അലി (റ)ക്ക് ശേഷം ഇസ്‌ലാമിലെ ഖലീഫ. പ്രവാചകപത്‌നി ഉമ്മുഹബീബ(റ)യുടെ സഹോദരന്‍. വിശുദ്ധഖുര്‍ആന്‍ രേഖപ്പെടുത്തിയ എഴുത്തുകാരില്‍ ഒരാള്‍. പിതാവ് അബൂസുഫ്‌യാന്‍. ഉമവീ രാജവംശത്തിന്റെ സ്ഥാപകനായി ചരിത്രം രേഖപ്പെടുത്തി. മുസ്‌ലിംകള്‍ മക്ക പിടിച്ചടക്കുന്നതുവരെ മുആവിയ ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്നു. അറേബ്യ ഇസ്‌ലാമിന് കീഴടങ്ങിയപ്പോള്‍ അദ്ദേഹം മുസ്‌ലിമായി. ഉമറും ഉസ്മാനും മുആവിയയെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു. അലി ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുആവിയ ഖലീഫക്കെതിരെ യുദ്ധംചെയ്തു. അലിക്കുശേഷം ഇമാം ഹസന്‍ ഖലീഫ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം ഖിലാഫത്ത് മുആവിയയ്ക്ക് വിട്ടുകൊടുത്തു.
20 വര്‍ഷം ഭരണം നടത്തിയ മുആവിയയുടെ കാലത്ത് പൊതുവെ രാഷ്ട്രം സമാധാനപരമായി മുന്നോട്ടുപോയി. തനിക്കുശേഷം മകന്‍ യസീദിനെ അദ്ദേഹം ഖലീഫയായി വാഴിച്ചു. തന്റെ ഭരണകാലത്ത് അദ്ദേഹം ധാരാളം ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാര്‍ഷികരംഗത്ത് വികസനത്തിന്റെ ഭാഗമായി തോടുകളും കുളങ്ങളുമുണ്ടാക്കി. ശാസ്ത്രീയരീതിയില്‍ ജലസേചന സൗകര്യമൊരുക്കി. കുതിരത്തപാല്‍ നടപ്പാക്കി. സര്‍ക്കാര്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്ന ദിവാന്‍ അഥവാ സെക്രട്ടേറിയറ്റ് സമ്പ്രദായത്തിന്റെ ഉപജ്ഞാതാവായി.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 1700 ലധികം കപ്പലുകളുമായി മുസ്‌ലിംലോകത്തെ ആദ്യനാവികസേനാ വ്യൂഹത്തെ സജ്ജീകരിച്ചു. ശാമിലും ഈജിപ്തിലും കപ്പല്‍ നിര്‍മാണശാലകള്‍ സ്ഥാപിച്ചു. കാലാവസ്ഥാ വൈവിധ്യം പരിഗണിച്ച് ഗ്രീഷ്മസേനയും ഹേമന്തസേനയും രൂപീകരിച്ച് റോമിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചു. സൈപ്രസ് ദ്വീപടക്കം നിരവധി പ്രദേശങ്ങള്‍ ഇസ്‌ലാമികരാഷ്ട്രത്തോട് ചേര്‍ത്തു. അദ്ദേഹത്തിന്റെ കാലത്ത് ഖുറാസാന്‍ ഗവര്‍ണറായിരുന്ന മുഹല്ലബ് ബ്‌നു അബീ സുഫ്‌റ നടത്തിയ സൈനികനീക്കം ലാഹോര്‍വരെയെത്തുകയുണ്ടായി. ബൈസാന്റൈന്‍ സാമ്രാജ്യത്തിനെതിരെ നിരവധി വിജയങ്ങള്‍ നേടി. വടക്കേ ആഫ്രിക്കയിലേക്ക് സൈനികദളത്തെ അയച്ച് ബര്‍ബര്‍ നാടുകളില്‍ ആധിപത്യം നേടി. അതുവഴി ബര്‍ബര്‍ വര്‍ഗക്കാര്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
ഉത്തരാഫ്രിക്കയിലെ തുനീഷ്യയില്‍ ഖൈറുവാന്‍ എന്ന സാംസ്‌കാരികനഗരം പണികഴിപ്പിച്ചു. ഗവര്‍ണര്‍ എന്ന നിലയില്‍ ഏറെ പരിചയമുള്ള പുരാതന സംസ്‌കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രമായ ദമസ്‌കസ് നഗരമായിരുന്നു അദ്ദേഹത്തിന്റെ ഭരണതലസ്ഥാനം. രാജ്യത്ത് നീതിന്യായം ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
മുആവിയ (റ) (ഹി: 41-60)

Add Comment