മാതാപിതാക്കള്‍

മാതാപിതാക്കള്‍ ആദരണീയര്‍

ഭൂമിയിലെ മനുഷ്യോല്‍പത്തിയിലെ ആദ്യഘടകമാണ് മാതാപിതാക്കള്‍. ആദ്യത്തെ പിതാവ് ആദമും മാതാവ് ഹവ്വയുമായിരുന്നു. അന്യരായ സ്ത്രീയും പുരുഷനും വിവാഹമെന്ന സാമൂഹിക കര്‍മത്തിലൂടെ ദാമ്പത്യജീവിതത്തിലേക്ക് കടക്കുകയും തുടര്‍ന്ന് ദൈവഹിതത്താല്‍ സന്താനങ്ങളെ പരിപാലിച്ച് മാതാവും പിതാവും ആയി മാറുന്നു. എല്ലാ മതങ്ങളിലും സമൂഹങ്ങളിലും നാഗരികതകളിലും മാതാപിതാക്കള്‍ എക്കാലത്തും ആദരണീയരായിരുന്നു.

ദൈവത്തോടുളള നന്ദിപ്രകാശിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കളോടും നന്ദിപ്രകാശിപ്പിക്കണമെന്ന് മനുഷ്യനോട് ഇസ്‌ലാം കല്‍പിക്കുന്നു. അതില്‍തന്നെ മാതാവിന് മുന്‍ഗണന നല്‍കിയിരിക്കുന്നു. കാരണം മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നതും തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം മുലയൂട്ടിയതും(ലുഖ്മാന്‍ 14). ഭാര്യാ-ഭര്‍തൃ ബന്ധംപോലെ പ്രാധാന്യമുള്ളതാണ് രക്ഷാകര്‍തൃ-സന്താന ബന്ധങ്ങളും. ഒരു കൂട്ടരുടെ അവകാശങ്ങള്‍ മറ്റേ കൂട്ടരെ സംബന്ധിച്ചിടത്തോളം ബാധ്യതയായി എണ്ണപ്പെടുന്ന സംഗതികളായിരിക്കും. അതേപോലെ തിരിച്ചും.
ശിശുവിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപകാരങ്ങള്‍ ലഭിക്കുന്നത് മാതാപിതാക്കളില്‍നിന്നാണ്. സംരക്ഷണം, ഭക്ഷണം, വസ്ത്രം അങ്ങനെ തുടങ്ങി പലതും അവരാണ് അതെല്ലാം അവന് നല്‍കുന്നത്. മാതാവ് തന്റെ സുഖസൗകര്യങ്ങളും ഉറക്കവും ആരോഗ്യവും പരിത്യജിച്ചാണ് ശിശുവിനെ വളര്‍ത്തിയെടുക്കുന്നത്. കുട്ടിയുടെ ശാരീരിക-വൈജ്ഞാനിക-മാനസികവളര്‍ച്ചയ്ക്കുവേണ്ട എല്ലാം പിതാവ് ഒരുക്കിക്കൊടുക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തനിക്കായി വേണ്ടതെല്ലാം ഒരുക്കിത്തന്ന അല്ലാഹുവിനോട് നന്ദിപ്രകാശിപ്പിക്കേണ്ടതുള്ളതുപോലെ മാതാപിതാക്കളോടും നന്ദിപ്രകാശിപ്പിക്കേണ്ടതുണ്ട്.
വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ സ്വബോധം ദുര്‍ബലമായി ചെറുകുട്ടികളെപ്പോലെ വാശിപിടിക്കുകയും വീട്ടിലുള്ളവര്‍ക്ക് പ്രയാസംസൃഷ്ടിക്കുകയുംചെയ്താല്‍ പോലും അവരോട് മുഷിഞ്ഞ് സംസാരിക്കുകയോ ദേഷ്യംപ്രകടിപ്പിക്കുകയോ മര്‍ദ്ദിക്കുകയോ അവരെ വീടിനുപുറത്താക്കുകയോ ചെയ്യരുതെന്ന് ഖുര്‍ആന്‍ ശക്തിയായി കല്‍പിച്ചിരിക്കുന്നു. ശിശുവായിരുന്ന തന്നെ വളരെ പ്രയാസപ്പെട്ട് വളര്‍ത്തിയെടുക്കുന്നതിലൂടെ അവര്‍ കാട്ടിയ കാരുണ്യം അവരോട് കാട്ടുവാനും അതിനായി അല്ലാഹുവോട് പ്രാര്‍ഥിക്കാനും വിശ്വാസി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഒരു വിശ്വാസിയുടെ എല്ലാം അവന്റെ മാതാപിതാക്കള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തന്നോട് എപ്പോഴും പണം (സമ്പത്ത്) ചോദിച്ച് ബുദ്ധിമുട്ടിക്കുന്നു എന്ന് മാതാവിനെപ്പറ്റി പരാതിപറഞ്ഞ അനുചരനോട് മുഹമ്മദ് നബി വ്യക്തമാക്കുകയുണ്ടായി.

Topics