മാതാപിതാക്കള്‍

അഭയമാണ് ചിറകുകള്‍

ചിറകുകളാണ് പക്ഷികളുടെ അതിജീവന രഹസ്യം. പക്ഷികളുടെ ചിറകുകള്‍ ഒരു ശാസ്ത്ര വിസ്മയമാണ്. മുമ്പോട്ടും പിറകോട്ടും വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞും മലര്‍ന്നുമൊക്കെ
പറക്കാന്‍ പക്ഷികളെ സഹായിക്കുന്നത് ചിറകുകളാണ്. ആകാശത്ത് പറന്നു നടക്കാന്‍ മോഹിച്ച മനുഷ്യന്റെ ബുദ്ധിയില്‍ വിമാനമെന്ന ആശയമുദിപ്പിച്ചത് വിഹായസ്സില്‍ വട്ടമിട്ടു പറക്കുന്ന പക്ഷികളും
അവയുടെ ചിറകുകളുമാണ്. പറക്കാന്‍ മാത്രമല്ല, ചിറകുകള്‍.

തള്ളപ്പക്ഷിയുടെ ചിറകുകള്‍ അതിന്റെ കുഞ്ഞുങ്ങള്‍ക്ക് അഭയമാണ്. സുരക്ഷാകവചമാണ്. റാഞ്ചിയെടുക്കാന്‍ തക്കം പാര്‍ത്തു വരുന്ന കാക്കകളില്‍ നിന്നും കഴുകന്മാരില്‍ നിന്നുമുള്ള കവചം. സാന്ത്വനത്തെയും ചലനാത്മകതയെയും ജൈവ സാന്നിധ്യത്തെയുമെല്ലാം അഭിവ്യഞ്ജിപ്പിക്കുന്നുണ്ട് ചിറകുകള്‍. ഭാവനയ്ക്ക് ചിറകു മുളക്കുന്നു എന്ന് പറയുമ്പോഴും സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു എന്ന്
സൂചിപ്പിക്കുമ്പോഴും നമുക്കീ അര്‍ഥഭേദങ്ങള്‍ മനസ്സിലാവും. ചിറകൊടിഞ്ഞാല്‍ പക്ഷികള്‍ക്ക് പിന്നെ പറക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ചിറകാണ് പക്ഷി.
ചിറകൊടിഞ്ഞാലും സ്‌നേഹം പകര്‍ന്നു പക്ഷിയെ പറക്കാന്‍ സഹായിക്കാമെന്ന് കവികള്‍ പാടിയിട്ടുണ്ട്:

‘ ചിറകുകള്‍ വീണു
പോയ പക്ഷികളെ
നിങ്ങള്‍ പറക്കാതിരിക്കരുതെ
വീണു പോയ ചിറകുകള്‍ക്ക്
പകരമാം സൗഹൃദ
ച്ചിറകുകള്‍ തന്നിടാം ‘

എന്നൊരു കവിതയുണ്ട്.

സൗഹൃദത്തിന്റെ ചിറകുകള്‍.

വലുപ്പം കൊണ്ട് ഒട്ടകപ്പക്ഷി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് വരുന്നത് എമുവാണ്. ആസ്‌ട്രേലിയയിലാണ് സാധാരണയായി എമുവിനെ കണ്ടുവരുന്നത്. മുട്ടകള്‍ക്ക് അടയിരിക്കുന്നത് ആണ്‍ എമുവാണ്.
55 ദിവസം വേണ്ടിവരും മുട്ടകള്‍ വിരിയാന്‍. ഈ കാലയളവില്‍ പെണ്‍പക്ഷി എങ്ങോട്ടോ അപ്രത്യക്ഷമാകും. പുതിയൊരിണയെ കണ്ടെത്തി അതിനോടൊപ്പം ജീവിതവുമാരംഭിക്കും. അപ്പോഴും ആണ്‍പക്ഷി
മുട്ടക്ക് അടയിരിക്കുകയായിരിക്കും. ഭക്ഷണം തേടാന്‍ പോലും പുറത്തു പോകില്ല. വിശപ്പും ദാഹവും സഹിച്ച് അടയിരിക്കുക എന്ന ജൈവധര്‍മം മുറുകെപ്പിടിച്ചു അത് കൂട്ടില്‍ തന്നെ കഴിയും. മുട്ടകള്‍ വിരിയുന്നതു വരെ. മുട്ടകള്‍ വിരിഞ്ഞാലോ പിന്നെ, കുഞ്ഞുങ്ങളോടൊപ്പമായിരിക്കും സദാസമയവും. അവ സ്വന്തം കാര്യം നോക്കാനാവുന്നതു വരെ. ചിറകുകള്‍ കൊണ്ട് ചൂടും കുളിരും സുരക്ഷയും സുഖസ്പര്‍ശവും എല്ലാം നല്‍കി ആണ്‍പക്ഷി കുഞ്ഞുങ്ങളോടൊപ്പം ജീവിക്കും. അതെ, അമ്മയെപ്പോലെ അച്ഛന്‍. അച്ഛനും അമ്മയുടെ സ്‌നേഹ സാന്ത്വനമാകാന്‍ കഴിയും എന്ന് പഠിപ്പിച്ചു കൊണ്ട്. എന്തൊരു സ്‌നേഹവായ്പ്! കാരുണ്യത്തിന്റെ കരുതല്‍! സ്‌നേഹവും കാരുണ്യവും കവചമായി മാറുന്ന എത്ര ഹൃദ്യമായ ദൃശ്യം!

ശൈശവവും വാര്‍ധക്യവും ജീവിതത്തിലെ രണ്ടു ഘട്ടങ്ങളാണ്. ശൈശവമില്ലാതെ ആര്‍ക്കും വളരാനാവില്ല. എന്നാല്‍ എല്ലാവരും വാര്‍ധക്യത്തിലെത്തണമെന്നുമില്ല. ശൈശവവും വാര്‍ദ്ധക്യവും തമ്മില്‍ സമാനതകളുണ്ട്. വൈരുധ്യങ്ങളും. ശൈശവത്തിന്റെ ആവശ്യങ്ങള്‍ മുതിര്‍ന്നവര്‍ ഏറ്റെടുക്കും. വൃദ്ധന്‍മാരുടെ ആവശ്യങ്ങള്‍ പ്രായം കുറഞ്ഞവര്‍ ശ്രദ്ധിക്കണമെന്നു പോലുമില്ല. കരയുന്ന കുഞ്ഞിനെ
ഓടിച്ചെന്നു എടുത്തു ഓമനിക്കും. പ്രായം ചെന്നവര്‍ അണക്കുകയോ കിതക്കുകയോ വിതുമ്പുകയോ വീഴുകയോ ചെയ്താല്‍ തിരിഞ്ഞു നോക്കാന്‍ ആരുമുണ്ടായെന്നു വരില്ല.

കാഴ്ചക്കുറവും കേള്‍വിക്കമ്മിയും ഭാഷണ വൈകല്യവും ഓര്‍മത്തെറ്റും ശക്തിക്ഷയവും രോഗപീഢയും എല്ലാം ചേര്‍ന്ന് നിസ്സഹായതയിലാത്തിയ വൃദ്ധരോട് അവരെ സംരക്ഷിക്കേണ്ടവര്‍ക്ക് കാരുണ്യവും
വിനയവും വിധേയത്വവും തോന്നിയില്ലെങ്കില്‍ പിന്നെയെന്താവും അവരുടെ ഗതി!! കൊവിഡ്-19 പിടിച്ചു യൂറോപ്പില്‍ മരണപ്പെടുന്നവരില്‍ പകുതിയിലേറെയും വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരാണ് എന്ന്
ലോകാരോഗ്യ സംഘടന വ്യക്തമാക്കുമ്പോള്‍ വാര്‍ധക്യത്തിന്റെ നിസ്സഹായത എത്ര ബീഭല്‍സമാണ് എന്ന് നമുക്ക് ബോധ്യമാകും. മക്കളോ ബന്ധുക്കളോ ഇല്ലാത്തവരാകില്ല തീര്‍ച്ചയായും ഈ വൃദ്ധര്‍.
മാതാപിതാക്കളെ പരിചരിക്കാന്‍ മക്കള്‍ക്ക് നേരമുണ്ടാകില്ല. അതുകൊണ്ടാവും അവരെ വൃദ്ധക്കൂടാരങ്ങളിലാക്കിയത്.

പ്രായം ചെന്ന മാതാപിതാക്കളോട് വേണ്ടത് കാരുണ്യമാണ്. കാരുണ്യത്തില്‍ നിന്ന് തളിരിടുന്ന വിനയമാണ്. ആ കാരുണ്യത്തില്‍ നിന്നും വിനയത്തില്‍ നിന്നും മുളച്ചു വരുന്ന ചിറകുകള്‍ താഴ്ത്തി ക്കൊടുക്കുമ്പോഴേ വാര്‍ധക്യത്തിന്റെ വേദനകളലിയു. ആ ചിറകുകളിലാണ് യഥാര്‍ത്ഥത്തില്‍ വാര്‍ധക്യത്തിന്റെ കവചം. സുരക്ഷ. ഖുര്‍ആന്റെ പരാമര്‍ശം എത്ര ചിന്തോദ്ദീപകമാണ്!
‘നീ അവര്‍ രണ്ടുപേര്‍ക്കും കാരുണ്യത്തില്‍ നിന്നുള്ള വിനയച്ചിറകുകള്‍ താഴ്ത്തിക്കൊടുക്കുക’ ( അധ്യായം 17 സൂക്തം 24).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്

Topics