ഖുര്‍ആന്‍-Q&A

ഖുര്‍ആന്‍ ആധുനിക ലിപിയില്‍ എഴുതാമോ?

ചോദ്യം: എന്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ സാധാരണ ലിപിയില്‍ അച്ചടിക്കാത്തത്? വായിക്കാന്‍ അതല്ലേ സൗകര്യം? വിദ്യാര്‍ഥികള്‍ക്ക് പാരായണം ചെയ്യാനും മനഃപാഠമാക്കാനും എഴുതാനുമെല്ലാം അതാണല്ലോ എളുപ്പം. അങ്ങനെ ചെയ്യുന്നത് ശര്‍ഇന് വിരുദ്ധമാണോ? വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനിടയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ സാധാരണ ലിപിയില്‍ ബോര്‍ഡില്‍ എഴുതാമോ?

ഉത്തരം: ഈ സമുദായത്തിന്റെ വേദഗ്രന്ഥമായ, ശാശ്വതവും അമാനുഷികവുമായ വിശുദ്ധഖുര്‍ആന്റെ പ്രത്യേകത അതിന്റെ സുരക്ഷിതത്വം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു എന്നതാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്.” (അല്‍ഹിജ്ര്‍: 9)
ഈ ഗ്രന്ഥം സുരക്ഷിതമാണ്. മറ്റു ഗ്രന്ഥങ്ങളെ അതിന്റെ വാഹകരോട് സംരക്ഷിക്കാന്‍ പറഞ്ഞതുപോലെ ഈ ഗ്രന്ഥത്തെ സംരക്ഷിക്കാന്‍ അല്ലാഹു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. അതിന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കാന്‍ അല്ലാഹു ജനങ്ങള്‍ക്ക് വിട്ടുകൊടുത്തിട്ടുമില്ല. മറിച്ച്, ഈ ഗ്രന്ഥത്തെ സംരക്ഷിക്കാനുള്ള ബാധ്യത അവന്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. കാരണം, അത് മനുഷ്യലോകത്തിനാകമാനമുള്ള അല്ലാഹുവിന്റെ അവസാനത്തെ ഉദ്‌ബോധനമാണ്. അത് അവസാനത്തെ വേദഗ്രന്ഥമാണ്; അവസാനത്തെ സമുദായത്തിന് അവസാനത്തെ പ്രവാചകന്‍ മുഖേന അവതരിച്ച വേദഗ്രന്ഥമാണ്.
അതിന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തപ്പോള്‍ അതിനുള്ള ഉപാധികളും അവന്‍തന്നെ നിശ്ചയിച്ചു.ഈ ഗ്രന്ഥം തിരുമേനിയുടെ കാലം മുതല്‍ ഇന്നുവരെയും, തുടര്‍ന്ന് അന്ത്യനാള്‍ വരെയും കൈമാറി വരുന്നു. എന്നത് അതിലൊന്നാണ്. അത് തലമുറകളിലേക്ക് കൈമാറി വരുന്നു; മുതിര്‍ന്നവരും കുട്ടികളും അത് മനഃപാഠമാക്കുന്നു; അതിലെ ഓരോ വാക്കും ഓരോ അക്ഷരവും അവതരിച്ചപോലെ പാരായണം ചെയ്യുന്നു. അതിലെ നീട്ടലും കുറക്കലും ഹര്‍ക്കത്തുകളും എല്ലാം ശ്രദ്ധിച്ചു പാരായണം ചെയ്യുന്നു. അത് അതിന്റെ അക്ഷരത്തിലും അര്‍ഥത്തിലും പാരമ്പര്യം നിലനിര്‍ത്തുന്നു. മറ്റു മതഗ്രന്ഥങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത സവിശേഷതയാണിത്.
അതേപോലെ സ്വഹാബികളുടെ കാലം മുതല്‍ ഖുര്‍ആനിന്റെ ലിപി സംരക്ഷിച്ചുപോരാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക് തോന്നിച്ചു. അതിനാല്‍ അതില്‍ മാറ്റം വരുത്തുകയോ ലിപിയുടെ രൂപം മാറ്റുകയോ ചെയ്തില്ല. അക്കാര്യത്തില്‍ അവര്‍ അതീവ ശ്രദ്ധ കാണിച്ചു. ഈ ഗ്രന്ഥം സ്വഹാബികളുടെ കാലത്ത് എഴുതിയത് പോലെ മുസ്‌ലിംകള്‍ പാരായണം ചെയ്തുപോന്നു. ഖലീഫ ഉഥ്മാന്റെ കാലത്താണ് അതിന്റെ പകര്‍പ്പുകള്‍ എടുത്തത്. അതുകൊണ്ടതിന് ‘മുസ്ഹഫു ഉഥ്മാന്‍’ (ഉഥ്മാന്‍ മുസ്ഹഫ്) എന്ന് പേരുവന്നു. അതിന്റെ ലിപിക്ക് ‘റസ്മുല്‍ ഉഥ്മാനി’ (ഉഥ്മാനീ ലിപി) എന്നും പേരുവന്നു. ഈ മുസ്ഹഫ് സ്വഹാബികളുടെ സന്നിധിയില്‍ വെച്ചാണ് പകര്‍ത്തി എഴുതിയത്. അവരത് വായിച്ചുകേള്‍ക്കുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
കാലപ്പഴക്കത്തില്‍ എഴുത്തിന്റെ രൂപവും ലിപിയുടെ നിയമവും മാറി. എങ്കിലും മുസ്‌ലിംകള്‍ ഇന്നേവരെ ‘റസ്മുല്‍ ഉഥ്മാനി’ മാറ്റാന്‍ ധൈര്യപ്പെട്ടില്ല. ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നത് നേരാണ്. നേരത്തെ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ക്ക് പുള്ളിയുണ്ടാക്കി. ആദ്യം എഴുത്തിന് ഹര്‍ക്കത്തുകള്‍ (സ്വരഛിഹ്നങ്ങള്‍) ഉണ്ടായിരുന്നില്ല. അതുണ്ടാക്കി. എങ്കിലും വാക്കുകളുടെ രൂപം പഴയതുപോലെ നിലനിര്‍ത്തി. അതല്ലാതെയുള്ള ഖുര്‍ആന്‍ കൈയെഴുത്ത് മറ്റു സാധാരാണ ഗ്രന്ഥങ്ങളിലേതുപോലെ മാറ്റാന്‍ അവര്‍ ധൈര്യം കാണിച്ചില്ല. അവര്‍ പുള്ളിയും ഹര്‍ക്കത്തും അധികരിപ്പിച്ചു.
പാരായണം എളുപ്പമാകാന്‍ ഖുര്‍ആന്‍ ആധുനിക ലിപിയില്‍ എഴുതണമെന്നു വാദിക്കുന്നവരുണ്ടിക്കാലത്ത്. തങ്ങള്‍ സാധാരണ വായിക്കുന്ന പുസ്തകങ്ങളില്‍നിന്ന് ഖുര്‍ആനിന്റെ ലിപി വ്യത്യസ്തമാവരുത് എന്നാണവരുടെ വാദം. അവര്‍ക്കതിന് ന്യായങ്ങളുണ്ട്.
പക്ഷേ, അധികപേരും (ഞാനും അക്കൂട്ടത്തില്‍ പെടുന്നു)മുസ്ഹഫിന്റെ ലിപി അതിന്റെ പാരമ്പര്യ ലിപിയോടുകൂടിയും അത് ആദ്യം എഴുതിയ രീതിയിലും നിലനില്‍ക്കണമെന്ന അഭിപ്രായക്കാരാണ്. ഈ ദൈവിക ഗ്രന്ഥം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഉല്‍ക്കടമായ താല്‍പര്യം നിമിത്തമാണത്. ഖുര്‍ആന്‍ അവതരിച്ച അതേപടിയാണ് പാരായണം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. മുഹമ്മദ് നബി(സ) തന്റെ സ്വഹാബിമാര്‍ക്ക് ഓതിക്കേള്‍പ്പിച്ചപോലെ; ജിബ്‌രീല്‍ നബിക്ക് ഓതിക്കേള്‍പ്പിച്ചപോലെയും. അപ്പോള്‍ ഒരാള്‍ക്കും അത് കൂട്ടാനോ കുറക്കാനോ മാറ്റം വരുത്താനോ കഴിയുകയില്ല. മുസ്ഹഫിന്റെ ലിപിയെക്കുറിച്ച പൊതുവായ അഭിപ്രായമാണത്.
എന്നാല്‍, മറ്റൊരു പുസ്തകത്തില്‍ പ്രമാണമായി ഉദ്ധരിക്കാന്‍ ഖുര്‍ആനില്‍നിന്ന് ചില സൂക്തങ്ങള്‍ എടുക്കുന്നു; അല്ലെങ്കില്‍ ഖുര്‍ആന്‍ ബോര്‍ഡില്‍ എഴുതുന്നു. അപ്പോഴൊക്കെ അത് ആധുനിക ലിപിയില്‍ എഴുതുന്നതിന് വിരോധമില്ല. പഠിക്കാന്‍ എളുപ്പമാകുന്നതിന് വേണ്ടിയാകുമ്പോള്‍ അതിന് കുഴപ്പമില്ല. അതോടൊപ്പം ചില വാക്കുകള്‍ എഴുതുന്നതില്‍ ഖുര്‍ആന് പ്രത്യേക രീതിയുണ്ടെന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുകയും വേണം. അവര്‍ക്ക് അതിനെക്കുറിച്ച് ധാരണയുണ്ടാകണം. അപ്പോള്‍ അവര്‍ക്ക് ചെയ്യുമ്പോള്‍ പിഴവ് പറ്റുകയില്ല. അതിന്റെ പാരായണം ഇബാദത്താണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്യുന്നതിന് പത്ത് പുണ്യംചെയ്ത പ്രതിഫലമുണ്ട്.

Topics