പ്രവാചകന്‍മാര്‍ ഹൂദ്‌

ഹൂദ്  (അ)

നൂഹ് നബിയുടെ കാലത്തുണ്ടായ ഭയങ്കരമായ പ്രളയത്തിനു ശേഷം ഭൂമിയില്‍ അവശേഷിച്ചത് ദൈവദൂതനും അദ്ദേഹത്തില്‍ വിശ്വസിച്ച സത്യവിശ്വാസികളും മാത്രമായിരുന്നു. കാലം കുറേ കഴിഞ്ഞു. നൂഹ് (അ) മിന്റെ മരണശേഷം തൗഹീദില്‍ അടിയുറച്ചുനിന്ന ആ ജനതയുടെ പിന്‍മുറക്കാര്‍ ഭൂമിയില്‍ വ്യാപിക്കാന്‍ തുടങ്ങി. അവര്‍ സ്രഷ്ടാവിനെ മറക്കുകയും സൃഷ്ടിപൂജ ആരംഭിക്കുകയും ചെയ്തു. ബഹുദൈവാരാധന വ്യാപകമാവുമ്പോള്‍ അല്ലാഹു വീണ്ടും പ്രവാചക•ാരെ നിയോഗിക്കുന്നു.
പ്രളയത്തിനുശേഷം വിഗ്രഹാരാധന തങ്ങളുടെ മതമായി സ്വീകരിച്ച ആദ്യ സമൂഹം ആദ് സമൂഹമാണത്രെ. ഇന്നത്തെ ഒമാനിലെ സലാലയില്‍ നിന്നും 150 കി.മി. അകലെ അഹ്ഖാഫ് എന്ന പ്രദേശത്താണ് ആദ് സമുദായം ജീവിച്ചിരുന്നത്. ഇന്ന് ആ പ്രദേശത്തിന്റെ പേര് ഉബാര്‍ എന്നാണ്. ആദ് സമുദായത്തെപ്പറ്റി അറബികള്‍ക്കറിയാമായിരുന്നു. ഈ സമുദായത്തിലേക്ക് അവരില്‍നിന്നു തന്നെയുള്ള ഒരാളെ അല്ലാഹു ദൈവദൂതനായി നിയോഗിച്ചു. അദ്ദേഹമാണ് ഹൂദ് (അ) എന്ന പ്രവാചകന്‍.
അറബികളുടെ വംശപരമ്പരകള്‍ പറയുന്ന കൂട്ടത്തില്‍ അവരുടെ പ്രധാനമായ രണ്ട് തായ്‌വഴികളില്‍ ഒന്നായ ‘ആരിബ’യില്‍ പെട്ട നിരവധി ഗോത്രങ്ങളില്‍ ഒന്നാണത്രെ ആദ് (അല്‍ബിദായ വ നിഹായ 1: 168). നാഗരികതയില്‍ വളരെയേറെ പുരോഗതി പ്രാപിച്ച ആദ് സമൂഹം കൂറ്റന്‍ കെട്ടിടങ്ങളും കോട്ടകൊത്തളങ്ങളും കെട്ടിയുണ്ടാക്കിയിരുന്നു. വലിയ വലിയ സ്മാരകസ്തൂപങ്ങള്‍ (ഇമാദ്) നിര്‍മിക്കുന്നവരായിരുന്നു അവര്‍. ‘ദാതുല്‍ ഇമാദ്’ എന്ന് ഇവരെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഭൗതിക സൗകര്യങ്ങളില്‍ മതിമറന്ന് അഹങ്കരിക്കുകയും തങ്ങള്‍ സുരക്ഷിതരും ശാശ്വതരുമാണെന്ന് ധരിച്ചുവശാവുകയും ചെയ്തുവെന്ന് മാത്രമല്ല, അല്ലാഹുവിനെ മറക്കുകയും ദൈവേതരരുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് അവയെ ആരാധിക്കുകയും ചെയ്തു. ഇറം ഗോത്രം എന്നും ആദ് സമുദായം അറിയപ്പെട്ടിരുന്നു. (ഖുര്‍ആന്‍ 89: 7)
അവരിലേക്ക് നിയോഗിതനായ ഹൂദ് (അ) ദൈവത്തിന്റെ അനുഗ്രഹങ്ങളും അവനോട് നന്ദി ചെയ്യേണ്ടതിന്റെ ആവശ്യകതയും അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് നന്ദികേടും കൊടിയ പാതകമായ ശിര്‍ക്കുമാണെന്ന് അവരെ തെര്യപ്പെടുത്തി. ദൈവകോപത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. എന്നാല്‍ തങ്ങളുടെ സഹോദരന്‍ ഹൂദിന്റെ ഉപദേശത്തിന് ചെവികൊടുക്കുന്നതിനുപകരം അദ്ദേഹത്തെ പരിഹസിച്ചു തള്ളുകയും ധിക്കാരപൂര്‍വം ദൈവനിന്ദ കാണിക്കുകയും പ്രവാചകനെ വ്യാജവാദിയെന്ന് മുദ്രകുത്തുകയും ചെയ്തു. നിരന്തരമായി ഈ ധിക്കാരം തുടര്‍ന്നപ്പോള്‍ ദൈവശിക്ഷയെപ്പറ്റി പ്രവാചകന്‍ താക്കീതു നല്‍കി. ‘എന്നാല്‍ അതൊന്ന് കാണട്ടെ’ എന്നായി അവര്‍. അവസാനം ഏഴു രാവുകളും എട്ടു പകലുകളും നീണ്ടുനിന്ന കൊടുങ്കാറ്റിലൂടെ ആ ജനതയെ അല്ലാഹു ശിക്ഷിക്കുകയായിരുന്നു.
ഹൂദ് നബിയുടെ പേരിലുള്ള ഖുര്‍ആന്‍ അധ്യായത്തില്‍ ഇങ്ങനെ കാണാം: ”ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും നാം നിയോഗിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച് പറയുന്നവര്‍ മാത്രമാകുന്നു. എന്റെ ജനങ്ങളേ, ഞാന്‍ നിങ്ങളോട് ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്റെ പക്കല്‍ മാത്രമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?
എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ വര്‍ഷിച്ചു തരികയും നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരുകയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞു പോകരുത്. അവര്‍ പറഞ്ഞു: ഹൂദേ, നീ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ പറഞ്ഞതിനാല്‍ മാത്രം ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളുടെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നതുമല്ല.
ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉണ്ടാക്കിയിരിക്കുന്നു എന്നു മാത്രമാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. ഹൂദ് പറഞ്ഞു: അല്ലാഹുവിനു പുറമെ നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്കു ബന്ധമില്ല എന്നതിന് ഞാന്‍ അവനെ സാക്ഷി നിര്‍ത്തുന്നു. നിങ്ങളും അതിന് സാക്ഷികളാവുക. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ചു കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടം തരികയും വേണ്ട.
എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്‍പ്പിക്കുന്നു. യാതൊരു ജീവിയും തന്നെ അവന്‍ അതിന്റെ നെറുകയില്‍ പിടിക്കുന്നതായിട്ടില്ലാതെയില്ല. തീര്‍ച്ചായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു. ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ടത് ഏതൊരു കാര്യവുമായിട്ടാണോ അത് ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നിട്ടുണ്ട്. നിങ്ങളല്ലാത്ത ഒരു ജനതയെ എന്റെ രക്ഷിതാവ് പകരം കൊണ്ടുവരുന്നതാണ്. അവന് യാതൊരു ഉപദ്രവവും വരുത്താന്‍ നിങ്ങള്‍ക്കാവില്ല. തീര്‍ച്ചയായും എന്റെ രക്ഷിതാവ് എല്ലാ കാര്യവും സംരക്ഷിച്ചു പോരുന്നവനാകുന്നു.
നമ്മുടെ കല്‍പന വന്നപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവരെ രക്ഷപ്പെടുത്തി. അതാണ് ആദ് സമുദായം. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിക്കുകയും അവന്റെ ദൂതന്മാരെ അവര്‍ ധിക്കരിക്കുകയും മര്‍ക്കടമുഷ്ടിക്കാരായ എല്ലാ സ്വേഛാധിപതികളെയും അവര്‍ പിന്‍പറ്റുകയും ചെയ്തു.” (11: 50-59)
ആദ് സമുദായത്തെ അല്ലാഹു ശിക്ഷിച്ചത് ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”എന്നാല്‍ ആഞ്ഞുവീശുന്ന അത്യുഗ്രമായ ഒരു കാറ്റുകൊണ്ട് ആദ് സമുദായം നശിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴ് രാത്രിയും എട്ടു പകലും അത് അവരുടെ നേര്‍ക്ക് തിരിച്ചു വിട്ടു. അപ്പോള്‍ കടപുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?” (69: 6-8).

Topics