സ്വന്തമായ സാഹിത്യ കലാരൂപങ്ങള്‍ മാപ്പിളമാര്‍ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയുടെ വളര്‍ച്ചക്ക് അറബി-മലയാളം എന്ന ഭാഷ പശ്ചാത്തലമായി വര്‍ത്തിച്ചു. മാപ്പിളപ്പാട്ടുകള്‍ സാഹിത്യരൂപം എന്നതിനേക്കാളേറെ ചൊല്ലിക്കേള്‍പ്പിച്ചും അര്‍ത്ഥം പറഞ്ഞും ആളുകളെ ആസ്വദിപ്പിക്കുന്ന ഒരു പ്രകടനാത്മകകലാരൂപമാണ്. മാപ്പിളയുടെ പ്രണയവും മതബോധവും രണശൂരതയുമെല്ലാം മാപ്പിളപ്പാട്ടുകള്‍ പാടി അര്‍ഥം പറയുന്ന സമ്പ്രദായവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ നൃത്തരൂപങ്ങളും മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ടവയാണ്.
മൗലീദ്, റാത്തീബ് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ മതചടങ്ങുകളോടൊപ്പം കലാരൂപങ്ങള്‍ കൂടിയാണ്. വിവാഹചടങ്ങുകളോടനുബന്ധിച്ച് പഴയകാലത്ത് ഒപ്പന വ്യാപകമായി നടന്നിരുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒപ്പനയുണ്ട്. കൈമുട്ടിയും കൈമുട്ടാതെയുമുള്ളവയാണ് ഈ ഒപ്പനകള്‍. ഒപ്പനയിലെ ഈ വ്യത്യസ്തതയെ അടിസ്ഥാനമാക്കി മുട്ടുള്ള പാഹം(ഭാഗം), മുട്ടില്ലാത്ത പാഹം എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ കോഴിക്കോടന്‍ കോയമാര്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിരുന്നു. മാപ്പിളക്കോല്‍ക്കളി മലബാറിലെ പ്രാചീനസമൂഹങ്ങളുടെ ആയോധനകലയായ കോല്‍ക്കളിയില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല. കോല്‍ക്കളിക്കുപയോഗിക്കുന്ന വായ്ത്താരിയിലും പാട്ടുകളിലും മാത്രമേ കാര്യമായ വ്യത്യാസമുള്ളൂ. ചുവടുവെപ്പുകള്‍ ഏതാണ്ട് ഒന്നുതന്നെ. പക്ഷേ, മാപ്പിളക്കോല്‍ക്കളിയിലെ പാട്ടുകള്‍ പലപ്പോഴും മാപ്പിളപ്പാട്ടുകളാണ്. ദഫ്മുട്ട് , മാപ്പിള സാംസ്‌കാരികത്തനിമ പുലര്‍ത്തുന്ന ഒരനുഷ്ഠാനകലയാണ്.
Add Comment