ചില മാതാക്കള്‍ക്ക് തങ്ങളുടെ ഉദ്യോഗമോ, തീര്‍ത്താല്‍ തീരാത്ത ഗൃഹജോലികളോ കാരണം തങ്ങളുടെ ക്ഷമ നഷ്ടപ്പെടാറുണ്ട്. തങ്ങള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ങ്ങളൊക്കെയും മക്കളോട് ദേഷ്യപ്പെട്ട് തീര്‍ക്കുകയാണ് അവര്‍ ചെയ്യാറ്. ചിലപ്പോഴവര്‍ മക്കളോട് അട്ടഹസിക്കുകയോ, അവരെ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്നു. മാതാവിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ അവര്‍ അങ്ങേയറ്റം സ്‌നേഹിക്കുന്ന സന്താനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ആത്മനിന്ദ പേറുന്നവരാക്കുകയും ചെയ്യുന്നു. തന്റെ മാതാവിന്റെ അപരിചിതമായ പെരുമാറ്റത്തിന് പിന്നിലെ രഹസ്യങ്ങളെക്കുറിച്ചോ, നിഗൂഢതകളെക്കുറിച്ചോ മനസ്സിലാക്കാനുള്ള പക്വത കുഞ്ഞുങ്ങള്‍ക്കില്ലല്ലോ. താന്‍ അന്യായമായാണ് കോപിച്ചതെന്ന് തിരിച്ചറിയുന്ന മാതാവ് തന്റെ പ്രവൃത്തിയില്‍ ഖേദിക്കുകയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.
നാം രാത്രിയില്‍ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഒരു പക്ഷേ മക്കള്‍ ഹോം വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാവില്ല. നാമവരെ ടെലിവിഷന്‍ കാണുന്നതില്‍ നിന്ന് വിലക്കുന്നു. വസ്ത്രം അടുക്കിവെക്കുകയോ, അതെടുത്ത് അലമാരിയില്‍ വെക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നാം വിലക്കുന്നു. ചെറിയ, നിസ്സാരമായ വീഴ്ചകളുടെ പേരില്‍ നാം എത്രയാണ് അവരെ ശിക്ഷിച്ച് കൊണ്ടേയിരിക്കുന്നത്?
തന്റെ ഗൃഹജോലികള്‍ ആഗ്രഹിച്ച രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിലെ അരിശമാണ് മാതാക്കളുടെ അധിക രോഷപ്രകടനങ്ങളിലും പ്രതിഫലിച്ചു കാണാറുള്ളത്. തനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളുടെ കടിഞ്ഞാണ്‍ തന്റെ കയ്യിലാണെന്ന് അവര്‍ കരുതുന്നു. തന്റെ കോപങ്ങളും ശകാരങ്ങളും ചൊരിയാന്‍ ഏറ്റവുമെളുപ്പം കുട്ടികളുടെ മേലാണല്ലോ. എന്നാല്‍ ഈ സമീപനം കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കാനും, അവരെ അപകര്‍ഷതാ ബോധത്തിന് അടിപ്പെടുത്താനുമാണ് വഴിവെക്കുകയെന്ന് ഭൂരിപക്ഷം മാതാക്കളും മനസ്സിലാക്കുന്നില്ല.
കോപം ശമിച്ചുകഴിഞ്ഞാല്‍ മകള്‍/ മകന്‍ തന്റെ ശിക്ഷക്ക് അര്‍ഹനായിരുന്നില്ലെന്ന് തിരിച്ചറിയുമ്പോള്‍ അവരുടെ അടുക്കല്‍ ചേര്‍ന്നിരുന്ന് സംസാരിക്കാനും കുറ്റസമ്മതം നടത്താനും മാതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. ആ ക്ഷമാപണം പരിധി ലംഘിക്കുകയോ, രംഗം നാടകരൂപത്തിലേക്ക് ഹാസ്യാത്മകമാവുകയോ ചെയ്യരുത്. ഇപ്രകാരമുള്ള കുറ്റസമ്മതം മാതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ്.
ഏതെല്ലാം കാര്യങ്ങള്‍ക്ക് കുഞ്ഞുങ്ങളെ ശിക്ഷിക്കാം, ശിക്ഷിക്കരുത് എന്നിവയെ സംബന്ധിച്ച കൃത്യമായ ധാരണ മാതാക്കള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. എങ്കില്‍ അവരെ ശിക്ഷിച്ച് ഖേദിക്കുന്നതും അവരോട് മാപ്പുപറയുന്നതും ഒഴിവാക്കാം.
എന്റെ മകള്‍ എന്നെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്, പക്ഷേ അവള്‍ വളരെ പതുക്കെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പറയുന്ന മാതാക്കളുണ്ട്. നമ്മുടെ പക്വതയും, വേഗതയും അനുഭവസമ്പത്തും വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളില്‍ കാണണമെന്ന് ശഠിക്കുന്നത് തീര്‍ത്തും അവിവേകമാണ്. എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അത് നിര്‍വഹിക്കാന്‍ മതിയായ സമയം അവര്‍ക്ക് കൊടുക്കാതിരിക്കുന്നത് തീര്‍ത്തും തെറ്റാണ്. കാരണം മാതാക്കള്‍ ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്ന സന്താനങ്ങള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരാകുകയും ദുര്‍ബലമനസ്‌കരാവുകയുംചെയ്യും.
സന്താനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അവരോട് കല്‍പിക്കരുത്. മറിച്ച്, ഒഴിവ് സമയം ലഭിക്കുമ്പോള്‍ മാതാക്കള്‍ മുന്‍കയ്യെടുത്ത് അവരെ അത്തരം കാര്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വഹിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്.
സന്താനങ്ങളുടെ അനുസരണക്കേടിനെ മുഖത്തടിച്ച് ശരിയാക്കാന്‍ ശ്രമിക്കുന്ന മാതാക്കള്‍ നമുക്കിടയിലുണ്ട്. ചെറിയ രീതിയിലുള്ള അടികള്‍ക്ക് പോസിറ്റീവായ ഫലമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. പക്ഷേ അടിയെ സംസ്‌കരണമുറയായി സ്വീകരിക്കുന്നത് ശരിയായ സമീപനമല്ല. അനിവാര്യ സന്ദര്‍ഭങ്ങളില്‍പോലും വളരെ ചെറിയ രീതിയില്‍ കയ്യിലാണ് അടിക്കേണ്ടത്. അതുപോലും തീര്‍ത്തും ഒഴിവാക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ മാത്രം. ശകാരങ്ങളില്‍ നിന്നും അടിയിലേക്കുള്ള മാറ്റം മാതാവിനും കുഞ്ഞിനും ഇടയിലെ പ്രതിസന്ധി മൂര്‍ഛിച്ചതിന്റെ തെളിവാണ്.
സാധ്യമാംവിധം ശാന്തമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. ശരീരത്തെ മാനിക്കാനും പ്രതിരോധിക്കാനും സന്താനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയെന്നതാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം. എന്നാല്‍ അതിന് പകരം നാം അവരെ അടിക്കുമ്പോള്‍ അവര്‍ക്ക് ആത്മനിന്ദ അനുഭവപ്പെടുകയാണ് ചെയ്യുക. മാത്രമല്ല, ഓരോ പ്രഹരത്തിനുമൊടുവില്‍ അവരതിനോട് രാജിയാവുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ ‘തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ലെന്ന’ ചിന്താഗതിയുള്ളവരായി മാറുന്നത് അങ്ങനെയാണ്.
നസ്മ അമല്‍
Add Comment