ഖുര്‍ആന്‍-ലേഖനങ്ങള്‍

പ്രധാന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍

ഖുലഫാഉര്‍റാശിദയുടെ കൂട്ടത്തില്‍ അലി(റ)യില്‍നിന്നാണ് കൂടുതല്‍ തഫ്‌സീറുകള്‍ നിവേദനം ചെയ്തിട്ടുള്ളത്. സ്വഹാബികളില്‍ ഇബ്‌നു മസ്ഊദും ഇബ്‌നു അബ്ബാസുമാണ് ഏറ്റവും ശ്രദ്ധേയരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. നാലു സരണികളിലൂടെ ഇബ്‌നു അബ്ബാസില്‍ നിന്നും തഫ്‌സീര്‍ ഉദ്ധരിച്ചിട്ടുണ്ട്.

1. ഹിജ്‌റ 143- ല്‍ മരിച്ച അലിയ്യുബ്‌നു ത്വല്‍ഹയില്‍നിന്ന്
2. ഖൈസ് ഇബ്‌നു മുസിം (മരണം ഹി. 120)മുഖേന
3. ചരിത്രകാരനായ ഇസ്ഹാഖ് മുഖേന
4. മുഹമ്മദ് ഇബ്‌നു സാഇബ് (മരണം ഹി. 146) മുഖേന

നാലാമത്തെ നിവേദകസരണി ദുര്‍ബലമാണ്. ഇബ്‌നു അബ്ബാസില്‍നിന്ന് വിവിധ നിവേദനസരണികള്‍ വഴി ഉദ്ധരിക്കപ്പെട്ടിട്ടുള്ള തഫ്‌സീറുകള്‍ സമാഹരിച്ച് ‘തഫ്‌സീര്‍ ഇബ്‌നു അബ്ബാസ്’എന്ന പേരില്‍ അറബി നിഘണ്ടു നിര്‍മ്മാതാവായ ഫൈറൂസാബാദി ഒരു ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്.
ഇബ്‌നു അബ്ബാസ്, സൈദ് ബ്‌നു അസ്‌ലം, ഇബ്‌നു മസ്ഊദ് എന്നീ സ്വഹാബികളുടെ ശിഷ്യന്‍മാരാണ് രണ്ടാം തലമുറ(താബിഊന്‍)യിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. ഇബ്‌നു അബ്ബാസ് മക്കയിലും സൈദ് ഇബ്‌നു അസ്‌ലം മദീനയിലും ഇബ്‌നു മസ്ഊദ് കൂഫയിലുമായിരുന്നു പ്രബോധനശിക്ഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. അതിനാല്‍ അതത് പ്രദേശങ്ങളിലെ പണ്ഡിതന്‍മാരാണ് അവരുടെ ശിഷ്യത്വം സ്വീകരിച്ചത്.

മുജാഹിദ്, സഈദ് ബ്‌നു ജുബൈര്‍, ഇക്‌രിമ, ത്വാഊസ്, അതാഅ് ബ്‌നു അബീറബാസ് എന്നിവരാണ് ഇബ്‌നു അബ്ബാസിന്റെ ശിഷ്യന്‍മാര്‍. ഇവരില്‍ മുജാഹിദ് ആണ് ഏറ്റവും പ്രാമാണികനായി ഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ ആദ്യാവസാനം ഓരോ വാക്യവും പ്രത്യേകം പ്രത്യേകം മൂന്നുതവണ അദ്ദേഹം ഇബ്‌നു അബ്ബാസില്‍നിന്ന് വ്യാഖ്യാനസഹിതം പഠിക്കുകയുണ്ടായി. പഠിച്ചത് എഴുതിയെടുക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ സമകാലികരും പില്‍ക്കാലപണ്ഡിതന്‍മാരും അദ്ദേഹത്തിന് കൂടുതല്‍ ആധികാരികത കല്‍പിച്ചു. ആധുനികരടക്കം എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മുജാഹിദിനെ ഉദ്ധരിക്കാറുണ്ട്. ഇമാം ശാഫിഈ, ബുഖാരി മുതലായവര്‍ മുജാഹിദിനെയാണ് തഫ്‌സീറിന് അവലംബമാക്കിയത്.

സൈദ്ബ്‌നു അസ്‌ലമിന്റെ ശിഷ്യര്‍ ഇവരാണ്: അബ്ദുര്‍റഹ്മാന്‍ ബ്‌നു സൈദ്(മരണം ഹി. 182) ഇമാം മാലിക് (മരണം ഹി. 179), അത്വാഅ് (135) മുഹമ്മദ് ബ്‌നു കഅ്ബ്(117), ഇസ്ഹാഖ് (105) അബുല്‍ ആലിയ(90) അത്വിയ്യ (111) ഖത്താദഃ(117), റബീഅ് (139) ഇസ്മാഈല്‍ ബ്‌നു അബ്ദുര്‍റഹ്മാന്‍ എന്ന സുദ്ദീകബീര്‍(127).
ഇബ്‌നു മസ്ഊദിന്റെ ശിഷ്യര്‍: അല്‍ഖമഃ(102) അസ്‌വദ് ബ്‌നു യസീദ് (75), ഇബ്‌റാഹീം നഖ്ഈ(95) ശഅബി(105)
മറ്റു പല സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും ഖുര്‍ആന്‍ പഠിച്ചവരാണ് മൂന്നാം തലമുറയിലെ മുഫസ്സിറുകള്‍. ഇബ്‌നു ഉയൈയ്‌ന(198) വകീഅ(197), ശുഅ്ബ്(160), ഇസ്ഹാഖ് ബ്‌നു റാഹവൈഹി(238), ഇബ്‌നു അബീ ശൈബഃ തുടങ്ങിയവരുള്‍ക്കൊള്ളുന്നതാണ് മൂന്നാം തലമുറ.

ഇബ്‌നു അബീ ഹാതിം(327) ഇബ്‌നു മാജഃ(273), ഇബ്‌നു മര്‍ദവൈഹി(410) ഇബ്‌നുഹിബ്ബാന്‍ (354) ഇബ്‌നു മുന്‍ദിര്‍(236) ഇബ്‌നു ജരീര്‍(310) എന്നിവരാണ് നാലാം തലമുറയിലെ മുഫസ്സിറുകള്‍.
ഇബ്‌നു ജരീറിന്റെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം വളരെ ബൃഹത്താണ്. ഖുര്‍ആനിനെയും ഹദീസിനെയും അടിസ്ഥാനമാക്കിയും സ്വഹാബികളുടെയും താബിഉകളുടെയും വ്യാഖ്യാനങ്ങള്‍ പരിശോധിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ വിശകലനം ചെയ്തും സമഗ്രമായ രീതിയിലാണ് അദ്ദേഹം തഫ്‌സീര്‍ രചിച്ചത്. മുപ്പതിനായിരം പുറങ്ങള്‍ എഴുതാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ ആയുഷ്‌കാലത്തിനിടയ്ക്ക് അത് എഴുതിത്തീര്‍ക്കാന്‍ പറ്റുകയില്ല എന്ന മറ്റുള്ളവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് മുവ്വായിരത്തില്‍ ഒതുക്കി. പ്രസ്തുത തഫ്‌സീറിന് തുല്യമായ മറ്റൊരു തഫ്‌സീര്‍ ഇല്ല എന്ന് സര്‍വ്വരും സമ്മതിക്കും എന്ന് ഇമാം നവവി പറയുന്നു.

ഹിജ്‌റ 4-ാം നൂറ്റാണ്ടോടുകൂടി മുസ്‌ലിംലോകത്തിന്റെ വ്യാപ്തിയും ഐശ്വര്യവും വര്‍ധിക്കുകയും പല പുതിയ വിജ്ഞാനശാഖകള്‍ ആവിര്‍ഭവിക്കുകയും ചെയ്തു. യവനതത്ത്വചിന്തയും ശാസ്ത്രവും മുസ്‌ലിം പണ്ഡിതന്‍മാരുടെ പഠനവിഷയമായി. ഖുര്‍ആന്റെ പുതിയ വ്യാഖ്യാന സാധ്യതകള്‍ ഇതുവഴി തെളിഞ്ഞുവന്നു. ഇല്‍മുല്‍ കലാമില്‍ നിഷ്ണാതരായവര്‍ ഖുര്‍ആന് ഉള്‍സാര വ്യാഖ്യാനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചു. നല്ലതും ചീത്തയുമായ ഫലങ്ങള്‍ മൊത്തത്തില്‍ ഇവ കൊണ്ടുണ്ടായി. അടിസ്ഥാനരഹിതമായ ഇസ്‌റാഈലി കഥകള്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ സ്ഥാനംപിടിച്ചത് ഇക്കാലത്താണ്. ഹിജ്‌റ 503-ല്‍ അന്തരിച്ച റാഗിബിന്റെ മുഫ്‌റദാത്ത്, സമഖ്ശരിയുടെ ‘കശ്ശാഫ്’,  ഫഖ്‌റുദ്ദീന്‍ റാസി(606)യുടെ ‘തഫ്‌സീറുല്‍ കബീര്‍’, ബൈദാവി(685)യുടെ ‘അന്‍വാറുത്തന്‍സീല്‍’, ഇബ്‌നു കസീറി(774)ന്റെ ‘തഫ്‌സീര്‍’, ജലാലുദ്ദീന്‍ സുയൂത്വി(911)യുടെ ‘ഇത്ഖാന്‍’ , അദ്ദേഹവും ജലാലുദ്ദീന്‍ മഹയ്യിയും ചേര്‍ന്നെഴുതിയ ‘ജലാലൈനി’ എന്നിവയാണ് പില്‍ക്കാലത്തെ പ്രധാന വ്യാഖ്യാനഗ്രന്ഥങ്ങള്‍. ഇബ്‌നുന്നഖീബി(മരണം ഹി. 698)ന്റെ അമ്പതുവാല്യങ്ങള്‍ വീതമുള്ള തഫ്‌സീറായ ‘അത്തഹ്‌രീറു വത്തഹ്ബീര്‍’ എന്നിവയും 120 വാല്യങ്ങളുള്ള തഫ്‌സീര്‍ ഔഫാദിയും 300 വാല്യങ്ങളുള്ള ഖസ്‌വീനിയും 500 വാല്യങ്ങളുള്ള ‘ഹദാഇഖു ദാത്തില്‍ ബഹ്ജഃ’യും ഖുര്‍ആന്റെ ബൃഹത് വ്യാഖ്യാനഗ്രന്ഥങ്ങളാണ്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചെഴുതിയ, അബുല്‍ ഫൈദ് അന്നാകൂരിയുടെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമാണ് ‘സവാത്ത്വിഉല്‍ ഇല്‍ഹാം’.

അബുല്ലൈസ് സമര്‍ഖന്ദി (മരണം ഹി. 373)യുടെ ‘ബഹ്‌റുല്‍ ഉലൂം’ സ്വഹാബികളുടെയും താബിഉകളുടെയും നിവേദനങ്ങള്‍ അടിസ്ഥാനമാക്കി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനമാണ്.
അഹ്മദ് ഇബ്‌നു ഇബ്‌റാഹീം അഥ്ഥഅ്‌ലബി അന്നൈസാബൂരി(മരണം ഹി. 383)യുടെ ‘അല്‍കശ്ഫു വല്‍ ബയാനു അന്‍ തഫ്‌സീറില്‍ ഖുര്‍ആന്‍ ‘ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ ധാരാളം അടിസ്ഥാനരഹിതമായ കഥകള്‍ ഉള്‍ക്കൊള്ളുന്നു.
ഹസ്സന്‍ ഇബ്‌നു മസ്ഊദ് അല്‍ ബഗവി(മരണം ഹി. 510)യുടെ തഫ്‌സീര്‍ ഗ്രന്ഥമാണ് മആലിമുത്തന്‍സീല്‍. ഥഅ്‌ലബിയുടെ തഫ്‌സീറിന്റെ സംഗ്രഹമാണിത്.
ഇബ്‌നു കസീറിന്റെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം’ ആണ് ത്വബരിയുടെ വ്യാഖ്യാനം കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രശസ്തമായത്. ഇസ്‌റാഈലിയ്യാത്തുകളെ പൂര്‍ണമായും വര്‍ജിച്ച ഇബ്‌നു കസീര്‍ നിവേദനങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തിയ ശേഷമാണ് ഉദ്ധരിച്ചത്. മുസ്‌ലിംകള്‍ പൊതുവെ ഏറ്റവും വിലമതിക്കുന്ന തഫ്‌സീറാണ് ഇബ്‌നു കസീറിന്റെത്.

ജലാലുദ്ദീന്‍ സുയൂത്വി(മരണം 911) യുടെ തഫ്‌സീറാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍ ഫീ തഫ്‌സീരി ബില്‍ മഅ്‌സൂര്‍’.
അബുല്‍ ഖാസിം മുഹമ്മദ് ഇബ്‌നു ഉമര്‍ അല്‍ സമഖ്ശരി(മരണം ഹി. 530)യുടെ ‘കശ്ശാഫ് ‘ എന്ന തഫ്‌സീര്‍ പ്രസിദ്ധമാണ്. മുഅ്തസിലി വീക്ഷണപ്രകാരമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. വ്യാകരണം, ഭാഷാശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി അര്‍ഥവിശദീകരണം നല്‍കിയ ഏറ്റവും നല്ല തഫ്‌സീറായി ‘കശ്ശാഫ്’ പരിഗണിക്കപ്പെടുന്നു.

മുഹമ്മദ് ബ്‌നു അംറുല്‍ ഹുസൈന്‍ റാസി(മരണം ഹി. 606)യുടെ മഫാതീഹുല്‍ ഗൈബ്(തഫ്‌സീറുല്‍ കബീര്‍) റഅ്‌യ് (അഭിപ്രായം) അനുസരിച്ചുള്ള വ്യാഖ്യാനത്തിന് മികച്ച ഉദാഹരണമാണ്. തഫ്‌സീറിന് ബാഹ്യമായ ഒട്ടേറെ വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
അബ്ദുല്ല ഇബ്‌നു ഉമര്‍ അല്‍ ബൈദാവി (മരണം ഹി. 683)യുടെ ‘അന്‍വാറുത്തന്‍സീല്‍’, സമഖ്ശരിയുടെ കശ്ശാഫിന്റെ സംഗ്രഹമാണ്. ഇതില്‍ കശ്ശാഫിലെ മുഅ്തസിലീ വാദങ്ങള്‍ ഖണ്ഡിച്ചിട്ടുണ്ട്.
ശിഹാബുദ്ദീന്‍ മുഹമ്മദ് അല്‍ ആലൂസി അല്‍ ബഗ്ദാദീ (മരണം ഹി. 669) യുടെ റൂഹുല്‍ മആനി വിശ്വാസയോഗ്യമല്ലാത്ത നിവേദനങ്ങളെ വിമര്‍ശിക്കുന്ന നല്ലൊരു റഅ്‌യീ തഫ്‌സീറാണ്.

ജലാലൈനി ഖുര്‍ആന്‍ പഠനത്തിന് ഉപയോഗിക്കാവുന്ന നല്ലൊരു കൈപ്പുസ്തകമായി പരിഗണിക്കപ്പെടുന്നു. ഇതും ശൈഖ് അഹ്മദ് മുസ്തഫ അല്‍ മറാഗിയുടെ ‘മറാഗി’യുമാണ് വിദ്യാര്‍ഥികള്‍ സാധാരണയായി അവലംബിക്കുന്നത്.
മുഹമ്മദ് അബ്ദു തുടങ്ങിവെക്കുകയും റശീദ് രിദാ പൂര്‍ത്തിയാക്കുകയുംചെയ്ത ‘തഫ്‌സീറുല്‍ മനാര്‍’, ത്വന്‍ത്വാവിയുടെ ‘തഫ്‌സീറുല്‍ ജവാഹിര്‍’, ഇമാം ശൗകാനിയുടെ ‘ഫത്ഹുല്‍ ഖദീര്‍’, സയ്യിദ് ഖുത്തുബിന്റെ ‘ഫീ ളിലാലില്‍ ഖുര്‍ആന്‍’, അലി സ്വാബൂനിയുടെ ‘സ്വഫ്‌വത്തുത്തഫാസീര്‍’, മൗലാനാ മൗദൂദിയുടെ ഉറുദുവില്‍ രചിച്ച’തഫ്ഹീമുല്‍ ഖുര്‍ആന്‍’ ,മുതലായവ ശ്രദ്ധേയങ്ങളായ ആധുനിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളാണ്. സയ്യിദ് മുഹമ്മദ് ഹുസൈന്‍ ത്വബാത്വബാഈയുടെ ‘അല്‍ മീസാന്‍’ ഖുര്‍ആനെ ശീഈ ചിന്താധാരക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ഒന്നാണ്.

Topics