ദായധനാവകാശികള്‍

അനന്തരാവകാശികള്‍

അനന്തരാവകാശികളെ സംബന്ധിച്ചു അല്ലാഹു വിശദവും ഖണ്ഡിതവുമായ വിധത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:

നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. പുരുഷന്റെ വിഹിതം രണ്ടു സ്ത്രീ വീഹിതത്തിന് തുല്യമാകുന്നു. ഇനി (അവകാശികള്‍) രണ്ടിലധികം പെണ്ടമക്കളാണെങ്കില്‍, മൊത്തം ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാകുന്നു. ഒരു പുത്രി മാത്രമേയുള്ളുവെങ്കില്‍ പകുതിയാണ് അവര്‍ക്കുള്ളത്. പരേതന് സന്താനമുള്ള അവസ്ഥയില്‍, അവന്റെ മാതാപിതാക്കളിലോരോരുത്തര്‍ക്കും അവന്‍ വിട്ടുപോയതിന്റെ ആറിലൊന്നു വീതം ലഭിക്കേണ്ടതാകുന്നു. അവന്നു സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ മാത്രം അവകാശികളാവുകയും ചെയ്യുമ്പോള്‍ മാതാവിന് മുന്നിലൊന്ന് ലഭിക്കണം. പരേതനു സഹോദര സഹോദരികളുണ്ടെങ്കില്‍ അപ്പോള്‍ ആറിലൊന്നാണ് മാതാവിന് ലഭിക്കേണ്ടത്. ഈ വിഹിതങ്ങളെല്ലാം നല്‍കേണ്ടത് പരേതന്‍ ചെയ്തിട്ടുള്ള വസിയ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും അയാളുടെ പേരിലുള്ള കടങ്ങള്‍ വീട്ടുകയും ചെയ്ത ശേഷമാകുന്നു. നിങ്ങളുടെ മാതാപിതക്കളാണോ മക്കളാണോ പ്രയോജനത്താല്‍ നിങ്ങളോടേറ്റം അടുത്തവരെന്ന് നിങ്ങള്‍ അറിയുന്നില്ല. ഈ വിഹിതം അല്ലാഹുവോ, യാഥാര്‍ത്ഥ്യങ്ങളൊക്കെയും അറിയുന്നവനും സകല നന്മകളിലും അഭിജ്ഞനുമല്ലോ (ഖു. 4:11)

നിങ്ങളുടെ ഭാര്യമാര്‍ വിട്ടുപോയതിന്റെ പകുതി നിങ്ങള്‍ക്കുള്ളതാകുന്നു. അവര്‍ക്ക് മക്കളില്ലെങ്കില്‍. അവര്‍ക്ക് മക്കളുണ്ടെങ്കിലോ നിങ്ങളുടെ വിഹിതം നാലിലൊന്നാകുന്നു. അവരുടെ വസിയ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തശേഷം. നിങ്ങള്‍ വിട്ടുപോയ സ്വത്തില്‍ അവര്‍ക്കു നാലിലൊന്നിന് അവകാശമുണ്ടായിരിക്കും, നിങ്ങള്‍ക്കു മക്കളില്ലെങ്കില്‍. നിങ്ങള്‍ക്കു മക്കളുണ്ടെങ്കിലോ അവരുടെ വിഹിതം, നിങ്ങള്‍ വിട്ടുപോയതിന്റെ എട്ടിലൊന്നാകുന്നു, നിങ്ങളുടെ വസിയ്യത്തും കടവും കഴിച്ച ശേഷം (ഖു. 4:12).

പ്രവാചകരേ, ജനം താങ്കളോട് ‘കലാല’യെ സംബന്ധിച്ചു വിധി ചോദിക്കുന്നണ്ടല്ലോ. പറയുക: അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു. മക്കളില്ലാത്ത ഒരാള്‍ മരിച്ചു പോയാല്‍, അയാള്‍ക്ക് ഒരു സഹോദരിയുണ്ടെങ്കില്‍ ദായധനത്തില്‍ പകുതി അവള്‍ക്കുള്ളതാകുന്നു. സഹോദരിയാണ് മക്കളില്ലാതെ മരിക്കുന്നതെങ്കില്‍ അവര്‍ ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിനര്‍ഹരാകുന്നു. ഇനി ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ പുരുഷവിഹിതം സ്ത്രീവിഹിതത്തിന്റെ ഇരട്ടിയായിരിക്കും” (ഖു.4:176)

അനന്തരാവകാശം ലഭിക്കുന്ന പുരുഷന്മാര്‍ (ആകെ 15)
1. മകന്‍
2. മകന്റെ മകന്‍, അവന്റെ മകന്‍ തുടര്‍ന്ന് ഈ ക്രമത്തില്‍ താഴോട്ട് ഉള്ളവര്‍
3. പിതാവ്
4. പിതാവിന്റെ പിതാവ്. പ്രപിതാമഹന്‍ ആ ക്രമത്തല്‍ മേലോട്ടുള്ളവര്‍
5.മാതാപിതാക്കളൊത്ത സഹോദരന്‍
6. പിതാവൊത്ത സഹോദരന്‍
7. മാതാവ് (മാത്രം) ഒത്ത സഹോദരന്‍
8. മാതാപിതാക്കളൊത്ത സഹോദരന്റെ മകന്‍
9. പിതാവൊത്ത സഹോദരന്റെ മകന്‍
10. മാതാപിതാക്കളൊത്ത പിതൃസഹോദരന്‍
11. പിതാവൊത്ത പിതൃസഹോദരന്‍
12. മാതാപിതാക്കളൊത്ത പിതൃസഹോദരന്റെ മകന്‍
13. പിതാവൊത്ത പിതൃസഹോദരന്റെ മകന്‍
14. ഭര്‍ത്താവ്
15. അടിമക്ക് മോചനം നല്‍കിയിട്ടുള്ള യജമാനന്‍

നബി പറഞ്ഞു. ” വലാഅ് (അടിമയെ മോചിപ്പിച്ചത് കൊണ്ടുള്ള ബന്ധം) കുടുംബത്തിലെ രക്തബന്ധം പോലെയുള്ളതാണ്. അത് വില്‍ക്കാനും ദാനം ചെയ്യാനും കഴിയുന്നതല്ല.”

അനന്തരാവകാശം ലഭിക്കുന്ന സ്ത്രീകള്‍ (ആകെ 10)

1. മകള്‍
2. മകന്റെ മകള്‍, മകന്റെ മകന്റെ മകള്‍ തുടര്‍ന്ന് ഈ ക്രമത്തില്‍ താഴോട്ടുള്ളവര്‍
3.മാതാവ്
4. മാതാവിന്റെ മാതാവ്, വല്യുമ്മയുടെ ഉമ്മ, ആ ക്രമത്തില്‍ മേലോട്ട്
5. പിതാവിന്റെ മാതാവ്, അവരുടെ മാതാവ്, ആ ക്രമത്തില്‍ മേലോട്ട്
6. മാതാപിതാക്കള്‍ ഒത്ത സഹോദരി.
7. പിതാവ് മാത്രം ഒത്ത സഹോദരി
8. മാതാവ് മാത്രം ഒത്ത സഹോദരി
9. ഭാര്യ
10. അടിമക്ക് മോചനം നല്‍കിയിട്ടുള്ളവള്‍

അവകാശികള്‍ രണ്ടു തരം

1. ഓഹരിക്കാര്‍ (ഫര്‍ളുകാര്‍)=ഓഹരി നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍.
2. അസബക്കാര്‍ = ഓഹരി നിശ്ചയിക്കപ്പെടാത്ത അവകാശികള്‍.

About the author

padasalaadmin

Add Comment

Click here to post a comment

Topics