പ്രവാചകന്‍മാര്‍ ലൂത്ത്‌

ലൂത്വ് (അ)

ഇബ്രാഹീം നബി(അ)യുടെ സമകാലികനും സഹോദരപുത്രനുമായിരുന്നു ലൂത്വ് നബി(അ). ഫലസ്ത്വീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇന്നത്തെ ഇസ്‌റാഈലിലും ഉള്‍പ്പെടുന്ന സ്വദ്ദ്, സ്വന്‍അ, സ്വഅ്‌റ, അമൂറ, സദോം തുടങ്ങിയ പ്രദേശങ്ങളായിരുന്നു ലൂത്വ്‌നബിയുടെ പ്രബോധന പ്രദേശം. ബഹുദൈവ വിശ്വാസവും വിഗ്രഹരാധനയും നടമാടിയിരുന്നതിനു പുറമെ ലൈംഗികരാജകത്വം ആ സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരുന്നു. സ്വവര്‍ഗരതി വ്യാപകമായിരുന്ന ആ സമൂഹത്തോട് ലൂത്വ് ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യുന്നതോടൊപ്പം തോന്ന്യാസങ്ങളില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൂത്വ്(അ)നെ അവര്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, ധിക്കാരത്തോടെ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
വിശുദ്ധഖുര്‍ആന്‍ ഇക്കാര്യം വിവരിക്കുന്നു: ലൂത്വിനേയും നാം അയച്ചു. അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ലാ, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ‘ഇവര്‍ കുറേ വിശുദ്ധ•ാര്‍, ഇവരെ പിടിച്ച് നാട്ടില്‍നിന്ന് പുറത്താക്കെടാ’ എന്ന് പറഞ്ഞത് മാത്രമായിരുന്നു ആ ജനതയുടെ മറുപടി.” (7: 80-82)
ദൈവദൂതന്‍ നിരന്തരമായി ഈ ദൗത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ഒരാള്‍പോലും ആ സത്യം ഗ്രഹിക്കാന്‍ തയ്യാറായില്ല എന്നത് ആ ജനതയുടെ ധിക്കാരത്തിന്റെ മികച്ച ഉദാഹരണമത്രെ. എന്നുമാത്രമല്ല, തന്റെ ഭാര്യപോലും തനിക്കെതിരായി നിലകൊള്ളുകയും ഈ ദുര്‍നടപടിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നതാണ് ലൂത്വ്(അ) കാണുന്നത്. പ്രവാചകന്റെ പിഴച്ചുപോയ ഭാര്യയെ ലോകത്തിനുമുന്നില്‍ ദുര്‍നടപ്പിന്റെ പ്രതീകമായി ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത് ഇപ്രകാരം: ”സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍പ്പെട്ട സദ്‌വൃത്തരായ രണ്ടു പേരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്കൊഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.” (66: 10)
മനുഷ്യത്വത്തിന് നിരക്കാത്ത നീചപ്രവൃര്‍ത്തിയില്‍ മൂടുറക്കുകയും ദൈവദൂതനെ നിരാകരിക്കുകയും ധിക്കരിക്കുകയും ചെയ്തതിന്റെ ഫലമായി ലോകത്തിന് എക്കാലത്തേക്കും പാഠമുള്‍ക്കൊള്ളത്തക്ക നിലയില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയാണ് ചെയ്തത്. ലൂത്വിന്റെ ജനതയെ നശിപ്പിക്കാന്‍ അല്ലാഹു മലക്കുകളെ നിയോഗിച്ചു. ഇബ്രാഹീം നബിക്ക് ഇസ്ഹാഖ് എന്ന സന്തതി ലഭിക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അിറയിച്ച ശേഷമാണ് മലക്കുകള്‍ ലൂത്വിനെ സമീപിച്ചത്. മലക്കുകള്‍ മനുഷ്യവേഷത്തില്‍ ലൂത്വിന്റെ ഭവനത്തിലെത്തിയപ്പോള്‍ ദുഷ്ടരായ ആ ജനത ആ പ്രവാചകനെ ഏറെ കഷ്ടപ്പെടുത്തിയ സംഭവം ഖുര്‍ആനില്‍ ഇങ്ങനെ കാണാം:
”നമ്മുടെ ദൂതന്മാര്‍ ഇബ്രാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: ‘സലാം’ അദ്ദേഹം പ്രതിവചിച്ചു: ‘സലാം’ . വൈകിയില്ല അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ശങ്കയും ഭയവും തോന്നി. അവര്‍ പറഞ്ഞു: ‘ഭയപ്പെടേണ്ട, ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.’
ഇബ്രാഹീമിന്റെ ഭാര്യയും അടുത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.. നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍)ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഖം തോന്നുകയും അവരെപ്പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസം ഉണ്ടാകുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ”
”ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു. മുമ്പുതന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ)അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു മനുഷ്യനുമില്ലേ?”
”അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്കാവശ്യമില്ലെന്ന് നിനക്കറിയാമല്ലോ. ഞങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്നും നിനക്കറിയാം. അദ്ദേഹം പറഞ്ഞു: എനിക്കു നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍! അവര്‍(അതിഥികള്‍) പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്. ജനങ്ങള്‍ക്ക് നിന്റെ അടുത്ത് എത്താനാകില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തെയും കൊണ്ട് യാത്ര പുറപ്പെട്ടുകൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ഒരാളും തിരിഞ്ഞു നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്കു വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നു ഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്കു നിശ്ചയിച്ച അവധി പ്രഭാതമാകുന്നു; പ്രഭാതം അടുത്തു തന്നെയല്ലേ?”
”അങ്ങനെ നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍മറിക്കുകയും അട്ടിയട്ടിയായി ചൂളക്ക് വെച്ച ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.” (11: 69-82)
തുല്യതയില്ലാത്ത തോന്ന്യവാസവും കടുത്ത ധിക്കാരവും കൈമുതലാക്കിയ സദോം നിവാസികള്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കി. അത് ലോകാന്ത്യം വരെയുള്ളവര്‍ക്ക് ഗുണപാഠമായി ഇന്നും അവശേഷിക്കുകയും ചെയ്യുന്നു. ജോര്‍ദാനിലും ഇസ്രായേലിലുമായി സ്ഥിതിചെയ്യുന്ന ചാവുതടാകം എന്നറിയപ്പെടുന്ന പ്രദേശമത്രെ അത്. ‘കീഴ്‌മേല്‍ മറിച്ചു’ എന്നും ‘കന്‍മഴ വര്‍ഷിച്ചു’ എന്നും ഖുര്‍ആന്‍ പറഞ്ഞ ആ പ്രദേശം സമുദ്രനിരപ്പില്‍നിന്ന് 1300 അടി താഴെ സ്ഥിതി ചെയ്യുന്നു. കൂടിയ സാന്ദ്രത കാരണം ആ തടാകത്തില്‍ ഒരാള്‍ കിടന്നാല്‍ താണുപോകില്ല. ജീവജാലങ്ങളോ ബാക്ടീരിയ പോലുമോ അതില്‍ ഇല്ല. ചിന്തിക്കുന്നവര്‍ക്ക് പാഠമായി ആ ചരിത്രസത്യം മനുഷ്യനുമുന്നില്‍ നിലനില്‍ക്കുന്നു!

Topics