മദ്ഹബുകള്‍

സയ്ദിയ്യഃ മദ്ഹബ് (ശീഅഃ)

ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും രണ്ടാം നൂറ്റാണ്ടിന്റെ ഉദയത്തിലുമായി ധാരാളം ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അക്കൂട്ടത്തില്‍ സെയ്ദ്ബിന്‍ അലിയുടെ പിന്നില്‍ അണിചേര്‍ന്ന ശിയാക്കളിലെ ഒരു വിഭാഗമാണ് സെയ്ദികള്‍. ആദര്‍ശത്തിലും വിശ്വാസത്തിലും അഹ്ലുസ്സുന്നത്തിവല്‍ജമാഅത്തിനോട് കൂടുതല്‍ അടുത്തവരാണ്. സെയ്ദിയ്യയുടെ ഉപജ്ഞാതാവായ സെയ്ദ്, അലി(റ)ന്റെ സന്താനപരമ്പരയിലെ മൂന്നാമത്തെ വ്യക്തിയാണ്. അലി(റ)ന്റെ പൌത്രന്‍ അലി സൈനുല്‍ ആബിദീന്റെ പുത്രനാണ് സയ്ദ്. സെയ്ദുശ്ശഹീദ് എന്ന പേരിലും അദ്ദേഹം പരിചിതനാണ്. ഖുര്‍ആനിലും കര്‍മ്മശാസ്ത്രത്തിലും ഹദീസിലും ശക്തമായ അടിത്തറയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വാക്ചാതുരിയും മാധുര്യവുമുള്ള സംസാരം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

സെയ്ദ് അല്‍പം അധികാരമോഹിയായിരുന്നുവെന്ന് ചരിത്രത്തില്‍ നിന്നു വായിക്കാം. ഒരിക്കല്‍ അമവീ ഖലീഫയായ ഹിശാമുബുനു അബ്ദില്‍ മലിക് അദ്ദേഹത്തോട് പറഞ്ഞുഃ “താങ്കള്‍ ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കുകയും അതില്‍ ആശവെക്കുകയും ചെയ്യുന്നുവെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. എന്നാല്‍ അത് നിനക്ക് ചേര്‍ന്നതല്ല; കാരണം നീയൊരു അടിമയുടെ പുത്രനല്ലേ?” പ്രസ്തുത സന്ദര്‍ഭത്തില്‍ സയ്ദ് ഇങ്ങനെ പ്രതികരിച്ചുഃ “അമീറുല്‍ മുഅ്മിനീന്‍, ഇസ്ഹാഖ് നബി    ഒരു സ്വതന്ത്രയുടെ പുത്രനായിരുന്നു, എന്നാല്‍ ഇസ്മാഇല്‍ നബി ഒരു അടിമയുടെ പുത്രനായിരുന്നു. ആ ഇസ്മാഈലിനെ അല്ലാഹു പ്രത്യേകമായി തിരഞ്ഞെടുത്തു. അവരില്‍ നിന്നും അറബ് വംശജരെ ഉണ്ടാക്കുകയും,അവസാനപ്രവാചകനായ മുഹമ്മദ് നബി(സ)യെ നിയോഗിക്കുകയും ചെയ്തു”.

ഹിജ്റ 121-ാം വര്‍ഷം തന്നോടൊപ്പം ആയിരം കൂട്ടാളികളുമായി അദ്ദേഹം രംഗത്തു വന്നു. എന്നാല്‍, ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാതെ ചില അഭിപ്രായവ്യത്യാസങ്ങളുന്നയിച്ച് വലിയൊരു വിഭാഗം പിന്തിരിഞ്ഞു. അക്കൂട്ടരാണ് പിന്നീട് റാഫിളുകള്‍-നിരസിച്ചവര്‍-എന്നറിയപ്പെട്ടത്. ശേഷം അദ്ദേഹത്തോടൊപ്പം മുന്നൂറ് പേര്‍ മാത്രമാണ് ഉറച്ച് നിന്നത്. സെയ്ദിന്റെ ഏറിയ സാന്നിധ്യവും കൂഫയിലായിരുന്നു. ഖലീഫക്കെതിരെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഹിശാം അദ്ദേഹത്തെ അഞ്ച് മാസം തടങ്കലിലിട്ടു. പിന്നീട് ഹിജ്റ 122-ല്‍ ഇരു കൂട്ടര്‍ക്കുമിടയില്‍ നടന്ന യുദ്ധത്തില്‍ ഹിശാമിന്റെ തന്നെ കല്‍പനപ്രകാരം തന്റെ ഗവര്‍ണറായിരുന്ന യൂസുഫ്ബ്നു അംറുസ്സഖഫി അദ്ദേഹത്തെ വധിക്കുകയും ശിരസ്സരിഞ്ഞ് അപമാനിക്കുകയും ചെയ്തു.

വിജ്ഞാന സമ്പാദനം, ഗ്രന്ഥങ്ങള്‍

ഇമാം സൈദിന്റെ അധ്യാപനങ്ങളിലും വിശ്വാസങ്ങളിലും അല്‍പം മുഅ്തസിലി ചായ്വ് ദര്‍ശിക്കാന്‍ കഴിയും. കാരണം, മുഅ്തസിലയുടെ ഉപജ്ഞാതാവായിരുന്ന വാസ്വിലിബ്നു അത്വാഇല്‍ നിന്നായിരുന്നു അദ്ദേഹം ശിഷ്യത്വം സ്വീകരിച്ചത്. പിതാവില്‍ നിന്നും സഹോദരന്‍ മുഹമ്മദുല്‍ ബാക്കിറില്‍ നിന്നും വിദ്യയഭ്യസിച്ചിട്ടുണ്ട്.

സെയ്ദിയ്യാ കര്‍മ്മശാസ്ത്രം രണ്ട് രൂപത്തിലാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

1)സെയ്ദില്‍ നിന്നും നേരിട്ട് ലഭിച്ചത്

ശിഷ്യന്‍ അബൂവാലിദുല്‍ വാസിത്വി, സെയ്ദില്‍ നിന്നും നേരിട്ട് കേട്ടെഴുതി ഉദ്ധരിച്ച പ്രസിദ്ധ ഗ്രന്ഥമാണ് കിതാബുല്‍ മജ്മൂഅ്. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ത്തന്നെ ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥമാണിത്. പ്രസ്തുത മദ്ഹബില്‍ത്തന്നെയുള്ള ധാരാളം പേര്‍ അതിന് വാള്യങ്ങള്‍ ദീര്‍ഘിച്ച വിശദീകരണം എഴുതിയുട്ടുണ്ട്. അവരില്‍ ഒരാളാണ് അല്ലാമാ ശറഫുദ്ദീനുല്‍ ഹയ്സ്സിനാഇ. ‘റൌസത്തുനസീര്‍ ശറഹു മജ്മൂഇല്‍ ഫിഖ്ഹില്‍ കബീര്‍’ എന്ന പേരില്‍ ആ ഗ്രന്ഥം പ്രസിദ്ധമാണ്.

2)അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍നിന്നും, നേരിട്ട് ശിഷ്യത്വം സ്വീകരിച്ചവരില്‍ നിന്നും നാല് സന്താനങ്ങളില്‍ നിന്നുമാണ് രണ്ടാമതായി വിവരിക്കപ്പെട്ടിട്ടുള്ളത്.

‘അത്തഫ്സീറു ഫീ ഗരീബില്‍ ഖുര്‍ആന്‍’ എന്നത് ഈ മദ്ഹബിലെ പ്രഥമ തഫ്സീര്‍ ഗ്രന്ഥമാണ്. ഹിജ്റ രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിന്റെ ഉദയത്തിലുമായി സയ്ദിയ്യാ മദ്ഹബിനുള്ളില്‍ തന്നെ പരശ്ശതം കര്‍മ്മശാസ്ത്ര വിശാരദന്മാര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അല്‍ഹസനുബ്നുഅലി, നാസിറുല്‍കബീര്‍, അല്‍ കാസിമുബ്നു ഇബ്റാഹീം, അല്‍ഹാദി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.

അധ്യാപനങ്ങള്‍

നബിക്കു ശേഷം മുസ്ലിം ഉമ്മത്തിന്റെ നേതൃത്വത്തിന്-ഇമാറത്-ഏറ്റവും അര്‍ഹന്‍ നബികുടുംബത്തില്‍പെട്ട അലി(റ) ആണ് എന്ന വാദവുമായി ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രംഗത്തിറങ്ങിയവരാണ് ശിയാക്കള്‍. ശിയാക്കളില്‍ത്തന്നെ സൂക്ഷ്മമായ ആദര്‍ശകര്‍മ്മ വ്യതിയാനത്തോടുകൂടി സെയ്ദിയ്യാ മദ്ഹബിനെപ്പോലെ എണ്ണമറ്റ വിഭാഗങ്ങളുണ്ട്. എന്നാല്‍ നടേ സൂചിപ്പിച്ചപോലെ അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിനോട് കൂടുതല്‍ അടുത്തതും നാല് മദ്ഹബില്‍ നിന്നും ഏറെ വ്യതിരിക്തമല്ലാത്തതുമാണ് സയ്ദിയ്യാ മദ്ഹബ്.  മദ്ഹബിന്റെ അധ്യാപനങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം:

1)നബിക്കു ശേഷം അലി(റ) ആയിരിക്കണം ഖലീഫയെന്ന് ശിയാക്കള്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ട്. കാരണം നബി(സ) അദ്ദേഹത്തോട് അതിനു വേണ്ടി വസ്വിയ്യത്ത് ചെയ്തിരിക്കുന്നുവെന്നും പേരെടുത്തു പറഞ്ഞും, വ്യക്തിപരമായും അദ്ദേഹത്തെ അതിന് ഏല്‍പിച്ചിരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ തനിക്ക് ശേഷം വരുന്ന ഖലീഫക്ക് നിയതമായ ഗുണങ്ങളും ഉപാധികളും ഉണ്ടായിരിക്കണം എന്നു മാത്രമാണ് നബി(സ)പറഞ്ഞതെന്ന് സയ്ദികള്‍ വിശ്വസിക്കുന്നു. ഒരു ഹാശിം ഗോത്രക്കാരനും, പണ്ഡിതനും, ദൈവഭക്തനും ഫാത്വിമാ(റ)യുടെ സന്താന പരമ്പരയില്‍പ്പെട്ടവനുമായിരിക്കണമെന്നാണ് പ്രസ്തുതഗുണങ്ങള്‍. ഇവ അലി(റ)വില്‍ സമ്മേളിച്ചപോലെ മറ്റാരിലും ഇല്ലെന്നും അവര്‍ വിശ്വസിക്കുന്നു.

2)നിഷ്കളങ്കമായ പശ്ചാത്താപം ചെയ്തില്ലെങ്കില്‍ വന്‍പാപങ്ങള്‍ക്ക് നരകത്തില്‍ ശാശ്വതവാസം അനുഭവിക്കേണ്ടിവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ മുഅ്തസിലയോട് താദാത്മ്യം പ്രാപിച്ചിരിക്കിന്നു.

3)നന്മകല്‍പിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും സായുധ ഇടപെടല്‍ ആവശ്യമെങ്കില്‍ സ്വീകരിക്കാം. അഹ്ലുസ്സുന്നയുടെയും മുഅ്തസിലയുടെയും ഖവാരിജ്കളുടെയും പക്ഷം ഇതു തന്നെയാണ്.

4)ഏറ്റവും ശ്രേഷ്ടനായ ഒരാള്‍ ഉള്ളതോടൊപ്പം ശ്രേഷ്ടനായ മറ്റൊരാളുടെ നേതൃത്വത്തെ അംഗീകരിക്കാം. ഈ അടിസ്ഥാനത്തിലാണ് അവര്‍ പ്രവാചകന് ശേഷം അലി(റ)വാണ് ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍ എന്ന് പറയുന്നതോടൊപ്പം മറ്റ് ശിയാക്കളില്‍ നിന്നും വ്യതിരിക്തമായി അബൂബക്കറിന്റെയും ഉമറിന്റെയും ഇമാറത്തിനെ അംഗീകരിക്കുന്നത്. എന്നാല്‍ മറ്റു ശിയാക്കള്‍ അവരെ അംഗീകരിക്കുന്നില്ല, എന്നല്ല അന്യായമായി അലി(റ)ന്റെ അവകാശത്തെ അവര്‍ തട്ടിയെടുത്തിരിക്കുന്നു എന്നു കൂടി ജല്‍പിക്കുന്നു.

5)ഇമാമുമാര്‍ പാപസുരക്ഷിതരാണെന്ന വാദം അവര്‍ക്കില്ല. എന്നാല്‍ ഇമാമുമാര്‍ മുജ്തഹിദുകള്‍ ആയിരിക്കണം.

6)ലോകമുസ്ലിംകള്‍ക്ക് ഏക നേതൃത്വം എന്ന യഥാര്‍ഥ സങ്കല്‍പത്തില്‍ നിന്നും അവര്‍ വ്യതിചലിച്ചിരിക്കുന്നു. വ്യത്യസ്ത പ്രവിശ്യകളില്‍ വ്യത്യസ്ത നേതൃത്വങ്ങളാണെങ്കില്‍ അവരെ അംഗീകരിക്കുകയാണ് വേണ്ടത്.

സയ്ദിയ്യഃ കര്‍മശാസ്ത്രം

സയ്ദിയ്യ മദ്ഹബിന്റെ കര്‍മശാസ്ത്ര നിദാനമോ കര്‍മശാസ്ത്ര പ്രശ്നങ്ങളുടെ നിര്‍ധാരണ രീതിയില്‍ അവര്‍ സ്വീകരിച്ച ശൈലിയോ വ്യക്തമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നും അതിനെ പഠിച്ചെടുക്കുകയും ഇമാമുകളില്‍ നിന്നും അതിനെ അറിയുകയുമാണ് ചെയ്തത്.

ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ്, ഇസ്തിഹ്സാന്‍, മസ്ലഹഃമുര്‍സല, ഹുക്മുല്‍ അഖ്ല്‍ (ബുദ്ധി) എന്നിവയാണ് നിയമനിര്‍ധാരണത്തിന്റെ നിദാനങ്ങള്‍.

കര്‍മശാസ്ത്രത്തില്‍ അഞ്ചാമത്തെ മദ്ഹബായി സയ്ദിയ്യ മദ്ഹബ് എണ്ണപ്പെടുന്നു. ഇറാഖി കര്‍മശാസ്ത്രത്തോടാണ് ഇതിന് ഏറെ ചായ്വ്. മറ്റു ശിയാപക്ഷക്കാരില്‍ നിന്നും വ്യത്യസ്തമായി, മുത്ആ വിവാഹത്തെ സയ്ദിയ്യ അനുവദിക്കുന്നില്ല. ശിയാക്കളില്‍ മറ്റ് പക്ഷക്കാരെ അപേക്ഷിച്ച് നാല് മദ്ഹബുകളോട് കൂടുതല്‍ അടുത്തതുമാണ്. ചില മസ്അലകളില്‍ (കര്‍മശാസ്ത്രപ്രശ്നങ്ങള്‍) മാത്രമേ വ്യത്യാസങ്ങള്‍ ദര്‍ശിക്കാനാകൂ. അവ ഇങ്ങിനെ വിവരിക്കാം.

1) യാത്രയിലോ മറ്റോ സാധാരണയായി വുളുവില്‍ കാല്‍ കഴുകുന്നതിനു പകരമായി ഖുഫ്ഫ(ഷൂസ്) തടവുന്നത് അനുവദനീയമല്ല.

2) മുസ്ലിമല്ലാത്തവര്‍ അറുത്ത ബലിയെ ഭക്ഷിക്കല്‍ അനുവദനീയമല്ല.

3) ഇസ്ലാം അനുവദനീയമാക്കിയ വേദക്കാരെ വിവാഹം ചെയ്യുന്നതിനെ അംഗീകരിക്കുന്നില്ല.

4) ബാങ്കില്‍ ഹയ്യ അലാ ഖയ്രില്‍ അമല്‍ എന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു.

5) ജനാസ നമസ്കാരത്തില്‍ അഞ്ച് തക്ബീര്‍ ചൊല്ലുന്നു.

6) അധര്‍മി(ഫാസിഖ്)യുടെ പിന്നില്‍ നമസ്കാരത്തില്‍ തുടര്‍ന്നാല്‍ നമസ്കാരം സാധുവാകുകയില്ല. ഇക്കാര്യത്തില്‍ അവര്‍ ഖവാരിജുകളോട് ചേര്‍ന്നിരിക്കുന്നു.

അവാന്തര വിഭാഗങ്ങള്‍

സെയ്ദിയ്യക്കുള്ളില്‍ തന്നെ സൂക്ഷ്മമായ ആദര്‍ശ ഭിന്നതയുള്ള വ്യത്യസ്ത പക്ഷങ്ങളുണ്ട്.

സെയ്ദിന്റെ പിന്നില്‍ അണിചേര്‍ന്ന ധാരാളം പേര്‍ ശേഷം അദ്ദേഹത്തെ നിരസിച്ച് പിന്തിരിഞ്ഞു. റാഫിളുകള്‍ എന്ന് വിളിക്കപ്പെട്ട ഇക്കൂട്ടര്‍ അബൂബക്കര്‍(റ)ന്റെയും, ഉമര്‍(റ)ന്റെയും, ഉസ്മാന്‍(റ)ന്റെയും ഖിലാഫത്തിനെ അംഗീകരിക്കുന്നില്ല. ഈ അടിസ്ഥാനത്തില്‍ ചില പണ്ഡിതന്‍മാര്‍ ഇക്കൂട്ടരെ മുതഅഖിറൂന്‍ എന്നും, അലി(റ) ആണ് ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍ എന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ഖിലാഫത്തിനെ അംഗീകരിക്കുന്ന സെയ്ദികളെ മുതഖദ്ദിമുകള്‍ എന്നും പറയുന്നു. എന്നാല്‍ ഭൂരിപക്ഷപണ്ഡിതമതം റാഫിളുകള്‍ മറ്റൊരു വിഭാഗം തന്നെയാണെന്നാണ്.

മറ്റൊരു രൂപത്തില്‍കൂടി സെയ്ദികള്‍ രണ്ട് വിഭാഗക്കാരായിരിക്കുന്നു. ‘അലി(റ)നെ നബിക്കു ശേഷം ഖലീഫയാവാന്‍ നബി(സ) പ്രമാണം വഴി അറിയിച്ചിട്ടില്ല, മറിച്ച് നബി(സ) അറിയിച്ച ഖലീഫക്കുണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും ഉപാധികളും കൊണ്ട് അദ്ദേഹമാണ് കൂടുതല്‍ അര്‍ഹന്‍’. ഇവര്‍ ഭൂരിപക്ഷമായുള്ള സയ്ദികളാണ്. എന്നാല്‍ മറ്റൊരു പക്ഷം നബികുടുംബത്തിലെ അലി(റ)ന് ഖിലാഫത്ത് നല്‍കാതിരിക്കുക വഴി മറ്റ് ഖലീഫമാരും സഹാബികളും അദ്ദേഹത്തോട് അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് വിശ്വസിക്കുകയും അവരുടെ ഖിലാഫത്തിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ ‘ജാറുദിയ്യഃ’ എന്നറിയപ്പെടുന്നു.

സയ്ദിന്റെ വധത്തിനു ശേഷം പുത്രന്‍ യഹ്യയും ശേഷം ഇമാം അബൂഹനീഫയുടെ ഗുരുനാഥന്മാരായിരുന്ന മുഹമ്മദുല്‍ ഇമാമും, ഇബ്റാഹീമുല്‍ ഇമാമുമാണ് മദ്ഹബിന് നേതൃത്വം വഹിച്ചത്. സെയ്ദിയ്യയുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്ന് യമനിലും, ദക്ഷിണ ജസീറയിലും, ഇറാഖിലുമാണ് കൂടുതലായി കാണപ്പെടുന്നത്.

Topics