ഉഥ് മാനികള്‍

ഉസ്മാനിയ ഖിലാഫത്

ഒട്ടോമന്‍ ഖിലാഫത്ത്, സല്‍ത്തനത് ഉസ്മാനി, ഉസ്മാനി സാമ്രാജ്യം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന തുര്‍ക്കി രാജവംശം ഉസ് മാനിയ ഖിലാഫത്തിന് ഉസ്മാന്‍ ഖാന്‍(ക്രി.വ. 1288-1326) അടിത്തറ പാകി(1289). അദ്ദേഹത്തിന്റെ പിതാവും ധീരപോരാളിയുമായിരുന്ന അര്‍തുഗ്ദുലുവിന് മംഗോളിയരെ പരാജയപ്പെടുത്തിയതിന് പ്രതിഫലമായി അലാവുദ്ദീന്‍ സല്‍ജൂഖി നല്‍കിയ ജാഗിര്‍ ആണ് സല്‍ജൂഖികളുടെ പതനത്തിന് ശേഷം ഉസ്മാന്‍ ഖാന്‍ തന്റെ സാമ്രാജ്യത്തിന് അസ്തിവാരമാക്കിയത്. 1326-ല്‍ റോമക്കാരില്‍നിന്ന് പ്രസിദ്ധമായ ബറൂസ നഗരം ഉസ്മാന്‍ ഖാന്‍ പിടിച്ചെടുത്തു. പിന്നീട് അതായി ഉസ്മാനികളുടെ തലസ്ഥാനം. ഉസ്മാനിയ ഖിലാഫത്ത് 1923 വരെ നിലനിന്നു. ഇസ്‌ലാമികചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഭരണവംശമായിരുന്നു അത്. പ്രഗല്‍ഭരായ പല ഭരണാധികാരികളും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഉസ്മാന്‍ ഖാന്റെ പുത്രന്‍ ആര്‍ഖാന്‍ യൂറോപ്പിലേക്കുള്ള തുര്‍ക്കികളുടെ പടയോട്ടം തുടങ്ങിവെച്ചു. 1361 ല്‍ മുറാദ് ഒന്നാമന്‍ (1359-1389) അഡ്രിയാനോപ്പിള്‍ കൈവശപ്പെടുത്തി. 1389-ല്‍ ദാന്യൂബ് നദിവരെയുള്ള ബാള്‍ക്കന്‍ പ്രദേശങ്ങള്‍ ഉസ്മാനികള്‍ക്കധീനമായി. യുദ്ധക്കളത്തിലെ മിന്നല്‍പിണര്‍ എന്നറിയപ്പെടുന്ന ബയാസിദ്(1389-1402) ഏഷ്യാമൈനര്‍ കീഴടക്കി. കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുക്കാനും അദ്ദേഹം വിഫലശ്രമം നടത്തുകയുണ്ടായി. തിമൂര്‍ ചക്രവര്‍ത്തി 1402 ല്‍ ബയാസിദിനെ ബന്ധനസ്ഥനാക്കി. ഈ തക്കത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഇമ്മാനുവല്‍ രണ്ടാമന്‍ തുര്‍ക്കികളില്‍നിന്ന് ഗ്രീസും ഗ്രീസിന്റെ ചില ഭാഗങ്ങളും കീഴടക്കി. ഇതോടെ ഉസ്മാനീ സാമ്രാജ്യം തകരുകയാണെന്ന പ്രതീതി പരന്നു. എന്നാല്‍ ബയാസിദിന്റെ പുത്രന്‍ മുഹമ്മദ് ഒന്നാമന്‍ (1412-1421) സാമ്രാജ്യത്തിന്റെ പ്രതാപം വീണ്ടെടുത്തു. അദ്ദേഹം ഉസ്മാനിയ സാമ്രാജ്യത്തിന്റെ രണ്ടാം സ്ഥാപകന്‍ എന്നറിയപ്പെടുന്നു. മുറാദ് രണ്ടാമന്‍(1421-1451) പില്‍ക്കാലത്ത് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. 1453-ല്‍ മുഹമ്മദ് രണ്ടാമന്‍ (1451-1481) കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെയാണ് ഉസ്മാനിയ സാമ്രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ ഘട്ടം ഉദയം ചെയ്യുന്നത്. മധ്യ പൗരസ്ത്യദേശത്ത് കേന്ദ്രീകരിച്ചിരുന്ന പുരാതന ലോകത്തിന്റെ വാണിജ്യമാര്‍ഗങ്ങളെല്ലാം തുര്‍ക്കികളുടെ പിടിയിലായി. യവന പണ്ഡിതര്‍ പാശ്ചാത്യനാടുകളിലേക്ക് ചേക്കേറി. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ നിമിത്തങ്ങളില്‍ ഒന്നായിരുന്നു അത്. ശക്തനായ മുഹമ്മദ് ബോസ്ഫറസ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി ഏഷ്യയിലേക്കും യൂറോപ്പിലേക്കും തന്റെ അധികാരപരിധി വ്യാപിപ്പിച്ചു.

പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉസ്മാനിയ ഭരണാധികാരികള്‍ അലസരും ദുര്‍ബലരുമായിരുന്നു. 1617-നുശേഷം പിന്തുടര്‍ച്ചാനിയമത്തിലെ ഭേദഗതികള്‍മൂലം യഥാര്‍ഥ അധികാരം മന്ത്രിമാരില്‍ നിക്ഷിപ്തമായി. വിയന്ന ആക്രമിക്കാന്‍ ചെന്ന തുര്‍ക്കികളെ പോളണ്ടിലെ ജോണ്‍ മൂന്നാമന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ സൈന്യം തോല്‍പിച്ചു. 1669-ലെ കാര്‍ലോവിറ്റ്‌സ് സന്ധി പ്രകാരം തുര്‍ക്കിക്ക് ഹംഗറിയും ടാന്‍സില്‍വാനിയയും നഷ്ടപ്പെട്ടു. അന്നുതൊട്ട് ഉസ്മാനിയ ഉസ്മാനിയ സാമ്രാജ്യത്തിന്റെ ശൈഥില്യം ആരംഭിക്കുകയായിരുന്നു.
ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കുന്നതില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം വഹിച്ച പങ്ക് സുവിദിതമാണ്. തദ്ദേശീയരായ ചെറുപ്പക്കാരെ ഖലീഫമാര്‍ക്കെതിരെ തിരിച്ചുവിടുന്നതില്‍ അവര്‍ വിജയിച്ചു. മുസ്‌ലിംകളുടെ കേന്ദ്രീകൃത രാഷ്ട്രീയശക്തി തകര്‍ക്കുന്നതിന് പദ്ധതികള്‍ ആസൂത്രണംചെയ്തത് സയണിസ്റ്റുകളായിരുന്നു. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന അവരുടെ സ്വപ്‌നം എങ്കിലേ സാക്ഷാത്കൃതമാകൂ എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഇസ്‌ലാമികമായ പ്രതീകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യുവതുര്‍ക്കികളുടെ തലവനായിരുന്ന മുസ്ത്വഫാ കമാല്‍പാഷ ഖിലാഫത്തിനെതിരെ രംഗത്തുവന്നത്. ഇസ്‌ലാമിന്റെ രക്ഷകന്‍ ചമഞ്ഞുകൊണ്ടായിരുന്നു കമാലിന്റെ രംഗപ്രവേശം. എന്നാല്‍ അധികാരം കൈയില്‍ വന്നതോടെ അദ്ദേഹം ഇസ്‌ലാം ഉപേക്ഷിക്കുകയും ഏകാധിപത്യപരമായ രീതിയില്‍ പാശ്ചാത്യന്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയുംചെയ്തു.

ഉസ്മാനിയ ഭരണം പൊതുവെ മതസഹിഷ്ണുതയുടെ പേരില്‍ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് രാജാക്കന്‍മാര്‍ കത്തോലിക്കാമതത്തെയും കത്തോലിക്ക രാജാക്കന്‍മാര്‍ പ്രൊട്ടസ്റ്റന്റുകാരെയും ,ഇരുകൂട്ടരും ജൂതന്‍മാരെയും പീഡിപ്പിച്ചിരുന്ന കാലത്താണ് ഉസ്മാനിയ ഖലീഫമാര്‍ എല്ലാ മതക്കാര്‍ക്കും സ്വാതന്ത്ര്യം നല്‍കിയത്.
മതപണ്ഡിതന്‍മാര്‍ക്ക് ജനജീവിതത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. പ്രത്യേകമായി സംവിധാനിക്കപ്പെട്ട സൈന്യം -ജാനിസ്സറികള്‍- യുദ്ധത്തിലും ക്രമസമാധാനപാലനത്തിലും സുല്‍ത്താന്‍മാരെ സഹായിച്ചു. ഏറ്റവും മികച്ച ബ്യൂറോക്രസിയായിരുന്നു ഒട്ടോമന്‍തുര്‍ക്കികളുടേതെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. മികച്ച നീതി നിര്‍വഹണവ്യവസ്ഥ ഉസ്മാനിയ ഖിലാഫത്തിന്റെ സംഭാവനയാണ്. ക്രോഡീകൃതമായ നിയമവാലി ഇതിന് സഹായകരമായി. സമകാലീന യൂറോപ്യന്‍ രാജ്യങ്ങളുടെ നീതി നിര്‍വഹണസമ്പ്രദായത്തേക്കാള്‍ മികച്ചതായിരുന്നു ഒട്ടോമന്‍ തുര്‍ക്കികളുടേത്.

മതപഠനം, സാഹിത്യം, തത്ത്വചിന്ത, ഗണിതശാസ്ത്രം എന്നിവയ്ക്ക് വിദ്യാഭ്യാസത്തില്‍ മുന്‍ഗണന നല്‍കിയിരുന്നു. കവിതാ രചന ഉസ് മാനിയ ഖലീഫമാരുടെ പ്രത്യേകവിനോദമായിരുന്നു. കവികള്‍ ആദരിക്കപ്പെട്ടു. തുര്‍ക്കി പരവതാനികള്‍ക്ക് പടിഞ്ഞാറന്‍ യൂറോപ്പില്‍ വലിയ പ്രചാരമുണ്ടായിരുന്നു. വാസ്തുശില്‍പത്തിലും ഉസ്മാനിയഖലീഫമാര്‍ മികവുറ്റ സംഭാവനകള്‍ നല്‍കി. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഗംഭീരങ്ങളായ മസ്ജിദുകള്‍ അതിന് ഉദാഹരണമാണ്. പേര്‍ഷ്യന്‍, അറബി, സിറിയന്‍, തുര്‍ക്കി സംസ്‌കാരങ്ങളുടെ അപൂര്‍വസങ്കലനമായിരുന്നു ഉസ്മാനികളുടെ സംസ്‌കാരം.

About the author

padasalaadmin

Add Comment

Click here to post a comment

Topics