ത്വബ് രിസ്ഥാനിലെ ആമുലില്‍ ഹി: 224-ല്‍ ജനിച്ച ഇമാം അബൂജഅ്ഫര്‍ മുഹമ്മദുബ്നു ജരീരുത്തബ്രിയുടെ മദ്ഹബാണിത്. വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ‘ജാമിഉല്‍ ബയാന്‍ അന്‍ തഅ്വീലി ആയില്‍ ഖുര്‍ആന്റെ’ കര്‍ത്താവെന്ന നിലക്ക് ലോകമുസ്ലിംകള്‍ക്ക് സുപരിചിതനാണ് ത്വബ് രി. ചെറുപ്പകാലത്തു തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ത്വബ്രിക്ക് ഖിറാഅത്തുകളില്‍ വ്യുല്‍പത്തിയും ഖുര്‍ആനികാശയങ്ങളില്‍ അഗാധജ്ഞാനവുമുണ്ടായിരുന്നു. ഖുര്‍ആനിലെ കര്‍മ്മശാസ്ത്രവിധികള്‍, നാസിഖ് മന്‍സൂഖ്, സ്വഹാബത്തിന്റെയും പിന്‍ഗാമികളുടെയും അധ്യാപനങ്ങള്‍ എന്നിവ നന്നായി മനസ്സിലാക്കാനും ഇദ്ദേഹത്തിന് സാധിച്ചു. സ്വന്തം ഗുരുനാഥന്മാരടക്കം അന്നുള്ള മുഴുവന്‍ പണ്ഡിതന്മാരേക്കാളും ഉയര്‍ന്ന നിലവാരത്തിലെത്താന്‍ ത്വബ് രിക്ക് സാധിച്ചു. ജാമിഉല്‍ ബയാന്‍ നിലനില്‍ക്കുന്ന കാലത്തോളം ഇതിന് മറ്റൊരു തെളിവ് വേണ്ടിവരില്ല.
മിസ്വ്റിലിലെ റബീഉബ്നു സുലൈമാനില്‍ നിന്ന് ശാഫീ മദ്ഹബൂം യൂനുസുബ്നു അസദില്‍ അഅ്ലായില്‍ നിന്ന് മാലികി മദ്ഹബും റയ്യുകാരനായ അബൂമുഖാതിലില്‍ നിന്ന് ഇറാഖുകാരുടെ മദ്ഹബും പഠിച്ചു. അതിനാലായിരിക്കണം ‘മദാരികി’ല്‍ ത്വബ്രിയെക്കുറിച്ച് മാലികീ മദ്ഹബുകാരനെന്നും ‘ത്വബഖാതി’ല്‍ ശാഫീ മദ്ഹബുകാരനെന്നും വിശേഷിപ്പിച്ചത്.
ആദ്യകാലത്ത് ശാഫീ മദ്ഹബുകാരനായിരുന്നെങ്കിലും പിന്നീട് സ്വന്തം ഗവേഷണങ്ങളനുസരിച്ച് കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ തുടങ്ങി. താമസിയാതെ ഈ അഭിപ്രായങ്ങള്‍ ധാരാളം അനുയായികളുള്ള ഒരു മദ്ഹബായിത്തീര്‍ന്നു. അലിയ്യുബ്നു അബ്ദില്‍ അസീസിബ്നു മുഹമ്മദുദ്ദൂലാസി, അബൂബക്കര്‍ മുഹമ്മദ്ബ്നു അബീസ്സല്‍ജ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രധാന അനുയായികളായിരുന്നു.
തന്റെ മദ്ഹബിന്റെ നിദാനങ്ങള്‍ ത്വബ് രി തഫ്സീറില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജാമിഉല്‍ ബയാന്റെ 7/74 ല്‍ ഇങ്ങനെ കാണാം.
إن الحرام والحلال لا يكون إلا بنص أو دليل أو أصل أو نظير الأصل
ഇവിടെ أصل കൊണ്ടുദ്ദേശ്യം ഖുര്‍ആനും സുന്നത്തും ഇജ്മാഉം نظير കൊണ്ടുദ്ദേശ്യം ഖിയാസുമാണ്.
നാലാം നൂറ്റാണ്ടിന് ശേഷം ത്വബ് രി മദ്ഹബും കാലഹരണപ്പെട്ടു.
Add Comment