ഖുര്‍ആന്‍-Q&A

നാശം വിതക്കുന്ന രാജാക്കന്‍മാര്‍

ചോദ്യം:രാജാക്കന്‍മാര്‍ ഒരു നഗരത്തില്‍ പ്രവേശിച്ചാല്‍ അവരതിനെ തകര്‍ത്തുകളയും അവിടെ പ്രതാപത്തോടെ ജീവിക്കുന്ന ആളുകളെ നിന്ദ്യരാക്കുകയും ചെയ്യും; അതാണവരുടെ പതിവ്” എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനം നല്‍കാമോ?

ഉത്തരം : ചിലയാളുകള്‍ ഈ സൂക്തത്തെ തെറ്റായിമനസ്സിലാക്കുന്നു. ഒരു നാട്ടില്‍ ഏതൊരു ചക്രവര്‍ത്തി പ്രവേശിച്ചാലും അതില്‍ നാശം വിതക്കുകയും തദ്ദേശവാസികളെ നിന്ദ്ര്യരാക്കുകയും ചെയ്യും എന്നാണീ സൂക്തത്തിന്റെ അര്‍ഥമെന്നാണ് അവരുടെ ധാരണ. ഇതു ശരിയല്ല.
അന്നംല് അധ്യായത്തില്‍. സബഇലെ രാജ്ഞിയായ ബല്‍ഖീസിന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഈ സൂക്തം. ഹുദ്ഹുദ് സുലൈമാന്‍ നബിയെ സമീപിച്ച് ബല്‍ഖീസിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ”അവരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു. എല്ലാ വിഭവങ്ങളും അവള്‍ക്ക് ലഭിച്ചിരിക്കുന്നു. ഒരു വന്‍ സിംഹാസനമുണ്ടവര്‍ക്ക്.” ഇത് കേട്ട് സുലൈമാന്‍ നബി ബല്‍ഖീസിന് ഒരെഴുത്തയച്ചു. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു: ‘പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തില്‍, ”നിങ്ങള്‍ എന്നെ കീഴ്‌പ്പെടുത്തുവാന്‍ നോക്കേണ്ട. എനിക്ക് കീഴടങ്ങിക്കൊണ്ട് എന്റെ അടുക്കലേക്ക് വരുക.” കത്തുവായിച്ച ബല്‍ഖീസ് തന്റെ ആളുകളെ വിളിച്ചുകൂട്ടി പറഞ്ഞു: ”നിങ്ങള്‍ സന്നിഹിതരാവാതെ ഞാന്‍ ഒരു കാര്യവും തീരുമാനിക്കുന്നതല്ല.” അവര്‍ പറഞ്ഞു: ”രാജാക്കന്‍മാര്‍ ഒരു നഗരത്തില്‍ പ്രവേശിച്ചാല്‍ അവരതിനെ തകര്‍ത്തുകളയും. അവിടെ പ്രതാപത്തോടെ ജീവിക്കുന്ന ആളുകളെ നിന്ദ്യരാക്കുകയും ചെയ്യും. അതാണവരുടെ പതിവ്!”
ഈ വാക്യം ബല്‍ഖീസിന്റെ ഒരഭിപ്രായം എന്ന നിലയിലുദ്ധരിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. അന്യരാജാക്കന്‍മാര്‍ അതിക്രമികളും ജേതാക്കളുമായി ഏതൊരു നാട്ടില്‍ പ്രവേശിച്ചാലും ഉള്ള ഫലം സ്വന്തം ജനതക്ക് വിവരിച്ചുകൊടുക്കുകയാണവര്‍. യഥാര്‍ഥത്തില്‍ ഏത് നാട്ടിലും ഏതു സാമ്രാജ്യശക്തിയും ചെയ്യുന്നതിതുതന്നെ. സാമ്രാജ്യമോഹികളുടെ സ്വഭാവമാണിത്. എല്ലാ രാജാക്കന്‍മാരും അവര്‍ പ്രവേശിക്കുന്ന നാടുകളിലൊക്കെ അനിവാര്യമായി ഇത് ചെയ്യും എന്ന് ഇതിനര്‍ഥമില്ല. ബല്‍ഖീസ് തന്നെയും ഒരു ചക്രവര്‍ത്തിയാണല്ലോ. ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യമാക്കി, നാടുപിടിച്ചെടുക്കാനെത്തുന്നവര്‍ ജേതാക്കളായിത്തീരുമ്പോള്‍ ഇങ്ങനെ ചെയ്യുമെന്നേ ഉദ്ദേശ്യമുള്ളൂ.
രാജാധിപത്യം നന്‍മയും തിന്‍മയും കൈവരുത്താം. ആധിപത്യം നല്ലവരും സുകൃതികളുമായവരുടെ കൈകളിലാകുമ്പോള്‍ അത് നന്‍മ കൈവരുത്തുന്നു. ദുഷ്ടരും ക്രൂരരുമായ രാജാക്കന്‍മാരാകട്ടെ നാശം വിതക്കുന്നു. രാജാധിപത്യം അവരുടെ കൈകളില്‍ നാശത്തിന്റെയും കുഴപ്പത്തിന്റെയും ഉപകരണമായി മാറുന്നു. രണ്ടുതരം രാജാക്കന്‍മാരെയും ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്.
ത്വാലൂത്ത് രാജാവിനെപ്പറ്റി അല്ലാഹു പറയുന്നു: ”അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂത്തിനെ രാജാവായി വാഴിച്ചു തന്നിരിക്കുന്നു.” അവര്‍ ചോദിച്ചു: ”അയാള്‍ക്ക് എങ്ങനെ ഞങ്ങളുടെമേല്‍ ആധിപത്യം നല്‍കും; അയാളേക്കാള്‍ അതിനര്‍ഹരായവര്‍ ഞങ്ങളല്ലയോ? അയാള്‍ക്ക് സാമ്പത്തിക ശേഷിയില്ലല്ലോ?”അല്ലാഹു പറഞ്ഞു:”നിങ്ങളുടെമേല്‍ ആധിപത്യം വാഴുന്നതിനായി അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും അദ്ദേഹത്തിന് വൈജ്ഞാനികവും ശാരീരികവുമായ ശേഷി കൂടുതലായി നല്‍കുകയും ചെയ്തിരിക്കുന്നു.”
ദാവൂദ് രാജാവിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ അനുമതിയോടെ അവര്‍ അവരെ തോല്‍പ്പിച്ചു. ദാവൂദ് ജാലൂത്തിനെ വധിച്ചു. അല്ലാഹു അദ്ദേഹത്തിന് ആധിപത്യവും തത്വജ്ഞാനവും നല്‍കി. അവനിഛിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന് വിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തു.”
”അല്ലാഹുവേ എനിക്ക് പൊറുത്തുതരികയും എനിക്കുശേഷം മാറ്റാര്‍ക്കും അധീതപ്പെടുത്തുക എളുപ്പമല്ലാത്ത ഒരാധിപത്യം പ്രദാനം ചെയ്യുകയും ചെയ്യേണമേ!” എന്ന് പ്രാര്‍ഥിച്ച സുലൈമാന്‍ നബിയെയും ”അല്ലാഹുവേ! നീ എനിക്ക് ആധിപത്യം നല്‍കി; സ്വപ്നവ്യാഖ്യാനം പഠിപ്പിച്ചുതരികയും ചെയ്തു.” എന്ന് കൃതജ്ഞതയോടെ സ്മരിക്കുന്ന യൂസുഫ് നബിയെയും ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മറ്റൊരു ചക്രവര്‍ത്തിയാണ് ദുല്‍ഖര്‍നൈന്‍: ” നാം അദ്ദേഹത്തിന് ഭൂമിയില്‍ ആധിപത്യം പ്രധാനം ചെയ്തു. എല്ലാ വിഭവ സാമഗ്രികളും നല്‍കി അങ്ങനെയദ്ദേഹം പര്യടത്തിനിറങ്ങി.” പശ്ചിമ പൗരസ്ത്യ ദിക്കുകളില്‍ ദിഗ്വിജയം കരസ്ഥമാക്കുകയും വന്‍മതില്‍ പണികഴിപ്പിക്കുകയും ചെയ്ത ഈ ചക്രവര്‍ത്തി പറഞ്ഞതെന്തെന്നോ: ”എന്റെ നാഥന്‍ എനിക്ക് നല്‍കിയതൊക്കെത്തന്നെ ധാരാളം! നിങ്ങളെന്നെ അധ്വാന ശക്തികൊണ്ട് സഹായിക്കുവിന്‍!” മതില്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: ”ഇതെന്റെ നാഥന്റെ കാരുണ്യമാകുന്നു. എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്തസമയം വരുമ്പോള്‍ അവന്‍ അതിനെ തകര്‍ത്തു നിരപ്പാക്കിക്കളയും.”
ഒരു ചക്രവര്‍ത്തിയോ രാഷ്ട്രത്തലവനോ നല്ലവനായിത്തീരുന്ന പക്ഷം അയാള്‍ ജനങ്ങളില്‍വെച്ച് അതിശേഷ്ഠനായിരിക്കും. ഒരു തിരുവചനത്തില്‍ ഇങ്ങനെയുണ്ട്: ”നീതിമാനായ ഭരണാധികാരിയുടെ ഒരു ദിവസം അറുപത് വര്‍ഷത്തെ ആരാധനയെക്കാള്‍ ശ്രേഷ്ഠമാണ്.” കാരണം, അയാള്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുകയും ജനങ്ങളുടെ ദുരിതങ്ങള്‍ അകറ്റുകയും അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുകയും ചെയ്യുന്നു. അയാള്‍ അറുപതുവര്‍ഷം ആരാധനാ നിരതനായി കഴിച്ചുകൂട്ടുന്ന പക്ഷം അയാള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല.
സുകൃതികളായ ഇത്തരം ഭരണാധികാരികളുടെ മറുചേരിയേയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. നംറൂദ് ഒരുദാഹരണം. ”അല്ലാഹു ആധിപത്യം നല്‍കി എന്നതുകൊണ്ട് ഇബ്രാഹീമിനോട് സ്വന്തം നാഥന്റെ കാര്യത്തില്‍ കുതര്‍ക്കം നടത്തിയവനെ നീ കണ്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. നംറൂദ് പറഞ്ഞു: ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഇബ്‌റാഹീം പറഞ്ഞു: ‘അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. താങ്കളതിനെ പടിഞ്ഞാറുനിന്നുദിപ്പിച്ചാട്ടെ! അപ്പോള്‍ ആ നിഷേധി ഉത്തരം മുട്ടി. അതിക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നതല്ല.”
അക്രമിയും അഹങ്കാരിയുമായ ഫിര്‍ഔന്‍: ”അവന്‍ ജനങ്ങളെ വിളിച്ചുകൂട്ടി. എന്നിട്ട് പ്രഖ്യാപിച്ചു: ഞാന്‍ നിങ്ങളുടെ പരമോന്നതനായ നാഥനാകുന്നു.” ഫിര്‍ഔന്‍ അതാവര്‍ത്തിച്ചു: ”നേതാക്കളേ! ഞാനല്ലാത്ത ഒരാരാധ്യന്‍ നിങ്ങള്‍ക്കുള്ളതായി എനിക്കറിഞ്ഞുകൂടാ.” ഈ പൊങ്ങച്ചത്തിനും അക്രമപരമായ നിലപാടിനും ഉള്ള കാരണവും ഖുര്‍ആന്‍ വിശദമാക്കുന്നു: ”ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ എന്റെ താഴ്ഭാഗത്തുകൂടയല്ലേ ഒഴുകുന്നത്. നിങ്ങള്‍ കാണുന്നില്ലേ?”
അല്‍കഹ്ഫ് അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു രാജാവും ഈ ഇനത്തില്‍പ്പെടുന്നതുതന്നെ. ജനങ്ങളുടെ ധനം അന്യായമായി പിടിച്ചെടുക്കുന്ന രാജാവായിരുന്നു അത്. ”എല്ലാ കപ്പലുകളും അതിക്രമമായി പിടിച്ചെടുക്കുന്ന രാജാവുണ്ടായിരുന്നു അവര്‍ക്കുപിന്നില്‍!” ഇത്തരം രാജാക്കന്‍മാര്‍ ശപ്തരാണ്.
എന്നാല്‍, രാജാധിപത്യമോ ഭരണാധികാരമോ സ്വയം ഒരു തിന്‍മയല്ല. സുകൃതവാനായ ഒരു ഭരണാധികാരിക്ക് ആധിപത്യം നന്‍മയായി ഭവിക്കുന്നു. സമ്പന്നരെക്കുറിച്ച് തിരുമേനി പറയുകയുണ്ടായി: ”സുകൃതവാനായ മനുഷ്യന് ഉത്തമധനം എത്ര നല്ലതാണ്!” അതുപോലെ നമുക്കും പറയാം: ‘സുകൃതവാനായ മനുഷ്യന് ഉത്തമമായ ഭരണാധികാരം എത്ര നല്ലത്?”
പക്ഷേ, ദുഷിച്ച മനുഷ്യരുടെ കൈകളില്‍ അതും ദുഷിക്കുന്നു. ജീവിതത്തിലുടനീളം അത് അയാളുടെ കയ്യില്‍ തിന്‍മയുടെയും ദ്രോഹത്തിന്റെയും ഉപകരണമായി വര്‍ത്തിക്കുന്നു. ഇത്രയുമാണ് ചോദ്യകര്‍ത്താവ് എടുത്തുദ്ധരിച്ച വിശുദ്ധ സൂക്തത്തിന്റെ വ്യാഖ്യാനമായി നമുക്ക് മനസ്സിലാവുന്നത്. അല്ലാഹുവത്രേ കൂടുതല്‍ അറിയുന്നവന്‍.

Topics