Global

മുസ്‌ലിം വനിതകള്‍ക്ക് ഹിജാബ് യൂനിഫോമായി പരിഗണിച്ച് സ്‌കോട്ട്‌ലന്‍ഡ് പൊലിസ് വകുപ്പ്

ലണ്ടന്‍: കൂടുതല്‍ മുസ്‌ലിം സ്ത്രീകളെ സേനയിലേക്ക് ആകര്‍ഷിക്കുന്നതിന് ഹിജാബ് യൂനിഫോമായി പരിഗണിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് പൊലിസ് ആലോചിക്കുന്നു. സേനയില്‍ കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ബ്രിട്ടനിലെ ഏറ്റവും വലിയ പൊലിസ് സേന ഒരുങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കറുത്ത വര്‍ഗക്കാര്‍, ന്യൂനപക്ഷ ഏഷ്യന്‍ വംശജര്‍ എന്നിവരുടെ 127 അപേക്ഷകള്‍ സ്‌കോട്ട്‌ലന്‍ഡ് പൊലിസിനു ലഭിച്ചിട്ടുണ്ട്. മൊത്തം പൊലിസുകാരുടെ 2.6 ശതമാനമേ ഇവര്‍ ഉള്‍പ്പെടുന്നുള്ളൂ. 101 വര്‍ഷമായി സ്‌കോട്ട്‌ലന്‍ഡ് പൊലിസില്‍ വനിതകളുണ്ട്.

പത്തുവര്‍ഷത്തോളമായി ലണ്ടന്‍ മെട്രോപൊളിറ്റിന്‍ പൊലിസിലെ മുസ്‌ലിം വനിതകള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നു. വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് സേനയില്‍ അനുമതിയുണ്ട്.
ഹിജാബ് ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക അനുവാദം വാങ്ങി ധരിക്കാവുന്നതാണ്. എന്നാല്‍, നിയമപരമായി ഇത് അനുവദിക്കുന്നതോടെ അനുവാദം ആവശ്യമുണ്ടാവില്ല.
വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സേനയെന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തുന്നതിനാണ് യൂനിഫോമിലടക്കമുള്ള അനാവശ്യമായ തടസ്സങ്ങള്‍ നീക്കുന്നതെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി ഹിജാബ് യൂനിഫോം തയാറാക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

Topics