ഖുര്‍ആന്‍-- വിമര്‍ശനങ്ങള്‍

ഖുര്‍ആന്‍ വാക്യങ്ങളില്‍ വൈരുധ്യമോ ?

ചോദ്യം: “കാര്യങ്ങളെല്ലാം നടക്കുക ദൈവവിധിയനുസരിച്ചാണെന്ന് കാണിക്കുന്ന കുറേ ഖുര്‍ആന്‍ വാക്യങ്ങളും മനുഷ്യകര്‍മങ്ങള്‍ക്കനുസൃതമായ ഫലമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങളും  ഉദ്ധരിക്കപ്പെടുന്നു. വിധിവിശ്വാസത്തെ സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ പരസ്പര വൈരുധ്യമുണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത് ?”

വിധിവിശ്വാസത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളില്‍ ഒരുവിധ വൈരുധ്യവുമില്ല. മാത്രമല്ല, അവ പരസ്പരം വ്യാഖ്യാനിക്കുന്നവയും വിശദീകരിക്കുന്നവയുമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നല്ല നിലയില്‍ ഉയര്‍ന്ന നിലവാരത്തോടെ അച്ചടക്കപൂര്‍ണമായി നടത്തപ്പെടുന്ന ഒരു മാതൃകാവിദ്യാലയം. സമര്‍ഥനായ പ്രധാനാധ്യാപകന്‍. ആത്മാര്‍ഥതയുള്ള സഹപ്രവര്‍ത്തകര്‍. യോഗ്യരായ വിദ്യാര്‍ഥികള്‍.

കുട്ടികളുടെ കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍. അങ്ങനെ എല്ലാവരും വിദ്യാലയത്തിന്റെ നന്മയിലും ഉയര്‍ച്ചയിലും നിര്‍ണായകമായ പങ്കുവഹിക്കുന്നു. സ്ഥാപനം നന്നാവുകയെന്ന സംഭവത്തിനു പിന്നില്‍ ഒന്നിലേറെ കാരണങ്ങളും നിരവധി ഘടകങ്ങളുമുണ്ടെന്നര്‍ഥം. ഇത്തരമൊരവസ്ഥയില്‍ വിദ്യാലയം മാതൃകായോഗ്യമാകാന്‍ കാരണം പ്രധാനാധ്യാപകനാണെന്നു പറയാം. അധ്യാപകരാണെന്നും വിദ്യാര്‍ഥികളാണെന്നും രക്ഷിതാക്കളാണെന്നുമൊക്കെ പറയാം. ഇതിലേതു പറഞ്ഞാലും കളവാകില്ല. ഒരിക്കലൊന്നും മറ്റൊരിക്കലൊന്നും പറഞ്ഞാല്‍ പരസ്പര വിരുദ്ധവുമാവുകയില്ല. ആവശ്യാനുസൃതം ഓരോ കാരണവും എടുത്തു കാണിക്കുകയാണെങ്കില്‍ സന്ദര്ഭാനുസൃതമായ സത്യപ്രസ്താവം മാത്രമേ ആവുകയുള്ളൂ. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു ഘടകം മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നവരോട് അത് നിഷേധിക്കേണ്ടിയും വരും. മനുഷ്യകര്‍മങ്ങളുടെ സ്ഥിതിയും ഈവിധം തന്നെ. ഒരാള്‍ നടന്നുപോകവെ വഴിയിലൊരു വൃദ്ധന്‍ വീണുകിടക്കുന്നത് കാണാനിടയാകുന്നു. അയാള്‍ക്ക് വേണമെങ്കില്‍ വൃദ്ധനെ കാണാത്തവിധം നടന്നുനീങ്ങാം. അങ്ങനെ ചെയ്യാതെ, അയാള്‍ വൃദ്ധനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ വ്യത്യസ്തമായ ഉദ്ദേശ്യത്തോടെ അത് നിര്‍വഹിക്കാവുന്നതാണ്. വൃദ്ധന്റെയോ അയാളുടെ ബന്ധുക്കളുടെയോ നന്ദിയും പ്രത്യുപകാരവും പ്രതിഫലവും പ്രതീക്ഷിക്കാം. അത്തരമൊന്നുമാഗ്രഹിക്കാതെ വൃദ്ധനോടുള്ള സ്നേഹ-കാരുണ്യ- വാത്സല്യ-ഗുണകാംക്ഷാ വികാരത്തോടെയും അതു ചെയ്യാം. അപ്പോള്‍ ഈ സംഭവത്തില്‍ മനുഷ്യന്റെ ഭാഗത്തുനിന്ന് അയാളെടുക്കുന്ന തീരുമാനത്തിനും അതിന്റെ പിന്നിലെ ഉദ്ദേശ്യത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനുമെല്ലാം അനല്‍പമായ പങ്കുണ്ട്. അതിനാല്‍ വൃദ്ധനെ ആശുപത്രിയിലെത്തിച്ചതും ശുശ്രൂഷിച്ചതും ആ മനുഷ്യനാണെന്ന് പറയുന്നതില്‍ തെറ്റോ അസാംഗത്യമോ ഇല്ല.

അതേസമയം, വൃദ്ധനെ താങ്ങിയെടുക്കാനുപയോഗിച്ച കൈകളും ശരീരവും ആരോഗ്യവും കഴിവും കരുത്തുമൊക്കെ നല്‍കിയത് ദൈവമാണ്. വൃദ്ധനോട് അലിവ് തോന്നുകയും ശുശ്രൂഷിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്ത മനസ്സും ദൈവത്തിന്റെ ദാനം തന്നെ. അതിനാല്‍ ദൈവമാണ് വൃദ്ധനെ രക്ഷിച്ചതെന്ന പ്രസ്താവവും സത്യനിഷ്ഠവും വസ്തുതാപരവുമത്രെ. അപ്പോള്‍ ഇത്തരം സംഭവങ്ങളെ മനുഷ്യനോട് ചേര്‍ത്തുപറയാം, ദൈവത്തോട് ചേര്‍ത്തു പറയാം; മനുഷ്യനോടും ദൈവത്തോടും ഒരേസമയം ചേര്‍ത്തു പറയാം. അപ്രകാരം തന്നെ മനുഷ്യകര്‍മം മാത്രമാണെന്ന് ധരിക്കുന്നവരോട് അതിനെ നിഷേധിക്കാം. ദൈവത്തിന്റെ പങ്ക് ഊന്നിപ്പറയാം. ഈ രീതികളെല്ലാം ഖുര്‍ആന്‍ സ്വീകരിച്ചിട്ടുണ്ട്. മനസ്സിന്റെ തീരുമാനത്തിലും ഉദ്ദേശ്യത്തിലും മനുഷ്യന്റെ പങ്ക് എത്രയെന്ന് ലോകത്ത് ആര്‍ക്കും അറിയുകയില്ല. മനുഷ്യന്റെ ഗ്രാഹ്യവരുതിക്ക് അതീതമായതിനാല്‍ ദൈവം വിശദമായി പറഞ്ഞുതന്നിട്ടുമില്ല. സംഭവങ്ങളെയും കര്‍മങ്ങളെയും അവയ്ക്കു പിന്നിലെ തീരുമാനങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ ദൈവവുമായും മനുഷ്യനുമായും ബന്ധപ്പെടുത്തിയതായി കാണാം. കപടവിശ്വാസികള്‍ സ്വീകരിച്ചിരുന്ന സമീപനം തിരുത്തി ഖുര്‍ആന്‍ പറയുന്നു: “അവര്‍ക്ക് വല്ല നേട്ടവും കിട്ടിയാല്‍ അത് ദൈവത്തിങ്കല്‍നിന്നാണെന്ന് അവര്‍ പറയും. വല്ല വിപത്തും ബാധിച്ചാലോ, നിന്നെ കുറ്റപ്പെടുത്തുകയും ചെയ്യും. പറയുക: എല്ലാം ദൈവത്തിങ്കല്‍ നിന്നുതന്നെ. ഇവര്‍ക്കെന്തു പറ്റി? ഇവര്‍ ഗ്രഹിക്കുന്നില്ലല്ലോ”(ഖുര്‍ആന്‍ 4: 78). നന്മയും തിന്മയും ദൈവത്തിങ്കല്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇവിടെ കപടവിശ്വാസിയുടെ തെറ്റായ സമീപനത്തിന് കാരണക്കാര്‍ അവര്‍ തന്നെയാണെന്ന് പറയുകയും അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ സമീപനം സ്വീകരിക്കാന്‍ സാധ്യതയുണ്ടായിട്ടും മറിച്ചൊരു നിലപാട് അവലംബിച്ചതിനാലാണ് ഖുര്‍ആന്‍ അവരെ ആക്ഷേപിക്കുന്നത്. ഗുണദോഷങ്ങളില്‍ മനുഷ്യകര്‍മം പോലെ ദൈവവിധിക്കും പങ്കുള്ളതിനാല്‍ അതിന്റെ കാരണത്തെ സ്രഷ്ടാവിലേക്ക് ചേര്‍ത്തുപറയുന്ന സമീപനം സ്വീകരിച്ചതിന് ഖുര്‍ആനില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ അവനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അഥവാ, അവന്‍ നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കില്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ അവന്‍”(6:17). “അല്ലാഹു താനിഛിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുന്നു. താനിഛിക്കുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നു. പ്രതാപശാലിയും യുക്തിജ്ഞനുമത്രെ അവന്‍”(14: 4). അതോടൊപ്പം സന്മാര്‍ഗ-ദുര്‍മാര്‍ഗ പ്രാപ്തിയില്‍ മനുഷ്യന്റെ പങ്കും ഖുര്‍ആന്‍ ഊന്നിപ്പറയുന്നു: “ആര്‍ അണുമണിത്തൂക്കം നന്മചെയ്യുന്നുവോ അവന്‍ അത് കണ്ടെത്തുകതന്നെ ചെയ്യും. ആര്‍ അണുമണിത്തൂക്കം തിന്മചെയ്യുന്നുവോ അവന്‍ അതും കണ്ടെത്തും”(99: 7,8). “ഒരുത്തനും മറ്റൊരുത്തന്റെ ഭാരം ചുമക്കുന്നില്ല. മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല” (53: 38). “അല്ലാഹു ആരെയും അവന്റെ കഴിവിനതീതമായതിന് കല്‍പിക്കുകയില്ല. ഓരോരുത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലവും ശിക്ഷയുമാണുണ്ടാവുക”(2: 286). “നിനക്ക് വല്ല ദോഷവും ബാധിച്ചിട്ടുണ്ടെങ്കില്‍ അത് നിന്റെ ഭാഗത്തുനിന്നു തന്നെയുള്ളതാണ്”(4: 79). “എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായി ലഭിക്കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല”(3: 57). “അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും ചെയ്തവരാരോ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളത്രെ”(2: 39). “സത്യനിഷേധികളേ, ഇന്ന് നിങ്ങള്‍ ഒഴികഴിവ് ബോധിപ്പിക്കേണ്ട. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം തന്നെയാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്”(66: 7). നന്മ-തിന്മകളില്‍ മനുഷ്യന്റെ പങ്കും ദൈവവിധിയും എവ്വിധം ബന്ധപ്പെടുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: “പറയുക: ദൈവം ഇഛിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും തന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു”(13: 27). “സന്മാര്‍ഗം സ്പഷ്ടമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനെ ധിക്കരിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയുമാണെങ്കില്‍ അവന്‍ സ്വയം തിരിഞ്ഞുകളഞ്ഞ ഭാഗത്തേക്കു തന്നെ നാം അവനെ തിരിക്കുന്നതാണ്”(4: 115).

ചുരുക്കത്തില്‍, കര്‍മങ്ങളുടെ ഫലത്തെ സംബന്ധിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന മനുഷ്യന് ചിന്തിക്കാനും തീരുമാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സ്വാതന്ത്യ്രം നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ സ്വാതന്ത്യ്രം അപരിമിതമോ അനിയന്ത്രിതമോ അല്ല. ദൈവേഛയ്ക്കും വിധിക്കും വിധേയമാണ്. ഈ പരിമിതിയുടെ പരിധിക്കുള്ളില്‍ നല്‍കപ്പെട്ട സ്വാതന്ത്യ്രത്തിന്റെ തോതനുസരിച്ച ബാധ്യത മാത്രമേ മനുഷ്യന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ളൂ. ആ ബാധ്യതയുടെ നിര്‍വഹണവും ലംഘനവുമാണ് ജീവിതത്തിന്റെ ജയാപജയങ്ങളും സ്വര്‍ഗ-നരകങ്ങളും തീരുമാനിക്കുക. അതിനാല്‍ കഴിവിനതീതമായ ഒന്നിനും അല്ലാഹു ആരെയും നിര്‍ബന്ധിക്കുന്നില്ല. ആരോടും അനീതി കാണിക്കുന്നുമില്ല. വിധിയുടെയും മനുഷ്യസ്വാതന്ത്യ്രത്തിന്റെയും അവസ്ഥയും അവയ്ക്കിടയിലെ ബന്ധവും മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുംവിധം വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളില്‍ ഒട്ടും വൈരുധ്യവുമില്ല. ദൈവവിധിയുടെയും മനുഷ്യ സ്വാതന്ത്യ്രത്തിന്റെയും അവസ്ഥയെ സംബന്ധിച്ച ഇസ്ലാമിക വീക്ഷണം യഥാവിധി അനാവരണം ചെയ്യുന്ന ഒരു സംഭവം രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് നടക്കുകയുണ്ടായി. ഫലസ്ത്വീനില്‍ പ്ളേഗ് ബാധിച്ചു. ഏറെ കഴിയും മുമ്പേ അത് സിറിയയിലേക്കും പടര്‍ന്നുപിടിച്ചു. അതിവേഗം ആളിപ്പടര്‍ന്ന രോഗം അത് സ്പര്‍ശിക്കുന്നവരെയെല്ലാം കൊന്നൊടുക്കി. മരുന്നും ചികിത്സയുമൊന്നും ഫലിച്ചില്ല. ഒരൊറ്റ മാസത്തിനകം പതിനയ്യായിരം പേര്‍ മരിച്ചു. ഈ വിപത്തിനെ സംബന്ധിച്ച് വിവരമറിഞ്ഞ ഉമറുല്‍ ഫാറൂഖ് ഒരു സംഘം സൈനികരോടൊപ്പം സിറിയയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ തന്റെ അടുത്ത അനുയായികളുമായി, എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ചു. അനന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയശേഷം, രോഗബാധിത പ്രദേശത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകര്‍ച്ചവ്യാധി ബാധിച്ചേടത്തേക്കുള്ള യാത്ര അപകടം വരുത്തിയേക്കുമെന്നതിനാല്‍ എല്ലാവരും തടസ്സം നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ അബൂ ഉബൈദ ഖലീഫയോട് രോഷത്തോടെ ചോദിച്ചു: “ദൈവവിധിയില്‍ നിന്ന് ഓടിപ്പോകയോ?” ആ സേനാനായകന്റെ അന്തര്‍ഗതം വായിച്ചറിഞ്ഞ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: “അതെ, ഒരു ദൈവവിധിയില്‍ നിന്ന് മറ്റൊരു ദൈവവിധിയിലേക്ക്.” അല്‍പസമയത്തെ മൌനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു: “ഒരാള്‍ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവിടെ അയാള്‍ക്ക് രണ്ടു താഴ്വരകളുണ്ട്. ഫലസമൃദ്ധമായതും അല്ലാത്തതും. ഫലസമൃദ്ധമായത് സംരക്ഷിക്കുന്നവനും അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ പ്രവര്‍ത്തിക്കുന്നത്? അല്ലാത്തത് നോക്കി നടത്തുന്നവനും അല്ലാഹുവിന്റെ വിധിയനുസരിക്കുകയല്ലേ ചെയ്യുന്നത്?” ഇസ്ലാമിലെ വിധിവിശ്വാസം വിപത്തുകളുടെയും വിനാശത്തിന്റെയും താക്കോലാവരുതെന്നും പുരോഗതിയുടെയും നേട്ടങ്ങളുടെയും വിജയത്തിന്റെയും വഴിയില്‍ വിഘാതം വരുത്തരുതെന്നും വ്യക്തമായ ഭാഷയില്‍ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഉമറുല്‍ ഫാറൂഖ്. ദൈവവിധിയുടെ വരുതിയില്‍ മനുഷ്യനു നല്‍കപ്പെട്ട സ്വാതന്ത്യ്രത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉദ്ബോധനവും അതുള്‍ക്കൊള്ളുന്നു.

Tags

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured