ഇമാം മാലികി(റ)ന്റെ ചിന്താധാരക്ക് ശക്തമായ പ്രചാരണമാണ് ലോകത്ത് ലഭിച്ചിട്ടുള്ളത്. ഈജിപ്ത്, മൊറോക്കോ, ആഫ്രിക്കന്‍ നാടുകള്‍ തുടങ്ങി ഒട്ടനേകം രാജ്യങ്ങളില്‍ ഇന്നും ഈ ചിന്താസരണി നിലനില്‍ക്കുന്നു. മൊറോക്കോയില്‍ മാലികീ മദ്ഹബിന്റെ വ്യാപനത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചത് ഇദ്രീസി രാജവംശ സ്ഥാപകനായ ഇദ്രീസ്ബ്നു അബ്ദില്ല ആയിരുന്നു. മൊറോക്കോയില്‍ മാലികീ മദ്ഹബ് ഇന്നും അതിന്റെ സകല പ്രൌഢിയോടും കൂടി നിലകൊള്ളുന്നു. അന്തുലുസ് അമീറായിരുന്ന ഹിശാമുബ്നു അബ്ദിറഹ്മാന്‍ ഈ ചിന്താസരണിയെ അനുകൂലിച്ചുകൊണ്ട് ഒരു വിജ്ഞാപനം തന്നെയിറക്കി. അതിലദ്ദേഹം ഇങ്ങനെ സൂചിപ്പിക്കുന്നു: ‘മാലികീ മദ്ഹബില്‍ നിന്നാരൊക്കെ വ്യതിചലിച്ചുപോയിട്ടുണ്ടോ അവരെല്ലാം തന്നെ മോശമായ മാര്‍ഗത്തിലാണ്. ധാരാളം പണ്ഡിതന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ച സൂക്ഷ്മമായ വായനയില്‍ നമുക്ക് മനസ്സിലായത്, ഏറ്റവും സൂക്ഷ്മവും ശുദ്ധവുമായ ചിന്താധാര ഇമാം മാലികി(റ)ന്റേതാണെന്നാണ്. ആ മാര്‍ഗ്ഗം പിന്‍പറ്റുന്നവര്‍ക്കാണ് വിജയവും’. ഇത്രയും ശ്രദ്ധാര്‍ഹമായ സ്ഥാനമാണ് മാലികീ മദ്ഹബ് വൈജ്ഞാനിക മേഖലയില്‍ കരസ്ഥമാക്കിയിട്ടുള്ളത്.
മൊറോക്കോയിലെയും സ്പെയിനിലെയും മദ്ഹബ് വ്യാപനത്തെക്കുറിച്ച് ഇബ്നുഖല്‍ദൂന്‍ പറയുന്നു: ‘മൊറോക്കോക്കാരും സ്പെയിന്‍കാരും മാലികീ മദ്ഹബിനെ തങ്ങളുടെ മദ്ഹബായി സ്വീകരിച്ചു. ഇവരുടെ കച്ചവടസംഘങ്ങളുടെ അധികയാത്രകളും ഹിജാസിലേക്കായിരുന്നു. അതായിരുന്നു അവരുടെ യാത്രയുടെ കേന്ദ്രവും. ഈ ഘട്ടത്തില്‍ മദീന വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു. ഇവിടെനിന്നാണ് ഇറാഖിലേക്ക് പോവേണ്ടതും. എന്നാല്‍ ഇറാഖ് അവരുടെ യാത്രാമധ്യേയായിരുന്നില്ല. അതിനാല്‍ അവര്‍ മദീനയിലെ ഇമാമിനെ തങ്ങളുടെ ഇമാമായി പ്രഖ്യാപിക്കുകയും അവരുടെ മദ്ഹബിനെ പിന്‍പറ്റുകയും ചെയ്തു’.
മാലികീ പണ്ഡിതന്മാര്‍ മദ്ഹബിന്റെ വ്യാപനത്തിന് സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തത്. ചിന്തകളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും മദ്ഹബിനെ ജനകീയമാക്കുകയായിരുന്നു അവര്‍. വിശ്വാസികള്‍ക്കിടയിലുദിക്കുന്ന ആരാധനാ സംബന്ധിയായ സംശയങ്ങള്‍ക്കും മറ്റു ഏത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കും ഏറ്റവും സുതാര്യവും ശ്രദ്ധേയവുമായ മാര്‍ഗങ്ങളിലൂടെയായിരുന്നു മാലികീ പണ്ഡിതന്മാര്‍ പരിഹാരം നിര്‍ദ്ദേശിച്ചിരുന്നത്. മദ്ഹബിലെ അടിസ്ഥാന തത്വങ്ങളുടെ ആധിക്യം, ഇമാം മാലികി(റ) ന്റെ ശിഷ്യന്മാരുടെയും പിന്‍കാല പണ്ഡിതന്മാരുടെയും ഇജ്തിഹാദ് എന്നിവ മദ്ഹബ് വ്യാപനത്തിന് പ്രസ്താവ്യമായ പങ്കാണ് വഹിച്ചത്. ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ചിന്തിക്കുന്നവന് ഇമാം മാലികിന്റെയും മദീനക്കാരുടെയുമാണ് ഏറ്റവും ശരിയായ അടിസ്ഥാനതത്ത്വങ്ങളെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ഇബ്നുതൈമിയ്യഃ(റ) പറഞ്ഞത് ഇവിടെ പ്രസ്താവ്യമാണ്.
മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍
മദ്ഹബിന്റെ അടിസ്ഥാനങ്ങളുടെ എണ്ണത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം ശാത്വിബി തന്റെ ‘അല്‍ മുവാഫഖാത്തി’ല്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഇമാമിന്റെ വീക്ഷണം എന്ന് നാലായി ചുരുക്കിയിരിക്കുന്നു. എന്നാല്‍ ഖറാഫി തന്റെ ‘തന്‍ഖീഹുല്‍ ഉസ്വൂല്‍’ എന്ന കൃതിയില്‍ ‘ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, മദീനാവാസികളുടെ ചര്യ, സ്വഹാബത്തിന്റെ അഭിപ്രായം, ഖിയാസ്, അല്‍മസാലിഹുല്‍ മുര്‍സല, ഉര്‍ഫ്, ആദത്ത്, സദ്ദുദ്ദറാഇഅ്, ഇസ്തിസ്വ്ഹാബ്, ഇസ്തിഹ്സാന്‍ എന്നിങ്ങനെ അടിസ്ഥാനങ്ങളെ വിശദീകരിക്കുന്നുണ്ട്. മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ ഇതിലുമധികം എണ്ണാറുണ്ട്. അബുല്‍ ഫദ്ല്‍ റാശിദ്ബ്നു അബീ റാശിദില്‍ വലീദി എന്ന പണ്ഡിതന്‍ തന്റെ ‘അല്‍ഹലാല്‍ വല്‍ ഹറാം’ എന്ന ഗ്രന്ഥത്തില്‍ ‘മാലികീ മദ്ഹബ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത് പതിനാറ് അടിസ്ഥാനങ്ങളിലാണ്’ എന്ന് പരാമര്‍ശിക്കുന്നുണ്ട്. ചില അടിസ്ഥാനങ്ങളുടെ വകഭേദങ്ങളെയും കൂടി ഉള്‍പ്പെടുത്തിയതിനാലാണ് മദ്ഹബിന്റെ നിദാനങ്ങള്‍ അഞ്ഞൂറിലധികമായതെന്നു സുബ്ക്കി ‘അത്ത്വബഖാത്തില്‍’ സൂചിപ്പിക്കുന്നു. ഖറാഫി ഇവയെ അഞ്ഞൂറ്റിനാല്‍പത്തിയെട്ടായും മഖ്രിയെപ്പോലുള്ളവര്‍ ആയിരത്തി ഒരുനൂറായും എണ്ണുന്നുണ്ടെന്ന് അദ്ദേഹം എഴുതുന്നു.
മദീനാവാസികളുടെ ചര്യ
പരിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് എന്നിവ മദ്ഹബില്‍ അടിസ്ഥാനഘടകങ്ങളായി മുന്നില്‍ നില്‍ക്കുന്നു. ഇതിനുശേഷം ഇമാം മാലിക്(റ) അടിസ്ഥാനമായി കാണുന്നത് മദീനാവാസികളുടെ ചര്യയെയാണ്. ഇതിന് ഉപോല്‍ബലകമായി ഇമാം അന്‍സ്വാറുകളെ പരാമര്‍ശിക്കുന്ന രണ്ട് ആയത്തുകള്‍ ഉദ്ധരിക്കുന്നുണ്ട്.
“സത്യമാര്‍ഗത്തില്‍ ആദ്യം മുന്നോട്ടുവന്ന മുഹാജിറുകളിലും അന്‍സ്വാരികളിലും സത്കര്‍മങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനാണ്. അവന്‍ അവര്‍ക്കായി താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ” (അത്തൌബഃ 100).
“വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും അവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ”. (അസ്സുമര്‍:18)
ഇമാം മാലിക് തന്റെ സമകാലികനായിരുന്ന ലൈഥ്ബ്നു സഅ്ദിനയച്ച സന്ദേശത്തില്‍ മദീനക്കാരുടെ ചര്യ ആധികാരികമായി സ്വീകരിക്കാനുള്ള കാരണം വ്യക്തമാക്കുന്നു:
1) ഇസ്ലാമിക ശരീഅത്തിന്റെ ഒന്നാമത്തെ അടിസ്ഥാനമായ പരിശുദ്ധ ഖുര്‍ആന്‍, നബി(സ)യുടെ പതിമൂന്നു വര്‍ഷക്കാലത്തെ ദീര്‍ഘമായ മദീനാജീവിതത്തിനിടയില്‍ അവതരിച്ചത്.
2) മദീനാവാസികളായിരുന്നു വഹ്യിന്റെ സന്ദര്‍ഭങ്ങളോട് ഏറ്റവും അടുത്തവരും പരിശുദ്ധ ഖുര്‍ആനിലെ നിയമവിധികളുടെ ആദ്യ അഭിസംബോധിതരും.
3) നബി(സ) യുടെ ചര്യക്കനുസൃതമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. അവിടുന്ന് അത് അംഗീകരിച്ചുകൊടുത്തിട്ടുമുണ്ട്.
4) ഖലീഫമാരുടെ ഭരണകാലത്തും സ്വഹാബികള്‍ മദീനയില്‍ത്തന്നെയുണ്ടായിരുന്നു. അവര്‍ നബി(സ)യുടെ ജീവിതം നേരില്‍ കണ്ടറിഞ്ഞവരും അഗാധ പാണ്ഡിത്യം കൈമുതലാക്കിയവരുമായിരുന്നു.
5) അബൂബക്ര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ), അലി(റ) എന്നിവരെല്ലാം അവരവരുടെ ഭരണകാലങ്ങളില്‍ അവര്‍ക്കു മുമ്പിലുയര്‍ന്നുവന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് സ്വഹാബിമാരോട് ചര്‍ച്ചചെയ്യുകയും അവരുടെ അഭിപ്രായങ്ങളെ പിന്‍പറ്റുകയും ചെയ്യുമായിരുന്നു.
6) അവരുടെ പിന്‍ഗാമികളാരും തന്നെ അവരുടെ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. മുന്‍ഗാമികളുടെ അതേ വീക്ഷണകോണില്‍കൂടി തന്നെയായിരുന്നു അവരും വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
ഇമാം മാലികി(റ)ന്റെ ഈ നിലപാട് പണ്ഡിതസൂരികള്‍ക്കിടയില്‍ സുദീര്‍ഘവും കൂലങ്കശവുമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഇമാം ശാഫിഈ(റ), സര്‍ഖസി, ഇബ്നുഹസം, ആമുദി, ഇബ്നുല്‍ ഖയ്യിം തുടങ്ങിയവര്‍ ഈ വീക്ഷണത്തെ വളരെ കണിശമായി നിരൂപണം ചെയ്തു. ഇമാം ശാഫിഈ(റ) പറയുന്നു: ‘അറിയുക, പണ്ഡിതാഭിപ്രായങ്ങള്‍ക്ക് ഭിന്നമായ കാര്യങ്ങളില്‍ മദീനാവാസികളുടെ ഇജ്മാഅ് ഉണ്ട് എന്നുപറയുന്നത് അനുവദനീയമല്ല. അവര്‍ക്ക് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ‘ഞങ്ങള്‍ ഇന്നത് തെരഞ്ഞെടുത്തു’ എന്നാണ് പറയേണ്ടത്. ഭിന്നത നിലവിലുണ്ടായിരിക്കേ ഇജ്മാഅ് ഉണ്ട് എന്ന് പറയാവതല്ല’. എന്നാല്‍ മദീനക്കാരുടെ ഇജ്മാഅ് ഉണ്ടായാല്‍ അതാണ് താന്‍ ഖിയാസിനേക്കാള്‍ മുന്‍ഗണന കൊടുക്കുന്നതെന്നും മദീനയിലെ പണ്ഡിതന്മാര്‍ ഏകോപിച്ചാല്‍ അതിന്റെ പ്രബലതയില്‍ ലവലേശം സംശയം വേണ്ടെന്നും ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്.
വിമര്‍ശനത്തിന് മറുപടി
മദീനക്കാരുടെ ചര്യയുടെ പ്രാമാണികതയെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മാലികീ പണ്ഡിതന്‍ ഖാദി ഇയാദ് മറുപടി നല്‍കുന്നുണ്ട്. അദ്ദേഹം ഇമാം ഗസ്സാലി, സയ്റഫീ, മഹാമലി എന്നിവരെ പരാമര്‍ശിച്ചുകൊണ്ട് തന്റെ ‘തര്‍തീബുല്‍ മദാരിക്’ എന്ന കൃതിയില്‍ എഴുതുന്നു:
1) മദീനാവാസികളുടെയല്ലാതെ മറ്റാരുടേയും ഇജ്മാഅ് സ്വീകരിക്കുകയില്ലെന്ന് ഇമാം മാലിക്കോ അദ്ദേഹത്തിന്റെ അനുയായികളോ പറഞ്ഞിട്ടില്ല.
2) മദീനയിലുണ്ടായിരുന്ന പ്രഗത്ഭരായ ഏഴ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ – അവര്‍ ഇജ്തിഹാദിന് അര്‍ഹരാണ് എന്ന കാരണത്താല്‍ – ഇമാം മാലിക് ഇജ്മാആയി അംഗീകരിച്ചിരുന്നു’വെന്ന് ചില നിദാനശാസ്ത്രകാരന്മാര്‍ പറയുന്നു. എന്നാല്‍ ഇമാം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല; അദ്ദേഹത്തില്‍ നിന്ന് അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
3) മദീനക്കാരുടെ ചര്യക്കനുസൃതമായ റിപ്പോര്‍ട്ടു(ഖബര്‍)കള്‍ മാത്രമേ മാലികീ മദ്ഹബ് സ്വീകരിച്ചിരുന്നുള്ളൂ എന്നത് അസത്യമാണ്. കാരണം ഈ വിമര്‍ശകര്‍ മദീനാവാസികളുടെ ചര്യക്ക് എതിരായ ‘ഖബറു’കള്‍ തിരസ്കരിക്കുകയും അവരുടെ ചര്യക്കനുസൃതമായവ സ്വീകരിക്കുകയും ചെയ്യുകയെന്ന ഇമാം മാലികി(റ)ന്റെ നിലപാടിനെ വേര്‍തിരിച്ചു മനസ്സിലാക്കിയിട്ടില്ല.
4) മദീനക്കാരെ അനുധാവനം ചെയ്യാനാണ് അല്ലാഹു മുഅ്മിനുകളോട് കല്‍പിച്ചിരിക്കുന്നത് എന്ന് ഇമാം പറഞ്ഞതായി മറ്റൊരുവിഭാഗം വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. ഇപ്രകാരം ഇമാം മാലിക്(റ) പറഞ്ഞിട്ടില്ല. ‘അവരുടെ ഇജ്മാഅ് തെളിവാണ്’ എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.
മദീനക്കാരുടെ ഇജ്മാഅ് ഏകറാവി റിപ്പോര്‍ട്ടുകള്‍ക്ക് എതിരല്ലാത്തതും ഖബറുകളേക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നതുമാണ് എന്നത് മാലികീമദ്ഹബിന്റെ അടിസ്ഥാനതത്വങ്ങളില്‍പ്പെട്ടതാണ്. ഈ ഖബറുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡമായി അതിനെ കണക്കാക്കാറില്ല.
അല്‍മസ്വാലിഹുല്‍ മുര്‍സലഃ, അല്‍ ഇസ്തിസ്വ്ഹാബ്, അല്‍ ഇസ്തിഹ്സാന്‍, ഉര്‍ഫ്, സദ്ദുദ്ദറാഇഅ് തുടങ്ങിയവയെല്ലാം മാലികീ മദ്ഹബ് അടിസ്ഥാനഘടകങ്ങളായി സ്വീകരിക്കുന്നത് പൊതുന• ലക്ഷ്യം വെച്ചുകൊണ്ടാണ്. ഖണ്ഡിതമായ വിധികള്‍ക്ക് എതിരാകാത്ത സാഹചര്യത്തിലാണ് ഇവയെ വിധി നിര്‍ദ്ധാരണത്തിന് ഉപയോഗിക്കുന്നത്. ഇതില്‍ അല്‍മസ്വാലിഹുല്‍ മുര്‍സലഃ സ്വീകാര്യമാകണമെങ്കില്‍ മൂന്ന് ഉപാധികള്‍ അനിവാര്യമാണെന്ന് മദ്ഹബ് പറയുന്നു:
1) ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിലൊന്നിലും പൊതുനന്മ എതിരാവാതിരിക്കുക. ഇതിനെതിരെ ഖണ്ഡിതമായ യാതൊരു തെളിവും ഉണ്ടാകാതിരിക്കുക.
2) ബുദ്ധിപൂര്‍വ്വം സമീപിക്കുന്നവര്‍ക്കിടയില്‍ ഈ പൊതുനന്മ സ്വീകാര്യമാവുക.
3) ഈ പൊതുനന്മ കൊണ്ട് പ്രയാസങ്ങള്‍ ദുരീകരിക്കപ്പെടുക.
സ്വഹാബത്തിന്റെ അഭിപ്രായങ്ങളും നിയമനിര്‍ദ്ധാരണത്തിനായി സ്വീകരിക്കുന്നതില്‍ ഇമാം മാലിക്(റ) അതീവ തല്‍പരനായിരുന്നു. അവയെ സുന്നത്തായി അദ്ദേഹം പരിഗണിക്കുകയും ചെയ്തു. സ്വഹാബത്തിന്റെ വീക്ഷണങ്ങളോടുള്ള ഇമാമിന്റെ നിഷ്കര്‍ഷത കാരണം സുന്നത്തിന്റെ ഇമാമായാണ് അദ്ദേഹം അറിയപ്പെട്ടത്. അതിനാല്‍ത്തന്നെ സമകാലികര്‍ ഇമാമില്‍ ഒരുത്തമമാതൃക ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ പിന്തുടരാന്‍ വ്യഗ്രത കാട്ടുകയും ചെയ്തിരുന്നുവെന്ന് ഇമാം ശാത്വിബി ‘അല്‍ മുവാഫഖാതി’ല്‍ വിവരിക്കുന്നുണ്ട്.
ഹദീഥിനോടുള്ള പൊതുനിലപാട്
മാലികീ മദ്ഹബ് ഹദീഥ് സ്വീകരിക്കുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നു. ഒരു നിവേദനം സ്വീകരിക്കാന്‍ അതിന്റെ നിവേദകന്‍ സ്വീകാര്യനാണോയെന്ന് മാലികികള്‍ പരിശോധിച്ചിരുന്നതായി ശാഹ്വലിയുല്ലാഹിദ്ദഹ്ലവി നിരീക്ഷിക്കുന്നു. ഇബ്നുഖാസിം, അശ്ഹബ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ നിവേദനങ്ങള്‍ മാത്രമേ മാലികീ പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്നുള്ളൂ. ഖിയാസിനേക്കാള്‍ ഒറ്ററാവി റിപ്പോര്‍ട്ടിന് മുന്‍ഗണന നല്‍കുകയും മുതവാതിറും മശ്ഹൂറുമായ ഹദീഥുകള്‍ സ്വീകരിക്കുകയും ചെയ്തു. ഖുര്‍ആനിന്റെ ബാഹ്യാര്‍ത്ഥത്തിന് വിരുദ്ധമായി ഹദീഥുകള്‍ വന്നാല്‍ ഖുര്‍ആനിന് മുന്‍ഗണന നല്‍കി. മദീനക്കാരുടെ ഇജ്മാഉം സുന്നത്തും ഒരുമിച്ചുവന്നാല്‍ ഖുര്‍ആനിന്റെ പ്രത്യക്ഷാര്‍ത്ഥത്തേക്കാള്‍ പ്രകടമായ സുന്നത്തിന് മുന്‍ഗണന നല്‍കി.
അല്‍മുവത്വ
ഇമാം മാലികി(റ)ന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമാണ് ‘അല്‍മുവത്വ’. ഹദീഥ്, തഫ്സീര്‍, ഫിഖ്ഹ്, താരീഖ് എന്നിവ കോര്‍ത്തിണക്കിയാണ് ഇമാം ഇത് രചിച്ചിരിക്കുന്നത്. ഇസ്നാദിന്റെ കാര്യത്തില്‍ ഏറ്റവും സൂക്ഷ്മമായ രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്. ഒരു സ്വാഹാബിയും ഒരു ത്വാബിഈയും അടങ്ങുന്ന (അബ്ദുല്ലാഹിബ്നു ഉമറില്‍ നിന്ന് നാഫിഅ് എന്നപോലെ) റിപ്പോര്‍ട്ടാണ് അധികവും. ഇത് ‘സുവര്‍ണ പരമ്പര’ എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ‘ഏറ്റവും ഉന്നതമായ പരമ്പരയുള്ള ഹദീഥ് താഴ്ന്ന പരമ്പരയുള്ളതിനേക്കാള്‍ പ്രബലമാണ്’ എന്ന അടിസ്ഥാനത്തില്‍ പണ്ഡിതര്‍ ബുഖാരി, മുസ്ലിം, അഹ്മദ് തുടങ്ങിയവരേക്കാള്‍ ഇമാം മാലികിന്റെ ‘അല്‍മുവത്വഃ’ക്ക് മുന്‍ഗണന നല്‍കുന്നു. ഖാദി അബൂബക്റിബ്നുല്‍ അറബി തന്റെ ‘ശറഹുത്തിര്‍മിദി’യില്‍ ‘ഉള്‍ക്കാമ്പിലും പദവിയിലും അല്‍മുവത്വയാണ് ഒന്നാമത്തേത്; ബുഖാരിക്ക് രണ്ടാം സ്ഥാനമാണ്; ഈ രണ്ടു കിതാബുകളുടെയും അടിസ്ഥാനത്തിലാണ് മുസ്ലിം, തിര്‍മുദി പോലുള്ളവ എഴുതപ്പെട്ടിട്ടുള്ളത്’ എന്ന് വിവരിക്കുന്നുണ്ട്. ഇമാം നവവി ശറഹു മുസ്ലിമില്‍ ബുഖാരി, മുസ്ലിം, അഹ്മദ്, അബൂദാവൂദ്, തിരുമുദി, നസാഈ, ഇബ്നുമാജഃ തുടങ്ങിയ പ്രഗത്ഭരായ മുഹദ്ദിസുകളെ പരാമര്‍ശിച്ചുകൊണ്ട് പറയുന്നത്, ‘ഇമാം മാലിക് (റ) ഇവരുടെയെല്ലാം ശൈഖ് ആയിരുന്നു’വെന്നാണ്.
‘അല്‍ മുവത്വ’യുടെ രചനക്കുവേണ്ടി ഇമാം മാലിക് 40 വര്‍ഷമാണ് ചെലവഴിച്ചത്. ഇതില്‍ ഹദീഥ്, ആഥാര്‍ (സ്വഹാബത്തിന്റെയോ താബിഉകളുടെയോ വാക്കുകള്‍) എന്നിവ 10000-ല്‍ കവിയും. അതില്‍ മുസ്നദായ ഹദീഥുകള്‍ 600ഉം മുര്‍സലുകള്‍ 222ഉം, മൌഖൂഫുകള്‍ 613ഉം, ത്വാബിഉകളുടെ വാക്കുകള്‍ 285ഉം ആണ്. ‘അല്‍ മുവത്വ’യിലെ മുത്തസില്‍ മുസ്നദ്, മൌഖൂഫ് എന്നിവയുടെ പ്രബലതയില്‍ ലവലേശം സംശയമില്ല. കാരണം ബുഖാരിയിലും മുസ്ലിമിലും അവ വന്നിട്ടുണ്ട്. മുര്‍സലുകളെക്കുറിച്ച് ഇബ്നു അബ്ദില്‍ ബര്‍റ് പറയുന്നത് ‘സ്വഹീഹിന്റെ ഇനങ്ങളില്‍പെട്ട മൌസ്വൂലുകളാ’ണതെന്നാണ്. ബുഖാരിയും മുസ്ലിമും ഒരുമിച്ചും അല്ലാതെയും അവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം മാലിക് പറയുന്നു: ‘ഈ കൃതി തയ്യാറാക്കിയതിനുശേഷം മദീനയിലെ എഴുപത് പണ്ഡിതന്മാരെ പരിശോധിക്കാന്‍ ഏല്‍പ്പിച്ചു. എല്ലാവരും അതിന്റെ പ്രബലതയില്‍ ഏകാഭിപ്രായക്കാരായിരുന്നു’. അതിനാലാണ് ഈ ഗ്രന്ഥത്തിന് യോജിപ്പ് എന്നര്‍ത്ഥമുള്ള അല്‍മുവത്വ എന്ന് നാമകരണം ചെയ്തത്. ഈ സംഭവം തന്നെ അല്‍ മുവത്വയുടെ അത്യുന്നതമായ പദവി വിളിച്ചോതുന്നുണ്ട്. ശാഹ്വിലുയുല്ലാഹിദ്ദഹ്ലവി പറയുന്നു: ‘ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ അല്‍മുവത്വയേക്കാള്‍ ശക്തിമത്തായ മറ്റൊരു ഗ്രന്ഥവുമില്ല. അതിന്റെ ശ്രേഷ്ഠതയ്ക്കു കാരണം ഗ്രന്ഥകര്‍ത്താവിന്റെ മഹത്വം, അതിന്റെ പ്രബലത, പ്രശസ്തി, സ്വീകാര്യത, സുന്ദരമായ ക്രമീകരണം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവയാണ്’.
എന്നാല്‍ ‘അല്‍മുവത്വയില്‍ വന്ന നാല് ഹദീഥുകളുടെ ഇസ്നാദുകളെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
1) നബി(സ) പറയുന്നു: ‘ഞാന്‍ മറന്നുപോവുകയോ മറക്കപ്പെടുകയോ ചെയ്യുന്നത് അതിലൂടെ എന്റെ ചര്യ ഗ്രഹിക്കാനാണ്’ (കിതാബുസ്സഹ്വ്).
2) ‘തന്റെ സമൂഹത്തിന് ആയുര്‍ദൈര്‍ഘ്യം ചുരുങ്ങിയതായും അതിനാല്‍ അവരുടെ പ്രവര്‍ത്തനം കുറഞ്ഞതായും നബി(സ)ക്ക് അനുഭവപ്പെട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് ലൈലതുല്‍ ഖദ്ര്‍ നല്‍കി’ (കിതാബുല്‍ ഇഅ്തികാഫ്)
3) ‘കടലില്‍ നിന്ന് മേഘം രൂപപ്പെടുകയും സിറിയന്‍ ഭാഗത്തേക്ക് നീങ്ങുകയും ചെയ്താല്‍ അത് അധിവൃഷ്ടിയായി ഭവിക്കും’ (കിതാബുല്‍ ഇസ്തിസ്ഖാഅ്).
4) മുആദ്ബ്നു ജബല്‍ (റ) പറയുന്നു: ‘ഞാന്‍ ഒട്ടകക്കട്ടിലില്‍ പാദമൂന്നി യാത്രക്കൊരുങ്ങവേ റസൂല്‍ (സ) എനിക്കു നല്‍കിയ അവസാന വസ്വിയ്യത്ത് “മുആദേ, നീ ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുക” എന്നതായിരുന്നു. (കിതാബു ഹുസ്നില്‍ ഖുല്‍ഖ്)
ഇബ്നു സ്വലാഹ് ഈ നാലു ഹദീഥുകളുടെയും ഇസ്നാദ് ശരിയാണെന്ന് വ്യക്തമാക്കുകയും അവയെ മൌസ്വൂലിന്റെ ഗണത്തില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്.
അല്‍ മുവത്വയുടെ രചന നടന്നത് എന്നാണ് എന്നതില്‍ അഭിപ്രായവ്യത്യാസമുള്ളതായി അതിന് ആമുഖം തയ്യാറാക്കിയ മുഹമ്മദ് കാമില്‍ ഹുസൈന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അബ്ബാസി ഖലീഫ മഹ്ദി പറഞ്ഞിട്ടാണ് ഇതിന്റെ രചന നടന്നതെന്ന റിപ്പോര്‍ട്ട് സംശയാസ്പദമാണെന്ന് അദ്ദേഹം പറയുന്നു. കാരണം മഹ്ദി ഖിലാഫത്തേറ്റെടുക്കുന്നത് ഹി: 158 ലാണ്. ഈ സമയത്ത് ഇമാം മാലികിന് 65 വയസ്സുണ്ടായിരുന്നു. അതുമാത്രമല്ല മഹ്ദി ഖലീഫ ആയിരിക്കുമ്പോള്‍ത്തന്നെ ഇമാമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ അദ്ദേഹം ‘അല്‍ മുവത്വ’യെഴുതാന്‍ പ്രേരിപ്പിക്കുക എന്നത് അസാധ്യമാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഖലീഫ അബൂജഅ്ഫറുല്‍ മന്‍സ്വൂര്‍ ഇമാമിനോട് ഗ്രന്ഥമെഴുതാന്‍ ആവശ്യപ്പെട്ടുവെന്നും അതിന്റെ പകര്‍പ്പെടുത്ത് എല്ലാ നാടുകളിലേക്കുമയച്ച് അത് അവിടങ്ങളില്‍ നിയമമായി പ്രഖ്യാപിക്കണമെന്നും പറഞ്ഞതായി കാണുന്നു. ഈ സംഭവത്തില്‍നിന്ന് മനസ്സിലാകുന്നത് മൊറോക്കോയിലും മറ്റും ഇമാമിന്റെ വിജ്ഞാനം മുമ്പേതന്നെ വ്യാപിച്ചിരുന്നുവെന്നാണ്. മൊറോക്കോയില്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകൃതമായിരുന്നുവെന്നും മന്‍സ്വൂര്‍ കാണുന്നതിനു മുമ്പേ തന്നെ ഇമാം തയ്യാറാക്കിയിരുന്നുവെന്നും മുഹമ്മദ് കാമില്‍ ഹുസൈന്‍ നിരൂപിക്കുന്നു. ഈ പ്രകൃഷ്ടകൃതിയുടെ കാലഗണന നിശ്ചയിക്കാന്‍ വ്യക്തമായ തെളിവുകളൊന്നുമില്ല.
ഇമാം മാലികി(റ)ന്റെ മറ്റു ഗ്രന്ഥങ്ങള്‍
അല്‍ മുവത്വ കൂടാതെ ഇമാം മാലികിന്റേതായി വേറെയും ധാരാളം ഗ്രന്ഥങ്ങളുണ്ട്. തഫ്സീറുഗരീബില്‍ ഖുര്‍ആന്‍, ശിഷ്യനായ അബ്ദുല്ലാഹിബ്നി വഹാബിന് അയച്ച കത്തുകള്‍, അബൂഗസ്സാന് അയച്ച കത്തുകള്‍, കിതാബുസ്സുകര്‍, ഈജിപ്തിലെ ഇമാമായ ലൈഥ്ബ്നു സഅ്ദിനയച്ച കത്തുകള്‍, തഫ്സീറു ലത്വീഫ് മുസ്നദ്, നക്ഷത്രങ്ങള്‍, കാലചക്രങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയം എന്നിവയെ വിശദീകരിക്കുന്ന ‘ഹാദല്‍ കിതാബു ഉംദത്തുന്‍ ഫീ ഹാദല്‍ ബാബ്’, ഹാറൂണ്‍ റഷീദിന് അയച്ച കത്തുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
പ്രധാന ശിഷ്യന്മാര്‍
ഇമാമിന്റെ ശിക്ഷണത്തില്‍ പ്രഗത്ഭരായ ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്നു. അബ്ദുറഹ്മാന്‍ അല്‍ ഖാസിം, അബ്ദുല്ലാഹിബ്നു വഹബ്, അശ്ഹബ് ബ്നു അബ്ദില്‍ അസീസ് അല്‍ ഖൈസി എന്നിവരാണ് ഇമാമിന്റെ പ്രധാന ശിഷ്യന്മാര്‍. ഇവര്‍ ഇമാമിന്റെ ജീവിത ഘട്ടത്തില്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്‍പറ്റുകയായിരുന്നു. ആരും മറ്റൊരു അഭിപ്രായം പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഇമാമിന് അത് ഇഷ്ടവുമായിരുന്നില്ല എന്നാണ് ചരിത്രഭാഷ്യം. ‘മാലികി മദ്ഹബില്‍ സ്വതന്ത്ര മുജ്തഹിദുകള്‍ വളരെ വിരളമായേ ഉണ്ടായിട്ടുള്ളൂവെന്ന് ശാഹ്വലിയുല്ലാഹിദ്ദഹ്ലവി വിലയിരുത്തുന്നു. മദ്ഹബിന്റെ ഇജ്തിഹാദീ ചരിത്രം വിശദീകരിക്കുന്നതിനിടയില്‍ അദ്ദേഹം പറയുന്നു: ‘അവരുടെ കൂട്ടത്തില്‍ ഈ പദവി പ്രാപിച്ചവരുടെ സ്വതന്ത്ര ഇജ്തിഹാദാകട്ടെ മഹ്ദബിലെ (അംഗീകൃത) അഭിപ്രായമായി അംഗീകരിക്കപ്പെടുന്നുമില്ല. ഖാദി അബൂബക്റുബ്നുല്‍ അറബി, ഇബ്നു അബ്ദില്‍ ബര്‍റ് എന്നീ നാമങ്ങളില്‍ പ്രസിദ്ധനായ അല്ലാമാ അബൂഅംറ് ഉദാഹരണം’.
മദ്ഹബിലെ മറ്റു പ്രാമാണിക ഗ്രന്ഥങ്ങള്‍
അസദുബ്നുല്‍ ഫുറാതിന്റെ ‘അല്‍ അസദിയ്യഃ’, സഹ്നൂനിന്റെ ‘അല്‍ മുദവ്വനഃ’, അബ്ദുല്‍ മലിക്ബ്നു ഹബീബ് അല്‍ അന്‍ദുലുസിയുടെ ‘അല്‍ വാദിഹഃ’, മുഹമ്മദുബ്നു അഹ്മദിബ്നി അബ്ദുല്‍ അസീസിയുടെ ‘അല്‍ അദബിയ്യഃ’ (ഇതിന് ‘അല്‍ മുസ്തഖ്റജ്’ എന്നും പേരുണ്ട്) ഇബ്നു മുവാസിന്റെ ‘അല്‍ മുവാസിയ്യഃ’.
റഫറന്‍സ്
1) കിതാബുല്‍ മുവത്വ: ഒന്നാം ഭാഗം – മുഹമ്മദ് കാമില്‍ ഹുസൈനിന്റെ ആമുഖം.
2) അത്താജുല്‍ അഅര്‍റ് ഫീ ശറഹിനള്മി നിളാറില്‍ മുഖ്തസര്‍ – മുഖ്താറുബ്നു മുഹമ്മദ് അഹമദീദാത്ത്.
3) അല്‍ മഊനത്ത് – ഖാദി അബ്ദുല്‍ വഹാബില്‍ ബാഗ്ദാദി.
4) ബുഹൂഥുല്‍ മുഅ്തമരിര്‍റാബിഅ് ലില്‍ ഫിഖ്ഹില്‍ മാലികി
5) അല്‍ അഇമ്മത്തുല്‍ അര്‍ബഅഃ – ഡോ. മുസ്തഫാ അശ്ശക്അഃ
6) കര്‍മശാസ്ത്ര ഭിന്നത: ചരിത്രവും സമീപനവും – ശാഹ്വലിയുല്ലാഹിദ്ദഹ്ലവി.
7) കര്‍മശ്സാത്ര മദ്ഹബുകള്‍ ഒരു പഠനം – എം.എസ്. അബ്ദുറസാഖ്.
Add Comment