നക്ഷത്രങ്ങളാണ് കുട്ടികള്‍ -26
പ്രതി വര്‍ഷം ഒരു കോടി രൂപ വേതനം വാഗ്ദാനം ചെയ്തു കൊണ്ടാണ് കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ നാലു വിദ്യാര്‍ത്ഥി പ്രതിഭകളെ -മൂന്നു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും- ഒരു ബഹുരാഷ്ട്ര കമ്പനി വശീകരിക്കാന്‍ ശ്രമിച്ചത്. നാലു പേരും പക്ഷേ, ആ വാഗ്ദാനം നിരാകരിച്ചു. ജോലിയും വേതനവുമല്ല ജീവിതമാണ് വലുതും പ്രധാനവുമെന്ന് പറഞ്ഞു കൊണ്ടാണ് അവര്‍ നിലപാടെടുത്തത്. തൊഴിലില്‍ സംതൃപ്തിയും മനസ്സിന് സ്വാസ്ഥ്യവും നഷ്ടപ്പെട്ടാല്‍ ജീവിതം നരകതുല്യമാകുമെന്ന തിരിച്ചറിവായിരുന്നു അത്തരമൊരു തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
ഇത്രയും മുന്തിയ ശമ്പളം, അതും തൊഴിലില്ലായ്മ പിടി മുറുക്കിയ ഇക്കാലത്ത് കൈ വെള്ളയില്‍ വന്നു വീണിട്ട് വിവരവും വീണ്ടു വിചാരവുമുള്ളവരത് വേണ്ടെന്ന് വെക്കുമോ എന്നാരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. സമൂഹത്തിന്റെ പൊതു ബോധം ഇപ്പോള്‍ അാണ്.ഈയൊരു പൊതു ബോധത്തിന്റെ അച്ചിലാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത്. മക്കളെ പഠിച്ചു മിടുക്കരാകാന്‍ പ്രേരിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കൊരു ലക്ഷ്യമുണ്ട് : നല്ല വിദ്യാഭ്യാസം, നല്ല ജോലി, നല്ല ശമ്പളം……….! കരിയര്‍ വിദഗ്ധര്‍ പരിശീലനം കൊടുക്കുമ്പോഴും കുട്ടികളെ പ്രലോഭിപ്പിക്കാറുണ്ട് മെച്ചപ്പെട്ട കോഴ്‌സുകളിലേക്ക്, ഉയര്‍ന്ന ജോലികളിലേക്ക്,വലിയ ശമ്പളത്തിലേക്ക്….അതിലൊക്കെയാണ് ജീവിതമിരിക്കുന്നത് എന്ന ദര്‍ശനത്തിലേക്ക്……!
ജീവിതത്തെ വെറും ഭൗതിക പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാനും ഇമ്മട്ടില്‍ ഭാവിയെ ആസൂത്രണം ചെയ്യാനുമാണ് മുതിര്‍ന്നവരായ നമ്മില്‍ പലരും കുട്ടികളെ പരിശീലിപ്പിക്കുന്നത്.പണത്തിലും പത്രാസിലുമാണ് ജീവിത വിജയമിരിക്കുന്നത് എന്ന വികലവും അയഥാര്‍ഥവുമായ ഒരു ധാരണ തീവ്ര സ്വഭാവത്തോടെ നമ്മുടെ കുട്ടികളെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു. ആഡംബര ജീവിതത്തിന് തടസ്സമാകാതിരിക്കാന്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും ഐസ് ക്രീമില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ക്രൂരത അടുത്ത കാലത്ത് നാം കണ്ടല്ലൊ. വിഷ ബാധയേറ്റ അച്ഛനുമമ്മയും മരണത്തെ അതിജീവിച്ചെങ്കിലും അവന്റെ സഹോദരി ദയനീയമാം വിധം മരണത്തിന് കീഴടങ്ങേണ്ടി വന്നു. എന്തൊരു കഷ്ടം!
ആഢംബര ജീവിതത്തിന് വീട്ടുകാര്‍ തടസ്സമാകുമെന്ന് ചിന്തിക്കുക, അവരെ വക വരുത്താന്‍ ശ്രമിക്കുക , ശേഷം സ്വത്ത് മുഴുവന്‍ കൈക്കലാക്കുക, പിന്നെ അടിച്ചു പൊളിച്ചു ജീവിക്കുക…………………
എങ്ങനെയുണ്ടീ തിയറി. ആരാണിത് പഠിപ്പിച്ചത്? ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്?
ചെറുപ്പം മുതലേ കുട്ടികളുടെ ചിന്തയെ നേര്‍വഴിക്ക് നയിക്കാന്‍ നമുക്ക് കഴിയണം. ജീവിതത്തിലെ സംതൃപ്തിയുടെയും വിജയത്തിന്റെയും യഥാര്‍ത്ഥ അളവുകോലുകള്‍ കണ്ടെത്താന്‍ കുട്ടികളെ സഹായിക്കണം.
1938 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ശ്രദ്ധേയമായ ഒരു പഠനമുണ്ട്. രക്ത ബന്ധവും കുടുംബ ബന്ധവും മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നായിരുന്നു പഠനം.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ശൈശവ കാലത്തും കൗമാര കാലത്തും മാതാപിതാക്കളോടും സഹോദരങ്ങളോടുംകൂട്ടുകാരോടുമുണ്ടായിരുന്ന ബന്ധങ്ങളെങ്ങനെ യായിരുന്നു എന്ന് സൂക്ഷ്മമായി വിശകലനം ചെയ്ത പഠനമായിരുന്നു അത്.യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയതിനുശേഷം വിദ്യാര്‍ത്ഥികള്‍ നേടിയ ജോലി, വരുമാനം, ജീവിത രീതി
എന്നീ കാര്യങ്ങളും പഠനത്തിന്റെ പരിധിയില്‍ വന്നിരുന്നു.
പ്രസ്തുത പഠനം നടന്നിട്ട് 82 വര്‍ഷങ്ങള്‍ പിന്നിട്ടു.30,000 പേരാണ് പഠനത്തിന് വിധേയരായത്.മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന നാലു ഘടകങ്ങളിലേക്കായിരുന്നു
പഠനം ലോകത്തിന്റെ ശ്രദ്ധ തിരിച്ചത്. നിത്യവ്യായാമം, നിയന്ത്രിത ആഹാരം, ലഹരി വര്‍ജനം, പരസ്പര ബന്ധങ്ങളുടെ സംരക്ഷണംഇപ്പറഞ്ഞതില്‍ പരസ്പര ബന്ധത്തിന്റെ പ്രാധാന്യത്തിനായിരുന്നുപഠനം ഊന്നല്‍ നല്‍കിയത്.ശൈശവ കാലം തൊട്ടേ, മാതാപിതാക്കളോടും സഹോദരങ്ങളോടും കൂട്ടുകാരോടും വച്ചു പുലര്‍ത്തുന്ന പരസ്പര ബന്ധത്തിന് വളരെ പ്രാധാന്യമുണ്ടെന്നും പിന്നീടങ്ങോട്ടുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ അഗാധമായി അത് സ്വാധീനിക്കുന്നു എന്നുംപഠനം സമര്‍ഥിച്ചു.
കൗമാരത്തിലെത്തുന്നതോടെ മുതിര്‍ന്നവരുടെ രീതികളും ശൈലികളും പ്രവണതകളും മുന്നില്‍ വച്ചു ജീവിതത്തെക്കുറിച്ച കാഴ്ചപ്പാട് കുട്ടികള്‍ രുപപ്പെടുത്താന്‍ തുടങ്ങും. ജീവിതത്തില്‍ സന്തോഷം
വേണോ……ഉയര്‍ന്ന വരുമാനം, വലിയ വീട്, മുന്തിയ വാഹനം, ഭൗതിക സൗകര്യങ്ങള്‍… ഇതൊക്കെ വേണം. ഇടക്കിടെ മറ്റുള്ളവരെ നോക്കി താരതമ്യം ചെയ്യും. അയാള്‍ പണിത വീടിന്റെ വലുപ്പം, അയല്‍വാസി വാങ്ങിച്ച കാറിന്റെ ബ്രാന്റ്…………. എന്നിട്ട് ആ നിലയിലേക്കെത്താന്‍ കഴിയാത്തതില്‍ അസ്വസ്ഥത.
ജീവിതത്തോടുള്ള മുതിര്‍ന്നവരുടെ ഈ സമീപനം കണ്ടു വളരുന്ന കുട്ടികള്‍ തങ്ങളുടെ ഭാവി ജീവിതത്തെയും ഏതാണ്ടീ വിധം ക്രമപ്പെടുത്താന്‍ തുടങ്ങും. ജീവിതത്തെ കുറിച്ച ശരിയായൊരു ദര്‍ശനത്തിന്റെ ശൂന്യത അനുഭവിച്ചു കൊണ്ടാണ് കുട്ടികളില്‍ പലരും ഇന്ന് വളര്‍ന്നു വരുന്നത്. അതിന്റെ സാമൂഹികാഘാതങ്ങളും വലുതാണ്.
ജീവിതത്തെ കുറിച്ചുള്ള കൃത്യമായ ഒരു ദര്‍ശനം നമ്മുടെ കുട്ടികള്‍ക്ക് കിട്ടേണ്ടതുണ്ട്. ഒരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് എന്താണ്? അയാള്‍ പാര്‍ത്തിരുന്ന വീടും ഉപയോഗിച്ചിരുന്ന വാഹനവും വഹിച്ചിരുന്ന സ്ഥാനമാനങ്ങളും പ്രദര്‍ശിപ്പിച്ചു നടന്നിരുന്ന പത്രാസുമൊക്കെയാണോ? ഒരിക്കലുമല്ല. അതൊക്കെ മരണപ്പെടുന്നതോടെ അയാളുടേതല്ലാകും. പുതിയ അവകാശികളുമുണ്ടാകും.
എങ്കില്‍ പിന്നെ അയാളിവിവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവെന്താകും?
അയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്ത നന്മകളാണ് അയാളിവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍. അയാള്‍ ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ് അയാളിവിടെ അവശേഷിപ്പിച്ചു പോകുന്ന മുദ്രകള്‍. ഈയൊരു ദര്‍ശനമാണ് ഏതൊരാളുടെയും ജീവിതത്തെ ആഹ്‌ളാദകരമാക്കുന്നത്.സൗഭാഗ്യ പൂര്‍ണമാക്കി ത്തീര്‍ക്കുന്നത്. ഇക്കാര്യം അനുഭവാധിഷ്ടിതമായി നമ്മുടെ കുട്ടികള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്( തുടരും ).
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment