദാഹരണം. . ഈ സംഗതികളൊക്കെയും ജാഹിലീ സമൂഹത്തിന് പരിചിതങ്ങളായിരുന്നു. ഇതില്‍ സംശയം തോന്നുന്നവര്‍ക്ക് ഖുര്‍ആനികശൈലികളില്‍നിന്നുതന്നെ ഈ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കഴിയും. യഥാര്‍ഥ വിജ്ഞാനത്തില്‍നിന്ന് നിങ്ങളുടെയടുത്ത് അവശേഷിക്കുന്നതിനെ തന്നെയാണ് അല്ലാഹു ആ സമൂഹത്തിനെതിരെ തെളിവായുദ്ധരിക്കുന്നത്. അതുമുഖേനയാണ് അവര്‍ പിന്നീട് കടത്തിക്കൂട്ടിയ സന്ദേഹങ്ങളെയും തെറ്റുധാരണകളെയും അല്ലാഹു തുറന്നുകാണിക്കുന്നത്. ഉദാഹരണത്തിന് , അവര്‍ ഖുര്‍ആന്റെ അവതരണത്തെ നിഷേധിച്ചപ്പോള്‍ അല്ലാഹു ചോദിക്കുന്നത് കാണുക: ‘പ്രവാചകരേ, ചോദിക്കുക: ആരാണ് മസാ കൊണ്ടുവന്ന ഗ്രന്ഥം അവതരിപ്പിച്ചത്'(അല്‍അന്‍ആം 91).
അതുപോലെ, ‘ഇതെന്ത് പ്രവാചകനാണ്? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയുംചെയ്യുന്നുണ്ടല്ലോ ‘(അല്‍ഫുര്‍ഖാന്‍ 7) എന്ന് പറഞ്ഞ് അത്ഭുതം കൂറിയപ്പോള്‍ അല്ലാഹു പറഞ്ഞു: ‘പ്രവാചകരേ, പറയുക, ഞാനൊരു പുതുമയുള്ള ദൈവദൂതനല്ല'(അല്‍ അഹ്ഖാഫ് 9)
ഇതിനോട് സദൃശ്യമായ വേറെയും ഉദാഹരണങ്ങളുണ്ട്. ഇതില്‍നിന്ന് വ്യക്തമാകുന്നത് , ബഹുദൈവവിശ്വാസികള്‍ നേര്‍പാതയില്‍നിന്ന് അകന്നുപോയിരുന്നുവെങ്കിലും അവരുടെയടുത്ത് അവശേഷിച്ചിരുന്ന അറിവുമുഖേനത്തന്നെ അവര്‍ക്കെതിരില്‍ ഹുജ്ജത്ത് (തെളിവ്, ന്യായം) സ്ഥാപിതമായിരുന്നുവെന്നാണ്. ആസമൂഹത്തിലെ വിജ്ഞാനികളായ ഖുസ്സുബ്‌നു സാഇദഃ, സൈദുബ്‌നു അംറുബ്‌നു നുഫൈല്‍ എന്നിവരുടെ പ്രസംഗങ്ങളും അംറുബ്‌നു ലുഹയ്യിന് മുമ്പുള്ളവരുടെ നിവേദനങ്ങളും പരിശോധിച്ചാല്‍ ഈ യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാകും. അവരുടെ നിവേദനങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന മറ്റൊരു കാര്യം അവരിലെ തത്ത്വജ്ഞാനികളും വിജ്ഞാനികളും പാരത്രികജീവിതത്തിലും മരണാനന്തരം വിചാരണയിലും വിശ്വസിച്ചിരുന്നുവെന്നാണ്. ഉദാഹരണത്തിന് സുഹൈറുബ്‌നു അബീ സല്‍മാ, ആമിറുബ്‌നു ളര്‍ബ് (പ്രസംഗകനായ ഇദ്ദേഹം മദ്യവിരോധിയുമായിരുന്നു), അബ്ദുല്ലാഹിബ്‌നു തഗ്‌ലബ്, വബ്‌റ ഇബ്‌നു ഖുദാഅഃ, അലാന്‍ ഇബ്‌നു ശിഹാബിത്തമീമി(ഇവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരുന്നു). ചുരുക്കത്തില്‍, ഖുര്‍ആന്‍ പില്‍ക്കാലത്ത് നിഷിദ്ധമാക്കിയ പലതും അറബികള്‍ നേരത്തേതന്നെ സ്വയം നിഷിദ്ധമാക്കിയിരുന്നു. തൗഹീദിനെ അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ അവര്‍ പരിചയപ്പെടുത്തിയിരുന്നതായും കാണാം. സൈദുബ്‌നു അംറുബ്‌നു നുഫൈലിന്റെ കവിതാശകലം നോക്കുക:
ഒരു ദൈവത്തിനോ, അതോ സഹസ്രം ദൈവത്തിനോ ഞാന്‍ വണങ്ങേണ്ടൂ..?
ലാത്തയെയും ഉസ്സയെയും ഞാന്‍ വെടിഞ്ഞിരിക്കുന്നു..
ഉള്‍ക്കാഴ്ചയുള്ളവന്‍ അപ്രകാരമാണ് ചെയ്യുക.
ഉമയ്യത്ബ്‌നു അബിസ്സ്വല്‍തിനെ ക്കുറിച്ച് നബിതിരുമേനി (സ) പറഞ്ഞു: ‘അദ്ദേഹത്തിന്റെ കവിത വിശ്വാസിയായിരിക്കുന്നു. ഹൃദയം ഇനിയും വിശ്വസിച്ചിട്ടില്ല’. ഇവ ഇസ്മാഈല്‍ നബിയുടെ മാര്‍ഗത്തില്‍നിന്ന് അവര്‍ക്ക് പൈതൃകമായി ലഭിച്ചതും വേദക്കാരില്‍നിന്ന് അവരില്‍ കടന്നുകൂടിയതുമാണ്. മനുഷ്യന്റെ പൂര്‍ണത അവന്‍ തന്റെ നാഥന് സ്വയം സമര്‍പ്പിക്കുന്നതിലും കഴിവിന്റെ പരമാവധി അവന് വഴിപ്പെടുന്നതിലുമാണെന്ന് അവര്‍ക്കിടയില്‍ സുവിദിതമായിരുന്നു.
ഇബാദത്തിന്റെ അധ്യായങ്ങളില്‍പെട്ടതാണ് ത്വഹാറത്ത്(ശുദ്ധി) ലൈംഗികബന്ധത്തിലൂടെയോ അല്ലാതെയോ ഇന്ദ്രിയസ്ഖലനമുണ്ടായാല്‍ അവര്‍ കുളിച്ച് ശുദ്ധിയായിരുന്നു. അതുപോലെ ചേലാകര്‍മവും ഇതരപ്രകൃതിചര്യകളും (നഖംമുറിക്കുക, കക്ഷത്തെയും ഗുഹ്യഭാഗത്തെയും രോമം നീക്കുക മുതലായവ) അവരില്‍ നടപ്പുണ്ടായിരുന്നു. ചേലാകര്‍മം ഇബ്‌റാഹീമിനും സന്തതികള്‍ക്കും അല്ലാഹു അടയാളമായി നിശ്ചയിച്ചതാണെന്ന് തൗറാത്തില്‍ കാണാം. ജൂതന്‍മാരും അഗ്നിയാരാധകരും മറ്റും അംഗശുദ്ധി വരുത്തിയിരിക്കുന്നു. അറബികളിലെ വിജ്ഞാനികളും അങ്ങനെ ചെയ്തിരുന്നു. അവര്‍ക്ക് പരിചയമുള്ള ആരാധനയായിരുന്നു നമസ്‌കാരം. നബിതിരുമേനി (സ)യുമായി ബന്ധം സ്ഥാപിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പുതന്നെ അബൂദര്‍റ്(റ) നമസ്‌കരിച്ചിരുന്നു. ഖുസ്സുബ്‌നു സാഇദഃ അല്‍ അയാദിയും നമസ്‌കരിച്ചിരുന്നു. ജൂതന്‍മാരുടെയും അഗ്നിപൂജകരുടെയും അറബികളുടെയും മറ്റും നമസ്‌കാരരൂപം സാഷ്ടാംഗപ്രണാമവും പ്രാര്‍ഥനാവചനങ്ങള്‍ പോലെയുള്ള ചില പ്രവൃത്തികളുമായിരുന്നു. സകാത്തും അവര്‍ക്ക് പരിചിതമായിരുന്നു. അതിഥിസല്‍ക്കാരം, വഴിയാത്രക്കാരെയും ദുര്‍ബലരെയും അഗതികളെയും സഹായിക്കല്‍, ചാര്‍ച്ച ചേര്‍ക്കല്‍, വിപത്സന്ധികളില്‍ സഹായമേകല്‍ തുടങ്ങിയവയായിരുന്നു അവരിലെ സകാത്തിന്റെ പ്രായോഗികരൂപങ്ങള്‍. അതുമുഖേന അവര്‍ പ്രശംസിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ പൂര്‍ണതയും സൗഭാഗ്യവും ഇത്തരം കാര്യങ്ങളിലാണെന്നവര്‍ മനസ്സിലാക്കിയിരുന്നു. ഖദീജ (റ) പറഞ്ഞ വാക്കുകള്‍ അതിന് തെളിവാണ്: ‘അല്ലാഹുവാണ, അവനൊരിക്കലും താങ്കളെ കൈവിടുകയില്ല. കാരണം,താങ്കള്‍ ചാര്‍ച്ചയെ ചേര്‍ക്കുന്നു. അതിഥികളെ സല്‍കരിക്കുന്നു. ദുര്‍ബലന്റെ ഭാരം താങ്ങുന്നു. വിപത്ഘട്ടങ്ങളില്‍ സഹായിക്കുന്നു.’ അബൂബക്ര്‍ സിദ്ദീഖ് (റ) നടോ് ഇബ്‌നു ദുഗ്നഃ പറഞ്ഞതും ഇതുതന്നെയായിരുന്നു.
അതുപോലെ പ്രഭാതം മുതല്‍ പ്രദോഷം വരെ വ്രതമനുഷ്ഠിക്കുന്ന പതിവും അവരിലുണ്ടായിരുന്നു. ഖുറൈശികള്‍ ജാഹിലിയ്യാ കാലത്തുതന്നെ ആശൂറാവ്രതം അനുഷ്ഠിച്ചിരുന്നു. ഇഅ്തികാഫ് അഥവാ ഭജനമിരിക്കുക എന്ന ആരാധനയും അറബികളിലുണ്ടായിരുന്നു. ഉമര്‍(റ), ജാഹിലിയ്യാകാലത്ത് ഒരു രാത്രി ഇഅ്തികാഫ് ഇരിക്കല്‍ നേര്‍ച്ചയാക്കിയിരുന്നു. മുസ്‌ലിമായ ശേഷം അതിനെക്കുറിച്ചദ്ദേഹം നബി(സ)യോട് അതെക്കുറിച്ച് വിധിതേടുകയുണ്ടായി. ആസ്വബ്‌നു വാഇല്‍ തനിക്കുവേണ്ടി ഇത്ര അടിമകളെ മോചിപ്പിക്കണമെന്ന് വസ്വിയ്യത് ചെയ്തിരുന്നു.
ചുരുക്കത്തില്‍ , അജ്ഞാനസമൂഹം വിവിധയിനം ആരാധനാവഴിപാടുകള്‍ അനുഷ്ഠിച്ചിരുന്നു. ദൈവഗേഹത്തില്‍ പോയി ഹജ്ജ് ചെയ്തിരുന്നതും ദൈവികചിഹ്നങ്ങളെയും ആദരണീയമാസങ്ങളെയും മഹത്ത്വപ്പെടുത്തിയിരുന്നതും മറ്റും വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. അവര്‍ക്ക് പ്രാര്‍ഥനാമന്ത്രങ്ങളുടെ വ്യത്യസ്തരീതികളുണ്ടായിരുന്നു. അതിലവര്‍ ശിര്‍ക്കിന്റെ രൂപങ്ങള്‍ സന്നിവേശിപ്പിച്ചു. കാലികളെ കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥാനങ്ങളില്‍ അറുക്കുന്നതായിരുന്നു അവരുടെ ചര്യ. ശ്വാസം മുട്ടിച്ചോ വയറുകീറിയോ കൊല്ലുമായിരുന്നില്ല.
അഭൗതികമായ അറിവുകള്‍ക്ക് അവര്‍ അവലംബിച്ചിരുന്നത് സ്വപ്‌നദര്‍ശനങ്ങളെയും മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെയും സുവിശേഷങ്ങളെയുമായിരുന്നു. ജ്യോത്സ്യം, പ്രശ്‌നംവെക്കല്‍, നാട്ടക്കുറി തുടങ്ങിയവ പിന്നീടാണതില്‍ കടന്നുകൂടിയത്. അടിസ്ഥാനപരമായി ഇത് ഇബ്‌റാഹീമി മില്ലത്തില്‍ പെട്ടതല്ല എന്നവര്‍ക്ക് അറിയാമായിരുന്നു. കൈകളില്‍ പ്രശ്‌നാസ്ത്രങ്ങള്‍ പിടിച്ചുള്ള ഇബ്‌റാഹീം , ഇസ്മാഈല്‍ പ്രവാചകന്‍മാരുടെ പ്രതിമകള്‍ കണ്ടപ്പോള്‍ നബി(സ) പറഞ്ഞ വാക്കുകള്‍ അതിന് തെളിവാണ്:’അവര്‍ രണ്ടുപേരും ഒരിക്കല്‍പോലും പ്രശ്‌നാസ്ത്രപ്രയോഗം നടത്തിയിട്ടില്ലെന്ന് ഇവര്‍ക്ക് അറിയാമല്ലോ?’.ഇസ്മാഈല്‍ സന്തതികള്‍ അംറുബ്‌നു ലുഹയ്യിന്റെ ആഗമനം വരെയും തങ്ങളുടെ പിതാവിന്റെ മാതൃക തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. (പ്രവാചകനിയോഗത്തിന് ഏകദേശം ഏഴുന്നൂറ് വര്‍ഷം മുമ്പാണ് അംറുബ്‌നു ലുഹയ്യ് ജനിച്ചത്.)
ജാഹിലിയ്യഃ അറബികള്‍ക്ക് വ്യക്തമായ പ്രവാചകമാതൃകകളുണ്ടായിരുന്നു. അന്നപാനീയങ്ങള്‍, വസ്ത്രം, സദ്യ, സല്‍ക്കാരം, ആഘോഷങ്ങള്‍, ശവസംസ്‌കാരം, വിവാഹം, വിവാഹമോചനം, ഇദ്ദാചരണം, ദുഃഖാചരണം, കച്ചവടങ്ങള്‍, ഇടപാടുകള്‍ മുതലായവയിലെല്ലാം ആ പ്രവാചകചര്യകള്‍ കൈവെടിയുന്നതിനെ അവര്‍ ആക്ഷേപാര്‍ഹമായി മനസ്സിലാക്കിയിരുന്നു.
പുത്രിമാര്‍, മാതാക്കള്‍, സഹോദരിമാര്‍ തുടങ്ങിയവരെ വിവാഹം ചെയ്യുന്നത് അവര്‍ നിഷിദ്ധമാക്കിയിരുന്നു. അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ അവരില്‍ വിലക്കുകളുണ്ടായിരുന്നു. പ്രതിക്രിയ, പ്രായശ്ചിത്തധനം, വ്യഭിചാരം, മോഷണം തുടങ്ങിയവക്കുള്ള ശിക്ഷകള്‍ തുടങ്ങിയവ അതില്‍പെട്ടതാണ്. കാലക്രമേണ അവരില്‍ അധര്‍മവും അനീതിയും കൊള്ളയും കടന്നുകൂടി. വ്യഭിചാരവും അധാര്‍മികവിവാഹബന്ധങ്ങളും പലിശയും സര്‍വവ്യാപിയായി. അവര്‍ നമസ്‌കാരവും ദൈവസ്മരണയും കൈവെടിഞ്ഞു. ഈയവസ്ഥയിലാണ് അവരില്‍ നബി(സ) നിയുക്തനായത്.
പ്രവാചകന്‍ അവരുടെയടുത്തുള്ള സകലകാര്യങ്ങളും മനസ്സിലാക്കി. അവരില്‍ അവശേഷിച്ച ഇബ്‌റാഹീമി മില്ലത്തിന്റെ ശരിയായ അംശങ്ങളെ നിലനിര്‍ത്തി. ആരാധനകള്‍ സമയബന്ധിതങ്ങളാക്കി. അവയുടെ കാരണങ്ങളും നിബന്ധനകളും നിര്‍ബന്ധഘടകങ്ങളും വിശദമാക്കി നിര്‍വചിച്ചു. പിന്നീട് അവയ്ക്ക് ശിക്ഷാവിധികളും താക്കീതുകളും പ്രായശ്ചിത്തങ്ങളും നിശ്ചയിച്ചു. പ്രോത്സാഹനങ്ങളും താക്കീതുകളും നല്‍കി. പാപങ്ങള്‍ കടന്നുവരാവുന്ന മാര്‍ഗങ്ങളെ തടഞ്ഞു. നന്‍മയുടെ പൂര്‍ണതക്കുതകുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ ദീനിനെ ജനങ്ങള്‍ക്ക് എളുപ്പമാക്കിക്കൊടുത്തു.
ദുഷിച്ച ആചാരങ്ങളെ വിലക്കി. ജനങ്ങളെ അതില്‍നിന്ന് തടഞ്ഞു. അല്ലാഹുവിന്റെ ഖലീഫഃ എന്ന ഉത്തരവാദിത്വം നിര്‍വഹിച്ചു. തന്നോടൊപ്പം അണിനിരന്നവരെ കൂട്ടി ജിഹാദ് ചെയ്തു. അങ്ങനെ ശത്രുക്കളുടെ വെറുപ്പ് നിലനില്‍ക്കെ അല്ലാഹുവിന്റെ ദീന്‍ പൂര്‍ത്തിയായി. ഹദീഥില്‍ വന്നിരിക്കുന്നു: ‘ലളിതവും ഋജുവും പ്രശോഭമാനവുമായ മില്ലത്തുമായാണ് ഞാന്‍ നിയോഗിതനായത്.’
ലളിതമെന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പുരോഹിതന്‍മാര്‍ കെട്ടിയുണ്ടാക്കിയതുപോലുള്ള പ്രയാസകരമായ ആരാധനാരീതികളില്ലാത്തത് എന്നാണ്. ശക്തനും ദുര്‍ബലനും തൊഴിലുള്ളവനും തൊഴില്‍ രഹിതനും നിര്‍വഹിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പഴുതുകളും ഇളവുകളുമുള്ളതാണ് ഈ മില്ലത്ത്.
ഋജുവാണ് എന്നതുകൊണ്ടുദ്ദേശിച്ചത് ഇത് ഇബ്‌റാഹീം നബി(അ)യുടെ മില്ലത്താണെന്നാണ്. അത് ദൈവികചിഹ്നങ്ങളെ സ്ഥാപിക്കുകയും ശിര്‍ക്കന്‍ ചിഹ്നങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു വക്രീകരണങ്ങളെയും ദുഷിച്ച ആചാരങ്ങളെയും ഇല്ലാതാക്കുന്നു.
പ്രശോഭിതം എന്നതുകൊണ്ടര്‍ഥമാക്കുന്നത് അതിന്റെ ന്യായങ്ങളും യുക്തികളും ഉദ്ദേശ്യലക്ഷ്യങ്ങളും സുവ്യക്തമാണെന്നാണ്. സുബുദ്ധിയും ആലോചനാശേഷിയുമുള്ളവര്‍ക്ക് അതിലൊരു സന്ദേഹവുമുണ്ടാകാന്‍ പഴുതില്ല.
Add Comment