കുടുംബ ജീവിതം-Q&A

പരസ്പരം വെറുക്കുന്ന മാതാപിതാക്കള്‍

ചോ: എന്റെ മാതാപിതാക്കള്‍ ദാമ്പത്യജീവിതത്തിലെ 35 വര്‍ഷങ്ങള്‍ പിന്നിട്ടവരാണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ അവര്‍ക്കിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ ഇപ്പോള്‍ ഗുരുതരാവസ്ഥയിലെത്തിയിരിക്കുന്നു. വിവാഹമോചിതയായ ഞാന്‍ മാതാപിതാക്കളോടൊപ്പം താമസിക്കാനായി തിരികെയെത്തിയതാണ്. അതോടൊപ്പം അവര്‍ക്കിടയിലുള്ള പിണക്കം പരിഹരിക്കുക എന്ന ലക്ഷ്യവുമുണ്ട്. പിതാവ് വിവാഹേതരബന്ധം പുലര്‍ത്തുന്നുവെന്നാണ് മാതാവ് സ്ഥിരം കുറ്റപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ പിതാവ് മാതാവിനോടനുവര്‍ത്തിച്ച കാര്യങ്ങളെല്ലാം ഇപ്പോള്‍ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്തുകയാണ്. പിതാവിനോട് അതുകാരണം എനിക്ക് നീരസം തോന്നുന്നുമുണ്ട്. പക്ഷേ, അവരിങ്ങനെ നിരന്തരം സംഘര്‍ഷത്തില്‍ കഴിഞ്ഞുകൂടുന്നത് എനിക്ക് സഹിക്കാനാവുന്നില്ല. ഈ അന്തരീക്ഷത്തില്‍ അവരോടൊപ്പം താമസിക്കാനും കഴിയുമെന്ന് തോന്നുന്നില്ല. പിതാവ് ജോലികഴിഞ്ഞെത്തുമ്പോള്‍ മാതാവ് അവരുടെ മുറിയില്‍കയറി വാതിലടക്കും. രണ്ടുപേരും വ്യത്യസ്തമുറികളിലാണ് ഉറങ്ങുന്നത്. പിതാവ് പലവിധഅസുഖങ്ങളാലും പരിക്ഷീണനായി വരുന്നതിനാല്‍ എന്റെ സഹായം അദ്ദേഹത്തിന് വൈകാതെ ആവശ്യമായിവരും. മാതാവിനോട് പിതാവ് സദ്‌പെരുമാറ്റം കാഴ്ചവെച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരിതപൂര്‍ണമായ സ്ഥിതിവിശേഷം ഉണ്ടാവുമായിരുന്നില്ല. തല്‍ക്കാലം പുനര്‍വിവാഹത്തെക്കുറിച്ച ചിന്തകള്‍ മാറ്റിവെച്ച് അവരുടെ പിണക്കം മാറ്റിയെടുക്കാന്‍ പരിശ്രമിച്ചാലോ എന്നാണെന്റെ ആലോചന. പിതാവിനെക്കുറിച്ച കഥകള്‍ മാതാവ് പറഞ്ഞത് എന്റെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുമുണ്ട് ? ഞാനെന്താണ് ചെയ്യേണ്ടത് ?

ഉത്തരം: താങ്കളുടെ കുടുംബത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ അന്തരീക്ഷം എത്രയും പെട്ടെന്ന് നീങ്ങി സമാധാനം വിളയാടട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. നമ്മുടെ സമുദായത്തിലെ പല കുടുംബങ്ങളിലും സമാനമായ അവസ്ഥയാണ് കളിയാടുന്നതെന്ന യാഥാര്‍ഥ്യം ഈ അവസരത്തില്‍ വെളിപ്പെടുത്താതെ വയ്യ. വിവാഹമോചനത്തെ ഭയന്നും സന്താനങ്ങളെക്കരുതിയും അസംതൃപ്തമായ ദാമ്പത്യം ഉന്തിത്തള്ളി മുമ്പോട്ടുപോകുന്ന എത്രയോ ദമ്പതികളുണ്ട്.
വര്‍ഷങ്ങളായി, താങ്കളുടെ പിതാവ് മാതാവിനെ വൈകാരികമായി നോവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. മാതാവിന് അത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ തന്നെ വഞ്ചിച്ചുകൊണ്ടിരുന്ന, അപമാനിച്ചുകൊണ്ടിരുന്ന മനുഷ്യനുമായി ദാമ്പത്യജീവിതം മാതാവ് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന വസ്തുത വ്യക്തമാണ്. മാതാപിതാക്കള്‍ എപ്പോഴും വഴക്കടിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് ഏറ്റവും വെറുപ്പുളവാക്കുന്ന സംഗതിയാണ് താനും. അതിനാല്‍ മാതാവുമായി സംസാരിച്ച് ദമ്പതികളില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഇസ്‌ലാം നല്‍കിയിട്ടുള്ള അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുക. അതോടൊപ്പം പ്രശ്‌നപരിഹാരത്തിന് നിയമപരമായ വഴികളുണ്ടെന്നും വ്യക്തമാക്കുക.

ഇത്രയും നാള്‍ ദാമ്പത്യജീവിതം തുടര്‍ന്ന് പോയിരുന്നത് പെട്ടെന്ന് ഒരു നാള്‍ അവസാനിപ്പിക്കാന്‍ എന്തായാലും താങ്കളുടെ മാതാവ് തുനിയുകയില്ലെന്നാണ് എന്റെ വിചാരം. വേര്‍പിരിയുകയെന്നത് മധ്യവയസ്സ് പിന്നിട്ട ആളുകളെ സംബന്ധിച്ചിടത്തോളം അചിന്ത്യമാണ്. എന്നുമാത്രമല്ല, തങ്ങള്‍ ശീലിച്ച പ്രകൃതങ്ങളെ ഇനി കൈവെടിയുകയുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ഫാമിലികൗണ്‍സലിങ് വിദഗ്ധന്റെ സേവനം തേടുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് പോംവഴി. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ താങ്കള്‍ അവരോടൊപ്പം താമസിക്കുകയെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ അവരിരുവര്‍ക്കുമിടയില്‍ പരസ്പരബഹുമാനത്തോടെയുള്ള തുറന്ന സംഭാഷണം ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാവുന്നതാണ്. അതുവഴി പ്രശ്‌നപരിഹാരത്തിനായുള്ള താങ്കളുടെ ഇടപെടല്‍ അവര്‍ക്ക് സ്‌നേഹവും സാന്ത്വനവുമായി അനുഭവപ്പെടുമല്ലോ.

അല്ലാഹു പറയുന്നു:’നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക….’ (അന്നിസാഅ് 36)
അപ്രകാരം തന്നെ മാതാപിതാക്കളോട് അങ്ങേയറ്റം സദ്‌വികാരത്തോടും കാരുണ്യത്തോടും വിട്ടുവീഴ്ചയോടും പെരുമാറണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഹദീസുകളും കാണാം.

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)ല്‍നിന്ന് നിവേദനം: ഞാന്‍ നബിതിരുമേനിയോട് ചോദിച്ചു:’അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമായ പ്രവൃത്തി ഏതാണ്?’ തിരുമേനി:’കൃത്യസമയത്ത് നിര്‍വഹിക്കുന്ന നമസ്‌കാരം’. തുടര്‍ന്ന് ഞാന്‍ ചോദിച്ചു:’അതുകഴിഞ്ഞാല്‍ പിന്നെ ഏതാണ്?’ തിരുമേനി:’മാതാപിതാക്കളോടുള്ള ദയാവായ്പും ആദരവും’.തുടര്‍ന്ന് നബിയോട് ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ നബിതിരുമേനി’ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ്’.
ഖുര്‍ആന്റെയും സുന്നത്തിന്റെയും നിര്‍ദേശങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന സത്യവിശ്വാസിനിയായ മകളാകാന്‍ താങ്കളാഗ്രഹിക്കുന്നുവെന്ന് കത്തില്‍നിന്ന് വ്യക്തമാണ്. എന്നാലും താങ്കളുടെ വിധിയെ തടുത്തുകൊണ്ട് മാതാപിതാക്കളോടൊപ്പം കഴിയാന്‍ ദീന്‍ നിര്‍ബന്ധിക്കുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വാസ്തവത്തില്‍ ഈ വിഷയത്തില്‍ താങ്കളുടെ സഹായത്തിന് പരിമിതിയുണ്ട്. താങ്കള്‍ക്ക് നന്നെക്കവിഞ്ഞാല്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥ്യം വഹിക്കാനും ഉപദേശം നല്‍കാനും മാത്രമേ കഴിയൂ. മാത്രമല്ല, മാതാപിതാക്കള്‍ താങ്കളുടെ സഹായം ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ അല്ലാഹുവിനോട് സഹായമഭ്യര്‍ഥിച്ച് പ്രാര്‍ഥിക്കുകയാണ് ഏകപോംവഴി. എന്നിരുന്നാലും, അവര്‍ക്കിടയില്‍ പരസ്പരം ആശയവിനിമയത്തിനുള്ള ഏജന്റായി പ്രവര്‍ത്തിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കും. അടിസ്ഥാനപരമായി പറഞ്ഞാല്‍, തങ്ങളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാമെന്നും അതിനുള്ള മാര്‍ഗങ്ങളെന്തെന്നും അവര്‍ ആത്മാര്‍ഥമായി ആലോചിച്ച് കണ്ടെത്തുകയാണ് വേണ്ടത്?

രണ്ടുകൂട്ടര്‍ക്കും ദാമ്പത്യജീവിതത്തില്‍ വലിയ പങ്കുണ്ട്. ഒരുവേള പിതാവിന് മാതാവിനെക്കാള്‍ വലിയ പങ്കുണ്ടെന്ന് തന്നെ പറയാം. നിങ്ങളുടെ മാതാവ് വെറും ഇരമാത്രമാണെന്ന് പറയാനാവില്ല. അവര്‍ക്കുവേണ്ടി പ്രശ്‌നപരിഹാരം ഉണ്ടാക്കാനും നിങ്ങള്‍ക്ക് കഴിയില്ല. അവരുടെ ഇടയില്‍ താമസിച്ചുകൊണ്ട് അവരുടെ ജീവിതത്തിലെ സംഘര്‍ഷത്തെ ലഘൂകരിക്കാമെന്ന് മാത്രം. ദാമ്പത്യജീവിതത്തിനിടക്ക് ഉണ്ടായിത്തീരുന്ന വിശ്വാസരാഹിത്യത്തിനും വഴിവിട്ട ബന്ധങ്ങള്‍ക്കും കാരണമായ സംഗതികളെ പരിഹരിക്കാന്‍ ഈ മേഖലയിലെ വിദഗ്ധരുടെ സേവനം വേണ്ടിവരും. അതിനാല്‍ കൗണ്‍സിലിങ് വിദഗ്ധരുമായി കൂടിക്കാഴ്ചയ്ക്ക് അവരെ പ്രേരിപ്പിക്കുക. ഇനി അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ശിഷ്ടജീവിതം വെറുപ്പും അസംതൃപ്തിയും പുലര്‍ത്തി തള്ളിനീക്കാനാണ് അവരുടെ തീരുമാനമെന്ന് സംശയിക്കേണ്ടിവരും. അത്തരമൊരു അന്തരീക്ഷത്തില്‍ നിങ്ങള്‍ക്ക് താമസംതുടരണമോ എന്നകാര്യം പുനരാലോചിക്കേണ്ടിവരും.

പിതാവിനോടുള്ള നിങ്ങളുടെ ഇടപെടലിനെക്കുറിച്ച് പറയുകയാണെങ്കില്‍ പരലോകവിചാരണയെക്കുറിച്ച് താങ്കള്‍ ബോധവാനാകണം എന്നേ എനിക്ക് പറയാനുള്ളൂ. ഓരോരുത്തരും അവരവരുടെ കര്‍മങ്ങള്‍ക്ക് ഉത്തരവാദിയാണ്. താങ്കളുടെ പിതാവ് തെറ്റുചെയ്തു. തന്റെ ജീവിതപങ്കാളിയെ വഞ്ചിച്ചു. അതാകട്ടെ വന്‍പാപങ്ങളിലൊന്നാണ്. എന്നിരിക്കിലും അദ്ദേഹം കുടുംബത്തെ അവഗണിച്ചുപോയി എന്ന കുറ്റാരോപണം താങ്കള്‍ക്കില്ല. അതിനാല്‍ പിതാവിനും മാതാവിനും അവരുടെ സ്ഥാനം മനസ്സിലാക്കി ആദരവും സ്‌നേഹവും പകര്‍ന്നുനല്‍കുക. പിതാവിനെ നിന്ദ്യനും നീചനുമായി കണ്ട് ഒറ്റപ്പെടുത്താതെ സ്‌നേഹപൂര്‍വം പെരുമാറുക. ഒരുവേള ആ സ്‌നേഹപ്രകടനങ്ങള്‍ സ്വയം തെറ്റുകള്‍ തിരുത്താനും ആത്മാര്‍ഥമായി പശ്ചാത്തപിക്കാനും അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും അവസരമൊരുക്കിയേക്കും. മാത്രമല്ല, മാതാവിനോട് തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കാനും ദാമ്പത്യം ഊഷ്മളമാവാനും വഴിയൊരുക്കിയേക്കും. ഓര്‍ക്കുക, മനസ്സിനേല്‍പിച്ച മുറിവിനെ തിരിച്ചറിയുകയും അതെച്ചൊല്ലി മാപ്പിരക്കുകയും തുടര്‍ന്ന് പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്യുകയാണ് അതിനെല്ലാം കാരണഭൂതമായി വര്‍ത്തിച്ച തെറ്റില്‍നിന്ന് മുക്തനാകാനുള്ള എളുപ്പവഴി. അല്ലാഹു താങ്കളുടെ പരിശ്രമങ്ങളെ നേര്‍മാര്‍ഗത്തിലാക്കട്ടെ, ആമീന്‍.

Topics