സ്മാര്‍ട്ട് ക്ലാസ്സ്‌

കുട്ടികളുടെ വ്യക്തിത്വമറിയണം നമ്മള്‍

നക്ഷത്രങ്ങളാണ് കുട്ടികള്‍- ഏഴ്

1944 ല്‍ ഫിസിക്‌സില്‍ നൊബേല്‍ സമ്മാനം നേടിയ ഇസ്‌റയേല്‍ വംശജനായ ഐസക് ഇസഡോര്‍ റബ്ബി(ISSAC ISADOR RABI)യെ ഇവിടെ ഓര്‍ത്തു പോകുന്നു. അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു എന്നറിഞ്ഞു കാണാന്‍ എത്തിയ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു.

‘ സര്‍, അങ്ങയെ ഒരു ശാസ്ത്രജ്ഞനാക്കിയത് ആരാണ്?’
‘ എന്റെ അമ്മയും എന്റെ ചോദ്യങ്ങളും’ എഡിസ്സര്‍.എ. റബ്ബി കൂടുതല്‍ ആലോചിക്കാതെ മറുപടി പറഞ്ഞു.
‘ അമ്മയും ചോദ്യങ്ങളും താങ്കളെ ശാസ്ത്രജ്ഞനാക്കിയെന്നോ. എനിക്ക് മനസ്സിലായില്ല’ പത്ര പ്രവര്‍ത്തകന്‍ വ്യക്തത കിട്ടാനെന്നോണം പറഞ്ഞു.

എഡിസര്‍ അതോടെ വാചാലനായി.ഒരുതരം ഗൃഹാതുരത്വ ചിന്തയില്‍ അദ്ദേഹം പെടുന്നനെ പിന്നോട്ട് സഞ്ചരിച്ചു.വര്‍ണങ്ങളും പൂക്കളും നിറം പിടിച്ച ലോകത്തേക്ക് ഊളിയിട്ടു ചെന്നു അദ്ദേഹം പറയാന്‍ തുടങ്ങി:
‘ ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന കാലം. എന്റെ കുട്ടിക്കാലം. സ്‌കൂളില്‍ നിന്നും വൈകുന്നേരം വീടുകളില്‍ തിരിച്ചെത്തിയാല്‍ എന്റെ കുട്ടുകാരോട് എന്നും അവരുടെ അമ്മമാര്‍ ചോദിച്ചിരുന്നത്, ഇന്ന് എന്താണ് ക്‌ളാസില്‍ പുതുതായി പഠിച്ചത് എന്നാണ്. എന്നാല്‍ എന്റെ അമ്മ എന്നോട് ചോദിച്ചിരുന്നത് ഇന്ന് നീ ഏത് ചോദ്യമാണ്,എത്ര ചോദ്യങ്ങളാണ് ക്‌ളാസില്‍ ചോദിച്ചത് എന്നാണ്. അങ്ങനെ സ്‌കൂള്‍ വിട്ട് വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന എന്നെ അടുത്ത ദിവസം ക്‌ളാസില്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങളിലേക്ക് പ്രചോദിപ്പിക്കും. പിന്നെ, ഞാന്‍ ചോദ്യങ്ങള്‍ തിരയുകയായി. അതെന്നെ, പുതിയ അന്വേഷണങ്ങളിലേക്ക് നയിച്ചു. ക്‌ളാസില്‍ ഞാന്‍ ചോദ്യങ്ങളുന്നയിച്ചു. എന്റെ ചോദ്യങ്ങള്‍ക്കായി അധ്യാപകര്‍കരും കൂട്ടുകാരും കാതോര്‍ത്തു കാത്തിരുന്നു. …………

ചെറിയ നിശ്ശബ്ദതക്കു ശേഷം എഡിസര്‍ കൂട്ടിച്ചേര്‍ത്തു, ‘ അമ്മയും ചോദ്യങ്ങളുമാണ് എന്നെ ശാസ്ത്രജ്ഞനാക്കിയത്’
ഒരു നൊബേല്‍ പുരസ്‌കാര ജേതാവാണ് ഈ പറയുന്നത് എന്ന് നാമോര്‍ക്കണം. അലാവുദ്ദീന്റെ അസാധാരണത്വമോ അല്‍ഭുത വിളക്കോ ഒന്നും കയ്യിലില്ലാതിരുന്ന സാധാരണക്കാരിയായ ഒരമ്മ സ്വന്തം മകനെ എത്രത്തോളം ഉയര്‍ത്തിയെന്നും എവിടെയെത്തിച്ചു എന്നും നാം കാണുക. കുട്ടികള്‍ ജിജ്ഞാസുക്കളാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ആ ജിജ്ഞാസയെ സാധ്യമാകും ഈ പ്രചോദിപ്പിക്കുക. അവര്‍ മുന്നോട്ടു പോകും എന്നതിന് ചരിത്രത്തില്‍ ഒരുപാടുദാഹരണങ്ങളുണ്ട്.
കുട്ടികളുടെ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന പ്രശ്‌നങ്ങള്‍രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുണ്ട്. എങ്ങനെ വ്യവഹരിക്കുന്നു, എവ്വിധം പെരുമാറുന്നു, സന്ദര്‍ഭങ്ങളോട്, സംഭവങ്ങളോട്, വ്യക്തികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ നിന്ന് കുട്ടികളുടെ വ്യക്തിത്വത്തെ നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിയും. ഇപ്പറഞ്ഞതിലെല്ലാം ജീവശാസ്ത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അന്തര്‍ഭവിച്ചു കിടക്കുന്നുണ്ട് എന്ന് കൂടി നാം മനസ്സിലാക്കണം.

അഞ്ജന ഒന്നാ ക്‌ളാസിലാണ് പഠിക്കുന്നത്. അച്ഛനും അമ്മയും ഉദ്യോഗസ്ഥരാണ്.വീട്ടില്‍ അതിഥികള്‍ വന്നാല്‍ അഞ്ജന ഒളിച്ചിരിക്കും. അതിഥികള്‍ മടങ്ങിയാലേ പിന്നെ രംഗത്തു വരു. ഇനി എവിടെയെങ്കിലും ബന്ധു വീടുകള്‍ സന്ദര്‍ശിക്കാനോ മറ്റോ പോവുകയാണെങ്കില്‍ കാറില്‍ തന്നെയിരിക്കും. പുറത്തിറങ്ങില്ല. അസ്വസ്ഥരായ അച്ഛനുമമ്മയും അഞ്ജനയെ മന:ശ്ശാസ്ത്രഞ്ജന്റെ അടുത്തെത്തിച്ചു. നിഷ്‌കളങ്കയായ അവള്‍ മന:ശ്ശാസ്ത്രജ്ഞന്റെ മുന്നില്‍ മനസ്സ് തുറന്നു.
‘ വീട്ടില്‍ ആരെങ്കിലും വന്നാല്‍ അച്ഛനുമമ്മയും എന്നോട് പാട്ട് പാടാന്‍ പറയും. നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കും. പരിചയമില്ലാത്തവരെ കാണുമ്പോള്‍ എനിക്ക് പടിയാണ്’ അപ്പോള്‍ അതായിരുന്നു അഞ്ജനയുടെ പ്രശ്‌നം. പാട്ടു പാടാന്‍ കഴിയാത്തതോ നൃത്തം ചെയ്യാന്‍ അറിയാത്തതോ ആയിരുന്നില്ല അവളുടെ പ്രശ്‌നം. അപരിചിതരായിരുന്നു , അപരിചിതരുടെ മുന്നില്‍ പാട്ടം നൃത്തവും അവതരിപ്പിക്കുന്നതായിരുന്നു അഞ്ജനയുടെ പ്രശ്‌നം.
പക്ഷേ, അച്ഛനുമമ്മയും അവളുടെ പ്രശ്‌നം എന്താണെന്ന് അറിഞ്ഞില്ല. അറിയാന്‍ ശ്രമിച്ചില്ല. കുട്ടികള്‍ അവരുടെ കഴിവുകള്‍ എപ്പോഴും എല്ലാവരുടെ മുമ്പിലും അവതരിപ്പിച്ചു കൊള്ളണമെന്നില്ല. അതവരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. അതാണ് നാമറിയേണ്ടതും( തുടരും ).

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics