Dr. Alwaye Column

പ്രബോധകനൊരു അധ്യാപകന്‍

പ്രബോധിതര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം പഠിപ്പിച്ചുകൊടുത്തും മതവിധികളും നിയമങ്ങളും പരിചയപ്പെടുത്തിക്കൊടുത്തും അവസാനിപ്പിക്കേണ്ടതല്ല പ്രബോധകന്റെ ദൗത്യം. ഇസ്‌ലാമിന്റെ മൗലികസിദ്ധാന്തങ്ങള്‍ നിത്യജീവിതത്തില്‍ പിന്തുടരാനും പഠിച്ചകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും പ്രബോധിതരെ അയാള്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. പ്രബോധകനേതാവ് മുഹമ്മദ് നബിയും സച്ചരിതരായ മുന്‍ഗാമികളും പഠിപ്പിച്ച മാതൃക അതാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)ന്റെ ഒരു പരാമര്‍ശം ഇവിടെ ശ്രദ്ധേയമാണ്:’പ്രവാചകതിരുമേനിയില്‍ നിന്ന് ഏതെങ്കിലുമൊരാള്‍ പത്ത് ഖുര്‍ആന്‍ സൂക്തങ്ങള്‍ പഠിച്ചാല്‍ അവയുടെ ആശയങ്ങള്‍ ഗ്രഹിച്ച് , ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കിയ ശേഷംമാത്രമേ പുതിയൊരു സൂക്തം പഠിക്കുമായിരുന്നുള്ളൂ ‘.

വ്യക്തികളെ ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ പരുവപ്പെടുത്താനും മതവിധികള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ജീവിക്കാന്‍ അവരെ സജ്ജമാക്കാനും പ്രബോധകര്‍ക്ക് കഴിയണം. ഹൃദയത്തെ സ്പര്‍ശിക്കാത്തതും സ്വഭാവവ്യവഹാരങ്ങളെ സ്വാധീനിക്കാത്തതുമായ സിദ്ധാന്തപഠനങ്ങള്‍ കൊണ്ട് വ്യക്തിജീവിതം സംസ്‌കരിക്കപ്പെടുകയോ നേരെയാവുകയോ ഇല്ല. കായികപരിശീലനത്തെ നമുക്കിവിടെ ഉദാഹരണമായെടുക്കാം. ശരീരശാക്തീകരണത്തിനുതകുന്ന പാഠ്യപദ്ധതി ഹൃദിസ്ഥമാക്കുകയും ആവര്‍ത്തിച്ചുരുവിടുകയും അതേസമയം സ്വയം പ്രയോഗിച്ചുനോക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ആരോഗ്യമുള്ള ഒരു ശരീരം വികസിപ്പിച്ചെടുക്കാന്‍ കഴിയുക? കായികപഠനം കൊണ്ടുദ്ദേശിക്കപ്പെടുന്ന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാവുക? ഇതുപോലെത്തന്നെയാണ് ഇസ്‌ലാമികാധ്യാപനങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയുംചെയ്യുന്ന ഒരാള്‍ അവയ്ക്കനുസൃതമായി സ്വയംശിക്ഷിതമാകാതിരുന്നാല്‍ ഒരു വിധത്തിലുള്ള സദ്ഫലങ്ങളും കൊയ്‌തെടുക്കാന്‍ അയാള്‍ക്ക് സാധിക്കില്ല. എന്നല്ല, ജീവിതത്തില്‍ വല്ല പരീക്ഷണമോ പ്രതിസന്ധിയോ പ്രത്യക്ഷപ്പെടുന്ന മാത്രയില്‍ അയാള്‍ കാലിടറി വീഴാനുള്ള സാധ്യതയുമുണ്ട്.

ഇസ്‌ലാം സാര്‍വകാലികമാണ്, സാര്‍വലൗകികമാണ്, മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും സ്പര്‍ശിക്കുന്ന സമഗ്രദര്‍ശനമാണ് എന്നിങ്ങനെ വാഗ്വിലാസ പ്രകടനങ്ങള്‍ നടത്തിയതുകൊണ്ട് സത്യപ്രബോധകന്റെ ദൗത്യം പൂര്‍ണമാകുന്നില്ല. ഇസ്‌ലാമിന്റെ വിധിവിലക്കുകളെയും അധ്യാപനങ്ങളെയും തികഞ്ഞ ഉള്‍ക്കാഴ്ചയോടും ബോധ്യത്തോടും കൂടി കാലോചിതമായും വിശകലനാത്മകമായും അഭിസംബോധിതരുടെ നിലവാരമനുസരിച്ച് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്. അനുഭവാധിഷ്ഠിതമായ ശിക്ഷണമായിരുന്നു പ്രബോധിതര്‍ക്ക് പ്രവാചകതിരുമേനി നല്‍കിയിരുന്നത്. സൂക്ഷ്മവും ഗഹനവുമായ അത്തരം ശിക്ഷണരീതിയിലൂടെയാണ് വിശിഷ്ടരായ അനുചരഹൃദയങ്ങളില്‍ ഇസ്‌ലാമിന്റെ വിശ്വാസയാഥാര്‍ഥ്യങ്ങള്‍ രൂഢമൂലമായതും നിറഞ്ഞൊഴുകിയതും. പ്രബോധനമാര്‍ഗത്തില്‍ പ്രത്യക്ഷപ്പെട്ട പരീക്ഷണങ്ങളെ ആര്‍ജവത്തോടെ നേരിടാന്‍ മറ്റാര്‍ക്കും കഴിയാത്തവിധത്തില്‍ അവരെ സജ്ജമാക്കിയതും പ്രസ്തുത രീതിശാസ്ത്രമാണ്. പ്രവാചകസുഹൃത്തുക്കളാണല്ലോ ഇസ്‌ലാമിന്റെ ലോകത്തെ പ്രഥമസത്യസാക്ഷികള്‍.

പ്രവാചകതിരുമേനിയുടെയും അനുചരന്‍മാരുടെയും ജീവിതമാതൃകകള്‍ നിരന്തരം അവതരിപ്പിച്ചുകൊണ്ടുള്ള ഒരു രീതി പ്രബോധിതരെ അത്യഗാധമായി സ്വാധീനിക്കും. അതുപോലെ ദൈവദൂതനും അനുചരന്‍മാരും ജനങ്ങളോട് അധ്യാപനം നടത്തിയതും ശിക്ഷണം നടത്തിയതുമായ രീതികളും അവലംബിക്കാവുന്നതാണ്. വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യാനും മനനം നടത്താനും ഗ്രഹിക്കാനും പ്രചോദനമാകുംവിധം പ്രബോധിതരുടെ ഹൃദയകവാടങ്ങള്‍ തുറന്നിടാനും സാധിക്കണം. തദ്വാരാ അവരുടെ ആത്മാക്കളെ സന്‍മാര്‍ഗദീപ്തമാക്കാനും യഥാര്‍ഥ ജീവിതത്തിലേക്ക് അവരെ വഴിനടത്താനും കഴിയും. പ്രകാശവും സന്‍മാര്‍ഗവും ഔഷധവും ആത്മാവുമൊക്കെയാണെന്നാണല്ലോ ഖുര്‍ആന്‍ അതിനെ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
‘മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും'(യൂനുസ് 57)

ഐഹിക ജീവിതം എന്ത്, എന്തിന് എന്നെല്ലാം പ്രബോധിതരെ ബോധ്യപ്പെടുത്താനും മനസ്സിലാക്കിക്കൊടുക്കാനും കഴിയുന്നതിലൂടെ മാത്രമേ അവരുടെ ഹൃദയങ്ങളെ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്കനുസരിച്ച് വിധേയപ്പെടുത്താനും തദ്വാരാ വൈയക്തിക- സാമൂഹിക സ്വഭാവവ്യവഹാരങ്ങളെ പരുവപ്പെടുത്താനും കഴിയുകയുള്ളൂ. അല്ലാഹുവിന് മാത്രം വിധേയപ്പെടുക, അവന്റെ സംതൃപ്തി നേടിയെടുക്കുക, അനശ്വരവും ഉദാത്തവുമായ ഇഹപരസൗഭാഗ്യം അനുഭവിക്കാനാവുക തുടങ്ങി ജീവിതലക്ഷ്യങ്ങള്‍ക്കായിരിക്കണം പ്രബോധനവേളയില്‍ ഊന്നല്‍ നല്‍കേണ്ടത്. വിശ്വാസവും ആദര്‍ശവും ഹൃദയങ്ങളില്‍ ഈ നിലയില്‍ സ്ഥാപിതമായിക്കഴിഞ്ഞാല്‍ വിശ്വാസികള്‍ തുടര്‍ന്ന് ഭക്തിയുടെ പാഥേയങ്ങളന്വേഷിക്കാന്‍ തിടുക്കം കൂട്ടുകയും ഐഹികജീവിതത്തെ പരലോകത്തേക്കുള്ള കൃഷിയിടമായി കണക്കാക്കുകയും ചെയ്തുകൊള്ളും. അലസമായി ചടഞ്ഞിരുന്നും അലംഭാവത്തോടെ കുത്തിയിരുന്നും വ്യര്‍ഥമോഹങ്ങളുമായി കഴിഞ്ഞാല്‍ പ്രബോധനലക്ഷ്യങ്ങള്‍ സാക്ഷാത്കൃതമാവുകയില്ല. ജീവിതത്തിന്റെ യാഥാര്‍ഥവും ഉദാത്തവുമായ ലക്ഷ്യങ്ങളിലേക്ക് പ്രബോധിതരെ പ്രചോദിപ്പിക്കാനാവുംവിധം പ്രബോധകരുടെ ജീവിതം ബാഹ്യമായും ആന്തരികമായും രഹസ്യതലത്തിലും പരസ്യതലത്തിലും മാതൃകാപരമാകേണ്ടതുണ്ട്.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics